കറുത്ത അഴികള്‍ക്കപ്പുറം രണ്ടാള്‍ ഉയരത്തില്‍ മതിലാണ്. കരിമ്പച്ചപ്പായല്‍ പറ്റിപ്പിടിച്ച കരിങ്കല്‍ മതിലിന് തണല്‍ പോലെ പേരാല്‍ പടര്‍ന്നു കിടക്കുന്നു. താഴേക്ക് പടര്‍ന്നിറങ്ങി മണ്ണില്‍മുട്ടി നില്ക്കുന്ന വേരുകള്‍മൂടിയ ആ വൃക്ഷവൃദ്ധന് പ്രായമെത്രയെന്ന് പറയുക വയ്യ. അതിനപ്പുറം ഇടുങ്ങിയ മരങ്ങള്‍ നിറഞ്ഞ നിഗൂഢമായ വഴി. വഴിക്കപ്പുറം പള്ളിപ്പറമ്പാണെന്ന് എപ്പോഴോ നേഴ്‌സ് പറയുന്നത് കേട്ടു. നൂറ് നൂറ് മീസാന്‍ കല്ലുകള്‍ക്ക് കാവലായി അവിടെ പരമകാരുണികനായ ദൈവമുണ്ടാകാം. തലയില്‍ ഒരു മൂളലുയര്‍ന്നപ്പോള്‍ അവള്‍ കണ്ണുകളടച്ചു. രാത്രിയുടെ കുളിരിന് കൂട്ടായി മഴയാര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. രാത്രിമഴ... യുവതിയായ ഭ്രാന്തിയെപ്പോലെ.... അവളെപ്പോലെ.
മൂളിപ്പാഞ്ഞുവന്ന തീവണ്ടിക്കുമുന്നില്‍ പരിഭ്രമിച്ചു നില്ക്കുകയാണവള്‍. കണ്ണു തുളച്ചു പാഞ്ഞുവരുന്ന വെളിച്ചം. പിന്നോട്ടൊരു കൈ വലിക്കുന്നു. പക്ഷേ, മുന്നോട്ട് പായുന്ന മനസ്സ്. ഒരു നിമിഷത്തെ നൂലിഴയുടെ വ്യത്യാസത്തില്‍ കൈ കുടഞ്ഞെറിഞ്ഞപ്പോള്‍ പാളത്തിനു പുറത്തേക്ക് വീണു. പകരം തീവണ്ടിയുടെ മൂളലില്‍ മുഖത്തേക്ക് ചുരുചോരചിതറിത്തെറിച്ചു... കണ്മുന്നില്‍ രക്ഷിക്കാന്‍ വന്നവന്‍ രക്തമായി ഒഴുകിപ്പരക്കുന്നു. മാംസവും തൊലിയും പാളത്തില്‍ ഒട്ടിക്കിടന്നു. വീണ്ടും ഇരുട്ട്. ശ്വാസം വിലങ്ങി കണ്ണു തുറക്കുമ്പോള്‍ കിഴക്ക് വെള്ള കീറിയിരുന്നു. മെല്ലെ പേരാലിലേക്ക് നോക്കി. അതിന്റെ വേരില്‍ ഇരുന്നു.
Also Read
'ഈ കുട്ടിക്ക് എന്താ പറ്റിയേ..? '
പുതിയ നേഴ്‌സിങ് ഇന്റേണ്‍സ് കുട്ടികളില്‍ ഒരാള്‍ അവളെ നോക്കി ഹെഡ് നേഴ്‌സിനോട് ചോദിച്ചു. പേരാല്‍ക്കൊമ്പില്‍ കണ്ണുനട്ട് വരാന്തയിലിക്കുന്ന അവള്‍ അപ്പോഴും ചിന്തയിലായിരുന്നു. ഒരു നെടുവീര്‍പ്പോടെ നേഴ്‌സ് കഥകള്‍ പറഞ്ഞു. പരീക്ഷാപ്പേടിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച 18കാരി. അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചതാണ് സഹോദരന്‍ സിറാജ്. ആദ്യത്തെ ആകാംക്ഷ അടങ്ങിയപ്പോള്‍ അവര്‍ അടുത്ത കഥ തേടി മുന്നോട്ടുനടന്നു.
നീലക്കടമ്പില്‍ കുഴലൂതുന്ന കൃഷ്ണനെപ്പോലെ സിറാജ് നീയെന്തിന് എന്റെ കണ്മുന്നില്‍ ചിരിക്കുന്നു. തലയിലെ മൂളല്‍ അധികമായപ്പോള്‍ മുടിവലിച്ചു പറിച്ചവള്‍ ഉറക്കെക്കരഞ്ഞു. നേഴ്‌സുമാര്‍ ഓടിയെത്തി. പിന്നെ പതിവുപോലെ നീണ്ട ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോളും നീലക്കടമ്പും കാളിന്ദിയും അതിന്റെ കൊമ്പിലാടുന്ന കണ്ണനെപ്പോലെ സിറാജും ഉള്ളില്‍ തെളിഞ്ഞു നിന്നു. കണ്ണു തുറക്കുമ്പോള്‍ ചന്ദ്രന്‍ ആകാശത്തിന് മധ്യത്തിലെത്തിയിരുന്നു. ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍. എത്ര നേരം ഉറങ്ങി എന്ന് നിശ്ചയമില്ല. വെറുതെ ആകാശം നോക്കി ഇരിക്കുമ്പോഴാണ് പേരാലില്‍ ഒരനക്കം. സ്വന്തം കണ്ണിനെ വിശ്വസിക്കാന്‍ കൂട്ടാക്കാതെ അവള്‍ ഭ്രാന്തിനെ ഓര്‍ത്ത് ചിരിച്ചു. എന്നാല്‍ ആ ചിരിയെ മറയ്ക്കാന്‍ പോന്ന കുടിലതയുമായി നിലാവെളിച്ചത്തില്‍ അയാള്‍ അവളെ കണ്ടിരുന്നു. അവളുടെ നീലക്കണ്ണു തേടി പേരാല്‍ വേരിലൂടെ ഊര്‍ന്നിറങ്ങി. സ്ത്രീകളുടെ സെല്ലുകളിലേക്ക് ഭ്രാന്തമായ ആവേശത്തോടെ നോക്കി. അയാളുടെ കണ്ണുകള്‍ വന്യമായി തിളങ്ങി. ഒടുവില്‍ അവളുടെ മുന്നിലെത്തി. ജീവനില്ലെങ്കിലും അവളുടെ നീലക്കണ്ണുകളില്‍ ഭയം തെളിഞ്ഞു. ഉച്ചത്തില്‍ അലറിക്കരഞ്ഞ അവളുടെ വായപൊത്തി മെല്ലെ വാതില്‍ തുറന്നു. ശ്വാസം വിലങ്ങുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു. ആ രാത്രി അവളുടെ തലച്ചോറിലൂടെ മറ്റൊരു തീവണ്ടി പായുകയായിരുന്നു.
പിന്നീടുള്ള ഓരോ ദിവസങ്ങളിലും അവള്‍ കൂടുതല്‍ നിശ്ചലയായത് നേഴ്‌സുമാര്‍ ശ്രദ്ധിച്ചെങ്കിലും കാര്യമാക്കിയില്ല. മനോരോഗികള്‍ക്ക് ഓരോ സമയത്തും ഓരോ സ്വഭാവമാണല്ലോ.... അവള്‍ പേരാലിലേക്ക് നോക്കാതായി. കാരണം അവിടെ സിറാജില്ല, പകരം ഒരു കറുത്ത പാമ്പിനെ കാണാം. കാളസര്‍പ്പത്തെപ്പോലെ അതു വലിഞ്ഞു മുറുക്കും. ശ്വാസം മുട്ടിക്കും. ഒടുവില്‍ ബോധം നശിക്കും. കണ്ണുകളടച്ച് അവള്‍ മുട്ടിലേക്ക് മുഖം പൂഴ്ത്തി.... സ്വപ്നങ്ങളില്‍ പോലും സിറാജിനെക്കാണാതെ സര്‍പ്പത്തെ കണ്ട് സത്യവും മിഥ്യയും പോലും അവള്‍ക്ക് വ്യക്തമല്ലാതായി. വേണം ആ പാമ്പിന്റെ വായില്‍ നിന്ന് മോചനം. പാരതന്ത്ര്യത്തിന്റെ വേദന ഭ്രാന്ത് പിടിപ്പിക്കുമ്പോളും തീരുമാനം വ്യക്തമായിരുന്നു.
അന്നു രാത്രിയും പതിവുപോലെ ചന്ദ്രനുദിച്ചു. നക്ഷത്രങ്ങള്‍ക്ക് പതിവിലേറെത്തിളക്കം. പേരാല്‍വേരില്‍ കാളസര്‍പ്പം തലപൊക്കി. അവളുടെ നീലക്കണ്ണുകളില്‍ ഭയത്തിന്റെ മൂളല്‍. അത് തലക്കുള്ളിലേക്ക് വ്യാപിച്ചു. സിരകളില്‍ തീപിടിക്കുന്ന പോലെ. അവള്‍ മെല്ലെ ചങ്ങലയുടെ അഗ്രം കയ്യിലെടുത്തു.... ആ പാമ്പിതാ അഴികളിലൂടെ ഇഴഞ്ഞ് അരികിലെത്തി. അവള്‍ കണ്ണുകളച്ച് കയ്യിലെ ഞരമ്പില്‍ ഭ്രാന്തമായി വരഞ്ഞു. വേദന. സ്വാതന്ത്ര്യത്തിന്റെ വേദന. അവള്‍ വെളുക്കെച്ചിരിച്ച് അതിനുനേരെ നോക്കി.പാമ്പിന്റെ കണ്ണുകളില്‍ വന്യതയ്ക്ക് പകരം ഭയം. അതവളുടെ ആവേശം കൂട്ടി. വീണ്ടും സ്വന്തം കൈയ്യില്‍ വരഞ്ഞു. പാമ്പിതാ ഇഴഞ്ഞു പോകുന്നു. ഇപ്പോള്‍ കാണാം പേരാലിന് കൊമ്പില്‍ ആടിക്കളിക്കുന്ന സിറാജിനെ. അവന്‍ കൈ നീട്ടുന്നുണ്ട്. ചോരപുരണ്ട കൈയ്യുമായി അവള്‍ മെല്ലെ അവനടുത്തേക്ക് നീങ്ങി.
മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ക്രൂരമായ ബലാത്സംഗത്തിന് പെണ്‍കുട്ടി ഇരയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സെല്ലിന് സമീപത്തെ പേരാല്‍ വഴി ആശുപത്രിക്കുള്ളിലെത്തിയ അജ്ഞാതനായ വ്യക്തിയാണ് ഇതിനു പിന്നില്‍ എന്നാണ് നിഗമനം. മരം വെട്ടാന്‍ അധികൃതര്‍ തീരുമാനിച്ചു. വാര്‍ത്തകളില്‍ കടുംനിറങ്ങള്‍ നിറയുമ്പോള്‍ പള്ളിപ്പറമ്പില്‍ ഒരു മീസാന്‍കകല്ലുകൂടി ഉയര്‍ന്നിരുന്നു. സിറാജിന്റെ കൈപിടിച്ചാടാന്‍ ഇനി പേരാല്‍ വേരില്ലെന്ന ദുഖത്തിലായിരുന്നു അപ്പോള്‍ അവള്‍.
Content Highlights: short story by aswathy balachandran
Published: 24 Jun 2023, 08:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented