2017-ലാണ് പ്രസാധകരായ ഹാര്‍പര്‍കോളിന്‍സ് പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരിയുടെ TWO SAINTS: SPECULATIONS AROUND AND ABOUT  RAMAKRISHNA PARAMAHAMSA & RAMANA MAHARSHI എന്ന പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിന്റെ മുന്‍കവറില്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെയും രമണമഹര്‍ഷിയുടെയും ചിത്രങ്ങളായിരുന്നു. 481 പുറങ്ങളുള്ള പുസ്തകത്തിന്റെ പുറംചട്ടയില്‍ കസേരയില്‍ കണ്ണട വെച്ചിരിക്കുന്ന ഒരു മധ്യവയസ്സുകാരന്റെയടുത്ത് വാത്സല്യപൂര്‍വം അരുണ്‍ ഷൂരി നില്‍ക്കുന്ന ചിത്രമുണ്ടായിരുന്നു. കറുത്ത പശ്ചാത്തലം ആ ചിത്രത്തെ അതിന്റെ ഹൃദയഭാവത്തിനപ്പുറം കമനീയമാക്കി. ചിത്രത്തിന്റെ താഴെ ഇങ്ങനെ എഴുതിയിരുന്നു: Arun Shourie with Adit-'The One Saint I Have Known'-അദിത്, എനിക്കറിയാവുന്ന ഒരു വിശുദ്ധന്‍.

To advertise here,

ചിത്രം പകര്‍ന്ന കൗതുകത്തിന് പിറകേ പോയപ്പോള്‍ ഇത്രയും കാര്യങ്ങള്‍ മനസ്സിലായി: അരുണ്‍ ഷൂരിയുടെ മകനാണ് അദിത്.  മുഴുവന്‍ പേര് ആദിത്യ. നാല്പത്തിയഞ്ചുവയസ്സ് കഴിഞ്ഞ അയാള്‍ക്ക് സംസാരിക്കാനോ സ്വയം എഴുന്നേറ്റുനടക്കാനോ സാധിക്കില്ല. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഏറെ ചെറുപ്പത്തിലേ, ആദിത്യ അങ്ങനെയാണ്. അനിതയെ വിവാഹം ചെയ്ത് ലോകബാങ്കിലെ ജോലിയുമായി അമേരിക്കയിലേക്ക് പോയ ഷൂരിക്ക് അവിടെവെച്ചാണ് ആദിത്യ പിറന്നത്. ജനനസമയത്ത് കുഞ്ഞിന് പൂര്‍ണവളര്‍ച്ചയെത്തിയിരുന്നില്ല. തൂക്കവും കുറവായിരുന്നു. അപകടനില തരണംചെയ്യാന്‍ കുഞ്ഞിനെ ഇന്‍ക്യുബേറ്ററില്‍ വെച്ചു. കുഞ്ഞിന്റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയും കുറഞ്ഞുമിരുന്നു. ഇളംകൈയില്‍ ഞരമ്പ് കണ്ടെത്താനാവാതെ ഡോക്ടര്‍മാര്‍ അവന്റെ പച്ചമാംസത്തിലേക്ക് സൂചി കുത്തിയിറക്കി. ഷൂരിയും ഭാര്യയും കണ്ണീരോടെ അത് കണ്ടുനിന്നു.

ഒരുമാസം കഴിഞ്ഞപ്പോള്‍ ആ കുട്ടി ചില്ലുകൂടാരംവിട്ട് പൂക്കളും മരങ്ങളും മഴയും പക്ഷികളുമെല്ലാമുള്ള ഈ ഭൂമിയിലേക്ക് വന്നു; പതുക്കെപ്പതുക്കെ വളര്‍ന്നു. ഷൂരിയുടെയും ഭാര്യയുടെയും നടുവില്‍ക്കിടന്ന് അവനുറങ്ങിയുണര്‍ന്നു. ഒരുനാള്‍ ആദിത്യ കരഞ്ഞുകൊണ്ടാണ് കിടക്കവിട്ടെഴുന്നേറ്റത്. സന്ധ്യയായപ്പോഴേക്കും അവന്റെ കണ്ണുകളില്‍ നീലയും വെള്ളയും നിറത്തില്‍ ഒരു പാട രൂപപ്പെട്ടു. വലതുകണ്ണിന്റെ സ്തരം വിണ്ടുകീറി. കണ്ണില്‍നിന്ന് ദ്രാവകം ഒലിച്ചിറങ്ങി. ആദിത്യക്ക് സെറിബ്രല്‍ പാള്‍സിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇന്‍ക്യുബേറ്ററില്‍ സൂക്ഷിച്ചപ്പോള്‍ സംഭവിച്ച പിഴവിനെക്കുറിച്ച് ഒരു പാകിസ്താനി നഴ്സാണ് ഷൂരിയോട് രഹസ്യമായി പറഞ്ഞുകൊടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശം ഇങ്ങനെയായിരുന്നു: ''ഈ അസുഖം പൂര്‍ണമായി മാറില്ല. സ്‌നേഹപരിലാളനകളാല്‍ മെച്ചപ്പെട്ടുവെന്ന് വരാം. മുത്തശ്ശനും മുത്തശ്ശിയുമെല്ലാമടങ്ങിയ ഇന്ത്യയിലെ കുടുംബസംവിധാനം ഈ കുട്ടിക്ക് സഹായകമായേക്കാം...''

ലോകബാങ്കിലെ വലിയ ജോലിയുപേക്ഷിച്ച് ഷൂരി കുടുംബത്തെയും കൂട്ടി ഇന്ത്യയിലേക്ക് പറന്നു. യാഥാര്‍ഥ്യത്തിന്റെ അഗ്‌നിയിലും കരിയാത്ത തളിരാണ് മനുഷ്യപ്രതീക്ഷ. പ്രതീക്ഷയോടെ ഷൂരിയും ഭാര്യയും മകനെയുംകൊണ്ട് ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് സഞ്ചരിച്ചു; ലണ്ടന്‍, ചെന്നൈ, കോയമ്പത്തൂര്‍... ഒന്നും ഫലിച്ചില്ല. ആദിത്യക്ക് നടക്കാനോ നില്‍ക്കാനോ സാധിക്കാതായി. വലതുകൈപ്പത്തി ഉപയോഗശൂന്യമായി. അവന്‍ ചിരിച്ചാല്‍ അതൊരു വികൃതശബ്ദമായി മൂന്ന് വീടുകള്‍ക്കപ്പുറം കേള്‍ക്കും. അവന്റെ ജീവിതം പൂര്‍ണമായും വീല്‍ചെയറിലേക്കൊതുങ്ങി.

അരുണ്‍ഷൂരിയും ഭാര്യ അനിതയും ജീവിതം മുഴുവനും മകനുവേണ്ടി മാറ്റിവെച്ചു. അവര്‍ക്ക് വേറെ മക്കളുണ്ടായില്ല. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സാമീപ്യം ആദിത്യയെ കൂടുതല്‍ തളരാതെ നോക്കി. അവന് കേള്‍ക്കാനായി ഷൂരി, തലത് മഹ്മൂദിന്റെയും മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും പാട്ടുകള്‍ ശേഖരിച്ചു. അവനെ ഒരിക്കലും അവര്‍ ലോകത്തിന് മുന്നില്‍നിന്ന് മറച്ചുപിടിച്ചില്ല. പോകുന്നിടത്തെല്ലാം അദിത്യയേയും കൊണ്ടുപോയി. പാര്‍ക്കുകളിലും റസ്റ്ററന്റുകളിലും ആ കുട്ടിയുടെ ചക്രക്കസേര ഉരുണ്ടുചെന്നു. 

ഇന്ത്യന്‍ എക്സ്പ്രസ്സിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും പത്രാധിപരായി ഇന്ത്യയെയും ഇന്ദിരാഗാന്ധിയെയും വിറപ്പിക്കുന്ന സമയത്തും, അരുണ്‍ ഷൂരി ആദിത്യയെ ഇരുത്തിയ ചക്രക്കസേരയും ഉന്തി ഓഫീസില്‍ വന്നു. മകനെ അവര്‍ എം.എസ്. സുബ്ബുലക്ഷ്മിയുടെ കച്ചേരിക്ക് മുന്നിലിരുത്തി. അവര്‍ പാടിക്കഴിഞ്ഞപ്പോള്‍ വീല്‍ച്ചെയറിലിരുന്ന് അവന്‍ കരഞ്ഞുതുടങ്ങി. 

ഷൂരി അവനെയെടുത്ത് നിസ്സഹായനായ ഒരു അച്ഛന്റെ എല്ലാ വാത്സല്യത്തോടെയും തലോടിയപ്പോള്‍ മഹാഗായിക അദ്ദേഹത്തോട് പറഞ്ഞു:
''സാരമില്ല, അവന് സംഗീതം മനസ്സിലാവുന്നതുകൊണ്ടാണ് കരയുന്നത്.''
ജിദ്ദു കൃഷ്ണമൂര്‍ത്തി ഒരിക്കല്‍ അനിതയോട് ചോദിച്ചു:
''നിങ്ങളുടെ മകനെക്കുറിച്ച് എന്തുതോന്നുന്നു?''
അനിത പൊട്ടിക്കരഞ്ഞു. ഷൂരി പിന്നീട് ഈ അനുഭവത്തെക്കുറിച്ച് എഴുതി: ''മിസൈല്‍ അണക്കെട്ടിനെ തകര്‍ത്തതുപോലെ.'' കരച്ചില്‍ തോര്‍ന്നപ്പോള്‍ കൃഷ്ണമൂര്‍ത്തി ഷൂരിയോട് പറഞ്ഞു:
''ഒരമ്മയുടെ നൊമ്പരം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിച്ചിട്ടില്ല.''

അരുണ്‍ ഷൂരിയുടെ എല്ലാ പുസ്തകങ്ങളുടെയും പ്രകാശനച്ചടങ്ങില്‍ ആദിത്യയും വേദിയിലുണ്ടായിരിക്കും. പല പുസ്തകങ്ങളും മകന് കൊടുത്തുകൊണ്ടോ മകനില്‍നിന്ന് ഏറ്റുവാങ്ങിയോ ആണ് അദ്ദേഹം പ്രകാശിപ്പിച്ചിട്ടുള്ളത്. TWO SAINTS-ന്റെ പ്രകാശനത്തില്‍ ദലൈലാമയായിരുന്നു മുഖ്യാതിഥി. എക്കാലത്തേയും മഹാനായ ആ ബുദ്ധമതാചാര്യനാണ് എല്ലാവരേയും അനുഗ്രഹിക്കുക പതിവ്. എന്നാല്‍ അന്ന് വീല്‍ച്ചെയറിലിരിക്കുന്ന അദിത് അദ്ഭുതകരമായി ആ ടിബറ്റന്‍ ആത്മീയശൈലത്തിന്റെ മിനുസമാര്‍ന്ന ശിരസ്സില്‍ തന്റെ തളര്‍ന്ന കൈപ്പത്തിവെച്ചനുഗ്രഹിച്ചു. സദസ്സും ഷൂരിയും അമ്പരന്നു. എന്നാല്‍ ദലൈലാമ അതീവ ശാന്തനായിരുന്നു. പ്രാര്‍ഥനപോലെ അദ്ദേഹം പറഞ്ഞു: 'Now I am Blessed''-ഇപ്പോള്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

പറന്നുപോകുന്ന ഋതുക്കള്‍ക്കൊപ്പം വീല്‍ച്ചെയറിലിരുന്ന് ആദിത്യ മുതിര്‍ന്നു. അപ്പോഴാണ് അടുത്ത പ്രഹരമുണ്ടായത്-അനിത വാഹനാപകടത്തില്‍പ്പെട്ടു. മരണത്തെ തരണം ചെയ്‌തെങ്കിലും കടുത്ത പാര്‍ക്കിന്‍സണ്‍സ് അവരെ ബാധിച്ചു. അവരും വീല്‍ച്ചെയറിലായി. പത്രാധിപക്കസേരയിലിരുന്ന് കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ട അരുണ്‍ ഷൂരിയെ, രാംനാഥ് ഗോയങ്കയെപ്പോലുള്ള പത്ര ഉടമയ്ക്കുപോലും അധികകാലം സഹിക്കാന്‍ സാധിച്ചില്ല. ഒന്നിലധികം തവണ അദ്ദേഹം പിരിച്ചുവിടപ്പെട്ടു. 

വീല്‍ച്ചെയറിലും കിടക്കയിലുമായി ജീവിക്കുന്ന രണ്ട് മനുഷ്യരുടെ നടുവില്‍ ഷൂരി തനിച്ചായി. ആഴമുള്ളതും അചഞ്ചലവുമായിരുന്നു ആ മനസ്സ്. ഭാര്യയെയും മകനെയും പരിചരിച്ചുകൊണ്ട് ഷൂരി തന്റെ ഗവേഷണങ്ങളും എഴുത്തും തുടര്‍ന്നു. ഒന്നും രണ്ടുമല്ല, ഇരുപത്തിയഞ്ചിലധികം പുസ്തകങ്ങള്‍. ഓരോന്നും ആഴവും പരപ്പുമുള്ള വ്യത്യസ്ത വിഷയങ്ങള്‍. പലതും കോളിളക്കം സൃഷ്ടിച്ചവ. വിഗ്രഹങ്ങളെയും വിശ്വാസങ്ങളെയും ഉടച്ചവ...

ഇത്രയും കാര്യങ്ങളെ അടിസ്ഥാനമാക്കി 2017 ജൂണ്‍ 18-ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാന്‍ ഒരു ഫീച്ചര്‍ എഴുതി: ആദിത്യന്റെ അച്ഛന്‍.
യാദൃച്ഛികം-അന്ന് ഫാദേഴ്സ് ഡേ ആയിരുന്നു.

ഫീച്ചര്‍ പ്രസിദ്ധീകരിച്ച ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ജനശതാബ്ദി എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് വരുമ്പോള്‍ എന്റെ മൊബൈലിലേക്ക് ഒരു ഫോണ്‍ വന്നു, പതിഞ്ഞ, അല്പം സ്‌ത്രൈണമായ ശബ്ദം:
'Is this Mister Sreekanth?'
'Yes' ഞാന്‍ പറഞ്ഞു
'This is Arun Shourie From Hyderabad'
കുതിച്ചുപായുന്ന തീവണ്ടിയേക്കാള്‍ എന്റെ ഉള്ളം കുലുങ്ങി. രണ്ട് കംപാര്‍ട്ട്മെന്റുകള്‍ക്കിടയിലെ ബാത്ത്‌റൂമിന്റെ നടുവില്‍നിന്നിരുന്ന ഞാന്‍ സ്തംഭിച്ചു. പിന്നേയും അദ്ദേഹം എന്തൊക്കെയോ പറഞ്ഞെങ്കിലും തീവണ്ടിയുടെ ഉരുക്കുതാളത്തില്‍ എല്ലാം മുങ്ങിപ്പോയി. യാത്രയിലാണെന്നറിയിച്ചപ്പോള്‍ ഷൂരി പറഞ്ഞു:
''ഞാന്‍ നാളെ വിളിക്കാം''

പിറ്റേന്ന് പറഞ്ഞ കൃത്യസമയത്ത് ഷൂരി വിളിച്ചിട്ട് പറഞ്ഞു:
''താങ്കള്‍ ഇന്നലെ എന്നെയും മകനെയും ഭാര്യയെയും കുറിച്ചെഴുതിയ ലേഖനത്തിന് നന്ദി. ഞാന്‍ പലതും എഴുതിയിട്ടുണ്ടെങ്കിലും ഞങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നത് ആദ്യമായാണ്. ഞങ്ങള്‍ മൂന്നുപേരുടേയും നന്ദി സ്വീകരിക്കുക...''
ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍നിന്നുവരെ ഫയലുകള്‍ പൊക്കിയ പത്രപ്രവര്‍ത്തകനോട് കേരളത്തില്‍, മലയാളത്തില്‍ ഞാനെഴുതിയ ലേഖനത്തെക്കുറിച്ച് എങ്ങനെയറിഞ്ഞു എന്ന മണ്ടന്‍ചോദ്യം ഞാന്‍ ചോദിച്ചില്ല.

അതിനടുത്ത ദിവസം ഷൂരി വീണ്ടും വിളിച്ചു: ''എന്റെ പുസ്തകം പരിഭാഷയ്ക്കായി ഞാന്‍ മാതൃഭൂമിക്ക് തരുന്നു. റോയല്‍റ്റി വേണ്ട.''
യുദ്ധകാലാടിസ്ഥാനത്തില്‍ പരിഭാഷ കഴിഞ്ഞ് പുസ്തകം തയ്യാറായപ്പോള്‍ അതിന്റെ പ്രകാശനത്തില്‍ പങ്കെടുക്കാന്‍ അരുണ്‍ ഷൂരി ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് വിമാനംകയറി. ദൂരെ സന്ധ്യ തുടുത്തൊരുങ്ങിത്തുടങ്ങിയ ഒരു വൈകുന്നേരം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ഞാന്‍ കാത്തുനിന്നു- അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ആള്‍രൂപത്തെ പ്രതീക്ഷിച്ച്.
 

placeholder
അരുണ്‍ ഷൂരി കുടുംബത്തിനും മാതാപിതാക്കള്‍ക്കുമൊപ്പം (ഒരു പഴയചിത്രം)

കടുംചുവപ്പ് ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച്, കൈയിലൊരു ചെറിയ ബാഗുമായി അരുണ്‍ ഷൂരി വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് വന്നു. പഞ്ചാബിഗോതമ്പിന്റെ നിറമായിരുന്നു അദ്ദേഹത്തിന്.

എന്റെ വലതുകൈയില്‍ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''നൈസ് ടു മീറ്റ് യൂ, ശ്രീകാന്ത്.'' പഞ്ഞിപോലെ പതുത്ത അദ്ദേഹത്തിന്റെ വലംകൈവിരലുകള്‍ എന്റെ ഉള്ളംകൈയില്‍ തൊട്ടപ്പോള്‍, ശരീരത്തിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞുപോയതുപോലെ. ഈ വിരലുകളുപയോഗിച്ചാണ് ഷൂരി മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി അബ്ദുള്‍ റഹ്മാന്‍ ആന്തുലെ എന്ന എ.ആര്‍. ആന്തുലെയോടും സാക്ഷാല്‍ ഇന്ദിരാഗാന്ധിയോടും പടപൊരുതിയത്. ഈ വിരലുകള്‍ കുടഞ്ഞുപുറത്തിട്ട സത്യത്തിന്റെ പ്രഹരമേറ്റാണ് കര്‍ണാടകാ മുഖ്യമന്ത്രിയായിരുന്ന ഗുണ്ടുറാവുവിന് രാജിവയ്‌ക്കേണ്ടിവന്നത്. 

സഞ്ജയ് ഗാന്ധിയെയും കമല്‍നാഥിനെയും ഇന്ദിരാഗാന്ധിയെയും വട്ടംചുറ്റിച്ച കൂ ഓയില്‍ കുംഭകോണം പുറത്ത് കൊണ്ടുവന്നതും ഈ വിരലുകള്‍തന്നെ. ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാലിനെ വട്ടംകറക്കിയതും മധ്യപ്രദേശിന്റെയും രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും ഉള്‍പ്രദേശങ്ങളില്‍ നടക്കുന്ന സ്ത്രീവില്‍പ്പന പുറത്ത് കൊണ്ടുവരാന്‍ അശ്വിനി സരിന്‍ എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകനെ വിട്ട് കമല എന്ന സ്ത്രീയെ രണ്ടായിരംരൂപയ്ക്ക് വാങ്ങി ഡല്‍ഹിയില്‍ കൊണ്ടുവന്ന് ഭരണകൂടത്തിന്റെ മുന്നിലിട്ടുകൊടുത്തതും ലോലമായ ഈ വിരലുകള്‍തന്നെ. അഴിമതിയെ ഒളിപ്പിച്ച ഭരണകൂടങ്ങള്‍ ഈ മൃദുലാംഗുലികളെ ഭയന്നു; പൗരോഹിത്യവും ജുഡീഷ്യറിയും അതിന് മുന്നില്‍ വിറച്ചു; ഒരുപാട് വിഗ്രഹങ്ങളെ ഈ വിരലുകള്‍ തച്ചുതകര്‍ത്ത് താഴെയിട്ടു... ആ വിരലുകളില്‍ തൊട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ദൈവശിലയെ സ്പര്‍ശിച്ചപോലെ.

വൈകുന്നേരം മറൈന്‍ ഡ്രൈവിലെ കായലോരത്ത് നടക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ''ബെംഗളൂരുവില്‍വെച്ച് അന്ന് സാര്‍ ഗുണ്ടുറാവുവിനോട് ചെയ്തത് മോശമല്ലേ?''
''കാരണം?''
''അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്ന് ഉച്ചഭക്ഷണം കഴിച്ച്, പിറ്റേന്ന് അദ്ദേഹത്തിനെതിരേതന്നെ പത്രത്തിലെഴുതിയത്...?''
''മോശമല്ല, തെറ്റുമല്ല...''

ഷൂരി വിശദീകരിച്ചു: ''ഞാന്‍ ഗുണ്ടുറാവുവിന്റെ വീട്ടില്‍ ഊണ് ചോദിച്ചുപോയതല്ല. ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍വെച്ച് ഗുണ്ടുറാവുവിന്റെ വലംകൈയാണെന്ന് പറഞ്ഞാണ് ഒരാളെന്നെ പരിചയപ്പെടുന്നത്. അയാളാണ് എന്നെ നിര്‍ബന്ധിച്ച് ഗുണ്ടുറാവുവിന്റെ അടുത്തേക്ക് കൊണ്ടുപോയത്. ഊണ് കഴിക്കുമ്പോള്‍ വീരവാദമെന്നമട്ടില്‍ ഗുണ്ടുറാവു പറഞ്ഞത് മുഴുവന്‍ അയാള്‍ ചെയ്ത വൃത്തികേടുകളായിരുന്നു. അവയെല്ലാം ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ഓഫീസില്‍ വന്ന് പത്രത്തില്‍ വൃത്തിയായി എഴുതിക്കൊടുത്തു. സത്യംമാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ...''

''തുടര്‍ന്ന് ഗുണ്ടുറാവുവിനെ എങ്ങനെയാണ് സാര്‍ പ്രതിരോധിച്ചത്...?''
''ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ബെംഗളൂരു ഓഫീസില്‍ അന്ന് ഭാസ്‌കരന്‍ എന്നൊരാളുണ്ടായിരുന്നു. മലയാളിയാണെന്നാണ് ഓര്‍മ. ഭാസ്‌കരനെ വിളിച്ച് ഞാന്‍ ചട്ടംകെട്ടി: നാളെ വാര്‍ത്ത കാണുമ്പോള്‍ ഗുണ്ടുറാവു അരിശംപിടിച്ച് വിളിക്കും. അപ്പോള്‍ അയാളോട് ഒറ്റക്കാര്യം മാത്രം പറഞ്ഞാല്‍ മതി: അരുണ്‍ ഷൂരിക്കെതിരേ താങ്കള്‍ മാനനഷ്ടക്കേസ് കൊടുത്തോളൂ. പക്ഷേ, പറഞ്ഞതൊന്നും പറഞ്ഞില്ലെന്ന് പറയരുത്. എല്ലാം റെക്കോഡ് ചെയ്യുന്നയാളാണ് അയാള്‍...''

''സാര്‍ ആ സംഭാഷണം റെക്കോഡ് ചെയ്തിരുന്നോ?'', ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
''ഒട്ടുമില്ല. പക്ഷേ, ഗുണ്ടുറാവു എന്നോട് പറയാത്ത ഒരു വാക്കോ വരിയോ ഞാന്‍ എഴുതിയിരുന്നില്ല. പറഞ്ഞതെല്ലാം അയാള്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. മനഃശാസ്ത്രപരമായ ഒരു കളിയായിരുന്നു അത്,'' കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് ഷൂരി പറഞ്ഞു.

അപ്പോള്‍ കായലില്‍നിന്ന് തണുത്ത കാറ്റ് ഞങ്ങളെ കടന്നുപോയി. രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു:
''ഇത്രമേല്‍ സമ്മര്‍ദത്തില്‍ ജോലിചെയ്തിട്ടും മദ്യപാന ശീലത്തില്‍നിന്ന് സാര്‍ എങ്ങനെയാണ് മാറിനിന്നത്?''
''എനിക്ക് മദ്യപിച്ചിരിക്കാന്‍ സാധിക്കില്ലായിരുന്നു. രാത്രിമുഴുവന്‍ എനിക്കെന്റെ മകനെ പരിചരിക്കേണ്ടതുണ്ടായിരുന്നു. കാലം കുറേക്കഴിഞ്ഞപ്പോള്‍ ഭാര്യയേയും. പരിചാരകര്‍ പോയിക്കഴിഞ്ഞാല്‍ ഇപ്പോഴും ഞാനാണ് അവരുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്.''

അതുപറഞ്ഞ് അദ്ദേഹം വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ആദിത്യയുടെയും അനിതയുടെയും കാര്യങ്ങളെല്ലാം പരിചാരകരോട് ചോദിച്ചറിഞ്ഞു. ഫോണ്‍ കട്ട് ചെയ്തതിനുശേഷം പറഞ്ഞു:
''ഒരുപാട് തയ്യാറെടുപ്പുകള്‍ക്കുശേഷം മാത്രമേ എനിക്ക് യാത്രകള്‍ക്ക് സാധിക്കൂ. അദിതിനും അനിതയ്ക്കുമിടയില്‍ രാത്രി ഞാന്‍ തനിച്ചേയുണ്ടാവൂ.''

അതുപറഞ്ഞപ്പോള്‍ അരുണ്‍ ഷൂരിയുടെ മുഖത്ത് വിഷാദത്തിന്റെ അല കലര്‍ന്നു. 'THE ANGRY CRUSADER' എന്ന് ഇന്ത്യാ ടുഡേ മാഗസിന്‍ വിശേഷിപ്പിച്ചയാളായിരുന്നില്ല അപ്പോള്‍ എന്റെ മുന്നിലിരുന്നത്. വിധിയുടെ മാരകപ്രഹരമേറ്റ ഒരു പിതാവും ഭര്‍ത്താവുമായിരുന്നു

പുസ്തകപ്രസാധനത്തിനുശേഷം പിറ്റേന്ന് തൃശ്ശൂരില്‍ മാതൃഭൂമിയുടെ പുസ്തകശാല ഉദ്ഘാടനത്തിന് പോവുമ്പോള്‍ ഞാന്‍ ഷൂരിയോട് പറഞ്ഞു: ''ചെന്നൈയില്‍ ഒരു ഡോക്ടറുണ്ട്. ന്യൂറോസംബന്ധിയായ രോഗങ്ങള്‍ വൈദ്യുതതരംഗങ്ങളുപയോഗിച്ച് അയാള്‍ ചികിത്സിക്കുന്നുണ്ട്. മലയാള സിനിമയിലെ നടനും എഴുത്തുകാരനുമെല്ലാമായ ശ്രീനിവാസന് അയാളെ അറിയാം.''

അതുകേട്ടപ്പോള്‍ ഷൂരിയുടെ മുഖം വിടര്‍ന്നു. എങ്ങനെയെങ്കിലും എന്നെങ്കിലും തന്റെ ഭാര്യ പഴയ അവസ്ഥയിലേക്ക് എത്തണം എന്ന് പ്രത്യാശിക്കുന്ന സ്‌നേഹനിധിയായ ഒരു ഭര്‍ത്താവിന്റെ ഹൃദയം എനിക്കരികിലിരുന്ന് വേഗം വേഗം മിടിച്ചു.
''ശ്രീനിവാസനെ എനിക്കൊന്ന് കാണാന്‍ സാധിക്കുമോ?''
ശ്രീനിവാസനും സത്യന്‍ അന്തിക്കാടും 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ആലോചനകളുമായി തൃശ്ശൂരില്‍ തമ്പടിക്കുന്ന കാലമായിരുന്നു അത്.
''കാണാം'' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഷൂരി നന്ദി പറയുംപോലെ വലംകൈകൊണ്ട് എന്നെ തൊട്ടു.
''ശ്രമിച്ചുനോക്കാം...'' പുറംകാഴ്ചകളിലേക്ക് നോക്കി നിശ്വാസത്തോടെ അദ്ദേഹം പറഞ്ഞപ്പോള്‍ മനുഷ്യന്റെ നിസ്സഹായതയുടെ പെയ്യാമേഘം കാറിനുള്ളില്‍ വിങ്ങിനിന്നു.

കാറിന്റെ പിറകിലെ സീറ്റിലും സീറ്റ് ബെല്‍റ്റിട്ടായിരുന്നു അരുണ്‍ ഷൂരി ഇരുന്നിരുന്നത്. ഒരു പരിധിയിലധികം വാഹനത്തിന്റെ വേഗം കൂട്ടാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല.
''ഇങ്ങനെ പോയാല്‍ നമ്മള്‍ സമയത്തിന് തൃശ്ശൂരില്‍ എത്തില്ല സാര്‍...'' ഞാന്‍ പറഞ്ഞു
''ഞാന്‍ മെല്ലെ മാത്രമേ യാത്രചെയ്യൂ ശ്രീകാന്ത്. പരസഹായമില്ലാതെ ജീവിക്കാന്‍ സാധിക്കാത്ത രണ്ട് മനുഷ്യര്‍ എനിക്കെന്തെങ്കിലും പറ്റിയാല്‍ അനാഥരാവും. അവര്‍ക്കുവേണ്ടിയാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്.''

കാറിനുപുറത്ത് പകല്‍ വിങ്ങിനിന്നു. ഞങ്ങള്‍ അല്പനേരം മൗനികളായി. ഉച്ചകഴിഞ്ഞ് ഞങ്ങള്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പാര്‍ക്കുന്ന ഫ്‌ളാറ്റിലെത്തി. പാദരക്ഷകള്‍ അഴിച്ചുവെച്ച്, ഭൂമിയെപ്പോലും നോവിക്കാത്ത തരത്തില്‍ ചുവടുകള്‍വെച്ച് സൗമ്യമായി ഷൂരി മുറിയില്‍ പ്രവേശിച്ച് സോഫയിലിരുന്നു. ശ്രീനിവാസന്‍ ചെന്നൈയിലെ ഡോക്ടറെ വിളിച്ച് സംസാരിച്ച് ഷൂരിയെ പരിചയപ്പെടുത്തി.

''ഞാനീ വിഷയം ഒന്ന് പഠിക്കട്ടെ. യാത്രയ്ക്കിറങ്ങുന്നതിനുമുന്‍പ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ കരുതേണ്ടതുണ്ട്. മകനും ഭാര്യയും അവരെ നോക്കുന്നവരുമടക്കം ഒരു മുഗള്‍ സൈന്യത്തിന്റെതുപോലെയാണ് ഞങ്ങളുടെ യാത്ര. പത്രപ്രവര്‍ത്തനം നിര്‍ത്തിയതിനുശേഷം പുസ്തകമെഴുത്തും കോര്‍പ്പറേറ്റ് പ്രഭാഷണങ്ങളുമായിരുന്നു എന്റെ വരുമാനമാര്‍ഗം. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതുകൊണ്ട് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പേടികൊണ്ട് എന്നെയിപ്പോള്‍ വിളിക്കാറില്ല...''രണ്ടുപേര്‍ ചേര്‍ന്നിരുന്ന് എങ്ങനെയാണ് ഒരു സിനിമ ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് തിരിച്ചുപോരുമ്പോള്‍ ഷൂരി വിശദമായി ചോദിച്ച് മനസ്സിലാക്കി. അദ്ദേഹത്തിന് അതൊരു കൗതുകമായിരുന്നു.
 

placeholder
ദലൈലാമയുടെ തലയില്‍ കൈവെക്കുന്ന ആദിത്യ

(ഞങ്ങള്‍ ഇറങ്ങിയതിനുശേഷം സത്യന്‍ അന്തിക്കാട് ശ്രീനിവാസനോട് പറഞ്ഞു: രണ്ട് ലോകമഹായുദ്ധങ്ങള്‍ ജയിച്ച മനുഷ്യനാണ് ആ പോയത്. എന്തൊരു വിനയം, ലാളിത്യം. ഇനിയും കൂടുതല്‍ വിനീതനാവാനും ലാളിത്യത്തോടെ ജീവിക്കാനും ഞാന്‍ ശ്രമിക്കും.'' അപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞു: ''അതിന് നിങ്ങളാദ്യം വലിയ കാര്യങ്ങള്‍ ചെയ്ത് മഹാനാവൂ. എന്നിട്ട് വിനയം കാണിച്ചാലേ അത് മറ്റുള്ളവര്‍ക്ക് മനസ്സിലാവൂ.'' അതുകേട്ടപ്പോള്‍ തനിക്ക് ബാല്‍ക്കണി വഴി പുറത്തേക്ക് ചാടാന്‍ തോന്നിയെന്ന് സത്യന്‍ അന്തിക്കാട്)

തിരിച്ചുപോരുമ്പോള്‍ എന്റെ മകളെ വീഡിയോകോളില്‍ക്കണ്ട് ഷൂരി വിളിച്ചു:''ചുരുണ്ട മുടിയുള്ള സുന്ദരീ...'' 
അവള്‍ എന്നെ അച്ഛാ എന്ന് ഉറക്കെ വിളിച്ചപ്പോള്‍ ഷൂരി പറഞ്ഞു:
''അച്ഛാ എന്ന വിളി കേള്‍ക്കാന്‍ എന്തൊരു സുഖമാണ്. എനിക്കിതുവരെ ആ വിളി കേള്‍ക്കാന്‍ സാധിച്ചിട്ടില്ല...''
ആ വാക്കുകളുടെ ഇടയിലെവിടെയൊക്കെയോ വിതുമ്പലുകള്‍ കണ്ണീര്‍നനവോടെ പതുങ്ങിയിരിക്കുന്നതുപോലെ എനിക്ക് തോന്നി.

പിറ്റേന്ന് രാവിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഷൂരി പറഞ്ഞു:
''നരേന്ദ്രമോദിക്കെതിരേ ഞാനൊരു പുസ്തകം എഴുതാന്‍ പോവുകയാണ്.''
''ഈ പ്രായത്തില്‍ സാറില്‍നിന്ന് കനപ്പെട്ട പുസ്തകങ്ങളാണ് എന്നെപ്പോലുള്ള വായനക്കാര്‍ പ്രതീക്ഷിക്കുന്നത്...'' ഞാന്‍ പറഞ്ഞു
''എന്നാല്‍ എന്റെ മനസ്സില്‍ മറ്റൊരു ആശയമുണ്ട്: മരിക്കാനുള്ള തയ്യാറെടുപ്പ്-Preparing for death. ദലൈലാമ ടിബറ്റന്‍ ബുദ്ധിസത്തിലെ കുറെ അമൂല്യമായ വിവരങ്ങള്‍ തരാം എന്ന് പറഞ്ഞിട്ടുണ്ട്...''

വിമാനത്താവളത്തിന് പുറത്തുവെച്ച് കെട്ടിപ്പിടിച്ചതിനുശേഷം ആ കൈ എന്റെ ഉള്ളംകൈയില്‍നിന്ന് ഊര്‍ന്നുപോവുമ്പോള്‍ ആ വിരലുകളില്‍നിന്ന് പുറത്തുവരാന്‍പോവുന്ന പുസ്തകത്തെ ഞാന്‍ സ്വപ്‌നം കണ്ടു. ആറുമാസം കഴിഞ്ഞപ്പോള്‍ 513 പുറങ്ങളുള്ള പുസ്തകം ഷൂരി എനിക്ക് അയച്ചുതന്നു- Preaparing for death. അതിന്റെ താളുകളില്‍ ആദിത്യയുടെയും അനിതയുടെയും മുഖങ്ങള്‍ നിഴലിക്കുന്നതുപോലെ. അവരുടെ മൗനങ്ങളെ സാക്ഷിനിര്‍ത്തിയായിരിക്കും മരണത്തിനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് ഷൂരി എഴുതിയിരിക്കുക. എത്രമേല്‍ ഏകാകിയും വിഷാദിയുമായിരിക്കും അദ്ദേഹം അപ്പോള്‍!

ഒരു വര്‍ഷത്തിനുശേഷം കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ അനിതയെയും ആദിത്യയെയും കൊണ്ടുവന്നപ്പോള്‍ ഷൂരി വിളിച്ചു. എന്റെ അതേ പ്രായമുള്ള ആദിത്യയ്ക്ക് കുര്‍ത്തയും എന്റെ അമ്മയുടെ പ്രായമുള്ള അനിതയ്ക്ക് സാരിയും വാങ്ങിയാണ് ഞാന്‍ പോയത്. രാവിലെ ഞാന്‍ എത്തുമ്പോള്‍ മുറിയില്‍ തുറന്നുവെച്ച ഒരു ലാപ്ടോപ്പിനുമുന്നില്‍ തനിച്ചിരിക്കുകയായിരുന്നു ഷൂരി. ചികിത്സയുടെ സമയം കഴിഞ്ഞപ്പോള്‍ ആദിത്യനെയും അനിതയെയും വീല്‍ച്ചെയറില്‍ തള്ളി അദ്ദേഹം എനിക്കുമുന്നില്‍ കൊണ്ടുവന്നു. മുഖം അല്പം കോടി ഒരുവശത്തേക്ക് തല ചെരിച്ച് മകന്‍; ഉടലാകെ വിറച്ച് വിളറി ഭാര്യ. നടുവില്‍ മഹാസ്‌നേഹത്തിന്റെ ശാന്തമായ കടല്‍പോലെ അരുണ്‍ ഷൂരി. ആവര്‍ത്തനങ്ങളില്ലാത്തതായിരുന്നു ആ കാഴ്ച.

എന്നെപ്പറ്റിയും ഞാന്‍കൊണ്ടുവന്ന സമ്മാനങ്ങളെക്കുറിച്ചും അദ്ദേഹം അവരോട് പറഞ്ഞു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഷൂരി എന്നെ നോക്കി വേദനയോടെ മന്ദഹസിച്ചു. അവരുടെ മൗനത്തിന്റെ ഭാഷ അദ്ദേഹത്തിനുമാത്രം മനസ്സിലാവുന്നതായിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ എന്റെ മുന്നിലിരുത്തി അദ്ദേഹം ആദിത്യന് ഷേവ് ചെയ്തുകൊടുത്തു. അധികാരഗര്‍വിന്റെ താഴികക്കുടങ്ങളെ തച്ചുതകര്‍ത്ത ആ കൈ മകന്റെ മുതിര്‍ന്ന കവിളിലൂടെ നീങ്ങുന്നതുനോക്കി ഞാനിരുന്നു- ആ കൈയില്‍ പേനയ്ക്കുപകരം ഷേവിങ് റേസറാണ് എന്നുമാത്രം. തിച്ച് നാത് ഹാന്‍ എന്ന വിയറ്റ്നാമീസ് സെന്‍ ഗുരു പറഞ്ഞ MINDFULNESS എന്താണ് എന്ന് അപ്പോള്‍ മാത്രമാണ് എനിക്ക് മനസ്സിലായത്. ചെയ്യുന്ന കാര്യം എന്താണോ അതുതന്നെ ധ്യാനം, പ്രാര്‍ഥന.

രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പും ഷൂരിയുടെ ഒരു പുസ്തകം തപാലില്‍ വന്നു: THE COMMISSIONER FOR LOST CAUSES. ഇന്ത്യയെ ഇളക്കിമറിച്ച ഒരു പത്രപ്രവര്‍ത്തകന്റെ ആത്മകഥയായി വായിക്കാവുന്ന പുസ്തകം. ആ പുസ്തകത്തിന്റെ കവര്‍ പദ്മഭൂഷണ്‍ പുരസ്‌കാരം വാങ്ങിയതിനുശേഷം രാഷ്ട്രപതി ഭവനില്‍നിന്ന് അനിതയുടെ തോളില്‍കൈയിട്ട് വരുന്ന ഷൂരിയുടെ ചിത്രമായിരുന്നു. ഒരു നല്ലകാലത്തിന്റെ സായന്തനച്ഛവി കലര്‍ന്ന ചിത്രം.

ഇപ്പോഴും ഇടയ്ക്കിടെ വാട്സാപ്പില്‍ അരുണ്‍ഷൂരിയുടെ സന്ദേശങ്ങള്‍ വരും. രാഷ്ട്രീയതമാശകളോ എന്തെങ്കിലും പുതിയ അറിവുകളോ ആയിരിക്കും കൂടുതലും. എന്റെ മകളുടെ ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹം കഴിഞ്ഞ ദിവസം എഴുതി:
''ഇന്നത്തെ എന്റെ പ്രഭാതം എത്രമേല്‍ സുന്ദരമാണ്! കൊച്ചുരാജകുമാരി സുഖമായിരിക്കുന്നു എന്ന് കരുതുന്നു.''

അദിത്യയും അനിതയും ഇടയ്ക്കിടെ ആശുപത്രിയിലാവുമ്പോള്‍ ഷൂരി എഴുതും:
''പ്രിയപ്പെട്ട ശ്രീകാന്ത് അദിതിന് കുഴപ്പമില്ല. അനിതയുടെ അവസ്ഥ കുറച്ചുകുറച്ച് പുരോഗമിക്കുന്നു. അവരെ പരിചരിച്ചും പുസ്തകങ്ങള്‍ക്ക് നടുവിലിരുന്നും ഞാന്‍ തിരക്കിലാവുന്നു.''

ഷൂരിയുടെ ഫോട്ടോയുടെ ചാരെ 'Angry crusader' എന്നെഴുതിയ ഇന്ത്യാ ടുഡേയുടെ പഴയ കവര്‍ അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം മറുപടിയായി എഴുതി:
''കാലം എത്രവേഗമാണ് പറന്നുപോവുന്നത്!''

നിസ്സാരമായ ജീവിതപ്രശ്‌നങ്ങള്‍ അലട്ടുമ്പോള്‍, ചെറിയ ചെറിയ കാര്യങ്ങളെപ്പോലും പറഞ്ഞ് പെരുപ്പിച്ച് എഴുതാനും വായിക്കാനും സമയം ലഭിക്കുന്നില്ല എന്ന് സ്വയം പരാതി പറയുമ്പോള്‍, ജോലി ചെയ്യുമ്പോള്‍ ചുറ്റിലും വന്ന് ബഹളംവയ്ക്കുന്നതിന് മക്കളെ ശകാരിക്കുമ്പോള്‍ എല്ലാം ഞാന്‍ എന്തുകൊണ്ടോ അരുണ്‍ ഷൂരിയെ ഓര്‍ക്കും. വിധിക്കും വേദനയ്ക്കുമിടയില്‍ ധ്യാനനിരതനായ ഒരു യോഗിയെപ്പോലെയിരുന്ന് കര്‍മനിരതനാവുന്ന ഈ മനുഷ്യന്റെ ഏകാന്തതയോര്‍ത്ത് പല രാത്രികളിലും ഞെട്ടിയുണരും... അത്തരം ഒരു രാത്രി പുലര്‍ന്നപ്പോള്‍ ഫോണില്‍ ഷൂരിയുടെ ഒരു സന്ദേശം വന്നുകിടക്കുന്നു: ശ്രീകാന്ത് ഞാന്‍ ഇന്ത്യയിലെ ബുദ്ധമതത്തിന്റെ പതനത്തെക്കുറിച്ച് ഒരു പുസ്തകമെഴുതുന്നു!!
ഈ പുസ്തകവും അരുണ്‍ ഷൂരി അദിത്തിനും അനിതയ്ക്കും വായിച്ചുകൊടുക്കുമായിരിക്കും-സ്‌നേഹനിര്‍ഭരമായ ഒരു പ്രാര്‍ഥന പോലെ.