സിനിമയിലെ പ്രിയതാരങ്ങൾ ബോക്സോഫീസിൽ മാത്രമല്ല നേട്ടങ്ങളുണ്ടാക്കുന്നത്, ബിസിനസിൽ വമ്പൻ വിജയങ്ങൾ നേടി പുതിയ തലങ്ങൾ ആഘോഷമാക്കുകയാണ് പലരും. പല താരങ്ങളെയും പോലെ സാമന്ത റൂത്ത് പ്രഭുവും സംരംഭകത്വത്തിലേക്ക് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ സാമന്ത സഹസ്ഥാപകയായ പെർഫ്യൂം ബ്രാൻഡിന്റെ വരുമാനം 100 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു.

സാമന്ത, അങ്കിത തദാനി, ആകാശ് വാലി എന്നിവർ ചേർന്ന് സ്ഥാപിച്ച 'സീക്രട്ട് അൽക്കെമിസ്റ്റ്' ഫ്രാഗ്രൻസ് ബ്രാൻഡ് 120 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇന്ത്യയിലെ വളർന്നുകൊണ്ടിരിക്കുന്ന സുഗന്ധദ്രവ്യ വിപണിയിൽ സാന്നിധ്യമറിയിച്ച ഈ ബ്രാൻഡ്, മികച്ച ചേരുവകൾ കൊണ്ടുള്ള നിർമ്മാണത്തിന്റെ പേരിലാണ് ജനപ്രീതി നേടുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടയിൽ എട്ട് മടങ്ങ് വളർച്ചയാണ് ബ്രാൻഡ് രേഖപ്പെടുത്തിയത്.

പുതിയ നാഴികക്കല്ലിനെപ്പറ്റി സാമന്ത പറഞ്ഞതിങ്ങനെ- "വളരെ വ്യത്യസ്തമായ രണ്ട് യാത്രകൾ, ഇത്രയും അർഥവത്തായ നാഴികക്കല്ലുകൾ സന്തോഷം തരുന്നു. 'മാ ഇൻടി ബംഗാരം' എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പ്രോജക്റ്റാണ്, അതേസമയം സീക്രട്ട് അൽക്കെമിസ്റ്റ് ഈ കാഴ്ചപ്പാടിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു ടീമിനൊപ്പം അടിത്തട്ടിൽ നിന്ന് പടുത്തുയർത്തിയ ഒരു യാത്രയാണ്. ഞങ്ങളെ ഇവിടെയെത്തിച്ച സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി."

സീക്രട്ട് അൽക്കെമിസ്റ്റ് മാത്രമല്ല സാമന്തയുടെ സംരംഭം. 2020-ൽ, സംരംഭകയായ സുശ്രുതി കൃഷ്ണയുമായി ചേർന്ന് 'സാക്കി' (Saaki) എന്ന വനിതാ ഫാഷൻ ലൈഫ്സ്റ്റൈൽ ബ്രാൻഡിന്റെ സഹസ്ഥാപകയായിരുന്നു സാമന്ത. ഹർഷിത മോടപർത്തി, പ്രവിഷ്ട നദെല്ല എന്നിവർ സ്ഥാപിച്ച ഇന്ത്യൻ ആക്ടീവ് വെയർ ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡായ 'മൈൽ കളക്റ്റീവ്' (Mile Collective)-മായും അവർ സഹകരിക്കുന്നുണ്ട്. Gataca എന്ന സപ്ലിമെന്റ് ബ്രാൻഡിന്റെ സഹസ്ഥാപകയും കൂടിയാണവർ.

അതേസമയം, സാമന്ത പ്രധാന വേഷത്തിലെത്തിയ 'മാ ഇൻടി ബംഗാരം' ബോക്സ് ഓഫീസിൽ 100 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇപ്പോൾ തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് സാമന്തയും ഭർത്താവ് രാജ് നിദിമോരുവും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi