കഴിഞ്ഞദിവസം ജേസൺ സഞ്ജയ്‌യുടെ സിനിമയുടെ ആദ്യദിവസത്തെ ഷോ കാണാനായി അമ്മ സംഗീതയും സഹോദരി ദിവ്യ സാഷയുമെത്തിയത് വാർത്തയായിരുന്നു. വിജയ്‌ക്കെതിരെ വിവാഹമോചനഹർജി സമർപ്പിക്കുകയും അതിനുശേഷം പിൻവലിക്കുകയും ചെയ്തതിനുശേഷം ആദ്യമായാണ് ഒരു പൊതുവേദിയിൽ സംഗീതയെത്തുന്നത്. അതിനിടെയും അതിനുമുമ്പും സംഗീത പൊതുജനമധ്യത്തിൽ അങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ വരവിനെ ആഘോഷമായിട്ടാണ് 'ദളപതി' ആരാധകർ സ്വീകരിച്ചത്.

പൊതുവെ വിജയ് സിനിമകളുടെ ലോഞ്ചിനോ പ്രീമിയറിനോ സംഗീത വരാറില്ല. ഏറ്റവും അവസാനം വിജയ്‌യും സംഗീതയും ഒരുമിച്ചെത്തിയത് 'മാസ്റ്റർ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനാണ്. ചടങ്ങിനിടെ വളരെ സ്‌നേഹത്തോടെ പരസ്പരം നോക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളിൽ സംഗീതയും വിജയും പരസ്പരം സ്‌നേഹത്തോടെ നോക്കുന്നത് കാണാമായിരുന്നു. അതിനുശേഷം 2024-ൽ സംവിധായകൻ എസ്.ശങ്കറിന്റെ മകളുടെ വിവാഹച്ചടങ്ങിലും സംഗീത പങ്കെടുത്തിരുന്നു. അതിനുശേഷം വിവാഹമോചനവാർത്തകൾ പുറത്തുവന്നപ്പോഴൊന്നും സംഗീത അതിനെക്കുറിച്ച് സംസാരിക്കുകയോ പൊതുമധ്യത്തിൽ വരികയോ ചെയ്തിട്ടില്ല.

2025 ഡിസംബറിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി നൽകിയത്. മറ്റൊരു നടിയുമായുള്ള വിവാഹേതരബന്ധമാണ് കാരണമായി പറഞ്ഞത്. വിവാഹബന്ധം പരിഹരിക്കാനാവാത്ത വിധം തകർന്നുവെന്നാണ് സംഗീത വിവാഹമോചനഹർജിയിൽ വ്യക്തമാക്കിയത്. അതിനിടെ കോടതിക്ക് പുറത്തുവെച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സംഗീതയ്ക്കും മക്കൾക്കും 250 കോടി കൊടുക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നും പറയപ്പെട്ടു. പല തവണ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുവെങ്കിലും ഇരുവരും നേരിട്ടെത്തിയിരുന്നില്ല. ഒടുവിൽ ഓഗസ്റ്റിൽ വീഡിയോ കോൺഫറൻസിലൂടെ വന്ന സംഗീത, വിവാഹമോചനഹർജിയിൽനിന്ന് പിൻമാറുകയായിരുന്നു.

നടി തൃഷയുമായി വിജയ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നശേഷം കുടുംബവും ചില തീരുമാനങ്ങളുമായി മുന്നോട്ടുവന്നു. തൃഷയ്‌ക്കൊപ്പം ഇനി അഭിനയിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടത്രെ. 2008-ൽ റിലീസായ 'കുരുവി'ക്കുശേഷം 15 വർഷത്തോളം വിജയ്-തൃഷ ജോഡി ഒരുമിച്ച് അഭിനയിച്ചില്ല. അതുകഴിഞ്ഞ് 2023-ൽ റിലീസായ 'ലിയോ'യിലാണ് അവർ വീണ്ടും ഒരുമിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi