ഇക്കഴിഞ്ഞ ദിവസമാണ് ഹിന്ദി ബിഗ് ബോസിന്റെ 20-ാം സീസൺ സംപ്രേഷണം ചെയ്തുതുടങ്ങിയത്. പതിനാറ് പേരാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലേക്കെത്തുന്നത്. ഒളിമ്പിക്‌സ് മെഡൽ ജേതാവ് കൂടിയായ ബോക്‌സർ മേരി കോം, താരങ്ങളായ അമൻ ഗാന്ധി, മാഹി വിജ്, കനിക മൻ തുടങ്ങിയവർ ഷോയിലെത്തുന്നു. നടിയും ക്രിക്കറ്റർ ഹർഭജൻ സിങ്ങിന്റെ ഭാര്യയുമായ ഗീത ബസ്രയും ഷോയിൽ പങ്കെടുക്കുന്നുണ്ട്.
എന്നാൽ ഷോയിലെത്തുന്നതിനുമുമ്പ് തന്നെ ചർച്ച ചെയ്യപ്പെട്ടത് നടിയായ ഇഷ റിഖിയാണ്. പഞ്ചാബി സിനിമകളിലൂടെ കടന്നുവന്ന താരം, 2018-ൽ ബോളിവുഡിലുമെത്തി. റാപ്പർ ബാദ്ഷായുടെ മുൻഭാര്യ കൂടിയാണ് ഇഷ. ഈയിടെയാണ് ഇരുവരും വിവാഹമോചിതരായത്. വളരെ രഹസ്യമായിട്ടായിരുന്നു ബാദ്ഷായുടെയും ഇഷയുടെയും വിവാഹം.
ഇഷയുടെ അമ്മയാണ് ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ട് വിവാഹിതരായെന്ന വാർത്ത പുറംലോകത്തെ അറിയിച്ചത്. തങ്ങൾ വിവാഹിതരായെന്ന് ഇഷ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. അപ്പോഴും ബാദ്ഷാ പരസ്യപ്രസ്താവനകളൊന്നും നടത്തിയില്ല. മാർച്ചിലായിരുന്നു വിവാഹം. ഒരു സുഹൃത്തിന്റെ വിവാഹപാർട്ടിയിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് സൗഹൃദത്തിലാവുകയും ഡേറ്റിങ് തുടങ്ങുകയുമായിരുന്നു.
വിവാഹിതരായി അഞ്ചുമാസമായപ്പോഴാണ് ഇരുവരും പിരിയുന്നതും. അതിനുപിന്നാലെയാണ് ഇഷ ബിഗ് ബോസിലെത്തുന്നത്. ''ആ അതിർവരമ്പുകൾ എനിക്ക് ഭേദിക്കണം. എന്നെക്കുറിച്ച് ആളുകൾക്ക് വളരെ കുറച്ചു മാത്രമേ അറിയൂ. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന ഒരാളായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ, എന്നെയും എന്റെ വ്യക്തിത്വത്തിന്റെ വിവിധ തലങ്ങളെയും ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; അതുകൊണ്ടാണ് ഞാൻ ബിഗ് ബോസ് തിരഞ്ഞെടുത്തത്'', ബിഗ് ബോസിലേക്ക് വന്നതിനെക്കുറിച്ച് അവർ പറഞ്ഞതിങ്ങനെ.
ബിഗ് ബോസിൽനിന്നുള്ള ഇഷയുടെ ഒരു വീഡിയോ വൈറലാവുകയാണിപ്പോൾ. ഷോയുടെ ഇൻട്രൊഡക്ഷൻ സീനിൽനിന്നുള്ള വീഡിയോ ആണത്. വേദിയിലേക്കെത്തിയപ്പോൾ ഷോയുടെ അവതാരകനായ സൽമാൻ ഇഷയോട് വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. ''എല്ലാവരും ജീവിതത്തിൽ ബ്രേക്ക്-അപ്പിലൂടെ കടന്നുപോകാറുണ്ട്; നീ ഇപ്പോൾ ആരുടെ മുന്നിലാണ് നിൽക്കുന്നതെന്ന് നോക്കൂ. നിന്റെ യാത്രയെക്കുറിച്ച് അറിയാത്തവരോട് നീ അത് പറയാൻ ആഗ്രഹിക്കുന്നുണ്ടോ?'' ഇതിന് മറുപടിയായി ഇഷ പറഞ്ഞു: ''ഇല്ല സാർ, അതൊക്കെ എന്റെ ഭൂതകാലമാണ്. ആളുകൾ ഇന്ന് എന്നെ എന്തിന്റെ പേരിലാണോ തിരിച്ചറിയുന്നത്, അതിലുപരിയായി എന്തൊക്കെയോ ആണ് ഞാനെന്ന് ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു''.
തുടർന്ന് സൽമാൻ ഇഷയോട് മുന്നോട്ടുപോവാൻ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. ''ഇന്ന് ആളുകൾ നിന്നെ തിരിച്ചറിയുന്ന ആ വിഷയത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതും പേരുകൾ പരാമർശിക്കാതിരിക്കുന്നതും നല്ലതാണ്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ വ്യക്തിപരമായിത്തന്നെ നിലനിർത്തണം; എന്താണ് സംഭവിച്ചത്, എന്തുകൊണ്ട് സംഭവിച്ചു, അല്ലെങ്കിൽ ആരുടെ തെറ്റാണ് എന്നതൊന്നും മറ്റാരും അറിയേണ്ടതില്ല. ആ സമയം കടന്നുപോയിക്കഴിഞ്ഞു. മുന്നോട്ട് പോകൂ ഇഷ, കാരണം അപ്പുറത്തുള്ള വ്യക്തി വളരെക്കാലം മുമ്പേ തന്നെ മുന്നോട്ട് പോയിക്കഴിഞ്ഞു. നിന്നെ വൈകാരികമായി വേദനിപ്പിച്ചതിന്റെ ക്രെഡിറ്റ് മറ്റാർക്കും ലഭിക്കാൻ അനുവദിക്കരുത്. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ''.
ഇത് തുടർച്ചയായി 17-ാമത്തെ വർഷമാണ് സൽമാൻ ബിഗ് ബോസ് ഹിന്ദിയുടെ അവതാരകനായെത്തുന്നത്. ആദ്യത്തെ സീസൺ അർഷാദ് വാസിയാണ് അവതരിപ്പിച്ചത്. രണ്ടാമത്തേത് ശിൽപ ഷെട്ടിയും. മൂന്നാമത്തെ സീസണിൽ അമിതാഭ് ബച്ചനാണെത്തിയത്. നാലാമത്തെ സീസണിലാണ് സൽമാൻ എത്തുന്നത്. കൂടെ ഫറാ ഖാനുമുണ്ടായിരുന്നു. അവിടുന്നങ്ങോട്ട് ബിഗ് ബോസിന്റെ പ്രധാനമുഖമായി സൽമാൻ മാറി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hindi Bigg Boss season 20 has started airing with 16 contestants including Mary Kom, Aman Gandhi, and Geeta Basra. Actress Isha Rikhi, former wife of rapper Badshah, is a contestant in Bigg Boss 20. Salman Khan advised Isha to focus on the present and move on from her past during the premiere episode.
Published: 07 Sept 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented