2009 ഫെബ്രുവരിയിലാണ് നടി ശിൽപ ഷെട്ടിയും വ്യവസായിയായ രാജ് കുന്ദ്രയും വിവാഹിതരാവുന്നത്. രണ്ടുമക്കളാണ് ഇവർക്കുള്ളത്. ഒരു ബിസിനസ് മീറ്റിങ്ങിനിടെയാണ് ശിൽപയും രാജും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് രാജ് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നുതുടങ്ങി. അന്നൊക്കെ തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്.
രാജിന്റെ പുഞ്ചിരിയും ആകർഷകമായ പെരുമാറ്റവും തന്നെ വല്ലാതെ ആകർഷിച്ചുവെന്ന് ശിൽപ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അദ്ദേഹം വിവാഹിതനാണെന്നറിഞ്ഞപ്പോൾ അവർക്ക് നിരാശ തോന്നി. അതേസമയത്തുതന്നെയാണ് രാജ് വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന് ശിൽപ അറിയുന്നത്. ആ വിവാഹമോചനത്തിനുപിന്നാലെയാണ്, രാജ് ശിൽപയെ വിവാഹം കഴിക്കുന്നത്.
'ഫിലിംഫെയറി'നോട് സംസാരിക്കവെ, തനിക്ക് ശിൽപയോട് തോന്നിയത് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നുവെന്നാണ് രാജ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു: ''അതൊരു 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നു. അവളെ കണ്ട നിമിഷം തന്നെ, അവൾ എന്റെ ജീവിതപങ്കാളിയാകണമെന്ന് ഞാൻ ആഗ്രഹിച്ചു. അവൾക്ക് മാലാഖയെപ്പോലൊരു സ്വഭാവമുണ്ട്. അവളെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ, അവളുടെ കുടുംബസ്‌നേഹവും വീട്ടുകാര്യങ്ങളിലുള്ള താൽപ്പര്യവും എന്നെ കൂടുതൽ ആകർഷിച്ചു. അവൾ ഒരു മികച്ച വീട്ടമ്മയാണ്. ഒരു സൂപ്പർ മോം കൂടിയാണ്! എന്റെ മുന്നോട്ടുള്ള കുതിപ്പിന് അവൾ വലിയൊരു കരുത്താണ്; അവൾക്ക് താങ്ങായി നിൽക്കാൻ ഞാനും ശ്രമിക്കുന്നു. ഞങ്ങൾ പരസ്പരം കരുത്തായി നിലകൊള്ളുന്നു''.
2007-ൽ താൻ പ്രണയത്തിലാണെന്ന് ശിൽപ സമ്മതിച്ചിരുന്നെങ്കിലും രാജിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് അതിനെക്കുറിച്ച് തുറന്നുപറഞ്ഞത്. യോർക്ക്ഷയറിൽ വെച്ചാണ് രാജ് ശിൽപയോട് പ്രണയാഭ്യർത്ഥന നടത്തിയത്. അതിനായി ഒരു ബാങ്ക്വറ്റ് ഹാൾ മുഴുവനും അദ്ദേഹം ബുക്ക് ചെയ്തിരുന്നു. അഞ്ച് കാരറ്റ് വജ്രമോതിരം നൽകിയാണ് രാജ് തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്.
ഇപ്പോഴിതാ ശിൽപയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് രാജ്. ഷൂട്ടിങ് തിരക്കുകളും റിഹേഴ്‌സലുകളും പൊതുപരിപാടികളും തിരക്കേറിയ ഷെഡ്യൂളുകളുമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള യാഥാർഥ്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. മുകേഷ് ജെയ്‌നിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രാജ്. ഭാര്യയുമായി ഒരു ഡേറ്റിനു പോകുമ്പോൾ പോലും കൃത്യമായ കോർഡിനേഷൻ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശിൽപയെ വിവാഹം കഴിച്ചപ്പോൾ ഒരു ഗ്ലാമറസ് ജീവിതം ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. ഭാര്യയുടെ തിരക്കേറിയ ഷെഡ്യൂൾ കാരണം വ്യക്തിപരമായ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് പോലും പ്രയാസകരമാണെന്ന് അദ്ദേഹം താമസിയാതെ തിരിച്ചറിഞ്ഞു.
''ശിൽപയെ വിവാഹം കഴിച്ചപ്പോൾ, അതൊരു ഗ്ലാമറസ് മേഖലയാണെന്നും എല്ലാം വളരെ ശാന്തവും സുഖകരവുമായിരിക്കുമെന്നും ഞാനും കരുതിയിരുന്നു. എന്നാൽ, എന്റെ ഭാര്യയെ ഒരു ഡേറ്റിന് കൊണ്ടുപോകാൻ പോലും അവളുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ വിളിച്ച് അപ്പോയിന്റ്‌മെന്റ് എടുക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. എനിക്ക് പോലും അങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നു'', അദ്ദേഹം പറഞ്ഞു.
അതിരാവിലെ എഴുന്നേറ്റ് മേക്കപ്പ് പൂർത്തിയാക്കുന്നത് മുതൽ, ഡയലോഗുകൾ പഠിച്ചുവെക്കുന്നതും ദിവസം മുഴുവൻ ആളുകളുമായി ഇടപഴകുന്നതും വരെയുള്ള ആ ദിനചര്യ ഏറെ ക്ഷീണമുണ്ടാക്കുന്ന ഒന്നാകാം. ''വളരെ തിരക്കുപിടിച്ച ജീവിതമാണത്. ഒട്ടേറെ ജോലികളുണ്ട്. അതിരാവിലെ എഴുന്നേൽക്കുക, പ്രത്യേകിച്ച് സ്ത്രീകൾ മേക്കപ്പും ഹെയറും ചെയ്യുക, സംഭാഷണങ്ങൾ ആവർത്തിച്ചു പഠിക്കുക, ആളുകളുമായി സംസാരിക്കുക... പുറമെ കാണുമ്പോൾ അതൊരു ഗ്ലാമറസ് ജീവിതമായി തോന്നാമെങ്കിലും, വാസ്തവത്തിൽ അതീവ ദുഷ്‌കരമായ ഒന്നാണത്'', രാജ് പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Raj Kundra and Shilpa Shetty met during a business meeting in 2009 and got married later. Raj revealed it was love at first sight for him and proposed with a 5-carat diamond ring in Yorkshire. In a recent podcast with Mukesh Jain, Raj discussed the realities of marrying a celebrity with a hectic schedule and the coordination required for simple dates.
Published: 30 Sept 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented