അഭിനയത്തിലേക്ക് എത്തുന്നതിനും ഏറെ മുമ്പ് തന്നെ ഷാരൂഖ് ഖാൻ നൽകിയ ഒരു ഉപദേശം ഇപ്പോഴും പിന്തുടരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുയാണ് അഭിഷേക് ബച്ചൻ. ''നിങ്ങൾ ഇപ്പോൾ ചെയ്യുന്ന സിനിമയെ സ്‌നേഹിക്കണം'' എന്നതായിരുന്നു ആ ഉപദേശം. വർഷങ്ങൾക്കിപ്പുറവും തന്റെ സിനിമകളെ സമീപിക്കുന്ന രീതിയിൽ ആ വാക്കുകൾക്ക് വലിയ സ്വാധീനമുണ്ടെന്ന് പറയുകയാണ് അഭിഷേക്. തന്റെ കരിയറിൽ ഷാരൂഖ് വഹിച്ച പങ്കിനെക്കുറിച്ചും അഭിഷേക് തുറന്നുപറഞ്ഞു. ‘കിങ്’ എന്ന ചിത്രത്തിന് മുന്നോടിയായി ബിബിസി ഏഷ്യന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് പഴയ ഓർമകൾ പങ്കുവച്ചത്.

സിനിമയിലേക്ക് എത്തുന്നതിന് മുമ്പുള്ള കാലത്ത് ഞായറാഴ്ചകൾ പലപ്പോഴും സംവിധായകൻ ആദിത്യ ചോപ്രയുടെ വീട്ടിലായിരുന്നു. ഉദയ് ചോപ്ര, ഹൃത്വിക് റോഷൻ, സിക്കന്ദർ ഖേർ എന്നിവർക്കൊപ്പം അവിടെ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു അഭിഷേക്. അക്കാലത്ത് ഷാരൂഖ് ഖാനും അവർക്കൊപ്പമുണ്ടായിരുന്നു. കൂട്ടത്തിലെ മറ്റുള്ളവരേക്കാൾ മുതിർന്ന സഹോദരനെപ്പോലെയായിരുന്നു ഷാരൂഖെന്ന് അഭിഷേക് ഓർക്കുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും ആ അടുപ്പത്തിന് മാറ്റമുണ്ടായിട്ടില്ല. തന്റെ കരിയറിൽ ഷാരൂഖ് പലതവണ വലിയ പിന്തുണ നൽകിയിട്ടുണ്ടെന്നും അഭിഷേക് പറയുന്നു. ''എന്റെ കരിയറിന്റെ കാര്യത്തിൽ, ഷാരൂഖ് പലതവണ വ്യക്തിപരമായ ഉത്തരവാദിത്തം വരെ ഏറ്റെടുത്തിട്ടുണ്ട്. കിങ് എന്ന ചിത്രത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്,'' അഭിഷേക് പറഞ്ഞു.

സിനിമയിലെത്തുന്നതിന് മുമ്പ് ഷാരൂഖിനോട് അഭിഷേക് ചോദിച്ച ഒരു ചോദ്യമാണ് പിന്നീട് ജീവിതത്തിലെ വലിയൊരു പാഠമായി മാറിയത്.

''നിങ്ങളുടെ പ്രിയപ്പെട്ട സിനിമ ഏതാണ്?'' ഷാരൂഖിന്റെ മറുപടി അഭിഷേക് ഇന്നും ഓർത്തിരിക്കുന്നു.
''ഞാൻ ഇപ്പോൾ ചെയ്യുന്ന സിനിമ തന്നെയാണ് എന്റെ പ്രിയപ്പെട്ട സിനിമ. കാരണം അത് എന്റെ പ്രിയപ്പെട്ട സിനിമയല്ലെങ്കിൽ പിന്നെ ഞാനത് ചെയ്യുന്നതെന്തിനാണ്? ഇപ്പോൾ ഞാൻ ചെയ്യുന്ന സിനിമ എന്റെ പ്രിയപ്പെട്ടതായിരിക്കണം. കഴിഞ്ഞുപോയതെല്ലാം കഴിഞ്ഞു. അതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. ഇപ്പോൾ കിങ് ആണ് എന്റെ പ്രിയപ്പെട്ട സിനിമ.''

ഭൂതകാലത്തിലെ വിജയങ്ങളിലോ പരാജയങ്ങളിലോ കുടുങ്ങിക്കിടക്കാതെ, ഇപ്പോൾ ചെയ്യുന്ന ജോലിയിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സന്ദേശമാണ് ആ വാക്കുകളിൽ നിന്ന് അഭിഷേക് ഉൾക്കൊണ്ടത്. വർഷങ്ങൾക്കിപ്പുറവും ആ ചിന്ത തന്റെ ജോലിയെ സമീപിക്കുന്ന രീതിയിൽ തുടരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് കിങ്. ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിനൊപ്പം സിദ്ധാർഥ്, മംത ആനന്ദ് എന്നിവരുടെ മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാരൂഖ് ഖാന്റെ കഥാപാത്രത്തിനൊപ്പം സുഹാന ഖാനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപിക പദുക്കോൺ, റാണി മുഖർജി, അഭയ് വർമ്മ, ജയ്ദീപ് അഹ്ലാവത്, അർഷദ് വാർസി എന്നിവരും ചിത്രത്തിലുണ്ട്. ഷാരൂഖും കരീന കപൂർ ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും കിങ് എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിനായി ഇരുവരും ഒരു ഡാൻസ് നമ്പറിൽ ഒന്നിച്ചെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026 ഡിസംബർ 24ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

അഭിഷേക് ബച്ചൻ അവസാനമായി എത്തിയത് കാളിധർ ലാപതാ എന്ന ചിത്രത്തിലൂടെയാണ്. ZEE5-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം മധുമിതയാണ്. തമിഴിൽ മധുമിത തന്നെ സംവിധാനം ചെയ്ത കറുപ്പ് ദുരൈ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi