
I Work with my memory. Memory is my tool and my raw material. I cannot work without it. Help me.
-Gabriel Garcia Marquez (അവസാനനാളുകളില്‍)
Last scene of all,
That ends this strange eventful history,
is second childishness and mere oblivion;
sans teeth, sans eyes, sans taste, sans everything.
(Shakespeare, As You Like It)
ഡോ. പ്രേം ജനിച്ചത് അവിഭക്ത ഇന്ത്യയില്‍, ഇന്ന് പാകിസ്താന്റെ ഭാഗമായ പ്രദേശത്തായിരുന്നു. അയാള്‍ക്കൊപ്പം എട്ട് കുഞ്ഞുങ്ങള്‍ വേറെയും ആ വീട്ടില്‍ വളര്‍ന്നു. 1947-ല്‍ രണ്ടായി മുറിക്കപ്പെട്ട് ഇന്ത്യ സ്വതന്ത്രയായി. വിഭജനം കലാപം വിതച്ചപ്പോള്‍ ആ കുടുംബം കാളവണ്ടിയില്‍ക്കയറി, വെന്തെരിഞ്ഞ ഗ്രാമങ്ങളും കൊലനിലങ്ങളും കടന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തു. കോളറയും വയറിളക്കവും പടര്‍ന്ന അതിര്‍ത്തി ക്യാമ്പുകളില്‍പ്പാര്‍ത്തു. അവിടെവെച്ച് അയാളുടെ അമ്മൂമ്മയും ഇളയ സഹോദരനും മരിച്ചു. യാത്രതുടര്‍ന്ന അവര്‍ എത്തിയത് കാണ്‍പുരില്‍. വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത, ഒറ്റ കിടപ്പുമുറി മാത്രമുള്ള താമസസ്ഥലത്ത് പാര്‍ത്തു. സ്‌കൂള്‍പുസ്തകം വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് പ്രേം കടം വാങ്ങിയ പുസ്തകവുമായി തെരുവുവിളക്കിന് ചുവടെയിരുന്ന് പഠിച്ചു. നാല് മൈലിലധികം നടന്നിട്ടായിരുന്നു അയാള്‍ പഠനസ്ഥലത്ത് എത്തിയിരുന്നത്. മകനെ കോളേജിലയക്കാന്‍ അമ്മയ്ക്ക് ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. ഉയര്‍ന്ന മാര്‍ക്കില്‍ പരീക്ഷകളെല്ലാം ജയിച്ച അയാള്‍ കാര്‍ഷിക ഗവേഷണമേഖലയില്‍ ജോലിയില്‍ പ്രവേശിച്ചു. സമ്പന്ന കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന രാജ് ജൗഹറിനെ വിവാഹം കഴിച്ചു. ഡല്‍ഹിയില്‍ മധ്യവര്‍ഗക്കാര്‍ ജീവിക്കുന്ന കോളനിയില്‍ താമസം തുടങ്ങി.
അവര്‍ക്ക് മൂന്ന് മക്കള്‍ ജനിച്ചു: രാജീവ്, സുനീത, സന്ദീപ്. അവരെ സ്‌കൂട്ടറില്‍ക്കയറ്റി, കാലികള്‍ അലഞ്ഞുനടക്കുന്ന ഗലികളിലൂടെ അദ്ദേഹം സ്‌കൂളില്‍ക്കൊണ്ടുപോയി; സിനിമകള്‍ കാണിച്ചു. ജോലി കിട്ടുന്നതോടെ പഠനം നിര്‍ത്തുന്ന കൂട്ടത്തിലായിരുന്നില്ല പ്രേം. അയാള്‍ മഹാത്മാഗാന്ധിയെയും നെല്‍സണ്‍ മണ്‍ഡേലയെയും രബീന്ദ്രനാഥ ടാഗോറിനെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെയും ഫ്രെഡറിക് ഡഗ്ലസിനെയും വായിച്ചു. കാര്‍ഷിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്ക് പോയി. പ്രേം ഹരിതവിപ്ലവത്തിന്റെ ഭാഗമായി. ഈ മഹാരാജ്യത്തിലെ പട്ടിണികിടക്കുന്ന ജനകോടികള്‍ക്ക് അന്നം നല്‍കാന്‍ അയാള്‍ രാപകല്‍ അധ്വാനിച്ചു. തന്റെ ബുദ്ധിയും ആവേശവും പ്രയത്‌നവുമെല്ലാം മാതൃരാജ്യത്തിനുവേണ്ടി സമര്‍പ്പിച്ചു...

ആ സമയത്തായിരുന്നു ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ. പ്രതിപക്ഷരാഷ്ട്രീയക്കാരെയും ശാസ്ത്രജ്ഞരടക്കമുള്ള അക്കാദമി ബുദ്ധിജീവികളെയും ജയിലറകള്‍ തുറിച്ചുനോക്കിയപ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു: ''ഇതെന്റെ പിഴയല്ല; എന്റെ രാജ്യത്തിന്റെ പിഴയാണ്.'' ഭാര്യയും കുഞ്ഞുങ്ങളുമായി അയാള്‍ അമേരിക്കയിലേക്ക് പറന്നു. പ്രേം അവിടെ സ്വപ്രയത്‌നത്താല്‍ അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായി വളര്‍ന്നു. ഗോതമ്പിന്റെയും ചോളത്തിന്റെയും ജനിതകഘടനയുടെ വിസ്മയലോകങ്ങളിലൂടെ തന്റെ ഗവേഷണമാനസവുമായി അലഞ്ഞു. ലോകമെങ്ങും ഉജ്ജ്വലമായ പ്രഭാഷണങ്ങള്‍ നടത്തി; ആഴമുള്ള പ്രബന്ധങ്ങള്‍ രചിച്ചു. മക്കള്‍ വളര്‍ന്നു. രാജീവും സന്ദീപും അറിയപ്പെടുന്ന ഡോക്ടര്‍മാരായി. അമേരിക്ക അവരുടെ ദേശമായി...
പ്രേം ജോലിയില്‍നിന്ന് വിരമിക്കുമ്പോഴേക്കും രാജിനെ പാര്‍ക്കിന്‍സണ്‍സ് രോഗം പിടികൂടിയിരുന്നു. വിരമിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ കാര്യമായ തുടര്‍പദ്ധതികളുണ്ടായിരുന്നു. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞ അദ്ദേഹം പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കായി 'പ്രേം ആന്‍ഡ് മിസിസ് രാജ് ജൗഹര്‍ എന്‍ഡോവ്മെന്റ് സ്‌കോളര്‍ഷിപ്പ്' ആരംഭിച്ചു. തങ്ങള്‍ രണ്ടുപേരുടെയും തുടര്‍ജീവിതത്തിനുള്ള പണം കൃത്യമായി നിക്ഷേപിച്ചു. ഭാര്യയെ നോക്കാന്‍ പരിചാരികയെ നിര്‍ത്തി; അവര്‍ക്ക് താങ്ങായി. അകലെയുള്ള നഗരങ്ങളില്‍ തിരക്കുപിടിച്ച ജീവിതം നയിക്കുന്ന മക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാന്‍ ശ്രമിച്ചു...
അങ്ങനെ പകലുകളും രാവുകളും പറന്നുപൊയ്ക്കൊണ്ടിരിക്കേ പെട്ടെന്നൊരുനാള്‍ പ്രേമിന് കാറോടിക്കുമ്പോള്‍ വഴികള്‍ തെറ്റാന്‍ തുടങ്ങി; വീട്ടിലേക്ക് തിരിച്ചെത്താനുള്ള അതീവപരിചിതമായിരുന്ന വഴി പെട്ടെന്ന് ഓര്‍മയില്‍നിന്ന് മാഞ്ഞുപോയി; നിത്യവും താന്‍പോയിരുന്ന ഗവേഷണലാബ് ഏത് ദിശയിലാണ് എന്നറിയാതെ അദ്ദേഹം നഗരത്തില്‍ നട്ടംതിരിഞ്ഞു; തൊട്ടുമുന്‍പ് കഴിച്ച ഭക്ഷണം എന്താണ് എന്ന് ഓര്‍ക്കാന്‍ സാധിക്കാതായി; അടുത്ത സുഹൃത്തുക്കളുടെ പേരുകള്‍ മറന്നു; വീട്ടിലെ വെള്ളക്കരത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകള്‍ വീണ്ടും വീണ്ടും അടച്ചു; വിമാന ടിക്കറ്റുകളും ഹോട്ടല്‍മുറികളും ബുക്ക് ചെയ്യുകയും കാന്‍സല്‍ ചെയ്യാന്‍ മറക്കുകയും ചെയ്തു; വീട്ടിലെ ഫ്യൂസായ ബള്‍ബുകള്‍ മാറ്റാന്‍ മറന്നു.... സംശയം തോന്നിയ മകന്‍ സന്ദീപിന് അച്ഛന്റെ മുറിയില്‍നിന്ന് Dementia എന്നെഴുതിയ ഒരു കവര്‍ കിട്ടി. അതിനുള്ളില്‍ സി.എന്‍.എന്‍. ഡോട്കോമില്‍വന്ന ഒരു ലേഖനമായിരുന്നു: Dementia after retirement: how to delay or avoid. അത് പലതവണ വായിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം വ്യക്തമായിരുന്നു. കാരണം 'പുതിയ ഒരു ഭാഷ പഠിക്കുക', 'നടക്കുക', 'സാമൂഹിക സമ്പര്‍ക്കം സജീവമായി നിലനിര്‍ത്തുക' എന്നീ നിര്‍ദേശങ്ങള്‍ നിറമുള്ള മഷികൊണ്ട് അടിവരയിട്ടിരുന്നു.
ഗോതമ്പിന്റെയും ചോളത്തിന്റെയും ജനിതകരഹസ്യങ്ങളിലേക്ക് ഊളിയിട്ട കുശാഗ്രബുദ്ധിക്ക് തന്നെപ്പറ്റി എന്തൊക്കെയോ മനസ്സിലായിരുന്നുവോ? മുന്നോട്ടുള്ള പാതയില്‍ എവിടെയൊക്കെയോ ചുവന്ന സിഗ്‌നലുകള്‍ അയാള്‍ കണ്ടോ? മകന്‍ ചോദിക്കുമ്പോള്‍ പ്രേം പറയും: ''പ്രായമായാല്‍ കുറച്ച് മറവിയൊക്കെ എല്ലാവര്‍ക്കുമുണ്ടാവും''
ഡോക്ടറുടെ മുന്നിലും അദ്ദേഹം ഇതാവര്‍ത്തിച്ചു. പരിശോധനയില്‍ ആ സത്യം ഡോക്ടര്‍കൂടിയായ മകനുമുന്നില്‍ തെളിഞ്ഞു: അച്ഛന്റെ ഓര്‍മകള്‍ ക്ഷയിച്ചുതുടങ്ങിയിരിക്കുന്നു. വണ്ടി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടുകഴിഞ്ഞു; ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല. കാലങ്ങളിലൂടെ ഘട്ടം ഘട്ടമായി ഓര്‍മകളും സ്വബോധവും ഇല്ലാതായി ഒടുവില്‍ പതുക്കപ്പതുക്കെ ശ്വാസം നിലച്ച അച്ഛന്റെയൊപ്പമുള്ള ജീവിതമാണ് സന്ദീപ് ജൗഹറിന്റെ My Father's Brain- Life In The Shadows Of Alzheimer. ആധുനികലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന രോഗത്തെക്കുറിച്ചുള്ള ഈ പുസ്തകം കേവലം ഒരു വൈദ്യശാസ്ത്രപഠനഗ്രന്ഥമായല്ല എഴുതപ്പെട്ടിരിക്കുന്നത്. മറിച്ച്, വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ കെട്ടിവരിയപ്പെട്ട വിഷാദലോകം അതില്‍ നിറയുന്നു- ഒപ്പം മനുഷ്യജീവിതത്തിലെ അനിവാര്യതയായ വാര്‍ധക്യത്തിലേക്കുള്ള കണ്ണീര്‍നനവുള്ള കാഴ്ചയും.

മറവിയുടെ ഇരുണ്ട കയത്തിലേക്ക് പടിപടിയായി താഴ്ന്നുപോവുകയായിരുന്നു പ്രേം. ചെറുചെറു മറവികളായി തുടങ്ങിയ രോഗം അടുത്ത ഘട്ടത്തില്‍ തലച്ചോറിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നു. സ്വന്തം ജീവിതത്തിന്റെ ഭൂതകാലത്തുരുത്തുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. ഭാര്യയുടെ മരണശേഷം കടുത്ത ഏകാന്തതകൂടി ബാധിച്ചപ്പോള്‍ നിത്യജീവിതവ്യവഹാരങ്ങള്‍ക്ക് സഹായം വേണമെന്നായി. സ്വന്തമായി വസ്ത്രധാരണം സാധിക്കാതായി.
അല്‍ഷിമേഴ്സിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന തലച്ചോറിലെ ഹിപ്പോകാംപസിന്റെ തൊട്ടടുത്തുള്ള വൈകാരികതയുടെ ഉറവിടമായ അമിഗാഡ്ലയേയും രോഗം ബാധിച്ചപ്പോള്‍ മതിഭ്രമങ്ങള്‍ തുടങ്ങി. മക്കളെപ്പോലും സംശയമായി. നിത്യവും കാണുന്നവരെയൊഴിച്ച് ആരെയും അടുത്ത ഘട്ടം മുതല്‍ മനസ്സിലാവാതായി. കൂടുതല്‍ സമയവും ഉറക്കമായി. മൂത്രം നിയന്ത്രിക്കാന്‍ പറ്റാതായി. അടുത്തഘട്ടത്തില്‍, അലഞ്ഞുതിരിഞ്ഞുനടക്കാനുള്ള താത്പര്യം കാട്ടിത്തുടങ്ങി. അമേരിക്കയില്‍നിന്ന് കാണ്‍പുരിലേക്കുള്ള തീവണ്ടിയില്‍ക്കയറാന്‍ സ്റ്റേഷനിലേക്ക് പോകാന്‍ പെട്ടിയെടുത്തിറങ്ങി. അടുത്ത ഘട്ടത്തില്‍ വീണു, പിന്നെ നിതാന്തമായി കിടപ്പിലായി...
അച്ഛന്റെ രോഗത്തെക്കുറിച്ച് പറയുന്നതിനൊപ്പം അദ്ദേഹത്തെ ചുറ്റിപ്പറ്റിനില്‍ക്കുന്ന താനും സഹോദരങ്ങളുമടക്കമുള്ള മനുഷ്യരുടെ ധര്‍മസങ്കടങ്ങളും സന്ദിഗ്ധാവസ്ഥകളും സന്ദീപ് എഴുതുന്നു. തിരക്കുപിടിച്ച ജീവിതം നയിക്കുന്ന മക്കള്‍, മാറി മാറി വരുന്ന പരിചാരകര്‍, ഡോക്ടര്‍മാര്‍. രാവിലെ ജോലിസ്ഥലത്തേക്ക് ഓടുമ്പോഴായിരിക്കും അച്ഛന്‍ വിളിക്കുക. എന്തൊക്കെയോ കാര്യങ്ങള്‍ അദ്ദേഹം മറന്നുപോയിരിക്കുന്നു. വികാരങ്ങളുടെ പല പല ആവേഗങ്ങളുള്ള പെരുമാറ്റം കാരണം പരിചാരകര്‍ ഒന്നൊന്നായി വിട്ടുപോവുന്നു. ഒടുവില്‍ ഇന്ത്യന്‍ വംശജയായ ഹര്‍വിന്ദര്‍ എന്ന സ്ത്രീ എല്ലാം സഹിച്ച് നില്‍ക്കുന്നു. അച്ഛന്‍ പോവുന്നതിനപ്പുറം, ഹര്‍വിന്ദര്‍ വിട്ടുപോയാല്‍ തങ്ങളുടെ ജീവിതം നിലയ്ക്കും എന്ന സത്യം മക്കള്‍ തിരിച്ചറിയുന്നു.
ഓരോന്നോരോന്നായി മറവിയിലേക്ക് താഴ്ന്നുപോവുമ്പോഴും അല്‍ഷിമേഴ്സ് ചില അദ്ഭുതങ്ങള്‍ അവശേഷിപ്പിക്കുന്നു എന്ന് അച്ഛന്‍ എന്ന നദിക്കരയിലിരുന്ന് അതിലേക്ക് നോക്കി ഈ മകന്‍ മനസ്സിലാക്കുന്നുണ്ട്. രോഗത്തിന്റെ തീവ്രാവസ്ഥയില്‍ ഹര്‍വിന്ദര്‍ എന്ന പരിചാരിക തന്റെ മുറിയില്‍ കിടക്കണം എന്ന് പ്രേം വാശിപിടിക്കും. കട്ടിലിന് താഴെ കിടക്കയിട്ട് കിടക്കുന്ന ഹര്‍വിന്ദറിനോട് പാതിരാത്രിയില്‍ പ്രേം ചോദിക്കും:
''രാജ് നീ ഉറങ്ങുകയാണോ?''
''അതെ''ഹര്‍വിന്ദര്‍ മറുപടികൊടുക്കും
''ഞാന്‍ നിനക്ക് കുറച്ച് വെള്ളം എടുത്തുതരട്ടെ?''
''വേണ്ട, എനിക്ക് കുഴപ്പമില്ല''
''നീയെനിക്ക് ഉച്ചഭക്ഷണം ഉണ്ടാക്കിയോ? എനിക്ക് നേരത്തേ ഓഫീസില്‍ പോണം''
''ഞാനത് രാവിലെ ഉണ്ടാക്കിക്കോളാം''ഹര്‍വിന്ദര്‍ പറയും.
ദിവസം പുലര്‍ന്നാല്‍ പ്രേമിന്റെ മനസ്സില്‍നിന്ന് രാജ് മാഞ്ഞുപോവും, ഹര്‍വിന്ദര്‍ എന്ന് മാത്രമേ പിന്നെ വിളിക്കൂ. രാത്രിയില്‍, മറവിയുടെ ഇരുട്ടുകള്‍ക്കപ്പുറം നിന്ന്, ഭാര്യയെയും അവരോടൊന്നിച്ചുകഴിഞ്ഞ കാലത്തേയും കുറിച്ചുള്ള വിദൂരമായ വെളിച്ചത്തിന്റെ തരികള്‍ മിന്നാമിന്നികളെപ്പോലെ പറന്നുവരികയാവണം.
മക്കളെല്ലാം അച്ഛനൊപ്പം താമസിക്കുന്ന സമയത്തെ ഒരനുഭവം സന്ദീപ് എഴുതുന്നു-
ഒരു രാത്രി:
ഞാനെന്റെ കൈത്തലം മാറ്റി. അച്ഛന്‍ കണ്ണുകള്‍ തുറന്നു
''ഓ നീ വന്നോ?'' അച്ഛന്‍ ചോദിച്ചു; തല കുലുക്കി.
''നീ മകളെ കൊണ്ടുവന്നിട്ടുണ്ടോ?''
''അവള്‍ താഴെയുണ്ട്''ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
ദീര്‍ഘമായ ഒരു ശ്വാസമെടുത്ത് അച്ഛന്‍ തലയിണയിലേക്ക് ചാഞ്ഞു. ഞങ്ങള്‍ ഒന്നും മിണ്ടാതെയിരുന്നു. അച്ഛന്‍ കണ്ണുകള്‍ അടച്ച് തുറന്നു. അച്ഛന്റെ ചുണ്ടുകള്‍ അനങ്ങുന്നത് ഞാന്‍ കണ്ടു.
''അച്ഛന്‍ എന്താണ് പറയുന്നത്?''
തലകുകുലുക്കുക മാത്രം ചെയ്തുകൊണ്ട് അച്ഛന്‍ ചുണ്ടുകള്‍ ചലിപ്പിച്ചുകൊണ്ടേയിരുന്നു.
''അദ്ദേഹം ഈ പാട്ട് ഇടക്കിടെ പാടാറുണ്ട്''ഹര്‍വിന്ദര്‍ പറഞ്ഞു. എന്താണ് ആ പാട്ട് എന്ന് ചോദിച്ചെങ്കിലും അവര്‍ക്കറിലില്ലായിരുന്നു.
'എന്താണ് അച്ഛന്‍ പാടുന്നത്?' ഞാന്‍ ചോദിച്ചു
മറുപടിയായി ഒന്നും പറഞ്ഞില്ലെങ്കിലും ആ ചുണ്ടുകള്‍ മെല്ലെമെല്ലെ ചലിച്ചു:
''ചാന്‍...കിത്താന്‍....ഗുസാരി...''ഹാര്‍വിന്ദറാണ് മൂളിയത്
''ചന്ദ്രബിംബത്തെ നോക്കിയാണ് അദ്ദേഹം പാടുന്നത്''-അത്രയേ അവര്‍ക്കറിയുമായിരുന്നുള്ളൂ.
അന്ന് രാത്രി ഞാന്‍ ആ വരികള്‍ ഗൂഗിളില്‍ പരതി. അത് ഒരു പഴയ പഞ്ചാബി ഗാനമായിരുന്നു. അതിന്റെ പരിഭാഷ ഇങ്ങനെയാണ്:
''പ്രിയേ എവിടെയാണ് നീ രാത്രി കഴിച്ചുകൂട്ടിയത്?
നിന്റെ ഓര്‍മ്മകളുമായി ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു,
ആകാശതാരകം കൂട്ടിനുണ്ടായിരുന്നു.
പെട്ടെന്ന് വരാം എന്ന പ്രതിജ്ഞ നീ മറന്നു.
പോവുംമുമ്പ് നീയങ്ങനെ പറഞ്ഞിരുന്നു.
നിലാവേ നീയെവിടെ?
നിലാവേ നീയെവിടെയാണ് രാത്രി കഴിച്ചുകൂട്ടിയത്?'
എല്ലാ സ്മൃതികളും വാര്‍ന്നുപോവുമ്പോഴും എന്തൊക്കെയോ തലച്ചോറിന്റെ അനന്തപടലങ്ങളിലെവിടെയൊക്കെയോ ശേഷിക്കുന്നു. വിദൂരകാലത്തിന്റെ വര്‍ണഭംഗിയാര്‍ന്ന പട്ടുറുമാലുകള്‍ മാറ്റി, വല്ലപ്പോഴും അവ വന്നുപോവുന്നു!

ആധുനിക മനുഷ്യന്റെ ദീര്‍ഘായുസ്സിന്റെ സഹചാരികളായ നീണ്ട വാര്‍ധക്യം, ഏകാന്തത, പരാശ്രയത്വം, കൊടും യാതന എന്നിവയെ ഭൂതക്കണ്ണാടിയിലൂടെന്നവണ്ണം ഈ പുസ്തകം കാണിച്ചുതരുന്നു. ശാസ്ത്രത്തിന്റെ കടലാഴങ്ങളിലേക്ക് ഊളിയിട്ട മനുഷ്യന്‍പോലും അന്തിമദശകളില്‍ വീണ്ടും കുട്ടിയാവുന്നതും മക്കളുടെ കൈ പിടിച്ച് പിച്ച പിച്ച നടക്കുന്നതും അവര്‍ കാണിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കണ്ട് അദ്ഭുതപ്പെടുന്നതും ഇഷ്ടപ്പെട്ട ഹോട്ടലില്‍ക്കൊണ്ടുപോയി ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കുമ്പോള്‍ പാതികഴിച്ച് വാശിപിടിച്ച് എഴുന്നേറ്റ് പോരുന്നതും പെട്ടെന്ന് കരയുന്നതും കാണുമ്പോള്‍ ജീവിതം വൃത്തരൂപത്തിലാണ് എന്ന് തോന്നിപ്പോവും.
നല്‍കിയ കരുതലും സ്‌നേഹവും വാത്സല്യവുമെല്ലാം തിരിച്ച് അഭ്യര്‍ഥിച്ചുകൊണ്ട് മാതാപിതാക്കള്‍ ഒരുനാള്‍ ജീവിതത്തിന്റെ മറ്റേയറ്റത്ത് കാത്തുനില്‍പ്പുണ്ടാവും എന്ന യാഥാര്‍ഥ്യം സന്ദീപ് ജൗഹര്‍ തന്റെ പുസ്തകത്തിലൂടെ പറയാതെ പറയുന്നു. 'ഞങ്ങളെ സഹായിക്കൂ' എന്ന തരത്തില്‍ യാചനയുടെ സ്വരം ആ അഭ്യര്‍ഥനയിലുണ്ടാവാം. ആ നിമിഷത്തെ, യാഥാര്‍ഥ്യത്തെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആയുര്‍ദൈര്‍ഘ്യത്തിന്റെ ഈ കാലത്ത് മനുഷ്യരാശിയുടെ ശാന്തിയോടെയുള്ള ജീവിതപൂര്‍ണത.
ഒടുവിലൊരുനാള്‍ പതിനഞ്ച് സെക്കന്‍ഡിനുള്ളില്‍ ദീര്‍ഘമായ രണ്ട് ശ്വാസങ്ങള്‍ എടുത്ത് ശാസ്ത്രജ്ഞനായിരുന്ന പ്രേം എന്ന പിതാവ് നിശ്ചലനാവുമ്പോള്‍, തൊട്ടടുത്തിരുന്ന് മകന്‍ ഓര്‍ക്കുന്നത് തന്റെ സുഹൃത്തിന്റെ അമ്മയുടെ ചിതയെരിയുമ്പോള്‍ അവന്‍ പറഞ്ഞതാണ്: ''മാതാപിതാക്കള്‍ മരിക്കുന്നത് വരെ നിങ്ങള്‍ വളരുന്നില്ല. അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം നിങ്ങളെ കുഞ്ഞുങ്ങളായിക്കണ്ട് മോനേ/മോളേ എന്ന് വിളിക്കാന്‍ അവര്‍ ഉണ്ടാവും. അവര്‍ പോവുമ്പോള്‍ ആ നിമിഷം നിങ്ങള്‍ ആരുടെയും കുട്ടികളല്ലാതാവും. വളരാന്‍ തുടങ്ങും...''
പൂര്‍ണചന്ദ്രന്‍ പാതിമാഞ്ഞ് അര്‍ധചന്ദ്രനായി, പിന്നീട് ചന്ദ്രക്കലയായി ഒടുവില്‍ മരണത്തിന്റെ അമാവാസിയിലേക്ക് മറയുന്നതുപോലെ അച്ഛന്‍ വിടപറയുന്നത് നോക്കിയിരിക്കുന്ന സന്ദീപ് ജൗഹറിന്റെ പുസ്തകം വായിച്ചുതീരുമ്പോള്‍ എനിക്ക് മുന്നില്‍, കുഞ്ഞുഫ്‌ളാറ്റിലെ സോഫമേല്‍, പുറത്തെ പകലുകളിലേക്കും രാത്രികളിലേക്കും മഴയിലേക്കും വെയിലിലേക്കും നിര്‍ന്നിമേഷരായി നോക്കി എന്റെ വൃദ്ധരായ മാതാപിതാക്കള്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കിയപ്പോള്‍ അവിടെ ഞാന്‍ എന്നെത്തന്നെ കണ്ടു; അതിനുമപ്പുറം എന്റെ മക്കളെക്കണ്ടു; ജീവന്റെയും ജീവിതത്തിന്റെയും ആവര്‍ത്തിക്കുന്ന തിരകള്‍ കണ്ടു. തിരകള്‍ക്കുമപ്പുറം അനന്തമായ കടല്‍, ഇരുട്ട്, മറവി, മാഞ്ഞുപോവല്‍...
Content Highlights: vakkum vazhvum by sreekanth kottakkal
Published: 26 Jan 2024, 01:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented