മുഖത്തെ അനാവശ്യ രോമം (Facial Hair) നീക്കം ചെയ്യണോ വേണ്ടയോ എന്നത് പൂർണമായും വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ അത് ചെയ്യാൻ തീരുമാനിക്കുമ്പോൾ ചർമത്തിന് ദോഷമുണ്ടാകാത്ത, സുരക്ഷിതമായ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. വാക്സിങ് മുതൽ ലേസർ വരെ ഇന്ന് ഒരുപാട് മാർഗങ്ങളുണ്ട്. ഓരോ രീതിക്കും അതിന്റേതായ ഗുണങ്ങളും പരിമിതികളുമുണ്ട്. ഏറ്റവും സുരക്ഷിതമായ രീതി തന്നെ തിരഞ്ഞെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
വാക്സിങ് (Waxing)
മുഖത്തെ രോമം വേഗത്തിൽ നീക്കം ചെയ്യാൻ മിക്കവരും തിരഞ്ഞെടുക്കുന്ന മാർഗമാണ് വാക്‌സിങ്. സാധാരണയായി രണ്ട് മുതൽ നാല് ആഴ്ച വരെ രോമം വളരാതെ ചർമം മിനുസമുള്ളതായി നിലനിർത്താൻ ഇത് സഹായിക്കും. വാക്സിങ് ചെയ്യുമ്പോൾ രോമത്തോടൊപ്പം നിർജീവ കോശങ്ങളും നീങ്ങുന്നതിനാൽ ചർമത്തിന് നേരിയ എക്സ്ഫോളിയേഷൻ ഗുണവും ലഭിക്കും. എന്നാൽ മുഖത്തെ ചർമം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ സങ്കീർണവും മൃദുലവുമാണ്. അതുകൊണ്ടുതന്നെ വാക്സിങ്ങിനുശേഷം 12 മുതൽ 24 മണിക്കൂർ വരെ സുഗന്ധമുള്ള സ്‌കിൻകെയർ ഉൽപ്പന്നങ്ങൾ, ചൂടുവെള്ളത്തിലുള്ള കുളി, നീന്തൽ, കഠിന വ്യായാമം, സൂര്യപ്രകാശമേൽക്കുന്നത് എന്നിവ ഒഴിവാക്കണം. ഇത് ചർമത്തിൽ ചുവപ്പ്, ചെറിയ കുരുക്കൾ, അണുബാധ എന്നിവ വരാതിരിക്കാൻ സഹായിക്കും.
Also Read
ഗുണങ്ങൾ: വേഗത്തിൽ ഫലം ലഭിക്കും, ചെലവ് താരതമ്യേന കുറവ്, വീട്ടിൽ തന്നെ ചെയ്യാം, 2-4 ആഴ്ച വരെ രോമമില്ലാത്ത ചർമം.
പരിമിതികൾ: വേദന അനുഭവപ്പെടാം, രോമം ചർമത്തിനടിയിൽ കുടുങ്ങി വളരാൻ (ഇൻഗ്രോൺ ഹെയർ) സാധ്യതയുണ്ട്, സെൻസിറ്റീവ് ചർമത്തിൽ ചുവന്നതടിപ്പും അസ്വസ്ഥതയും ഉണ്ടാകാം.
ത്രെഡിങ് (Threading)
പരമ്പരാഗത രീതിയാണ് ത്രെഡിങ്. കോട്ടൺ നൂൽ ഉപയോഗിച്ച് രോമം വേരോടെ നീക്കം ചെയ്യുന്നതിനാൽ കൂടുതൽ ഫലപ്രദമാണ്. ത്രെഡിങ്ങിന് മുമ്പ് മുഖം നന്നായി വൃത്തിയാക്കണം. പിന്നീട് ആ ഭാഗത്ത് കൈകൊണ്ട് ഇടയ്ക്കിടെ തൊടാതിരിക്കാനും ശ്രദ്ധിക്കണം. ചർമത്തിൽ ചെറിയ അസ്വസ്ഥതയുണ്ടെങ്കിൽ അലോവേര ജെൽ അല്ലെങ്കിൽ തണുത്ത കംപ്രസ് ഉപയോഗിക്കാം.
ഗുണങ്ങൾ: കൃത്യമായ രോമനീക്കം, രാസവസ്തുക്കൾ ഉപയോഗിക്കേണ്ടതില്ല, ചെറിയ രോമങ്ങളും നീക്കം ചെയ്യാം.
പരിമിതികൾ: വിദഗ്ധരുടെ സേവനം ആവശ്യമാണ്, ചിലരിൽ ചെറിയ കുരുക്കളും ചുവപ്പും ഉണ്ടാകാം.
ഡെർമാപ്ലാനിങ് (Dermaplaning)
സർജിക്കൽ ഗ്രേഡ് ബ്ലേഡ് ഉപയോഗിച്ച് മുഖത്തെ നിർജീവ കോശങ്ങളും നേർത്ത രോമങ്ങളും നീക്കം ചെയ്യുന്ന രീതിയാണ് ഡെർമാപ്ലാനിങ്. ഇതിലൂടെ ചർമം കൂടുതൽ മിനുസമാകുകയും സ്‌കിൻകെയർ ഉൽപ്പന്നങ്ങൾ നന്നായി ആഗിരണം ചെയ്യുകയും മേക്കപ്പ് കൂടുതൽ ഭംഗിയായി ഇരിക്കുകയും ചെയ്യും. എന്നാൽ ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ചർമത്തിൽ മുറിവ്, അണുബാധ, മുഖക്കുരു, എക്സിമ, റോസേഷ്യ തുടങ്ങിയ പ്രശ്‌നങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് വീട്ടിൽ പരീക്ഷിക്കുന്നതിനേക്കാൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ ചെയ്യുന്നതാണ് സുരക്ഷിതം.
ഗുണങ്ങൾ: വേദനയില്ല, ചർമം വളരെ മിനുസമാകും, സ്‌കിൻകെയർ ഉൽപ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടും, മേക്കപ്പിന് മികച്ച അടിത്തറ ലഭിക്കും.
പരിമിതികൾ: തെറ്റായ രീതിയിൽ ചെയ്താൽ ചർമത്തിന് കേടുപാടുകൾ, അണുബാധയ്ക്കുള്ള സാധ്യത, സെൻസിറ്റീവ് ചർമത്തിൽ പ്രശ്‌നങ്ങൾ വർധിക്കാം.
ഹെയർ റിമൂവൽ ക്രീം (Hair Removal Cream)
കെരാറ്റിൻ എന്ന പ്രോട്ടീൻ വിഘടിപ്പിച്ച് രോമം എളുപ്പത്തിൽ നീക്കം ചെയ്യുന്നതാണ് ഹെയർ റിമൂവൽ ക്രീമുകളുടെ പ്രവർത്തനം. വേദനയില്ലാതെ വീട്ടിൽ ചെയ്യാവുന്ന മാർഗമാണിത്. എന്നാൽ നിർദേശിച്ചതിലും കൂടുതൽ സമയം ക്രീം മുഖത്ത് വെച്ചാൽ ചർമത്തിൽ കത്തുന്നതുപോലെയും, ചുവപ്പ്, അലർജി എന്നിവയും ഉണ്ടാകാം. സെൻസിറ്റീവ് ചർമമുള്ളവർ ഉപയോഗിക്കുന്നതിന് 24 മണിക്കൂർ മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.
ഗുണങ്ങൾ: വേദനയില്ല, വേഗത്തിൽ ഫലം, വീട്ടിൽ എളുപ്പത്തിൽ ഉപയോഗിക്കാം.
പരിമിതികൾ: രോമം വേഗത്തിൽ വീണ്ടും വളരും, എക്സിമ, റോസേഷ്യ തുടങ്ങിയ ചർമപ്രശ്‌നമുള്ളവർക്ക് അനുയോജ്യമല്ല, റെറ്റിനോൾ പോലുള്ള ശക്തമായ സ്‌കിൻകെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഒഴിവാക്കണം.
ലേസർ ഹെയർ റിമൂവൽ (Laser Hair Removal)
മുഖത്തെ രോമവളർച്ച ദീർഘകാലത്തേക്ക് ഗണ്യമായി കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ലേസർ ചികിത്സ. ഇത് രോമത്തിന്റെ വേരിലെ വളർച്ചയെ നിയന്ത്രിക്കുന്നതിനാൽ ഓരോ സെഷനുകൾക്കുശേഷവും രോമം കുറയാൻ തുടങ്ങും. സാധാരണയായി എട്ട് മുതൽ പന്ത്രണ്ട് സെഷനുകൾ വരെ ആവശ്യമായി വരും. തുടർന്ന് മൂന്ന് മുതൽ ആറ് മാസം ഇടവിട്ട് മെയിന്റനൻസ് സെഷനുകളും വേണ്ടിവരും. ഗർഭധാരണം, മെനോപ്പോസ് പോലുള്ള ഹോർമോൺ മാറ്റങ്ങൾ രോമവളർച്ച വീണ്ടും വർധിപ്പിക്കാൻ ഇടയാക്കാം. ഇന്നത്തെ ആധുനിക ലേസർ സാങ്കേതികവിദ്യകൾ വിവിധ ചർമനിറങ്ങൾക്കും സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ പരിചയസമ്പന്നരായ വിദഗ്ധരിൽ നിന്ന് മാത്രമേ ചികിത്സ നടത്താവൂ.
ഗുണങ്ങൾ: ദീർഘകാലത്തേക്ക് രോമവളർച്ച കുറയും, ഇൻഗ്രോൺ ഹെയർ കുറയും, ചർമം കൂടുതൽ മിനുസമാകും, ഷേവിങ് മൂലമുള്ള മുറിവുകളും അസ്വസ്ഥതയും ഒഴിവാക്കാം.
പരിമിതികൾ: ചെലവ് കൂടുതലാണ്, നിരവധി സെഷനുകൾ ആവശ്യമാണ്, പൂർണമായും സ്ഥിരപരിഹാരമല്ല.
മുഖത്തെ രോമം നീക്കം ചെയ്യാൻ ഏറ്റവും മികച്ച ഒരു മാർഗമെന്നത് എല്ലാവർക്കും ഒരുപോലെയായിരിക്കണമെന്നില്ല. ചർമത്തിന്റെ സ്വഭാവം, രോമത്തിന്റെ കനം, വേദന സഹിക്കാനുള്ള ശേഷി, ചെലവ്, ദീർഘകാല ഫലം വേണമോ എന്നു തുടങ്ങി പല കാര്യങ്ങളും പരിഗണിച്ചാണ് വഴി തിരഞ്ഞെടുക്കേണ്ടത്. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമമോ മുഖക്കുരു, എക്സിമ, റോസേഷ്യ പോലുള്ള ചർമപ്രശ്‌നങ്ങളോ ഉള്ളവർ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം മാത്രമേ ചികിത്സയോ ഹെയർ റിമൂവൽ രീതികളോ സ്വീകരിക്കാവൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: safe-facial-hair-removal-methods-2026
Published: 30 Jul 2026, 04:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented