കഴിഞ്ഞ മാസമാണ് നടി ഹൻസിക മോട്‌വാനിയും സൊഹൈൽ കതൂരിയയും വിവാഹമോചിതരായത്. മുൻഭർത്താവിൽനിന്ന് ഹൻസിക ജീവനാംശം ആവശ്യപ്പെട്ടില്ലെന്നതും വാർത്തയായിരുന്നു. ബാന്ദ്രയിലെ കുടുംബകോടതിയാണ് ഹൻസികയ്ക്കും സൊഹൈലിനും വിവാഹമോചനം അനുവദിച്ചത്.

2022 ഡിസംബറിലാണ് അവർ വിവാഹിതരായത്. രണ്ടുവർഷത്തിനുള്ളിൽ തന്നെ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ തുടങ്ങി. പിന്നാലെ അകന്നുതാമസിക്കാനും തുടങ്ങി. ആ സമയം മുതൽ തന്നെ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.

അതിനുശേഷവും ഹൻസികയോ സൊഹൈലോ വിവാഹമോചനത്തെക്കുറിച്ച് ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. ആദ്യമായി മനസ്സുതുറക്കുകയാണ് ഹൻസിക.

ഹൗട്ടർഫ്‌ളൈയ്ക്ക് (Hauterrfly)

നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു, ''ആളുകൾക്ക് ക്ലിക്ക്‌ബെയ്റ്റ് വേണം, അതവർക്ക് കിട്ടി. അവർക്ക് തലക്കെട്ടുകൾ വേണം; അതും അവർക്ക് ലഭിച്ചു. ഞാനൊരിക്കലും അതിലൊരു കാര്യവും വ്യക്തമാക്കിയിട്ടില്ല, ഞാനത് ചെയ്യുകയുമില്ല. കാരണം അതെനിക്ക് പ്രശ്‌നമല്ല. വിവാഹമോചനകാര്യത്തിൽ എനിക്ക് ഖേദമില്ല. തെറ്റായ ട്രെയിനിൽ കയറി കഷ്ടപ്പെടുന്നതിനേക്കാൾ നല്ലത്, അതിൽനിന്ന് ഇറങ്ങുന്നതാണ്'', ഹൻസിക പറയുന്നു.

തന്റെ തീരുമാനത്തിൽ താൻ സംതൃപ്തയാണെന്നും ഇപ്പോൾ മെച്ചപ്പെട്ട വൈകാരികാവസ്ഥയിലാണെന്നും അവർ കൂട്ടിച്ചേർത്തു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലൊന്നിൽ തന്റെ കുടുംബം തന്നോടൊപ്പം ഉറച്ചുനിന്നതായും ഹൻസിക വെളിപ്പെടുത്തി. തന്റെ അമ്മയും സഹോദരനും നിരുപാധികം തന്നോടൊപ്പം നിന്നതായും, തന്റെ സുഖത്തിനും (comfort) ക്ഷേമത്തിനും (well-being) പ്രാധാന്യം നൽകാൻ പ്രോത്സാഹിപ്പിച്ചതായും അവർ പറയുന്നു.

വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ പറയുന്നു. ''എന്താണ് സംഭവിച്ചതെന്ന് രണ്ടുപേർക്ക് മാത്രമേ അറിയൂ. ചില കാര്യങ്ങൾ അതിലുൾപ്പെട്ടവർക്കിടയിൽ മാത്രം ഒതുങ്ങുന്നതാണ് നല്ലത്''. വിവാഹമോചനത്തിനുശേഷം ഹൻസിക അമ്മയ്ക്കും സഹോദരനുമൊപ്പം ജപ്പാനിലേക്ക് യാത്ര പോയി. അവധിക്കാലചിത്രങ്ങൾ അവർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. 'ഗാർഡിയൻ' എന്ന തമിഴ് ചിത്രത്തിലാണ് ഹൻസിക ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi