ബോളിവുഡ് നടൻ അനുപം ഖേറിന്റെ സഹോദരനും സംവിധായകനുമാണ് രാജു ഖേർ. ഒരു ടെലിവിഷൻ പ്രോജക്റ്റുമായി ബന്ധപ്പെട്ട് താൻ തട്ടിപ്പിനിരയായെന്നും തുടർന്ന് കടുത്ത പ്രതിസന്ധി അനുഭവിക്കേണ്ടി വന്നുവെന്നും തുറന്നുപറയുകയാണ് അദ്ദേഹമിപ്പോൾ. ആ പ്രോജക്റ്റിനായി സ്വന്തം വീട് വിറ്റിരുന്നു, പക്ഷ അതൊന്നും നടപ്പായില്ല. മാത്രമല്ല, അനുപം ഖേറിന്റെ സഹായം തേടിയെങ്കിലും, പ്രതീക്ഷിച്ച തരത്തിലുള്ള പിന്തുണ അന്നദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കിട്ടിയില്ലെന്നും രാജു ഖേർ പറയുന്നു.

സിദ്ധാർത്ഥ് കണ്ണന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ രാജു ഖേർ പറഞ്ഞതിങ്ങനെ- "ഞാനൊരു മോശം ഘട്ടത്തിലൂടെ കടന്നുപോയ സമയമുണ്ടായിരുന്നു. ഒരു പുതിയ ചാനൽ ലോഞ്ച് ചെയ്യാൻ പോവുന്നുണ്ടായിരുന്നു. പലരും പൈലറ്റ് പ്രോജക്റ്റുകൾ ചെയ്യുകയും കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ഞാനും 'ലൈഫ് കെ ലിയേ കുച്ച് ഭി കരേഗ' എന്നൊരു പരിപാടി നിർമ്മിച്ചു. പണം കണ്ടെത്താൻ വീട് വിറ്റ് മറ്റൊരിടത്ത് ഫ്ലാറ്റിലേക്ക് മാറി. പെട്ടെന്നാണ് ചാനൽ അപ്രത്യക്ഷമായെന്ന് ഞാനറിയുന്നത്. വീട് വിറ്റ് കിട്ടിയ പണമാണ് ഞാൻ ആ പരിപാടിയിൽ നിക്ഷേപിച്ചിരുന്നത്. എനിക്ക് ഫസ്റ്റ് ക്ലാസ് ജീവിതമുണ്ടെന്നും, നാല് ബെഡ്‌റൂമുള്ള വീടുണ്ടെന്നും കുടുംബത്തിനായി എല്ലാം സെറ്റാണെന്നും ഞാൻ കരുതി. എന്നാൽ പെട്ടെന്ന് ചാനൽ അപ്രത്യക്ഷമായി, എന്തുപറ്റിയെന്ന് ആർക്കുമറിയില്ല. അവരുടെ വാതിലിൽ പൂട്ടുവീണിരുന്നു."-അദ്ദേഹം പറഞ്ഞു.

"വാടക നൽകേണ്ടതിന്റെ സമ്മർദ്ദമുണ്ടായിരുന്നു. മറ്റാരുമുണ്ടായിരുന്നില്ല. എനിക്കെന്റെ സഹോദരനോട് മാത്രമേ സംസാരിക്കാനാവുമായിരുന്നുള്ളൂ. അവനെന്നെ സഹായിക്കുമെന്ന് ഞാൻ കരുതി. എന്നാൽ മികച്ച വേഷങ്ങൾ ചെയ്യാൻ ആഗ്രഹിച്ചതുകൊണ്ട് ആ സമയത്ത് അവനും ജോലി നിർത്തി. എന്റെ സഹോദരൻ എന്നെ സഹായിച്ചില്ലെന്ന് എനിക്ക് തോന്നി. 'അവന് അതു ചെയ്യാമായിരുന്നു,' അതായിരുന്നു അന്നെന്റെ ചിന്ത."

പിന്നീട്, അനുപം നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി രാജു മനസ്സിലാക്കി. അദ്ദേഹം വിജയിയാണെന്ന് കരുതി അത് സുഗമമായ ഒരു യാത്രയാണെന്ന് അർഥമില്ലെന്നും രാജു വിശദീകരിച്ചു. 

അനുപം ഖേർ നൽകിയ ഒരു അഭിമുഖം വായിച്ചതിനെപ്പറ്റിയും രാജു ഓർത്തു. ഒരു മകനുണ്ടായിരുന്നെങ്കിൽ എന്ന് അനുപം ആഗ്രഹം പ്രകടിപ്പിച്ച അഭിമുഖം വായിച്ചപ്പോഴാണ്, താൻ സ്വന്തം പ്രശ്നങ്ങളിൽ മുഴുകിയിരിക്കുമ്പോൾ സഹോദരനെ നിസ്സാരമായിട്ടാണ് കണ്ടിരുന്നതെന്ന് രാജു ഖേറിന് മനസ്സിലായത്. സിക്കന്ദർ ഖേറിനെ അനുപം ഖേറിന് വലിയ കാര്യമാണെന്ന് രാജു പറഞ്ഞു. അനുപമിന്റെ ഭാര്യ കിരൺ ഖേറിന് ആദ്യ ഭർത്താവിലുള്ള മകനാണ് സിക്കന്ദർ ഖേർ. സിക്കന്ദറിന് നാല് വയസ്സുള്ളപ്പോഴാണ് കിരൺ ഖേറും അനുപം ഖേറും വിവാഹിതരാകുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi