തന്റെ നിലപാടുകൾ കൊണ്ടും വേറിട്ട കഥാപാത്രങ്ങൾ കൊണ്ടും എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ കവരുന്ന താരമാണ് രാധിക ആപ്തെ. രാധികയും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഗാങ്‌സ്റ്റർ സീരീസാണ് 'അക്ക' (Akka). സീരീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് 'ഹോട്ടർഫ്ലൈ'ക്ക് നൽകിയ അഭിമുഖത്തിൽ, അമ്മയായ ശേഷമുള്ള തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും രാധിക തുറന്നുപറഞ്ഞിരിക്കുകയാണ്.

To advertise here,

2024 ഡിസംബറിലാണ് രാധികയ്ക്ക് പെൺകുഞ്ഞ് ജനിച്ചത്. പുരുഷന്മാരേക്കാൾ ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ (Multitasking) സ്ത്രീകൾക്ക് കഴിവുണ്ടോ എന്ന ചോദ്യത്തോട് കീർത്തി സുരേഷ് യോജിച്ചെങ്കിലും, അമ്മയായ ശേഷം തനിക്കുണ്ടായ അനുഭവമാണ് രാധിക പങ്കുവെച്ചത്. "അമ്മയാകുന്നതിന് മുമ്പ് എനിക്ക് മൾട്ടിടാസ്കിങ് കുറച്ചുകൂടി എളുപ്പമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് വല്ലാത്ത ബ്രെയിൻ ഫോഗ് (Brain fog - കാര്യങ്ങൾ വ്യക്തമല്ലാതാവുകയും മറന്നുപോകുകയും ചെയ്യുന്ന അവസ്ഥ) അനുഭവപ്പെടുന്നുണ്ട്. ഇതിന് പ്രധാന കാരണം കടുത്ത ഉറക്കമില്ലായ്മ തന്നെയാണ്," രാധിക പറഞ്ഞു.

ഓരോ കുട്ടികളും വ്യത്യസ്തരാണെന്നും ചില കുട്ടികൾക്ക് ഉറക്കം വളരെ കുറവാണെന്നും താരം കൂട്ടിച്ചേർത്തു. കുട്ടി ഉറങ്ങാൻ മരുന്ന് നൽകാൻ ആരോടെങ്കിലും ഉപദേശിച്ചാൽ അവരെ താൻ കൊല്ലുമെന്നും ചിരിച്ചുകൊണ്ട് രാധിക പറഞ്ഞു. ഇപ്പോൾ ഒരേസമയം രണ്ടു കാര്യങ്ങൾ ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും, ഒരാൾക്ക് മെസ്സേജ് അയക്കുമ്പോൾ മറ്റൊരാൾ ചോദ്യം ചോദിച്ചാൽ ആദ്യം മെസ്സേജ് അയച്ചു തീർക്കാൻ സമയം ചോദിക്കാറാണ് പതിവെന്നും രാധിക വ്യക്തമാക്കി.

വീട്ടുജോലിക്കാരാരുമില്ലാതെ എങ്ങനെയാണ് ഇതെല്ലാം മാനേജ് ചെയ്യുന്നതെന്ന കീർത്തി സുരേഷിന്റെ ചോദ്യത്തിന്, ദിവസവും മൂന്നു നേരവും താൻ തന്നെയാണ് പാചകം ചെയ്യുന്നതെന്ന് രാധിക മറുപടി നൽകി. "ഞാൻ നല്ലൊരു പാചകക്കാരിയാണ്. എങ്കിലും ജോലി ചെയ്യുന്ന ഒരമ്മയായതിനാൽ പെട്ടെന്ന് തയ്യാറാക്കാൻ എളുപ്പമുള്ള കോണ്ടിനെന്റൽ വിഭവങ്ങളാണ് അധികവും ഉണ്ടാക്കാറുള്ളത്." രാവിലെ ഓട്സ് പോറിഡ്ജ് അല്ലെങ്കിൽ മ്യൂസ്‌ലിയാണ് താൻ കഴിക്കാറുള്ളതെന്നും, മകൾക്കായി പാൻകേക്ക്, ഫ്രഞ്ച് ടോസ്റ്റ് എന്നിവ ഉണ്ടാക്കാറുണ്ടെന്നും താരം പറഞ്ഞു.

ഭർത്താവ് ബെനഡിക്ട് ടെയ്‌ലറുമൊത്ത് ലണ്ടനിൽ ആയിരിക്കുമ്പോൾ ഇന്ത്യൻ ഭക്ഷണങ്ങൾ കഴിക്കാറില്ലെന്ന് രാധിക വെളിപ്പെടുത്തി. "ഞങ്ങൾ അടിക്കടി ഇന്ത്യയിൽ വരാറുള്ളതിനാൽ ഇവിടെനിന്ന് ധാരാളം ഇന്ത്യൻ ഭക്ഷണം കഴിക്കാറുണ്ട്. അതുകൊണ്ട് ലണ്ടനിലുള്ളപ്പോൾ അത് ഒഴിവാക്കാറാണ് പതിവ്." എന്നാൽ ഭർത്താവ് ബെനഡിക്ടിന് എരിവുള്ള ഇന്ത്യൻ വിഭവങ്ങൾ വളരെ ഇഷ്ടമാണെന്നും രാധിക പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi