സ്വഭാവിക സൗന്ദര്യവും മികച്ച അഭിനയശൈലിയും കൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് സായ് പല്ലവി. നിതീഷ് തിവാരിയുടെ ബിഗ് ബജറ്റ് ചിത്രം 'രാമായണ'യിൽ സീതയായി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് താരം. വളരെ അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന വ്യക്തിയാണ് സായ് പല്ലവി. തന്റെ നിലപാടുകൾ കൊണ്ട് അവർ പലപ്പോഴും ശ്രദ്ധേയയാകാറുമുണ്ട്. അതിലൊന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് രണ്ടു കോടിയുടെ ഫെയർനെസ്സ് ക്രീം പരസ്യം വേണ്ടെന്നുവെച്ച തീരുമാനം.
ആ തീരുമാനത്തിന് പിന്നിലെ കാരണം സായ് തുറന്നുപറഞ്ഞിരുന്നു. ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
Also Read
"ഞാൻ സൗന്ദര്യവർദ്ധക വസ്തുക്കൾ പ്രൊമോട്ട് ചെയ്യാറില്ല. സ്വന്തം നിറത്തിലും വ്യക്തിത്വത്തിലും ഓരോരുത്തർക്കും ആത്മവിശ്വാസം വേണം," - സായ് പല്ലവി. എന്നാൽ, ആ ഫെയർനെസ്സ് ക്രീം പരസ്യം നിരസിച്ചതിന് പിന്നിൽ മറ്റൊരു പ്രധാന കാരണം കൂടിയുണ്ടായിരുന്നെന്നും അത് തന്റെ സഹോദരിയാണെന്നും താരം പറഞ്ഞിരുന്നു. സമൂഹത്തിന്റെ വെളുത്ത നിറത്തോടുള്ള ഭ്രമവും സൗന്ദര്യസങ്കൽപ്പങ്ങളും കാരണം സ്വന്തം വീടുകളിലും സുഹൃത്തുക്കൾക്കിടയിലും ആളുകൾ അപകർഷതാബോധം അനുഭവിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും പറഞ്ഞു.
"എന്റെ അനിയത്തിയേക്കാൾ അല്പം വെളുത്ത നിറമാണ് എനിക്ക്. വെളുക്കാൻ വേണ്ടി പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കാൻ അമ്മ അവളെ നിർബന്ധിക്കുമായിരുന്നു. ഇഷ്ടമില്ലാത്ത ഭക്ഷണം വെളുക്കാൻ വേണ്ടി മാത്രം അവൾ കഴിക്കുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുമായിരുന്നു. അവൾക്ക് വേണ്ടിയെങ്കിലും ഇത്തരം തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഞാൻ നിലകൊള്ളേണ്ടതുണ്ട്. അതല്ലെങ്കിൽ പിന്നെ ആ പണം കൊണ്ട് ഞാൻ എന്ത് ചെയ്യാനാണ്?"
അഭിനയരംഗത്തേക്ക് വരുന്നതിന് മുൻപ് മുഖക്കുരു കാരണം വലിയ രീതിയിൽ ആത്മവിശ്വാസക്കുറവ് അനുഭവിച്ചിരുന്നതായി സായ് ഓർത്തെടുക്കുന്നു. ആളുകൾ തന്റെ കണ്ണുകളിലേക്ക് നോക്കാതെ മുഖക്കുരുവിലേക്ക് മാത്രം നോക്കുമെന്ന ഭയത്താൽ വീടിന് പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന കാലമുണ്ടായിരുന്നു.
2015-ൽ പുറത്തിറങ്ങിയ 'പ്രേമം' സിനിമയാണ് താരത്തിന്റെ ജീവിതം മാറ്റിയെഴുതിയത്. സിനിമയിൽ മലർ മിസ്സായെത്തിയ സായ് മേക്കപ്പ് ഇട്ടിരുന്നില്ല. മുഖക്കുരുവുള്ള നായികയെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പോരായ്മകൾ എന്ന് പണ്ട് കരുതിയിരുന്ന കാര്യങ്ങളോടെതന്നെ പ്രേക്ഷകർ തന്നെ അംഗീകരിച്ചെന്നും, തനിക്ക് ലഭിച്ച അംഗീകാരം നിരവധി ചെറുപ്പക്കാർക്കും കുട്ടികൾക്കും ആത്മവിശ്വാസം നൽകിയെന്ന് തിരിച്ചറിഞ്ഞെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ സ്വാഭാവിക രൂപത്തെ അംഗീകരിച്ച ആരാധകരോട് കാണിക്കുന്ന അനീതിയായിരിക്കും ഇത്തരം ഫെയർനെസ്സ് ക്രീമുകൾ പ്രൊമോട്ട് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് കോടികളുടെ ഓഫർ വേണ്ടെന്നുവെച്ചതെന്നും അവർ വ്യക്തമാക്കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sai Pallavi rejected a 2 crore fairness cream endorsement to stay true to her values., The decision was driven by her desire to protect her sister from color-based inferiority complexes., She promotes natural beauty and encourages self-confidence over cosmetic perfection., Her role as Malar in 'Premam' helped her overcome personal insecurities regarding her skin.
Published: 30 Jul 2026, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented