
സോയ ബീനിനെ പോഷകങ്ങളുടെ കലവറ എന്നു തന്നെ വിശേഷിപ്പിക്കാം. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഏറ്റവും പോഷകസമൃദ്ധമായ പയർവർഗങ്ങളിൽ ഒന്നാണ് സോയ ബീൻ. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, ഫൈബർ, അയേൺ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ബി-വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ വളർച്ചയ്ക്കും പേശികളുടെ ശക്തി വർധിപ്പിക്കാനും സോയാബീൻ വളരെ സഹായകരമാണ്.
സ്ഥിരമായി ജിമ്മിൽ വ്യായാമം ചെയ്യുന്നവർ ഡയറ്റിൽ സോയ ബീൻ ഉൾപെടുത്താറുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? മാംസാഹാരം പോലെ തന്നെ സോയ ബീനിലും പ്രോട്ടീനും മറ്റു മിനറലുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാലാണത്. പാലും പാലുല്പന്നങ്ങളും അലർജി ഉള്ളവർക്കും അതിനു പകരമായി സോയ പാൽ, ടോഫു എന്നിവ ഉപയോഗിക്കാം. സസ്യാഹാരം പിന്തുടരുന്നവർക്ക് മാംസത്തിന് പകരമായി മികച്ച പ്രോട്ടീൻ ഉറവിടമായും സോയാബീൻ ഉപയോഗിക്കാം.
Also Read
സോയ ചൗമീൻ
ചേരുവകൾ:
വീറ്റ് നൂഡിൽസ് - 200 ഗ്രാം
സോയ ചങ്ക്സ് - ഒരു കപ്പ്
കാരറ്റ് - ഒന്ന്
കാപ്‌സിക്കം - ഒന്ന്
കാബേജ് - 50 ഗ്രാം
സ്പ്രിങ് ഒനിയൻ - 50 ഗ്രാം
മുട്ട - രണ്ട്
ഷെസ്വാൻ ചട്ണി - രണ്ട് ടേബിൾ സ്പൂൺ
ഗ്രീൻ ചില്ലി സോസ് - ഒരു ടേബിൾ സ്പൂൺ
സോയ സോസ് - ഒരു ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - രണ്ട് ടീസ്പൂൺ
ചിക്കൻ മസാല - ഒരു ടീസ്പൂൺ
ചെറുനാരങ്ങ - ഒന്ന്
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: സോയ ചങ്ക്‌സ് ചൂടുവെള്ളത്തിൽ അഞ്ചു മിനിറ്റ് ഇട്ടതിനുശേഷം വെള്ളം പിഴിഞ്ഞ് കളയുക. മുളകുപൊടി, ചിക്കൻ മസാല, ചെറുനാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. കഡായിൽ എണ്ണ ചൂടാക്കി സോയ ചങ്ക്‌സ് ഫ്രൈ ചെയ്തു മാറ്റി വെക്കുക. നൂഡിൽസ് എൺപത് ശതമാനം വേവിച്ച് വെള്ളം വാർത്തതിന് ശേഷം ഒരു ടേബിൾ സ്പൂൺ എണ്ണ തൂവി യോജിപ്പിക്കുക. കാരറ്റ്, കാബേജ്, കാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞു വെക്കുക. മുട്ടയിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് യോജിപ്പിച്ച് ചിക്കി പൊരിച്ചെടുക്കുക. ഇനി സോയ ചങ്ക്‌സ് ഫ്രൈ ചെയ്ത അതേ എണ്ണയിലേക്ക് പച്ചക്കറികൾ ചേർത്ത് ഹൈ ഫ്ലേമിൽ തന്നെ വെച്ച് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് മുട്ട ചിക്കിയതും സോയ ചങ്ക്‌സും ചേർക്കുക. നൂഡിൽസ് ചേർത്ത് എല്ലാ സോസും ബാക്കി കുരുമുളക് പൊടിയും ചേർത്ത് നന്നായി ടോസ് ചെയ്ത് യോജിപ്പിക്കുക. കൂടിയ തീയിൽ തന്നെ ആയതുകൊണ്ട് എല്ലാം പെട്ടെന്ന് ചേർത്ത് യോജിപ്പിക്കണം. ചെറുതായി അരിഞ്ഞ സ്പ്രിങ് ഒനിയനും തൂവി തീയിൽ നിന്ന് മാറ്റാം.
ക്രീമി ഗാർലിക് സോയ
ചേരുവകൾ:
സോയ ചങ്ക്സ് - ഒരു കപ്പ്
സവാള - ഒന്ന്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
ഫ്രഷ് ക്രീം - കാൽ കപ്പ്
കോൺഫ്ലോർ - ഒരു ടേബിൾ സ്പൂൺ
കാഷ്യുനട്ട് - 50 ഗ്രാം
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
മുളകുപൊടി- അല്പം
ഗരം മസാല - ഒരു ടീസ്പൂൺ
കസൂരി മേത്തി - അര ടീസ്പൂൺ
മല്ലിയില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കാഷ്യുനട്ട്സ് അല്പം വെള്ളത്തിൽ ഇട്ടുവെച്ചതിന് ശേഷം അരച്ച് പേസ്റ്റ് ആക്കുക. സോയ ചങ്ക്‌സ് അഞ്ചു മിനിറ്റ് തിളച്ച വെള്ളത്തിലിട്ടുവെച്ചതിനു ശേഷം പിഴിഞ്ഞെടുക്കുക. ഇതിലേക്ക് കോൺഫ്ലോർ, മുളകുപൊടി, മഞ്ഞൾപൊടി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. പാനിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കി സോയ ചങ്ക്‌സ് ചേർത്ത് ചെറുതീയിൽ വെച്ച് ഷാലോ ഫ്രൈ ചെയ്‌തെടുക്കുക. അതേ പാനിലേക്ക് ബാക്കി ബട്ടർ ചേർത്ത് സവാള, വെളുത്തുള്ളി എന്നിവ പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇളം ബ്രൗൺ നിറം ആവുമ്പോൾ കുരുമുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തതിന് ശേഷം ഫ്രൈ ചെയ്ത് മാറ്റി വെച്ച സോയ ചങ്ക്‌സും ചേർത്ത് യോജിപ്പിക്കുക. അല്പം വെള്ളം ചേർത്ത് തിളയ്ക്കുമ്പോൾ ഫ്രഷ് ക്രീമും കാഷ്യു പേസ്റ്റും ചേർത്ത് യോജിപ്പിക്കുക. തിളച്ചു വരുമ്പോൾ മല്ലിയിലയും കസൂരി മേത്തിയും തൂവി യോജിപ്പിച്ച് വാങ്ങാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: healthy-soya-bean-recipes-chowmein-creamy-garlic-soya
Published: 02 Jul 2026, 05:50 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented