1993-ലാണ് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവച്ച കേസിൽ നടൻ സഞ്ജയ് ദത്ത് അറസ്റ്റിലാവുന്നത്. വൈകാതെ അദ്ദേഹം ജയിലിലുമായി. അഞ്ചുവർഷത്തെ തടവായിരുന്നു ശിക്ഷയായി ലഭിച്ചത്. തന്റെ ജയിൽകാലത്തെക്കുറിച്ച് പിന്നീട് പലപ്പോഴും സഞ്ജയ് ദത്ത് തുറന്നുപറഞ്ഞിട്ടുണ്ട്.

''കുറേ ജോലികൾ ചെയ്തു. മരംകൊണ്ട് കസേരകളുണ്ടാക്കി, പേപ്പർ ബാഗുകളുണ്ടാക്കി. ജയിലിലൊരു റേഡിയോ സ്‌റ്റേഷൻ തുടങ്ങി. അതിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി'', മുമ്പൊരു അഭിമുഖത്തിൽ സഞ്ജയ് പറഞ്ഞതിങ്ങനെ.

ഇപ്പോൾ ശേഖർ സുമന്റെ ടോക്ക് ഷോയായ 'ശേഖർ ടുനൈറ്റി'ൽ ജയിൽജീവിതത്തെക്കുറിച്ച് ഒരിക്കൽ കൂടി ഓർത്തെടുക്കുകയാണ് സഞ്ജയ്. തന്റെ പിതാവ് സുനിൽ ദത്തിന്റെ മുന്നിൽവെച്ച് അറസ്റ്റ് ചെയ്തത് തന്നെ തകർത്തുകളഞ്ഞുവെന്നും താരം ഓർക്കുന്നു. ''ആദ്യമായി പോലീസ് വന്ന് എന്നെ കൈവിലങ്ങ് അണിയിച്ചപ്പോൾ അച്ഛൻ ആകെ തകർന്നുപോയി. കണ്ണുനിറഞ്ഞുകൊണ്ട് അദ്ദേഹം ചോദിച്ചു, 'എന്റെ മകനോട് നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്?' അച്ഛനെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു''.

കൈവിലങ്ങ് അണിയിച്ചതിൽ വിഷമിക്കേണ്ടെന്ന് പറഞ്ഞ് താരം അച്ഛനെ മുറുകെ കെട്ടിപ്പിടിച്ചു. ''അങ്ങനെ വിഷമിക്കരുത്. ഇതൊരു നടപടിക്രമം മാത്രമാണ്; ദയവായി വിഷമിക്കരുത്'', എന്നുപറഞ്ഞ് അദ്ദേഹം സുനിൽ ദത്തിനെ ആശ്വസിപ്പിച്ചു.

കുടുംബത്തിനു മുന്നിൽ താൻ ശക്തനാണെന്ന് വരുത്തിത്തീർക്കാൻ അദ്ദേഹം ശ്രമിച്ചു. ''യഥാർത്ഥത്തിൽ, ഉള്ളിൽ ഞാൻ നീറുകയായിരുന്നു. അതെന്നെ കൊല്ലാതെ കൊന്നു. പക്ഷേ അദ്ദേഹത്തിനുവേണ്ടി ഞാൻ കരുത്തനായിരിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ആ പരീക്ഷണഘട്ടം ഞാൻ തരണം ചെയ്തത്. 24 വർഷത്തോളം അത് നീണ്ടുനിന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.

ആ സമയത്ത് എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നോ എന്ന ചോദ്യത്തിന്, ''ഒരിക്കലുമില്ല'' എന്നാണ് താരം മറുപടി പറഞ്ഞത്. ''ഞാൻ കാരണം അച്ഛനും കുടുംബത്തിനും വലിയ പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഒരിക്കലും എനിക്ക് ദുർബലത തോന്നിയിട്ടില്ല''. 7 ഡോഗ്‌സ്, ആഖ്രി സവാൽ, രാജാ ശിവജി എന്നിവയാണ് സഞ്ജയ് ദത്തിന്റെ ഒടുവിൽ റിലീസായ ചിത്രങ്ങൾ. ബാപ്, ഖൽനായക് റിട്ടേൺസ് എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi