
സിനിമയിലൂടെ വളർന്ന, സിനിമയ്‌ക്കൊപ്പം വളർന്ന പെൺകുട്ടി. ബാലതാരമായി തുടങ്ങി ഇന്ന് നായികാപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളികൾക്കു മുന്നിൽ നിൽക്കുകയാണ് എസ്തർ അനിൽ. ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ അനു എന്ന മകളെ പരിചയമില്ലാത്ത മലയാളികളുണ്ടാവില്ല. ഒരിക്കൽ കൗതുകഭാവത്തിൽ തിരശ്ശീലയിലേക്ക് നോക്കി നിന്ന ആ പെൺകുട്ടി ഇന്ന് സ്വന്തം സ്വപ്‌നങ്ങളെയും തിരഞ്ഞെടുപ്പുകളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള യുവതിയായാണ് ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. ആ ഓർമകളിലൂടെയും അനുഭവങ്ങളിലൂടെയും എസ്തർ അനിൽ സംസാരിക്കുന്നു.
ഫെമിനിസ്റ്റാണോ?
ഫെമിനിസം എനിക്ക് സ്വാഭാവികമായി ലഭിച്ച ആശയമാണ്. എന്റെ കുടുംബത്തിലെ എല്ലാവരും അവരവരുടേതായ രീതിയിൽ ഫെമിനിസ്റ്റാണ്. ഇന്ന് ഞാൻ ചെയ്യുന്ന 99 ശതമാനം കാര്യങ്ങളും സാധ്യമാകുന്നത്, ഞാൻ ജനിക്കുന്നതിന് വർഷങ്ങൾക്കുമുമ്പേ ഫെമിനിസം എന്ന ആശയം ഇവിടെ ഉണ്ടായിരുന്നതിനാലാണ്. കാലത്തിനനുസരിച്ച് ഫെമിനിസത്തിന്റെ നിർവ്വചനങ്ങളിൽ മാറ്റങ്ങൾ വരാം; മുൻപത്തെ തലമുറയിൽ നിന്നും എന്റെ തലമുറയിൽ നിന്നും വേറിട്ട ഒന്നാവാം വരുന്ന തലമുറയ്ക്ക് ഫെമിനിസം. പക്ഷേ, ഈ ആശയവും അതിന്റെ അടിസ്ഥാന ലക്ഷ്യവും നിലനിൽക്കുന്നിടത്തോളം അത് മനുഷ്യരുടെ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തും.
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ?
അടുത്ത കാലത്ത് എന്നെ ശരിക്കും സ്പർശിച്ച സ്ത്രീകഥാപാത്രങ്ങൾ ഉള്ളൊഴുക്ക് സിനിമയിലേതാണ്. രണ്ട് സ്ത്രീകൾ തമ്മിലുള്ള ബന്ധത്തിന്റെ ഡൈനാമിക്‌സ് വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ സിനിമകൾ വീണ്ടും പഴയ ചില സ്റ്റീരിയോടൈപ്പുകളിലേക്ക് തിരിച്ചുപോകുന്നുണ്ടോ എന്നും തോന്നാറുണ്ട്. സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ അവരുടെ ആർത്തവം, പി.എം.എസ്., പീഡനം, അതിൽനിന്ന് അവർ ശക്തരാകുന്നത്, അതിനോട് അവർ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയ കാര്യങ്ങളിലാണ് പലപ്പോഴും കഥകൾ കേന്ദ്രീകരിക്കുന്നത്. തീർച്ചയായും അത്തരം കഥകൾ ആവശ്യമാണ്. പക്ഷേ സ്ത്രീകൾ അതിനേക്കാൾ വളരെ സങ്കീർണവും പല തലങ്ങളുള്ളവരുമാണ്. അവരുടെ ജീവിതത്തിലെ കുറേക്കൂടി ലെയറുകൾ, ലോകത്തെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങൾ, ആഗ്രഹങ്ങൾ, ബന്ധങ്ങൾ, വ്യക്തിത്വം എന്നിവയൊക്കെ സിനിമ കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്.
സിനിമയിൽ കൂടുതൽ പ്രതിഫലിക്കേണ്ട മറ്റെന്തെങ്കിലും വിഷയങ്ങൾ ഉണ്ടെന്ന് തോന്നുന്നുണ്ടോ?
സ്ത്രീ സൗഹൃദങ്ങൾ വളരെ കുറച്ച് മാത്രം സംസാരിക്കപ്പെട്ട വിഷയമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഇത്തരം സൗഹൃദങ്ങളാണ്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും, രണ്ട് മിനിറ്റ് അവരോടൊപ്പം ഇരുന്ന് സംസാരിച്ചാൽ തെറാപ്പി പോലെ മനസ്സ് ശാന്തമാകും. 'സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കൾ' എന്നൊരു മിഥ്യാധാരണ വളരെ കാലമായി നിലനിൽക്കുന്നുണ്ട്. അതിനെ ഞാൻ പൂർണമായും തള്ളിക്കളയും. ഈ ലോകത്ത് നല്ല പുരുഷന്മാരും മോശം പുരുഷന്മാരും ഉള്ളതുപോലെ നല്ല സ്ത്രീകളും മോശം സ്ത്രീകളുമുണ്ട്. ഞാൻ വളർന്നുവന്ന തലമുറയിൽ സ്ത്രീകൾ പരസ്പരം പിന്തുണയ്ക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകൾ തമ്മിലുള്ള ആ പിന്തുണയും സൗഹൃദവും പരസ്പരം ശക്തിയാകുന്ന ബന്ധങ്ങളും സിനിമയിൽ കുറേക്കൂടി കാണണം എന്ന് തോന്നാറുണ്ട്.
സ്ത്രീയെന്ന നിലയിൽ സമൂഹത്തിന്റെ സ്റ്റീരിയോടൈപ്പുകളെ എങ്ങനെ കാണുന്നു?
ഒരു സ്ത്രീ എങ്ങനെ ജീവിക്കണം, എന്ത് വസ്ത്രം ധരിക്കണം എന്നൊക്കെ നിർവചിക്കുന്നത് ലോകത്തിലെ ഏറ്റവും കാലഹരണപ്പെട്ട ആശയങ്ങളിലൊന്നാണ്. വസ്ത്രധാരണത്തെക്കുറിച്ചൊക്കെ ഇപ്പോഴും വിമർശനങ്ങൾ കേൾക്കുമ്പോൾ കഷ്ടം തോന്നാറുണ്ട്. ഈ ചർച്ചകൾക്കൊന്നും ഇനി പ്രസക്തിയില്ല. ഇതൊക്കെ കടന്ന് നമ്മൾ ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. വസ്ത്രങ്ങളേക്കാൾ പ്രധാനം നമ്മളെടുക്കുന്ന തീരുമാനങ്ങളും നമ്മുടെ വ്യക്തിത്വവുമാണ്. എന്റെ വീട്ടിൽ ഇങ്ങനെയൊരു വേർതിരിവ് ഉണ്ടായിട്ടേയില്ല. ഞാൻ സഹോദരങ്ങൾക്കൊപ്പമാണ് വളർന്നത്; എല്ലാവർക്കും ഒരേ പരിഗണനയായിരുന്നു.
എന്നാലും ചുറ്റുമുള്ള സമൂഹത്തിൽ ഇതൊക്കെ ഇപ്പോഴും കാണാറുണ്ട്. ഒരു പെൺകുട്ടിക്ക് ഇതിനെ ചെറുക്കാൻ പറ്റിയ ഏറ്റവും ലളിതമായ വഴി: നല്ല വിദ്യാഭ്യാസം നേടുക, വീടിന് പുറത്തിറങ്ങുക, സ്വന്തമായി പണം സമ്പാദിക്കുക, സ്വന്തം നിലപാടുകളിൽ ജീവിക്കുക എന്നതാണ്. സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ നമുക്ക് വേറൊരു ധൈര്യം വരും. ജീവിതത്തിൽ ഒന്നുരണ്ട് നല്ല മനുഷ്യരെ കൂടെക്കൂട്ടുക, സാമ്പത്തിക ഭദ്രത നേടുക, സമാധാനത്തോടെ ജീവിക്കുക അത്രയേയുള്ളൂ! കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ, സാഹചര്യങ്ങൾ, വൈകാരിക സമ്മർദങ്ങൾ, നമുക്കുവേണ്ടി മാതാപിതാക്കൾ ഇത്രയും ചെയ്തു എന്ന തോന്നൽ ഇതൊക്കെ നമ്മളെ പിടിച്ചുനിർത്തും. അതെല്ലാം സ്വാഭാവികമാണ്. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷേ അതിനപ്പുറവും നമ്മൾ തിരഞ്ഞെടുക്കേണ്ട ഒരു ജീവിതമുണ്ട്.
ലൈംലൈറ്റിൽ നിൽക്കുന്ന നടിമാരെ ഹൈപ്പർ-സെക്ഷ്വലൈസ് ചെയ്യുന്ന പ്രവണതയുണ്ടല്ലോ?
സ്ത്രീകൾ നിരന്തരം ആൺനോട്ടങ്ങൾക്ക് ഇരയാകുന്നുണ്ട്. കായികരംഗത്തുപോലും സ്ത്രീകളുടെ കഴിവുകളേക്കാൾ അവരുടെ ശരീരത്തെയും രൂപത്തെയും കുറിച്ചാണ് പലപ്പോഴും ആളുകൾ സംസാരിക്കുന്നത്. എന്റെ ശരീരത്തെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചും പലരും പല കമന്റുകളും പറയാറുണ്ട് എന്ന് എനിക്കറിയാം. പക്ഷേ അതൊന്നും എന്നെ ബാധിക്കാൻ ഞാൻ അനുവദിക്കാറില്ല. നമ്മൾ നമുക്കിഷ്ടമുള്ള രീതിയിൽ ജീവിക്കുക. അത് കാണുമ്പോൾ മറ്റൊരു പെൺകുട്ടിക്കും അങ്ങനെ ജീവിക്കാൻ പ്രചോദനമാകും. ജോലി കഴിയുമ്പോൾ സിനിമ എന്റെ ലോകമല്ല; അത് കഴിഞ്ഞ് വീട്ടിൽ വന്നാൽ കുടുംബവും സുഹൃത്തുക്കളുമടങ്ങുന്ന തികച്ചും വ്യക്തിപരമായ മറ്റൊരു ലോകമുണ്ട്.
(അഭിമുഖത്തിന്റെ മുഴുവൻ ഭാഗം ഒക്ടോബർ ഒന്നാം ലക്കം ഗൃഹലക്ഷ്മിയിൽ. ഓൺലൈൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Esther Anil discusses her transition from a child artist to lead roles in Malayalam cinema., Shares strong views on feminism, women's friendships, and breaking stereotypes., Addresses hyper-sexualization of actresses and the importance of financial independence for women.
Published: 04 Oct 2026, 04:03 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented