വളർന്നത് പുരുഷാധിപത്യമുള്ള കുടുംബത്തിലാണെന്നും എന്നാലിപ്പോഴത് മാറിക്കൊണ്ടിരിക്കുകയാണെന്നും പറയുകയാണ് രജനീകാന്തിന്റെ മകളും നിർമാതാവുമായ സൗന്ദര്യ. തന്റെ പുതിയ നെറ്റ്ഫ്ലിക്സ് വെബ് സീരീസ് #Love-ന്റെ പ്രൊമോഷനിടയിൽ സംസാരിക്കുകയായിരുന്നു അവർ. അശ്വിൻ രാംകുമാറുമായുള്ള വിവാഹമോചനത്തെപ്പറ്റിയും വിശാഗൻ വനങ്കമുടിയുമായുള്ള രണ്ടാം വിവാഹത്തെക്കുറിച്ചുമെല്ലാം അവർ മനസ്സു തുറന്നു.
"സത്യം പറഞ്ഞാൽ, വീട്ടിൽ പുരുഷാധിപത്യം നിലനിന്നിരുന്ന ഒരു തലമുറയിലാണ് ഞങ്ങൾ വളർന്നത്. അതാണ് സത്യം. എന്നാൽ അത് മാറിക്കൊണ്ടിരിക്കുന്നു. എന്റെ മാതാപിതാക്കളുടെ കാര്യത്തിൽ ഇപ്പോൾ അത് മാറുന്നുണ്ട്. പ്രായമാകുമ്പോൾ, കൂട്ടുചേരലിന്റെയും സ്നേഹത്തിന്റെയും സങ്കൽപവും മാറുന്നു"- അവർ പറഞ്ഞു.
ഇരുപതുകളിലെ പ്രണയ സങ്കൽപ്പങ്ങളിൽ നിന്ന് നാൽപതുകളിലെത്തിയപ്പോൾ മാറ്റം വന്നിട്ടുണ്ട്. മാതാപിതാക്കളുടെ കാര്യത്തിലും ഇത് ബാധകമാണെന്ന് തോന്നുന്നു. ഒരമ്മയെന്ന നിലയിൽ അച്ഛനെയും അമ്മയെയും ഒന്നിനും കുറ്റപ്പെടുത്താതിരിക്കാൻ പഠിച്ചിട്ടുണ്ട്. താനും വിശാഗനും തമ്മിലുള്ളത് തുല്യതയുള്ള ഒരു കുടുംബമാണെന്നും, പരസ്പരം വിട്ടുവീഴ്ചകൾ ചെയ്ത് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും സൗന്ദര്യ വ്യക്തമാക്കി.
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്നെ പിന്തുണച്ചതിന് സൗന്ദര്യ മാതാപിതാക്കൾക്ക് നന്ദി പറഞ്ഞു. "ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ അച്ഛനാണ്. അവൾക്ക് കിട്ടുന്ന ആദ്യത്തെ സുഹൃത്ത് അമ്മയും. കുട്ടികൾ വളരുന്തോറും ഈ ബന്ധം കൂടുതൽ ശക്തമാകും. എന്റെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ എന്റെ മാതാപിതാക്കൾ ഒരു പാറ പോലെ ഉറച്ചുനിന്നു. അവരില്ലായിരുന്നെങ്കിൽ എനിക്കിത് ചെയ്യാനാകില്ലായിരുന്നു. എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടപ്പോൾ, വിവാഹമെന്ന സംവിധാനത്തിലുള്ള എന്റെ വിശ്വാസം ഇല്ലാതായില്ല. അതൊരു തെറ്റായ ബന്ധം മാത്രമായിരുന്നു. അതിൽനിന്ന് പുറത്തുകടന്നപ്പോൾ മുറിവുകൾ ഉണക്കാൻ സമയമെടുത്തു. എന്നാൽ ആ സംവിധാനത്തിലേക്ക് തിരികെ പോകാൻ ഞാൻ തിടുക്കം കൂട്ടി. കാരണം എനിക്കതിൽ വിശ്വാസമുണ്ട്. വീണ്ടും വിവാഹിതയായതിൽ ഞാനേറെ സന്തോഷവതിയാണ്" അവർ പറഞ്ഞു.
ഒരു മോശം വിവാഹബന്ധം ഉപേക്ഷിച്ച് സ്ത്രീ പുനർവിവാഹം ആഗ്രഹിക്കുമ്പോൾ അവൾ വിധിക്കപ്പെടുന്നുവെന്നും സൗന്ദര്യ പറഞ്ഞു. 2010-ലായിരുന്നു വ്യവസായിയായ അശ്വിനുമായുള്ള സൗന്ദര്യയുടെ വിവാഹം. 2015-ൽ അവർക്ക് വേദ് എന്ന മകൻ ജനിച്ചു. 2016-ൽ ദമ്പതികൾ വേർപിരിയുകയും 2017-ൽ വിവാഹമോചനം നേടുകയും ചെയ്തു. 2019-ൽ സൗന്ദര്യ വ്യവസായിയായ വിശാഗനെ വിവാഹം കഴിച്ചു. 2022-ൽ ദമ്പതികൾക്ക് മകൻ ജനിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 07 Oct 2026, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented