നല്ലൊരു വസ്ത്രം വാങ്ങിയാൽ അത് ഉടൻ ഉപയോഗിക്കാതെ അലമാരയിൽ ഭദ്രമായി സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. ഇഷ്ടപ്പെട്ട ചുരിദാറോ വിലകൂടിയ സാരിയോ മനോഹരമായ ഷർട്ടോ ആകട്ടെ, വിശേഷപ്പെട്ടൊരു ദിവസം വരുമ്പോൾ മാത്രം ധരിക്കാമെന്നായിരിക്കും ചിന്ത. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ചില വസ്ത്രങ്ങൾ അലമാരയിൽത്തന്നെ വർഷങ്ങളോളം ഇരിക്കുകയും ചെയ്യും. സാധാരണ ദിവസങ്ങളിൽ ധരിക്കാൻ പഴയതോ അധികം ശ്രദ്ധിക്കാത്തതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പതിവായി ഉപയോഗിക്കാതെ മാറ്റിവെക്കുന്നതിന് പിന്നിൽ ചില മാനസിക ഘടകങ്ങളുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.
Also Read
നഷ്ടപ്പെടുമെന്ന ഭയം
വസ്ത്രങ്ങൾ കേടാകുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. വിലകൂടിയതോ എളുപ്പത്തിൽ വീണ്ടും വാങ്ങാൻ കഴിയാത്തതോ വൈകാരികമായ ഓർമകൾ നിറഞ്ഞതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുമോ എന്ന് പലരും ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ അവ പ്രത്യേക അവസരങ്ങൾക്കായി മാറ്റിവെക്കും. ഇതിനു പിന്നിൽ അപൂർവതയോടുള്ള നമ്മുടെ മനോഭാവവും നഷ്ടബോധത്തെക്കുറിച്ചുള്ള ഭയവുമാണ്. ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കേണ്ടത് ഏറ്റവും അനുയോജ്യമായ സന്ദർഭത്തിലായിരിക്കണമെന്നാണ് പലരുടെയും ചിന്ത. നല്ല അനുഭവങ്ങളും സന്തോഷവും പിന്നീട് ആസ്വദിക്കാമെന്ന് കരുതി മാറ്റിവെക്കുന്ന മനുഷ്യസ്വഭാവത്തിന്റെ മറ്റൊരു രൂപമാണിത്.
എന്നാൽ ജീവിതം ആഘോഷങ്ങളും വിശേഷദിവസങ്ങളും മാത്രമല്ല. സാധാരണ പ്രഭാതങ്ങളും പതിവ് ഉച്ചനേരങ്ങളും വിശേഷമൊന്നുമില്ലാത്ത ദിവസങ്ങളുമെല്ലാം ചേർന്നതാണ് ജീവിതം. ഇപ്പോൾ പ്രാധാന്യമില്ലെന്ന് തോന്നുന്ന പല നിമിഷങ്ങളും പിന്നീട് വിലപ്പെട്ട ഓർമകളായി മാറിയേക്കാം.
പെർഫെക്ഷനിസവും ഒരു കാരണം
ഒരു പാർട്ടിക്കോ ആഘോഷത്തിനോ പോകുമ്പോൾ മാത്രം ആ വസ്ത്രം ധരിക്കണം. അതിനൊപ്പം അനുയോജ്യമായ ആഭരണങ്ങളും ചെരിപ്പും മേക്കപ്പുമെല്ലാം വേണം. അങ്ങനെ എല്ലാം ഒത്തുവരുന്ന ഒരു ദിവസം കാത്തിരിക്കുകയായിരിക്കും ചിലർ. അനുയോജ്യമായ സന്ദർഭം ലഭിച്ചില്ലെങ്കിൽ ആ വസ്ത്രം ധരിക്കാതെതന്നെ ഇരിക്കും. അതേസമയം, ദിവസവും ഉപയോഗിക്കാൻ സൗകര്യപ്രദവും അധികം ശ്രദ്ധിക്കേണ്ടതില്ലാത്തതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യും.
നമ്മളെക്കുറിച്ചുള്ള കാഴ്ചപ്പാടും വസ്ത്രധാരണത്തെ സ്വാധീനിക്കുന്നുണ്ട്. വിശേഷാവസരങ്ങളിൽ മാത്രമാണ് ഏറ്റവും മികച്ച രീതിയിൽ ഒരുങ്ങേണ്ടതെന്ന് കരുതുമ്പോൾ സാധാരണ ദിവസങ്ങളിൽ സ്വയം സന്തോഷിപ്പിക്കാനുള്ള അവസരങ്ങൾ നമ്മൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
ഈ ശീലം മാറ്റാൻ ഏറ്റവും എളുപ്പമുള്ള മാർഗം ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേക അവസരങ്ങൾക്കായി കാത്തിരിക്കാതിരിക്കുക എന്നതാണ്. വിലകൂടിയ ഷർട്ട് സാധാരണ പാന്റിനൊപ്പം ധരിക്കാം. ഇഷ്ടപ്പെട്ട വസ്ത്രം ഒരു ചെറിയ ഉച്ചഭക്ഷണത്തിനോ സുഹൃത്തുക്കളെ കാണാനോ പോകുമ്പോൾ ഉപയോഗിക്കാം. ലളിതമായ വസ്ത്രങ്ങൾക്കൊപ്പം ഇഷ്ടപ്പെട്ട ആഭരണങ്ങളോ ആക്സസറികളോ ചേർത്തും പുതുമ കൊണ്ടുവരാം. വസ്ത്രങ്ങൾ അലമാരയിൽ സൂക്ഷിച്ചുവെക്കാനുള്ളതല്ല, ധരിച്ച് ആസ്വദിക്കാനുള്ളതാണ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ഒരു സാധാരണ ദിവസത്തെപ്പോലും സന്തോഷകരമാക്കാൻ നമുക്ക് കഴിയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 08 Nov 2026, 04:36 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented