മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി. സ്റ്റേജ് ഷോകളിലൂടെ സംഗീതലോകത്തെത്തിയ റിമി, പിന്നണി ഗാനരംഗത്തും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു. ഊർജസ്വലമായ അവതരണശൈലിയും നർമം കലർന്ന സംസാരവുമാണ് റിമിയെ വേറിട്ടുനിർത്തുന്നത്. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരം ഇപ്പോൾ പുതിയൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. 2026-ൽ തന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവന്നെന്നും ആ ബന്ധം തനിക്ക് സമാധാനം നൽകിയെന്നും റിമി പറയുന്നു. ഇതോടെ താരത്തിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്.

To advertise here,

തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് റിമി ഇക്കാര്യം വെളിപ്പെടുത്തിയത്. 16-ാം വയസ്സിൽ സ്റ്റേജ് ഷോകളിൽ പാടിത്തുടങ്ങിയതും 18-ാം വയസ്സിൽ പിന്നണി ഗാനരംഗത്തെത്തിയതും ഓർത്തെടുത്ത താരം, ഇത്രയും കാലത്തെ തന്റെ ജീവിതത്തിലെ പല സംഭവങ്ങൾക്കും ആരാധകർ സാക്ഷികളാണെന്നും പറഞ്ഞു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ആരാധകർക്ക് ആകാംക്ഷയുണ്ടെന്ന് അറിയാമെന്നും അതുകൊണ്ടാണ് ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതെന്നും റിമി വ്യക്തമാക്കി. ജീവിതത്തിൽ താൻ സന്തോഷവതിയാണെങ്കിലും ഒരു പങ്കാളിയുടെ അഭാവം എപ്പോഴും അനുഭവപ്പെട്ടിരുന്നുവെന്നാണ് താരം പറയുന്നത്.

“ഞാൻ വളരെ സന്തോഷവതിയാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ, ജീവിതത്തിൽ ഒരു പങ്കാളിയുടെ കുറവ് എപ്പോഴും ഉണ്ടായിരുന്നു. ആ ശൂന്യത നികത്താൻ ഒരു പങ്കാളിക്ക് മാത്രമേ കഴിയൂ. ചില ആളുകളെ കണ്ടുമുട്ടുകയും അവരോട് സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുമ്പോൾ, ദൈവം അവരെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നതാണെന്ന് തോന്നും. അവരുടെ സാന്നിധ്യം നമ്മുടെ ജീവിതത്തെ നല്ല ദിശയിലേക്ക് നയിക്കുമെന്നും തോന്നും. ഈ വ്യക്തിയുടെ കാര്യത്തിൽ എനിക്ക് അത്തരമൊരു തോന്നലാണ് ഉണ്ടായത്.” തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തി നടനോ ഗായകനോ മറ്റേതെങ്കിലും സെലിബ്രിറ്റിയോ കോടീശ്വരനോ അല്ലെന്ന് റിമി പറയുന്നു. വ്യക്തിയുടെ പേരോ തൊഴിൽ സംബന്ധിച്ച വിവരങ്ങളോ താരം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇരുവരും പരസ്പരം മനസ്സിലാക്കാൻ സമയം ചെലവഴിച്ചെന്നും ഈ ബന്ധം തനിക്ക് വലിയ സമാധാനം നൽകിയെന്നും റിമി വ്യക്തമാക്കി. ഈ വ്യക്തിയോടൊപ്പം നല്ലൊരു ജീവിതം നയിക്കാനാകുമെന്ന വിശ്വാസമാണ് തീരുമാനത്തിലേക്ക് നയിച്ചതെന്നും റിമി കൂട്ടിച്ചേർത്തു.

വിവാഹത്തെക്കുറിച്ച് മുൻപ് പ്രചരിച്ച അഭ്യൂഹങ്ങൾ റിമി നിഷേധിച്ചിരുന്നു. വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ആരാധകർ സന്തോഷിക്കുമോ എന്ന് ഒരിക്കൽ ചോദിച്ച കാര്യവും താരം ഓർത്തെടുത്തു. ഇപ്പോൾ ജീവിതപങ്കാളിയാകാൻ സാധ്യതയുള്ള ഒരാളെ കണ്ടെത്തിയെന്ന വെളിപ്പെടുത്തലാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

വിവാഹം ഉടൻ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അന്തിമ തീരുമാനം ദൈവത്തിന്റെ കൈകളിലാണെന്നും റിമി പറയുന്നു. തന്റെ വ്യക്തിജീവിതത്തിലെ കൂടുതൽ വിശേഷങ്ങൾ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും യൂട്യൂബ് ചാനലിലൂടെയും അറിയിക്കുമെന്നും താരം വ്യക്തമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi