ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തും കോക്ക്റോച്ച് ജനതാ പാർട്ടിയുടെ വക്താവായ സൗരവ് ദാസും തമ്മിലുള്ള വഴക്ക് വലിയ സംസാരവിഷയമാവുകയാണ്. കങ്കണ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സൗരവിനെ ‘useless’ എന്നും ‘unemployed’ എന്നും വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. വ്യക്തിപരമായി കങ്കണയോട് യാതൊരു പ്രശ്നവുമില്ലെങ്കിലും, പൊതുവിടത്തിൽ സംസാരിക്കുമ്പോൾ അത് ബഹുമാനത്തോടെയായിരിക്കണമെന്ന് സൗരവ് പറഞ്ഞു. മോജോ സ്റ്റോറിയിൽ ബർഖാ ദത്തിനോട് സംസാരിക്കവേ, കങ്കണ തന്നെ ലക്ഷ്യമിടാൻ തീരുമാനിച്ചതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലും അത്ഭുതപ്പെട്ടുവെന്ന് സൗരവ് പറയുന്നു. ഒപ്പം അദ്ദേഹം നടത്തിയ മറ്റൊരു പരാമർശം വൈറലുമായി. താൻ ഹൃത്വിക് റോഷന്റെ ചെറുപ്പത്തിലെ രൂപം പോലെയുണ്ടെന്നും, അതുകൊണ്ടാവാം കങ്കണ തന്നെ ആക്രമിക്കുന്നതെന്നും ഒരു സുഹൃത്ത് പറഞ്ഞെന്നാണ് സൗരവ് പറഞ്ഞത്.  

To advertise here,

വ്യക്തിപരമായ ആക്രമണങ്ങളേക്കാൾ താൻ സംഭാഷണങ്ങൾക്ക് തയ്യാറാണെന്നും സൗരവ് വിശദീകരിച്ചു. "ഈ രാജ്യത്തെ പ്രശ്നം ആളുകൾ സംസാരിക്കുന്നില്ല എന്നതാണ്. ചർച്ചകൾ കുറവാണ്, സംവാദങ്ങൾ കുറവാണ്. നാം പരസ്പരം മര്യാദയോടെ സംസാരിക്കണം"

കങ്കണയും ഹൃത്വിക്കും തമ്മിലെന്താണ് പ്രശ്നം?
കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള വലിയൊരു തർക്കമാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. 2016-ൽ കങ്കണ ഒരു അഭിമുഖത്തിൽ ഹൃത്വിക് റോഷനെ തന്റെ "വിഡ്ഢിയായ മുൻ കാമുകൻ" എന്ന് വിളിച്ചിരുന്നു. കങ്കണയും ഹൃത്വിക്കും പ്രണയത്തിലായിരുന്നെന്ന കങ്കണയുടെ നിലപാടിനെ ഹൃത്വിക് എതിർക്കുകയും ചെയ്തു. ഇതിനു പിന്നാലെ വലിയ വാദപ്രദിവാദങ്ങളുണ്ടായി.

അതേസമയം, കങ്കണ തനിക്കൊപ്പം ഒരു കോഫി കുടിക്കാൻ ക്ഷണിച്ചാൽ പോകുമോ എന്ന് അവതാരക ചോദിച്ചപ്പോൾ, തനിക്ക് അവരോടോ ബിജെപി നേതാക്കളോടോ യാതൊരു വിരോധവുമില്ലെന്ന് സൗരവ് അവകാശപ്പെട്ടു. "ബിജെപി എംപിമാരടക്കമുള്ള ആളുകളോടും സർക്കാരിലുള്ളവരോടും ഞങ്ങൾക്കാർക്കും ഒരു ചീത്ത വികാരവുമില്ല. ഞങ്ങളെപ്പോഴും എപ്പോഴും സംവാദത്തിൽ വിശ്വസിക്കുന്നു."-അദ്ദേഹം പറഞ്ഞു. 

കങ്കണ പറഞ്ഞത്
"ഞാൻ ഈ വ്യക്തിയെ (സൗരവ്) ഗൂഗിൾ ചെയ്തു, അയാൾക്ക് 28 വയസ്സുണ്ട്. എങ്ങനെയാണ് അയാൾ ഒരു വിദ്യാർത്ഥിയാണെന്ന് പറയുന്നതെന്ന് എനിക്കറിയില്ല! അതെ, ഞാൻ കഴിഞ്ഞ 2 വർഷമായി രാഷ്ട്രീയത്തിലുണ്ട്, കഴിഞ്ഞ 20 വർഷമായി പൊതുരംഗത്തുമുണ്ട്. അദ്ദേഹത്തിന്റെ പ്രായത്തിൽ എനിക്ക് 2 ദേശീയ അവാർഡുകൾ ലഭിച്ചു." കങ്കണ സൗരവിനെക്കുറിച്ച് പറഞ്ഞതാണിത്. ജെൻസി തലമുറയിൽപെട്ടവരെയെല്ലാം അടച്ചാക്ഷേപിക്കുന്ന നിലപാടാണ് കങ്കണ സ്വീകരിച്ചത്.  
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi