വിവാഹത്തിനും ആഘോഷങ്ങൾക്കുമുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ വസ്ത്രം, ആഭരണങ്ങൾ, മേക്കപ്പ്, വേദി തുടങ്ങി പല കാര്യങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. എന്നാൽ ചർമപരിചരണത്തിന്റെ കാര്യം വരുമ്പോൾ പലരും അവസാന നിമിഷത്തേക്കാണ് അത് മാറ്റിവെക്കുന്നത്. വിവാഹത്തിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കുമ്പോഴായിരിക്കും മുഖക്കുരു, കറുത്ത പാടുകൾ, നിറവ്യത്യാസം, വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങൾ കൂടുതൽ ശ്രദ്ധയിൽപ്പെടുക. അപ്പോഴേക്കും അവ പരിഹരിക്കാൻ ആവശ്യമായ സമയം ലഭിക്കണമെന്നില്ല. ചർമത്തിന് അനുയോജ്യമായ ചികിത്സകൾ കണ്ടെത്താനും അവയുടെ ഫലം കാണാനും സമയമെടുക്കും. അതുകൊണ്ടുതന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കൊപ്പം ചർമപരിചരണവും നേരത്തേ തുടങ്ങുന്നതാണ് നല്ലത്. വിവാഹത്തിന് മുമ്പുള്ള മാസങ്ങൾ ചർമത്തിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കാനും ആവശ്യമായ ചികിത്സകൾ ആസൂത്രണം ചെയ്യാനും സഹായിക്കും.

To advertise here,

മൂന്ന് മുതൽ ആറു മാസം മുമ്പ്: ചർമത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാം
മുഖക്കുരു, നിറവ്യത്യാസം, പഴയ പാടുകൾ, ചർമത്തിലെ വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കിൽ വിവാഹത്തിന് മൂന്ന് മുതൽ ആറു മാസം മുമ്പുതന്നെ ശ്രദ്ധിച്ചുതുടങ്ങാം. ഒന്നോ രണ്ടോ തവണ ചികിത്സിച്ചതുകൊണ്ട് മാറുന്നവയല്ല ഇത്തരം പ്രശ്‌നങ്ങളെല്ലാം. അതിനാൽ ചർമരോഗവിദഗ്ധനെ കണ്ട് ചർമത്തിന്റെ അവസ്ഥ വിലയിരുത്തുകയും ആവശ്യമായ പരിചരണരീതികൾ തീരുമാനിക്കുകയും വേണം. ചില ചികിത്സകൾ ഒന്നിലധികം സെഷനുകളായി ചെയ്യേണ്ടിവരും. അവസാന ആഴ്ചകളിലേക്ക് മാറ്റിവെച്ചാൽ ആവശ്യമായ എല്ലാ സെഷനുകളും പൂർത്തിയാക്കാൻ സമയം ലഭിക്കാതെ വരാം. ലേസർ ഹെയർ റിഡക്ഷൻ പരിഗണിക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. ഒറ്റത്തവണകൊണ്ട് പൂർത്തിയാകുന്ന ചികിത്സയല്ല ഇത്. ഒന്നിലധികം അപ്പോയിന്റ്‌മെന്റുകൾ ആവശ്യമായി വരുമെന്നതിനാൽ നേരത്തേ ആസൂത്രണം ചെയ്യുന്നതാണ് ഉചിതം.

ആറ് മുതൽ എട്ട് ആഴ്ച മുമ്പ്: ചികിത്സകൾ ക്രമീകരിക്കാം
ഈ ഘട്ടമാകുമ്പോഴേക്കും ചർമത്തിലെ പ്രധാന പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞിരിക്കണം. വിവാഹത്തീയതി കണക്കിലെടുത്ത് ആവശ്യമായ ചികിത്സകൾ ക്രമീകരിക്കാനുള്ള സമയമാണിത്. കെമിക്കൽ പീൽ, ലേസർ ചികിത്സ, മൈക്രോനീഡ്‌ലിങ് തുടങ്ങിയവയ്ക്കുശേഷം ചിലരിൽ ചുവപ്പ്, വരൾച്ച, ചർമം പൊളിയുക തുടങ്ങിയ പ്രതികരണങ്ങളുണ്ടാകാം. ഇവ മാറാൻ എടുക്കുന്ന സമയം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതിനാൽ വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലേക്ക് ഇത്തരം ചികിത്സകൾ മാറ്റിവെക്കരുത്. ദിവസേനയുള്ള ചർമപരിചരണവും ലളിതമായി തുടരാം. ക്ലെൻസർ, മോയ്‌സ്ചറൈസർ, സൺസ്‌ക്രീൻ എന്നിവ ഉൾപ്പെടുന്ന പതിവ് പരിചരണം മതി. ചർമരോഗവിദഗ്ധൻ നിർദേശിച്ചിട്ടുള്ള പ്രത്യേക ഉത്പന്നങ്ങളുണ്ടെങ്കിൽ അവയും ഉപയോഗിക്കാം.

ഒരു മാസം മുമ്പ്: ചെറിയ കാര്യങ്ങൾക്കും ശ്രദ്ധ നൽകാം
പ്രധാന ചർമപരിചരണങ്ങളെല്ലാം ഈ ഘട്ടമാകുമ്പോഴേക്കും പൂർത്തിയാക്കിയിരിക്കണം. വിവാഹത്തിരക്കിനിടയിൽ മറന്നുപോകാൻ സാധ്യതയുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സമയമാണിത്. മുഖത്തെ രോമങ്ങൾ നീക്കംചെയ്യൽ, ത്രെഡിങ്, ഷേവിങ് തുടങ്ങിയ പതിവ് സൗന്ദര്യപരിചരണങ്ങൾ മുൻകൂട്ടി ക്രമീകരിക്കാം. ഫേഷ്യലോ സലൂൺ ചികിത്സകളോ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വിവാഹത്തിന് ഏതാനും ആഴ്ചകൾ മുമ്പുതന്നെ ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ചർമം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കാം. വിവാഹത്തിന് മൂന്നോ നാലോ ദിവസം മാത്രം ശേഷിക്കെ പുതിയൊരു ചികിത്സ പരീക്ഷിക്കുന്നത് ചർമത്തിൽ അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാം. വരന്മാരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഷേവിങ്ങിനു ശേഷമുള്ള കുരുക്കൾ, അകത്തേക്ക് വളരുന്ന രോമങ്ങൾ, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങൾ അവസാന നിമിഷത്തേക്കു മാറ്റിവെക്കാതെ നേരത്തേ പരിഹരിക്കാം.

അവസാന ആഴ്ച: പതിവ് പരിചരണം തുടരാം
വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുതിയ ഉത്പന്നങ്ങളോ ചികിത്സകളോ പരീക്ഷിക്കുന്നതുകൊണ്ട് വലിയ പ്രയോജനമുണ്ടാകണമെന്നില്ല. പുതിയ സ്‌ക്രബുകൾ, ആക്ടീവ് ചേരുവകൾ അടങ്ങിയ ഉത്പന്നങ്ങൾ, ഫേഷ്യലുകൾ എന്നിവയൊക്കെ മാറ്റിവെക്കാം. വാക്‌സിങ്, ത്രെഡിങ് തുടങ്ങിയവയും വിവാഹച്ചടങ്ങിന്റെ തലേദിവസത്തേക്ക് മാറ്റിവെക്കരുത്. ഇത്തരം പരിചരണങ്ങൾക്കുശേഷം ചർമത്തിൽ ചുവപ്പോ അസ്വസ്ഥതയോ ഉണ്ടാകാം. അതു മാറാൻ ആവശ്യമായ ഇടവേള നൽകണം. ഈ ഘട്ടത്തിൽ പതിവ് ചർമപരിചരണം തുടരുന്നതാണ് ഏറ്റവും നല്ലത്. രാത്രിയിൽ മേക്കപ്പ് പൂർണമായി നീക്കംചെയ്യുക, പതിവ് മോയ്‌സ്ചറൈസർ ഉപയോഗിക്കുക, പകൽ സൺസ്‌ക്രീൻ പുരട്ടുക...ഇങ്ങനെ നേരത്തേ ശീലിച്ച കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല.

ശൈത്യകാലത്ത് ചർമം വരളാതെ ശ്രദ്ധിക്കാം
വിവാഹസീസണിൽ തുടർച്ചയായ ചടങ്ങുകൾ, യാത്രകൾ, ഔട്ട്‌ഡോർ ഫോട്ടോഷൂട്ടുകൾ എന്നിവയെല്ലാം പതിവാണ്. ശൈത്യകാലത്താകട്ടെ ചർമത്തിൽ വരൾച്ച അനുഭവപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. നീണ്ട ചടങ്ങുകൾക്കുശേഷം ക്ഷീണിച്ച് മടങ്ങിയെത്തിയാലും മേക്കപ്പ് നീക്കംചെയ്യാതെ ഉറങ്ങരുത്. മൃദുവായ ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയശേഷം പതിവ് മോയ്‌സ്ചറൈസർ പുരട്ടാം. വിവാഹസീസണായതുകൊണ്ടുമാത്രം പുതിയ ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നില്ല. 
രാവിലെയുള്ള ചർമപരിചരണത്തിൽ സൺസ്‌ക്രീനും നിർബന്ധമായും ഉൾപ്പെടുത്തണം. പകൽ നടക്കുന്ന വിവാഹച്ചടങ്ങുകൾ, ഔട്ട്‌ഡോർ ഫോട്ടോഗ്രഫി, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്രകൾ എന്നിവയിലൂടെ കൂടുതൽ സമയം വെയിലേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ബ്രോഡ് സ്‌പെക്ട്രം SPF 30 അല്ലെങ്കിൽ അതിനു മുകളിലുള്ള സൺസ്‌ക്രീൻ ഉപയോഗിക്കാം. കൂടുതൽ സമയം പുറത്തു ചെലവഴിക്കേണ്ടിവരുന്നുണ്ടെങ്കിൽ നിർദേശപ്രകാരം വീണ്ടും പുരട്ടുകയും വേണം.

വിവാഹത്തിന് തൊട്ടുമുമ്പ് പരീക്ഷണം വേണ്ട…
വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖത്ത് ഒരു കുരു പ്രത്യക്ഷപ്പെട്ടാൽ പെട്ടെന്ന് അതു മാറ്റാനുള്ള വഴികൾ തേടുന്നവരുണ്ട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ വീട്ടിൽ പരീക്ഷിക്കുന്ന ചില പൊടിക്കൈകൾ കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാം. ചർമത്തിൽ ഇത്തരം പരീക്ഷണങ്ങൾ നടത്താനുള്ള സമയമല്ല അതെന്ന് പ്രത്യേകം ഓർക്കണം. മുഖക്കുരു ഞെക്കിപ്പൊട്ടിക്കുന്നതും ഒഴിവാക്കണം. തുടർച്ചയായി തൊടുകയോ ഞെക്കുകയോ ചെയ്യുന്നത് കൂടുതൽ പ്രകടമായ പാടോ കലയോ മുറിവോ ഒക്കെ ആവാനിടയുണ്ട്. 

പരിചയമില്ലാത്ത ക്രീമുകൾ, പീലുകൾ, ഫേഷ്യലുകൾ എന്നിവയും ഈ സമയത്ത് പരീക്ഷിക്കരുത്. മറ്റൊരാളുടെ ചർമത്തിന് അനുയോജ്യമായ ചികിത്സ നിങ്ങൾക്കും ഫലപ്രദമാകണമെന്നില്ല. ഓരോരുത്തരുടെയും ചർമം വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവസാന ദിവസങ്ങളിൽ സ്വയം പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം വിദഗ്ധരുടെ നിർദേശം തേടുകയാണ് വേണ്ടത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi