പള്ളിക്കൂടം വിട്ടുവരുന്ന വഴിയിലാണ് അവള്‍ക്കൊരാഗ്രഹം തോന്നിയത്. പള്ളിയുടെ മണിഗോപുരത്തിന്റെ മുകളില്‍ പ്രാവുകള്‍ കൂടുകൂട്ടിയിട്ടുണ്ട്. ഒരെണ്ണത്തെ പിടികൂടി വളര്‍ത്തണം. കുടുസ്സുപടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ ഒപ്പം പഠിക്കുന്ന ഒരു പയ്യനും കൂടെക്കൂടി. ''ഞാനും വരുന്നെടീ...'' കൗമാരക്കാരായ രണ്ട് കുട്ടികള്‍ അങ്ങേയറ്റത്തെ കുടുസ്സുമുറിയോളം കയറിച്ചെല്ലുമ്പോള്‍ പ്രാവുകള്‍ പരിഹസിച്ചുകൊണ്ട് പറന്നുപോയി. കഷ്ടപ്പെട്ട് കയറി വന്നതല്ലേ, ഉയരത്തിലെ ഒരു പടിയില്‍ കാലാട്ടിയിരുന്ന് താഴെയുള്ള കാഴ്ചകളിലേക്ക് നോക്കി മിണ്ടിയും പറഞ്ഞും ഇരുന്നു.
സമയം പോയതറിഞ്ഞില്ല. സന്ധ്യ കനത്തു. അപ്പോള്‍ ആ കുഞ്ഞുങ്ങള്‍ ശ്രദ്ധിച്ചു. ആരോ ഒരാള്‍ കിതച്ചുകിതച്ച് പടവുകള്‍ കയറിവരുന്നുണ്ട്. സ്‌കൂള്‍ മുറ്റത്ത് ചെറിയ സാധനങ്ങള്‍ വിറ്റ് ജീവിക്കുന്ന ഒരു വയോധികന്‍. അയാള്‍ പറഞ്ഞു. ''കുഞ്ഞുങ്ങളെ, നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? ഒരാണും പെണ്ണും മണിഗോപുരത്തിന്റെ മുകളിലെ മുറിയിലുണ്ടെന്ന് അങ്ങാടിയില്‍ സംസാരം തുടങ്ങിയിട്ടുണ്ട്. കുറച്ചുപേര്‍ ഇങ്ങോട്ട് പുറപ്പെട്ടുകഴിഞ്ഞു. വേഗം ഇറങ്ങി വാ.'' അന്നാണ് ആ കുഞ്ഞുങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചത്.