മുടിയുടെ ആരോഗ്യം പുറമേ പുരട്ടുന്ന എണ്ണകളിലും സെറമുകളിലും ഹെയർ മാസ്‌കുകളിലും മാത്രം ഒതുങ്ങുന്നതല്ല. നമ്മൾ കഴിക്കുന്ന ഭക്ഷണവും മുടിയുടെ വളർച്ചയിലും കരുത്തിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, സെലീനിയം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ആവശ്യത്തിന് ലഭിക്കുമ്പോഴാണ് മുടിയുടെ വേരുകൾക്ക് ആരോഗ്യത്തോടെ വളരാൻ കഴിയുന്നത്.
മുടിയുടെ പ്രധാന ഘടകം കെരാറ്റിൻ എന്ന പ്രോട്ടീനാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീന്റെ കുറവ് മുടിയുടെ വളർച്ചാഘട്ടത്തെ ബാധിക്കുകയും അമിതമായ മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യാം. അതേസമയം, വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും മുടിയിഴകളുടെ ഘടനയും കരുത്തും നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇരുമ്പ് മുടിയുടെ വേരുകളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.
Also Read
ഭക്ഷണത്തിന് മുടിവളർച്ചയെ സ്വാധീനിക്കാനാകുമെങ്കിലും മുടികൊഴിച്ചിലിന് പിന്നിലെ കാരണം കൂടി മനസ്സിലാക്കേണ്ടതുണ്ട്. പോഷകങ്ങളുടെ കുറവുമൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിലൂടെയും ആവശ്യമായാൽ സപ്ലിമെന്റുകളിലൂടെയും നിയന്ത്രിക്കാനാകുമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു.
എന്നാൽ മുടികൊഴിച്ചിലിന് കാരണം പോഷകക്കുറവ് മാത്രമാകണമെന്നില്ല. സമ്മർദം, ഹോർമോൺ വ്യതിയാനങ്ങൾ, തൈറോയ്ഡ് പ്രശ്‌നങ്ങൾ, ഇൻസുലിൻ അസന്തുലിതാവസ്ഥ, ചില രോഗാവസ്ഥകൾ, മരുന്നുകൾ, പ്രസവാനന്തരമുള്ള മാറ്റങ്ങൾ തുടങ്ങിയവയും മുടിയുടെ വളർച്ചയെ ബാധിക്കാം. അതുകൊണ്ടുതന്നെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലെ പ്രധാനപ്പെട്ട ഒരു ഘടകം മാത്രമാണ്.
മുടിയുടെ വളർച്ചയ്ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ
മുട്ട: മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ നിർമ്മിക്കാൻ ആവശ്യമായ മികച്ച പ്രോട്ടീൻ സ്രോതസ്സാണ് മുട്ട. മുട്ടയുടെ മഞ്ഞയിൽ ബയോട്ടിൻ, കോളിൻ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിൻ ലഭിക്കാൻ മധുരക്കിഴങ്ങ്, ചീര, വിത്തുകൾ, പയർവർഗങ്ങൾ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കൊഴുപ്പുള്ള മത്സ്യങ്ങൾ: സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇവ തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ ഡി, അയോഡിൻ എന്നിവയും ഇത്തരം മത്സ്യങ്ങളിൽ നിന്ന് ലഭിക്കും.
വിത്തുകൾ: മത്തങ്ങയുടെ വിത്ത്, ഫ്‌ലാക്‌സ് സീഡ്, ബദാം തുടങ്ങിയവ മുടിക്ക് ആവശ്യമായ സിങ്ക്, സെലീനിയം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല സ്രോതസ്സുകളാണ്. പ്രത്യേകിച്ച് സിങ്ക് മുടിയുടെ വളർച്ചാഘട്ടത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. വിത്തുകൾ പൊടിച്ച് സാലഡിനൊപ്പമോ തൈരിലോ ചേർത്ത് കഴിക്കാം.
ബെറിപ്പഴങ്ങൾ: സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളമുണ്ട്. ഇവ ഫ്രീ റാഡിക്കൽസിൽനിന്ന് മുടിയുടെ വേരുകളെ സംരക്ഷിക്കാനും കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ: റെഡ് മീറ്റ്, കരൾ, കക്കയിറച്ചി, പരിപ്പ്, ചീര തുടങ്ങിയവ ഇരുമ്പിന്റെ നല്ല സ്രോതസ്സുകളാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ ഇരുമ്പിന്റെ കുറവ് മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കും. ഉദാഹരണത്തിന്, പരിപ്പിനൊപ്പം ചെറുനാരങ്ങാനീര് ചേർക്കാം.
ബ്രസീൽ നട്ട്: സെലീനിയത്തിന്റെ മികച്ച സ്രോതസ്സാണ് ബ്രസീൽ നട്ട്. ഇത് രോഗപ്രതിരോധശേഷിക്കും തൈറോയ്ഡ് ആരോഗ്യത്തിനും കോശങ്ങളുടെ സംരക്ഷണത്തിനും സഹായിക്കുന്നു. എന്നാൽ സെലീനിയം അധികമാകുന്നതും നല്ലതല്ല. അതിനാൽ ദിവസത്തിൽ ഒന്നോ രണ്ടോ ബ്രസീൽ നട്ട് മതിയാകും.
ഇലക്കറികൾ: ചീര, മുരിങ്ങയില, കറിവേപ്പില തുടങ്ങിയ ഇലക്കറികളിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനും ആരോഗ്യകരമായ മുടിവളർച്ചയെ പിന്തുണയ്ക്കാനും സഹായിക്കും.
ബോൺ ബ്രോത്ത് അല്ലെങ്കിൽ കൊളാജൻ: കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ അമിനോ ആസിഡുകളായ ഗ്ലൈസിൻ, പ്രോലിൻ എന്നിവ ബോൺ ബ്രോത്തിൽ ലഭിക്കും. മുടിയുടെ വേരുകൾക്ക് ചുറ്റുമുള്ള കണക്റ്റീവ് ടിഷ്യുവിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായിച്ചേക്കാം.
പയർവർഗങ്ങൾ: പരിപ്പ്, കടല, പയർ, ബീൻസ് തുടങ്ങിയവ പ്രോട്ടീൻ, ഇരുമ്പ്, ലൈസിൻ എന്നിവയുടെ മികച്ച സ്രോതസ്സുകളാണ്. മുടിക്ക് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനൊപ്പം ശരീരത്തിന് മറ്റ് പ്രധാന പോഷകങ്ങളും ഇവ നൽകുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങൾ: തൈര്, കിംചി, സവർക്രൗട്ട് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യത്തിനും പോഷകങ്ങളുടെ ആഗിരണത്തിനും സഹായകരമാണ്.
ആരോഗ്യകരമായ കൊഴുപ്പുകൾ: അവക്കാഡോ, നെയ്യ്, എള്ളെണ്ണ, എക്‌സ്ട്രാ വെർജിൻ ഒലീവ് ഓയിൽ, നട്‌സ് തുടങ്ങിയവ ആരോഗ്യകരമായ കൊഴുപ്പുകളുടെ സ്രോതസ്സുകളാണ്. ഇത് വിറ്റാമിനുകളുടെ ആഗിരണത്തിനും ഇവ സഹായിക്കുന്നു.
നെല്ലിക്ക: മുടിയുടെ ആരോഗ്യത്തിന് ഏറെക്കാലമായി ഉപയോഗിച്ചുവരുന്ന ഇന്ത്യൻ ഭക്ഷണമാണ് നെല്ലിക്ക. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ് തുടങ്ങിയവ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും മുടിയിഴകളുടെ കരുത്തും ഘടനയും നിലനിർത്താനും വിറ്റാമിൻ സി സഹായിക്കും.
മുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുടിയുടെ വളർച്ചയ്ക്കായി നല്ല ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതുപോലെ തന്നെ ചില ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതും പ്രധാനമാണ്.
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ: പോഷകങ്ങൾ കുറവായ ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ശരീരത്തിലെ വീക്കവും ഹോർമോൺ അസന്തുലിതാവസ്ഥയും വർധിപ്പിക്കാം.
അമിതമായ മദ്യപാനം: സിങ്ക്, ബി വിറ്റാമിനുകൾ തുടങ്ങിയ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ അളവിനെ ബാധിക്കാം.
മെർക്കുറി കൂടുതലുള്ള മത്സ്യങ്ങൾ: വാൾഫിഷ്, ഷാർക്ക്, ബിഗ്‌ഐ ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ ഇടയ്ക്കിടെ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ക്രാഷ് ഡയറ്റ്: വളരെ വേഗത്തിൽ ഭാരം കുറയ്ക്കാൻ ഭക്ഷണം അമിതമായി നിയന്ത്രിക്കുന്നത് ശരീരത്തിലെ പോഷകക്കുറവിനും മുടികൊഴിച്ചിലിനും കാരണമാകാം.
സപ്ലിമെന്റുകൾ ആവശ്യമാണോ?
എല്ലാവർക്കും മുടിവളർച്ചയ്ക്കായി സപ്ലിമെന്റുകൾ ആവശ്യമില്ല. മുടികൊഴിച്ചിലിന് പിന്നിൽ ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി, ബി12, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുടെ കുറവുണ്ടെങ്കിൽ, ഡോക്ടറുടെ നിർദേശപ്രകാരം അത് പരിഹരിക്കുകയാണ് പ്രധാനം.
സ്വയം ഉയർന്ന അളവിൽ സപ്ലിമെന്റുകൾ കഴിക്കുന്നതും നല്ലതല്ല. പ്രത്യേകിച്ച് വിറ്റാമിൻ എ, സെലീനിയം എന്നിവ അമിതമായാൽ മുടികൊഴിച്ചിൽ തന്നെ ഉണ്ടാകാം.
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒരു പ്രത്യേക 'മാജിക് ഫുഡ്' തേടുന്നതിനുപകരം പ്രോട്ടീൻ, പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആവശ്യമായ ധാതുക്കൾ എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണക്രമം പിന്തുടരുന്നതാണ് ഉത്തമം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: 12-best-foods-for-hair-growth-diet-tips
Published: 04 Sept 2026, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented