
എന്റെ അധ്യാപകന്‍. ഗുരു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍. ഇപ്പോള്‍ ഫ്‌ളാറ്റില്‍ വിശ്രമത്തിലാണ്. ഓര്‍മയ്ക്ക് ഗ്ലാനി സംഭവിച്ചിട്ടുണ്ട്.
അദ്ദേഹത്തെ കാണാന്‍ പഴയ സഹപ്രവര്‍ത്തകനായ സുഹൃത്ത് എത്തി. സാറിന് ആളെ മനസ്സിലായില്ല. എങ്കിലും അന്തസ്സോടെ പെരുമാറി. സുഹൃത്ത് പറഞ്ഞു: ''കുറച്ചു നാളായില്ലേ സര്‍ പുറത്തേയ്ക്കിറങ്ങിയിട്ട്? നമുക്ക് നഗരത്തിലൂടെ ഒന്നു കറങ്ങിയാലോ?''
ഗുരു സമ്മതിച്ചു: ''പിന്നെന്താ?''
വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങിയപ്പോ രഹസ്യമായി സുഹൃത്തിനോടു ചോദിച്ചു: ''ഹൂ ഈസ് ദാറ്റ് ലേഡി?''
അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ആ മഹതി കേള്‍ക്കാതെ അന്തസ്സോടെയാണ് അത് ചോദിച്ചതും. എന്തൊരു വേദന.
എന്റെ സുഹൃത്തും സഹപാഠിയുമായ എസ്. ആര്‍. ലാല്‍ ഈ വേദനാജനകമായ അനുഭവത്തെ സാക്ഷിയാക്കി ഒരു കഥയെഴുതി. 'രണ്ട് സ്‌നേഹിതര്‍'. കുറച്ചു നാള്‍ മുന്‍പ് എനിക്ക് വായിക്കാന്‍ തന്നു. വായിച്ചു. മനസ്സില്‍ തട്ടി. കുറച്ചു മാസങ്ങള്‍ക്കു ശേഷം ലാല്‍ എന്നോടു പറഞ്ഞു: ''അന്നു തന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്നുണ്ട്.'' ഞാന്‍ ചോദിച്ചു: ''ഏത് കഥ?'' ലാലിന്റെ ഒട്ടുമിക്ക കഥകളും മുന്‍കൂര്‍ വായിക്കുകയും അവയൊക്കെയും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നതാണ്. പക്ഷേ, ഇതെനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ലാല്‍ പറഞ്ഞു: ''ഞാനൊന്നു കൂടി അയച്ചു തരാം.''
കഥ വീണ്ടും വായിച്ചു. ദൈവമേ! ഈ കഥയോ? ഞാനൊരിക്കലും മറക്കരുതാത്ത കഥ. അതും മറവിരോഗത്തെ കുറിച്ചുള്ള ഈ കഥ. എനിക്ക് ഭയം തോന്നി. എങ്ങനെ മറന്നു? അദ്ഭുതകരമാണ്. സാര്‍ എന്റെ ജീവിതത്തില്‍ അത്രമേല്‍ സ്വാധീനമുള്ള ആളായിട്ടു കൂടി. ആ കഥ നല്‍കിയ ഷോക്കില്‍ മറവിയുടെ മൂടുപടം വീഴുന്നതെങ്ങനെ?
Also Read
ലാലിന്റെ തന്നെ 'സ്റ്റാച്യു പി. ഒ' എന്ന നോവലുണ്ട്. അതില്‍ ഇതെഴുതുന്ന ഞാന്‍ കഥാപാത്രമാണ്; ഇന്ദുഗോപന്‍ എന്ന പേരില്‍ തന്നെ. ലാലിന്റെ തിരുവനന്തപുരം നഗരത്തിലെ ഓര്‍മകളാണ് നോവലിന്റെ അടിത്തറ. ലാലിന്റെ സഹപാഠി എന്ന നിലയ്ക്കാണ് ഞാനതില്‍ ഉള്‍പ്പെട്ടത്. പത്രപ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ രണ്ടു പേരുടെയും അധ്യാപകനായിരുന്നു മേല്‍പ്പറഞ്ഞ ആദരണീയനായ ഗുരുനാഥന്‍.
അന്ന് സാര്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുത്തു കൊണ്ടിരിക്കെ ഉണ്ടായ യഥാര്‍ഥ സംഭവം ലാലിന്റെ നോവലില്‍, ലാലിന്റെ അനുഭവമായി അതേ പടി ഉണ്ട്. അതിങ്ങനെയാണ്:
''ക്ലാസ്സിനിടെ ഒരു ദിവസം. 'ആരൊക്കെയാണ് ഇതില്‍ എഴുത്തുകാര്‍' എന്നൊരു ശരം സാര്‍ തൊടുത്തു വിട്ടു. ശരമേറ്റ് കുറേനേരത്തേയ്ക്ക് ശ്വാസം നിലച്ച പോലെ ഞാനിരുന്നു. എനിക്ക് കൈ ഉയര്‍ത്തണം. സ്വന്തം കൈ ആര്‍ജവത്തോടെ ഉയരുകയുണ്ടായില്ല. ക്ലാസ്സില്‍ കരം ഉയര്‍ത്തിയ ഒരാള്‍ സമീപം ഇരുന്ന ഇന്ദുഗോപനായിരുന്നു.
'നീ എന്താണ് എഴുതുന്നത്?കഥയാണോ കവിതയാണോ?'
ഞാന്‍ ഇന്ദുവിനോട് ഒരു ദിവസം സൗഹൃദം വരുത്തി ചോദിക്കുകയുണ്ടായി.
'നോവല്‍'... ഇന്ദു മറുപടി പറഞ്ഞു. മുഴുത്ത നുണയായേ ഞാനതിനെ കൂട്ടിയുള്ളൂ. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഇന്ദു തോള്‍ബാഗില്‍ നിന്ന് 'മണല്‍ജീവികള്‍' എന്നൊരു നോവല്‍ എന്നെ ഏല്‍പ്പിച്ചു. ഇരുനൂറോളം പേജ്. കുനുകുനെയുള്ള അക്ഷരം. ചിലേടത്ത് വെട്ടുംതിരുത്തും. ചിലേടത്ത് മാറ്റങ്ങള്‍ വേണമെന്ന എഴുത്തുകാരന്റെ തന്നെ നിര്‍ദേശങ്ങള്‍. കൊല്ലം ചവറയിലെ കരിമണല്‍ ഖനനം നടത്തിയ പാരിസ്ഥിതികപ്രശ്‌നങ്ങളായിരുന്നു നോവലിന്റെ പ്രമേയം. രണ്ടു വര്‍ഷത്തിനുശേഷം അത് സാര്‍ എഡിറ്റു ചെയ്തു കൊണ്ടിരിക്കുന്ന പ്രധാന സാഹിത്യവാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.''
അതേ, എഴുത്തിന് അഞ്ചക്കമുള്ള പ്രതിഫലം എനിക്ക് ആദ്യം തരുന്നത് സാറാണ്. ലാല്‍ മേല്‍ സൂചിപ്പിച്ച അതേ നോവലിന്. എന്റെ കഥകള്‍ സമാഹരിച്ചപ്പോള്‍ ഞാന്‍ സമര്‍പ്പിച്ചതും സാറിനാണ്. സാറിന്റെ അഭിജാതമായ അന്തസ് മറക്കാന്‍ വയ്യ. ഓര്‍മകള്‍ മരിച്ചിട്ടും അത് ജീവിച്ചിരിക്കുന്നു.
ലാലിന്റെ ഒന്നാന്തരം കഥയായ'രണ്ടു സ്‌നേഹിതര്‍' ആ അന്തസ്സിന്റെ കഥയാണ്.
അതില്‍ സാറിനെയും കൊണ്ട് സുഹൃത്ത് ( ഞങ്ങളുടെ തന്നെ മറ്റൊരു പ്രഗല്‍ഭനായ അധ്യാപകന്‍) നഗരത്തിലൂടെ സഞ്ചരിക്കുകയാണ്. പതിറ്റാണ്ടുകളോളം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം നില്‍ക്കുന്ന ജങ്ഷനെത്തി. ഇനി ലാലിന്റെ കഥയെ പിന്തുടരാം. അധ്യാപകന്‍ സാറിനോടു ചോദിക്കുന്നു.
'ഇവിടൊക്കെ പരിചയം തോന്നുന്നുണ്ടോ?'
'ഐ നോ. എനിക്കറിയാം.'
'എങ്കില്‍ എവിടെന്നു പറയൂ'
അയാള്‍ നഗരത്തെ വ്യഗ്രതയോടെ നോക്കി: കുറച്ചു കൂടി അടുത്തു കാണണം. എങ്കിലേ പറയാന്‍ പറ്റൂ. ജസ്റ്റ് വെയ്റ്റ്.'
അതേ! ലാലിന്റെ കഥ വെറും കഥയല്ല. എല്ലാ ഓര്‍മകളും നശിച്ചിട്ടും, നശിക്കാതിരിക്കുന്ന അന്തസ്സിന്റെ ജീവിച്ചിരിക്കുന്ന കഥയാണ്.
ഓര്‍മ ഒരു പൊതിയാണ്. തലയോട്ടിക്കുള്ളില്‍ പൊതിഞ്ഞു കൊണ്ടു നടക്കുന്ന ഒന്ന്. കര്‍പ്പൂരം പോലെ ചിലപ്പോ നമ്മളറിയാതെ അത് അലിഞ്ഞു പോകുന്നു.
ഒരാളുടെ കഥ കൂടി പറഞ്ഞു നിര്‍ത്താം:
എനിക്ക് വളരെ മുതിര്‍ന്ന ഒരു സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ഓര്‍മയുടെ ആശാന്‍. കേരളരാഷ്ട്രീയം അരച്ചു കലക്കിക്കുടിച്ചിരിക്കുകയാണ്. ഒരു കല്യാണവീട്ടിലെ കൂട്ടായ്മ. ഒരു സഹപ്രവര്‍ത്തകന്‍ ചോദിച്ചു: ''സാര്‍. 65-ലെ നിയമസഭയിലുണ്ടായിരുന്ന സി.പി.ഐ എം.എല്‍.എമാരെ ഓര്‍മയുണ്ടോ?
ചാറ്റ് ജി. പി. ടി. പോലെ അദ്ദേഹം പറഞ്ഞു തുടങ്ങി: ''സി. പി. ഐ. യ്ക്ക് അന്ന് മൂന്നു പേര്‍...''
വിവരങ്ങള്‍... ഒരു ഗൂഗിളിലും ഇല്ലാത്തവ. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ പോലും ചേര്‍ന്നിരുന്നില്ല. ചരിത്രത്തിലേയ്ക്ക് ജനിക്കും മുന്‍പ് തിരിച്ചുകയറിപ്പോയ മനുഷ്യരുടെ കാര്യമാണ്.
ഇതേ മനുഷ്യന്‍, ഓര്‍മയുടെ ആള്‍രൂപം.... കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുസഹപ്രവര്‍ത്തകനോടു ചോദിച്ചു: ''നമ്മുടെ ഓഫീസില്‍ ഒരാളില്ലായിരുന്നോ? ആ പൊക്കം കൂടിയ തൃശ്ശൂരില്‍ നിന്നുള്ള ആള്‍. എന്തായിരുന്നു അയാളുടെ പേര്?''
സഹപ്രവര്‍ത്തകന്‍ ഞെട്ടിപ്പോയി. പതിറ്റാണ്ടുകള്‍ അദ്ദേഹത്തിന്റെ പ്രധാന മേലുദ്യോഗസ്ഥനായിരുന്ന ആളിന്റെ പേരാണ് ചോദിക്കുന്നത്. ഈ മേലാളന്റെ മുന്നില്‍ താന്‍ അപ്രസക്തനാകരുതെന്ന വാശിയിലാണ് അദ്ദേഹം ഓര്‍മയെ, വിവരങ്ങളെ ഇത്രയും കണിശമായി ശേഖരിച്ചതും അടുക്കി സൂക്ഷിച്ചതും. ആരുടെ മുന്നില്‍ തകരാതിരിക്കാനാണോ കണിശമായി ഓര്‍മയെ അണിനിരത്തി പോരാടിയത്, ആ മനുഷ്യനെ തന്നെ ഒടുവില്‍ മറന്നുപോയിരിക്കുന്നു.
ചോദ്യം കേട്ടിട്ടും സഹപ്രവര്‍ത്തകന്‍ അറിയില്ലെന്ന് നടിച്ചു: ''മനസ്സിലായില്ലല്ലോ സാറേ. തൃശ്ശൂരെന്നു വച്ചാല്‍...''
തന്നെ പരീക്ഷിക്കാനാണെന്ന് സാറിന് മനസ്സിലായി. അദ്ദേഹം വിഷയം മാറ്റി. തന്റെ ഓര്‍മയേ പോയിത്തുടങ്ങിയിട്ടുള്ളൂ. അന്തസ്സിന്് ബലക്ഷയം വന്നിട്ടില്ല. അതേ... ഓര്‍മകള്‍ മാത്രമേ ഇല്ലാതാകുന്നുള്ളൂ. അന്തസ്സ് നിലനില്‍ക്കുന്നു.
Content Highlights: G.R. Indugopan writes an intense life experience
Published: 19 Jun 2023, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented