മഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുന്നത് പുഴയില്‍നിന്നാണ്. അമ്മയോടും ഏട്ടനോടുമൊപ്പം അച്ഛന്റെ, അപരിചിതമായ ദേശത്തേയ്ക്കുള്ള ഒരു തോണിയാത്രയില്‍. അജ്ഞാതമായ ഏതോ ഒരു കരയില്‍നിന്നും മറുകരതേടിയുള്ള ആ യാത്രയിലാണ് ആദ്യത്തെ മഴത്തുള്ളി വന്നുനനച്ചത്. അധികം വലുതല്ലാത്ത ആ തോണിയില്‍ ഞങ്ങളെക്കൂടാതെ കുറച്ചുപേരും കൂടിയുണ്ടായിരുന്നു. എല്ലാവരും നാട്ടുകാരായിരിക്കണം. പരസ്പരം സംസാരിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചും അവരിരുന്നു. അമ്മയോട് ചേര്‍ന്ന് ഞങ്ങളും ഇരുന്നു. തലയില്‍ തോര്‍ത്തുകെട്ടിയ തോണിക്കാരന്‍ തീരത്തെ പൂഴിപ്പരപ്പില്‍നിന്നും തോണിയിലേക്കു കയറി. കുത്തിയ കവുങ്ങിന്‍പാളകൊണ്ട് തോണിക്കുള്ളിലെ വെള്ളം കോരിയെടുത്ത് അയാള്‍ പുറത്തേയ്ക്ക് ഒഴിച്ചു. തലക്കെട്ട് അഴിച്ച് ഒന്നുകൂടി മുറുക്കിക്കെട്ടി മുകളിലേക്കു നോക്കി എന്തോ മന്ത്രിച്ചു.

'വേഗം കോല് കുത്തിക്കോ... പെയ്യ്ന്നത്വരെ കാക്കണ്ട.' തോണിയിലിരിക്കുന്നവരില്‍ പ്രായംകൂടിയ ഒരാള്‍ ലേശം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. തോണിക്കാരന്‍ തോണിയുടെ കെട്ടഴിച്ചുതള്ളി. അയാളുടെ മെലിഞ്ഞ ശരീരത്തിലെ എല്ലുകള്‍ തെളിഞ്ഞു. കാല്‍പാദം പൂഴിയില്‍ ആണ്ടു. പുഴയുടെ ആഴങ്ങളിലേക്ക് കോലുകുത്തിയിറക്കി, തോണി നീങ്ങി. നിറഞ്ഞുതുടുത്ത പുഴ നിഗൂഢമായൊരു നിറത്തില്‍ പരന്നുകിടന്നു. ആദ്യജലയാത്രയായിരുന്നു അത്. കറുത്ത തോണിയും തോണിക്കാരനും പുഴയിലൂടെ നീങ്ങി. പുഴയുടെ പകുതിയെത്തിയപ്പോള്‍ ഇളംകാറ്റടിച്ചു. ഒപ്പം നൂല്‍മഴ. മുകളിലേക്ക് നോക്കി. തോണിയില്‍വെച്ച് മഴയെക്കുറിച്ച് പലരും പലതും പറയുന്നുണ്ടായിരുന്നു! ഇന്നലെ പെയ്ത മഴയെക്കുറിച്ച്, മിനിഞ്ഞാന്ന് പെയ്ത മഴയെക്കുറിച്ച്... കഴിഞ്ഞയാഴ്ചത്തെ മഴയെക്കുറിച്ച്. തോടും കവിഞ്ഞ് പാടം മുഴുവന്‍ മുക്കിയ മഴയെക്കുറിച്ച്... കിണറുനിറച്ച മഴയെക്കുറിച്ച്... കൂര തകര്‍ത്ത മഴയെക്കുറിച്ച്... അങ്ങനെയങ്ങനെ...

മഴയതൊന്നും അറിഞ്ഞില്ല.അത് പുഴവെള്ളത്തിനുമീതെ നൃത്തംവെച്ചുതുടങ്ങിയിരുന്നു. മഴയുടെ ആദ്യകാഴ്ച. മഴ കനക്കുന്നു. കാറ്റിലാടി അമ്മയുടെ സാരിത്തുമ്പ് പുഴയിലേയ്ക്ക് ഊര്‍ന്നുവീണു. അതെടുക്കാനാഞ്ഞതും അമ്മ പിടിച്ചതും ഒന്നിച്ച്. തോണി ആകെയൊന്നുലഞ്ഞു... ഒപ്പം ഒരേസ്വരത്തിലുയര്‍ന്ന നെടുവീര്‍പ്പുകള്‍. ശകാരഭാവത്തില്‍ ആരോ എന്തോ പറയാനോങ്ങി. തോണിക്കാരന്‍ കുത്തെടുത്ത് മാറ്റിപ്പിടിച്ചപ്പോള്‍ തോണി അനുസരിച്ചു. മോന്‍ പേടിച്ചോ..? തോണിക്കാരന്റെ മഴനനഞ്ഞ ചോദ്യം. കണ്ണിറുക്കിയടച്ചു. പുഴയിലും തോണിയിലും തുള്ളിക്കൊരുകുടം തേന്മാരി പെയ്തലയ്ക്കുന്ന ശബ്ദം.
അമ്മക്കുടയില്‍ നനഞ്ഞുകുതിര്‍ന്ന് തോണിയിറങ്ങി. പുഴയാകെ മഴത്തുള്ളിക്കിലുക്കം. കടവിലിറങ്ങുമ്പോള്‍ ആരോ കാത്തുനിന്നു, പൂഴിയില്‍ ആണ്ടുപോകുന്ന കാലുകള്‍ പറിച്ചെടുത്ത് ആ വെള്ളക്കുപ്പായക്കാരന്റെ പിന്നാലെ...അയാളുടെ കൈയ്ക്ക് നല്ല കരുത്തുണ്ടായിരുന്നെങ്കിലും വാക്കിലും നോക്കിലും സ്നേഹം... കടവത്തെ ചായപ്പീടികയില്‍ ബീഡിവലിച്ചുകൊണ്ട് വെറുതെനിന്നവര്‍ എന്തോ രഹസ്യം കൈമാറുന്നപോലെ പരസ്പരം നോക്കി ചുണ്ടനക്കി. ഇടവഴി കയറുമ്പോള്‍ കുത്തിയൊലിച്ച് മഴ. വഴിയിലാരും ഒന്നും പറഞ്ഞില്ല... എല്ലാം മഴ പറഞ്ഞു. മഴ... മഴ...

മഴയുടെ സംഗീതം. പറമ്പുകളില്‍ നിന്നും ഇടവഴിയിലേക്ക് ഒലിച്ചിറങ്ങുന്ന കലങ്ങിയ മഴവെള്ളത്തിന്റെ സംഗീതം. തവളകളുടെയും ചീവീടുകളുടെയും മഴപ്പാട്ട്. കാറ്റിലിളകിയാടുന്ന തെങ്ങിന്‍തലപ്പുകള്‍. മരങ്ങള്‍. കാറ്റിന്റെ ചൂളംവിളി. ശരീരമാകെ നനച്ചുകുതിര്‍ത്ത് മഴയ്ക്കൊപ്പം കാറ്റും. ഇടയ്ക്കിടെ മുഴങ്ങുന്ന നേര്‍ത്ത ഇടിനാദം. ഇട കടന്ന് മഴവെള്ളം കുത്തിയൊലിക്കുന്ന ചെമ്മണ്‍റോഡിലേക്ക് കയറുമ്പോള്‍ ഒന്നും മിണ്ടാതെ നടക്കുന്ന അമ്മയുടെ മുഖത്തേയ്ക്കൊന്നു നോക്കി. അതും ആകാശംപോലെ. വീട്ടിലേയ്ക്കുള്ള പടികള്‍ കയറി. വിശാലമായ മുറ്റത്ത് ഓലപ്പന്തല്‍. പന്തലിന്റെ ഉള്‍വശം പൂക്കളുടെ ചിത്രങ്ങള്‍ നിറഞ്ഞ സാരികളാല്‍ അലങ്കരിച്ചിരുന്നു. തൂണുകളില്‍ പച്ചനിറത്തിലുള്ള ഈന്തോലപ്പട്ടകള്‍. ഒരേ നിറത്തിലും ഭാവത്തിലും നിരന്ന കസേരകള്‍. ഉമ്മറത്തേയ്ക്ക് കയറുമ്പോള്‍ അമ്മയുടെ കണ്ണിലും പുറത്തും മഴ...ഞങ്ങളെ ഏതൊക്കെയോ കൈകള്‍ വന്നുപൊതിഞ്ഞു. മുല്ലപ്പൂ ചൂടിയ ഒരു പെണ്‍കുട്ടി വന്ന് അമ്മയോട് ചേര്‍ന്നുനിന്നു. അവളുടെ മുഖത്ത് മുല്ലപ്പൂനാണം. ഏട്ടനെ എടുത്തുയര്‍ത്തി ആരോ ഒരാള്‍ പറഞ്ഞു:

'അതേ ഛായ... അതേ നെറം...'
മാനത്തും മനസ്സിലും മഴ... 
എല്ലാം നനച്ചുകുതിര്‍ത്ത്...എല്ലാം കലക്കിയൊഴുക്കി... 
ആര്‍ത്തലച്ച് അത് പെയ്യുന്നു.. 
കണ്ണീര്‍മഴ...