സ്പിരിറ്റ്, കൽക്കി 2 എന്നീ വമ്പൻ പ്രൊജക്ടുകളിൽനിന്ന് ദീപിക പദുകോൺ പുറത്തുപോയത് ഈയിടെ വാർത്തയായിരുന്നു. മകൾക്കൊപ്പം സമയം ചെലവഴിക്കാനായി ഷൂട്ടിങ് സമയം 8 മണിക്കൂർ ആക്കണമെന്ന ആവശ്യമാണിതിന് കാരണമായി പറയപ്പെട്ടിരുന്നത്. അത് നടക്കാതായതോടെ ദീപികയെ സിനിമയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. അതിനുപിന്നാലെയാണ് എട്ടു മണിക്കൂർ ഷിഫ്റ്റും, തൊഴിൽ-ജീവിത സന്തുലിതാവസ്ഥയുമെല്ലാം ചർച്ചയായത്.

ഇപ്പോഴിതാ അക്കാര്യത്തിൽ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി യാമി ഗൗതം. ദീപികയെ പിന്തുണച്ചുകൊണ്ട്, ഇത് എത്രയോ പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന കാര്യമാണെന്നും 'ടൈംസ് നൗ'വിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു. ''പുരുഷ അഭിനേതാക്കൾ വർഷങ്ങളായി അല്ലെങ്കിൽ പതിറ്റാണ്ടുകളായി ഈ സമയപരിധി അനുസരിച്ചാണ് ജോലി ചെയ്യുന്നത്. പിന്നെന്തുകൊണ്ടാണ് ഇതിന്റെ പേരിൽ ഒരു സ്ത്രീ ചോദ്യം ചെയ്യപ്പെടുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഒരുദിവസം എട്ടുമണിക്കൂർ മാത്രം ഷൂട്ട് ചെയ്യുന്ന, ആഴ്ചയിൽ അഞ്ച് ദിവസം ഷൂട്ട് ചെയ്യുന്ന, രാത്രി ഷൂട്ട് ചെയ്യാത്ത അഭിനേതാക്കളുണ്ട്. അത് സംവിധായകനും നിർമ്മാതാവും നടനും മുൻകൂട്ടി തീരുമാനിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീ അത് പറയുമ്പോൾ മാത്രം പ്രശ്‌നമായി മാറുന്നത് എന്തുകൊണ്ടാണ്''.

ജോലി ചെയ്യുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ സ്ത്രീയും പ്രത്യേകതയുള്ളവളാണെന്ന് യാമി അഭിപ്രായപ്പെടുന്നു. ''മറ്റേതൊരു മേഖലയെയും പോലെ ജോലിക്ക് ഒരു സമയപരിധി ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ ഞങ്ങളുടെ ജോലി അല്പം വ്യത്യസ്തമാണ്. പല ലൊക്കേഷനുകൾ, കോമ്പിനേഷനുകൾ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ...അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. അതിനാൽ സമയപരിധി എന്ന ആശയം എന്നെ സംബന്ധിച്ചിടത്തോളം അഭിനേതാവിനെയും സംവിധായകനെയും നിർമാതാവിനെയും അവർ തമ്മിലുള്ള ധാരണയെയും അനുസരിച്ചായിരിക്കും''.

അതിനിടെ 'ജടാധാര' എന്ന സിനിമയിലെ നടൻ സുധീർ ബാബുവിന്റെ വാക്കുകളും ശ്രദ്ധനേടുന്നു. ''ഒരുദിവസം 24 മണിക്കൂർ വരെ ഷൂട്ട് ചെയ്തിരുന്നു. ക്ലൈമാക്‌സ് ചിത്രീകരണം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അതുകൊണ്ട് 16 മണിക്കൂർ വരെയാണ് ചില ദിവസങ്ങളിൽ ഷൂട്ട് ചെയ്തത്''.

ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനിടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ദീപികയും രംഗത്തെത്തിയിരുന്നു. ''ഒരു സ്ത്രീയായതുകൊണ്ട് മാത്രമാണ് ഇതൊരു പിടിവാശിയായും മറ്റും തോന്നുന്നത്. ഇന്ത്യൻ സിനിമയിലെ എത്രയോ പുരുഷതാരങ്ങൾ വർഷങ്ങളായി എട്ട് മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. അതിൽ പലരും തിങ്കൾ മുതൽ വെള്ളി വരെ മാത്രമേ ജോലി ചെയ്യാറുമുള്ളൂ. ഇതൊന്നും ഒരിക്കലും വാർത്തയായിട്ടില്ല''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi