2008-ലാണ് നടൻ സഞ്ജയ് ദത്ത് നടിയും സംരംഭകയുമായ മാന്യത ദത്തിനെ വിവാഹം കഴിക്കുന്നത്. ഭാര്യയും താനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജയ് ഇപ്പോൾ. ശേഖർ സുമനുമായുള്ള അഭിമുഖത്തിലാണ് തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

''അവളെന്നോട് പറയാറുണ്ട്, അവൾ പ്രാമിലിരിക്കുമ്പോഴാണ് (ബേബി സ്‌ട്രോളർ) എന്നെ ആദ്യമായി കണ്ടതെന്ന്. എനിക്ക് അവളെക്കാൾ 20 വയസ്സ് കൂടുതലുണ്ട്. ഞങ്ങൾ കണ്ടുമുട്ടി, ഒടുവിൽ പ്രണയത്തിലായി. അമ്മയെയും ഭാര്യയെയും പോലെ പ്രതിബദ്ധതയും അർപ്പണബോധവുമുള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടില്ല''.

സഞ്ജയ്‌യുടെ മൂന്നാം ഭാര്യയാണ് മാന്യത. ദിൽനവാസ് ഷെയ്ഖ് എന്നായിരുന്നു അവരുടെ പേര്. ഒരു മുസ്ലിം വ്യവസായകുടുംബത്തിലാണ് അവർ ജനിച്ചത്. പിന്നീട് സിനിമയിലേക്കെത്തുമ്പോൾ സാറാ ഖാൻ എന്ന് അവർ പേരുമാറ്റി.

2008-ൽ കമാൽ റാഷിദ് ഖാന്റെ 'ദേശ്ദ്രോഹി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചപ്പോഴാണ്, മാന്യത എന്ന പേര് അവർക്ക് ലഭിക്കുന്നത്. എന്നാൽ, കുടുംബപരമായ ചില ഉത്തരവാദിത്തങ്ങൾ കാരണം അവർക്ക് സിനിമയിൽ തുടരാൻ കഴിഞ്ഞില്ല. പിതാവിന്റെ മരണത്തെത്തുടർന്ന് കുടുംബബിസിനസ് അവർക്ക് ഏറ്റെടുക്കേണ്ടി വന്നു.

സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് സഞ്ജയും മാന്യതയും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റുമായി സഞ്ജയ് പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാൽ അധികം വൈകാതെ മാന്യത, സഞ്ജയുടെ ജീവിതത്തിലേക്കെത്തി. 2008 ഫെബ്രുവരി 7-ന് ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് സഞ്ജയ് ദത്തും മാന്യതയും വിവാഹിതരാവുന്നത്.

വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ്, അനധികൃതമായി ആയുധം കൈവച്ചതിന് സഞ്ജയ് അറസ്റ്റിലാവുന്നത്. നേരത്തെ ജയിലിലായിരുന്ന സഞ്ജയ്, ജാമ്യത്തിലായിരുന്നു. അതിനിടെയാണ് ടാഡ കോടതിയുടെ വിധിയനുസരിച്ച് വീണ്ടും ജയിലിലെത്തുന്നത്. അന്ന് കുടുംബം മുഴുവൻ തകർന്നുപോയെങ്കിലും, മാന്യത ശക്തമായി നിന്നു. സഞ്ജയ് ജയിലിലുള്ള സമയത്തായിരുന്നു മാന്യതയുടെ പിറന്നാൾ.

പിറന്നാൾ ആഘോഷിക്കേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ സഞ്ജയ് ജയിലിലെ പൂന്തോട്ടത്തിൽനിന്ന് ഒരു ചുവന്ന റോസാപ്പൂവ് പറിച്ചെടുത്ത് ഒരു പുസ്തകത്തിന്റെ താളുകളിൽ സൂക്ഷിച്ചു. ആ റോസാപ്പൂവിൽ തന്നെ മാന്യതയ്ക്കായി ഒരു കവിതയുമെഴുതി. 2010-ൽ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi