നാനാ പടേക്കറിന്റെ വിയോഗം ഇന്ത്യൻ സിനിമാലോകത്തിന് തീരാനഷ്ടമാണ്. സഹതാരവും അടുത്ത സുഹൃത്തുമായിരുന്ന നാനയുടെ വേർപാടിലുള്ള ദു:ഖം പങ്കുവയ്ക്കുകയാണ് സൊണാലി കുൽക്കർണി. 'ടാക്‌സി നമ്പർ 9211', 'ദേവൂൽ', 'ഡോ. പ്രകാശ് ബാബാ ആംതേ' തുടങ്ങിയ ചിത്രങ്ങളിൽ നാനയ്ക്കൊപ്പം പ്രവർത്തിച്ച സൊണാലിക്ക് അദ്ദേഹം സഹതാരം മാത്രമായിരുന്നില്ല, ജീവിതത്തിലെ ഏറ്റവുമടുത്ത സുഹൃത്തുകൂടിയായിരുന്നു.
“നാനാ സാർ ഒരു ട്രെൻഡ്സെറ്ററായിരുന്നു. തീർത്തും സാധാരണമായൊരു കുടുംബത്തിൽനിന്ന്, ഒന്നുമില്ലാത്തിടത്തുനിന്ന് സ്വന്തം ഇടം കണ്ടെത്തിയ വ്യക്തി. അദ്ദേഹത്തോടൊപ്പമുള്ള എന്റെ യാത്ര വളരെ നീണ്ടതാണ്. തുടക്കത്തിൽ ഞങ്ങൾ തമ്മിൽ ധാരാളം വഴക്കുകളുണ്ടായി. പിന്നീട് പരസ്പരം ബഹുമാനിക്കാൻ പഠിച്ചു. അതിനുശേഷം നല്ല സുഹൃത്തുക്കളായി. ഒടുവിൽ വളരെ അടുത്ത സുഹൃത്തുക്കളായി മാറി” സൊണാലി പറഞ്ഞു.
Also Read
നാനയുമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സൊണാലിയുടെ മറ്റൊരു ഓർമ. തന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ നാന എത്തിയിരുന്നുവെന്നും തന്റെ കുടുംബവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സൊണാലി പറഞ്ഞു. ഭർത്താവിനോടും മകളോടും നാനയ്ക്ക് ഏറെ സ്‌നേഹമായിരുന്നുവെന്നും അവർ ഓർത്തെടുത്തു.
“ഞാൻ അദ്ദേഹത്തിന്റെ വിശ്വസ്തയായിരുന്നു. വ്യക്തിപരമായ പല കാര്യങ്ങളും വളരെ സ്വതന്ത്രമായി അദ്ദേഹം എന്നോട് പങ്കുവെച്ചിരുന്നു. മറ്റുള്ളവർക്കുവേണ്ടി എന്തും ചെയ്യുന്ന, എന്തും നൽകുന്നൊരാളായിരുന്നു. സംഭാവനകൾ നൽകി, കർഷകർക്കായി പ്രവർത്തിച്ചു, സഹതാരങ്ങൾക്കും സാങ്കേതികപ്രവർത്തകർക്കും വേണ്ടി നിലകൊണ്ടു. സ്നേഹവും സഹായവും കൈനിറയെ കൊടുത്തുകൊണ്ടേയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ, തിരിച്ച് അദ്ദേഹം അർഹിച്ച അത്രയും സ്‌നേഹം ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നാനയ്ക്കൊപ്പമുള്ള ഓർമകൾക്ക് എണ്ണമില്ല. ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും കരഞ്ഞ നിമിഷങ്ങളും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു”, സൊണാലി പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ വേറിട്ട സാന്നിധ്യമായിരുന്നു നാനാ പടേക്കർ. ശക്തമായ അഭിനയവും തീവ്രമായ സംഭാഷണശൈലിയും കഥാപാത്രങ്ങളോടുള്ള അസാധാരണമായ സമീപനവും അദ്ദേഹത്തെ മറ്റ് താരങ്ങളിൽനിന്ന് വ്യത്യസ്തനാക്കി. ഹിന്ദി, മറാത്തി സിനിമകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 'പരിന്ദ', 'ക്രാന്തിവീർ', 'അഗ്‌നിസാക്ഷി', 'അബ് തക് ഛപ്പൻ', 'വെൽക്കം', 'അപഹരൺ', 'നട്‌സമ്രാട്', 'ദേവൂൽ', 'ഡോ. പ്രകാശ് ബാബാ ആംതേ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.
'ക്രാന്തിവീർ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നാനയ്ക്ക് 'അഗ്‌നിസാക്ഷി'യിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. അഭിനയത്തിന് പുറമെ 'പ്രഹാർ: ദ ഫൈനൽ അറ്റാക്ക്' സംവിധാനം ചെയ്തുകൊണ്ട് സംവിധായകന്റെ വേഷവുമണിഞ്ഞു. 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു.
75-ാം വയസ്സിലാണ് നാനാ പടേക്കർ വിടവാങ്ങിയത്. ഒക്ടോബർ 8-ന് പുലർച്ചെ ഗോവയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം 45 മിനിറ്റോളം സിപിആർ നൽകിയെങ്കിലും ജീവൻ തിരിച്ചുപിടിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതമാണ് മരണകാരണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 08 Oct 2026, 04:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented