
'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) സിനിമയുടെ ക്രെഡിറ്റ് കാർഡിൽ സംവിധായകൻ ആദിത്യ ധർ ആദ്യം നന്ദി പറഞ്ഞത്, നടി യാമി ഗൗതമിനോടാണ്. മുമ്പും എല്ലാ ഉയർച്ചതാഴ്ചകളിലും ഒരുപോലെ കൂടെനിന്ന തന്റെ പങ്കാളിയോടല്ലാതെ ആരോടാണ് നന്ദി പറയേണ്ടത്? 'ധുരന്ധറി'ന്റെ ഓരോ നേട്ടങ്ങളും സന്തോഷത്തോടെയാണ് യാമി നോക്കിക്കാണുന്നത്. അതെല്ലാം തന്റെ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട്. അതിനൊപ്പം ആർട്ടിക്കിൾ 370, ഹക്ക് തുടങ്ങിയ സിനിമകളിലൂടെ യാമി മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്യുന്നു. 'ധുരന്ധർ: ദ റിവഞ്ചി'ലും യാമി അതിഥിവേഷത്തിലെത്തിയിട്ടുണ്ട് (cameo appearance).
എന്നാൽ, യാമി ഒന്നുമല്ലാതിരുന്നൊരു കാലമുണ്ട്. അന്ന് ഒരു പ്രമുഖ ഡിസൈനർ അവർക്ക് വിവാഹവസ്ത്രം നിഷേധിക്കുകയും ചെയ്തു. 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീടത് വിവാഹത്തിലെത്തുകയായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതാണെന്ന് യാമി പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'ഉറി' റിലീസായി രണ്ടുവർഷത്തിനുശേഷമായിരുന്നു വിവാഹം, 2021 ജൂൺ നാലിന്.
Also Read
അന്ന് അത്ര വലിയ താരമായിരുന്നില്ല യാമി. വിവാഹവുമായി ബന്ധപ്പെട്ട് ഏറെ സ്വപ്‌നങ്ങളുണ്ടായിരുന്നു അവർക്ക്. വിവാഹത്തിന് ലെഹങ്ക ധരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ഒരു വലിയ ഫാഷൻ ഡിസൈനറെ അവർ സമീപിച്ചു. പക്ഷേ, ആ ഡിസൈനർ ഒറ്റയടിക്ക് യാമിയോട് വിസമ്മതം അറിയിച്ചു. 'അത് നിങ്ങൾക്കുള്ളതല്ല' എന്നാണ് ഡിസൈനർ യാമിയോട് പറഞ്ഞത്. അത് യാമിയുടെ ആത്മവിശ്വാസത്തെ തകർത്തുവെന്നും അവർ പിന്നീട് വെളിപ്പെടുത്തി.
''എനിക്ക് ആശ്രയിക്കാൻ കഴിയുന്ന ചില നല്ല ഡിസൈനർമാരെ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, ഫാഷൻ ഇൻഡസ്ട്രിയിൽ പോലും, അവരുടെ വസ്ത്രങ്ങൾ നിങ്ങൾക്ക് നൽകാത്ത ചില ഉയർന്ന നിലവാരമുള്ള ഡിസൈനർമാരുണ്ട്. അങ്ങനെയൊരു അനുഭവം എനിക്കുമുണ്ട്. 'ഇല്ല, ആ ലെഹങ്ക നിങ്ങൾക്ക് പറ്റിയതല്ല' എന്ന് മുഖത്തടിച്ചതുപോലെ പറഞ്ഞു. ഞാനുടനെ ചോദിച്ചു, 'എന്ത്, എന്തുകൊണ്ട്?' അത് വളരെ മോശമായിരുന്നു. അതിനുള്ള മാനദണ്ഡം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരാളെ എങ്ങനെ ഇത്ര മോശമായി തോന്നിപ്പിക്കാൻ കഴിയും? പക്ഷേ എല്ലാ ഡിസൈനർമാരും ഇങ്ങനെയല്ല. അവരിൽ ചിലർ അവരുടെ ജോലിയും മനോഭാവവും കൊണ്ട് ശരിക്കും നല്ലവരാണ്. പക്ഷേ എപ്പോഴും ഒരു ചീഞ്ഞ ആപ്പിൾ (rotten apple) ഉണ്ടാകും,'' യാമി ഓർക്കുന്നു.
എന്നിട്ടും തളരാതെ താൻ എങ്ങനെ വിവാഹത്തിന് ഒരുങ്ങിയെന്നും യാമി പറയുന്നു. ''അപ്പോഴാണ് ഞാൻ തീരുമാനിച്ചത്. എന്നെ കുറിച്ച് ആരും മോശമായി ചിന്തിക്കാൻ ഒരിക്കലും അനുവദിക്കരുത് എന്ന്. നിങ്ങൾ എന്ത് ചെയ്താലും അത് മികച്ചതാണ്, മറ്റൊരാളുടെ 'വസ്ത്രധാരണ'ത്തിൽ ഒരിക്കലും ഒതുങ്ങാൻ ശ്രമിക്കരുത്. എന്റെ പ്രത്യേക ദിവസമാകുമ്പോൾ, അത് എന്റേതായ രീതിയിലാക്കാമെന്ന് ഞാൻ മനസ്സിൽ കരുതി. എന്റെ അമ്മയുടെ സാരി തിരഞ്ഞെടുക്കാം. കാരണം അത് എന്റെ ഇമോഷൻസുമായി ബന്ധപ്പെട്ടുകിടക്കുന്നു''. അങ്ങനെ വിവാഹത്തിന് അമ്മയുടെ 33 വർഷം പഴക്കമുള്ള സാരിയണിയാൻ യാമി തീരുമാനിച്ചു. വിവാഹത്തിന് യാമി തന്നെയാണ് മേക്കപ്പും ചെയ്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yami Gautam reveals a top designer refused to dress her for her wedding. The designer told her the lehenga was 'not for her', impacting her confidence. Yami chose to wear her mother's 33-year-old saree instead.
Published: 24 Mar 2026, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented