'പ്രിയപ്പെട്ടവരേ,
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് എന്ന ഗ്രാമം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുമോ? മാര്‍ത്താണ്ഡവര്‍മ്മ തക്കലയിലെ കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന് കണ്ട് ആസ്വദിച്ച വേളിമലയെ സങ്കല്‍പ്പിക്കാനാവുമോ? അത്തരം കുടുംബങ്ങളിലൊന്നില്‍ എട്ടാമത്തെ സന്തതിയായിപ്പിറന്ന ഒരു കുട്ടിയെ സങ്കല്‍പ്പിക്കാനാവുമോ? വീട്ടില്‍ അവന് സംസാരിക്കേണ്ട ഭാഷ മലയാളമായിരുന്നു. സ്‌കൂളിലും പുറത്തും സംസാരിക്കേണ്ട ഭാഷ തമിഴായിരുന്നു. എഴുതാനും വായിക്കാനും അവന്‍ എട്ടാംക്ലാസുവരെ പഠിച്ചതും തമിഴാണ്. കുടുംബം അതിന്റെ വേരുകളിലേക്ക് (മലപ്പുറം ജില്ലയിലെ കോട്ടക്കയ്ക്കലേക്ക്) മടങ്ങുമ്പോള്‍ ആ ലോറിയില്‍ അവനെന്ന പതിമൂന്ന്കാരനും ഉണ്ടായിരുന്നു.

നെല്‍പ്പാടങ്ങളും തിരുവിഴകളും പൊങ്കലും താമരക്കുളങ്ങളും മാരിയമ്മന്‍കോവിലുകളും തമിഴും വിട്ട്, അവന്‍ വന്നെത്തിയത് ഒഴിഞ്ഞ പറമ്പുകളിലേയ്ക്കും പറങ്കിമാവിന്‍ തോട്ടങ്ങളിലേയ്ക്കുമായിരുന്നു. പറിച്ചെടുത്തപ്പോള്‍ വേരുകളില്‍ പറ്റിപ്പിടിച്ച മണ്ണിനൊപ്പം, പുതിയ മണ്ണില്‍ അവന് പുതിയ വേരുകളുണ്ടായി. പക്ഷേ, അവന് മുന്നില്‍ അറിയാത്ത ഭാഷയില്‍ പത്രമാസികകളും ബോര്‍ഡുകളും വഴിയടയാളങ്ങളും അനന്തമായി പരന്നുകിടന്നു. അതിലെ അക്ഷരങ്ങള്‍ അവന് വായിക്കാന്‍ അറിയില്ലായിരുന്നു.
ബോര്‍ഡ് വായിക്കാനറിയാതെ അവന്‍ ബസ്സുകള്‍ മാറിക്കയറി അപമാനിതനായി വഴിയില്‍ ഇറക്കിവിടപ്പെട്ടു. സമപ്രായക്കാര്‍ സ്‌കൂളിലേക്ക് പോവുന്ന പാതകള്‍ നോക്കി അവന്‍ നിശ്ശബ്ദമായി കരഞ്ഞു.

വീടുവിട്ടുപോയി നഗരങ്ങളിലെ ഹോട്ടലുകളില്‍ അവന്‍ എച്ചില്‍മേശകള്‍ തുടച്ചു. അതിന്റെ പ്രതിഫലം വാങ്ങാന്‍ മലയാളത്തില്‍ പേരെഴുതി ഒപ്പിടാനറിയാതെ, ചുറ്റും മുഴങ്ങിയ പരിഹാസങ്ങള്‍ക്കിടയില്‍ അവന്‍ അന്തിച്ച് നിന്നു. പറയാനറിയാവുന്ന ഭാഷ എഴുതാനോ വായിക്കാനോ അറിയില്ലെന്ന് ചങ്ക് പിളര്‍ന്ന് പറഞ്ഞിട്ടും അവന്‍ ക്രൂശിക്കപ്പെട്ടു.
അവന് ജീവിക്കണമായിരുന്നു. ജീവിക്കാന്‍ ഭാഷ പഠിക്കണമായിരുന്നു. തമിഴിന്റേയും മലയാളത്തിന്റേയും ആത്മാവ് ഒന്നുതന്നെയാണോ എന്ന് ഇന്നും അവന് അറിയില്ല. പക്ഷേ, അവന്‍ മലയാളത്തില്‍ അക്ഷരങ്ങള്‍ പഠിച്ചു. പിച്ചവെയ്ക്കുന്ന കുട്ടിയെപ്പോലെ ഓരോ അക്ഷരവും കൂട്ടിവായിച്ച് വാക്കുകള്‍ പഠിച്ചു. വാക്കുകളുടെ അര്‍ഥങ്ങള്‍ പഠിച്ചു. പക്ഷേ, ആ പഠനത്തിന് അവന് പലവട്ടം മരിച്ച്, പലവട്ടം ജനിക്കേണ്ടിവന്നു.

എച്ചില്‍മേശകള്‍ തുടച്ചും ലോട്ടറി വിറ്റും റോഡ് പണിയെടുത്തും ടാപ്പിങ്ങ് ചെയ്തും പെയിന്റ് പണിയെടുത്തും അവന്‍ ജീവിച്ചു. ആ ജീവിതത്തില്‍ അവന്റെ കാലില്‍ തറച്ച മുള്ളുകളുടെ, ഹൃദയത്തില്‍ പൊടിഞ്ഞ ചോരയുടെ അടയാളങ്ങളാണ് നിങ്ങളിനി വായിക്കാന്‍ പോവുന്നത്. നിങ്ങളിതില്‍ സാഹിത്യം തിരയരുത്. ബോര്‍ഡ് വായിക്കാനറിയാതെ ബസ് മാറിക്കയറി വഴിയില്‍ ഇറക്കിവിടപ്പെട്ട ആ കുട്ടി, വഴി തെറ്റി നിങ്ങളുടെ വായനാ മുറിയിലേക്ക് വന്നതായി കരുതി അവനോട് ക്ഷമിക്കുക. വലിയ വലിയ അനുഭവങ്ങളൊന്നും തീരെച്ചെറിയ ഈ ജീവിതത്തില്‍ നിന്ന് എനിക്ക് നിങ്ങളിലേക്ക് പകരാനില്ല. ഇതിന്റെ വായനക്കിടയില്‍ എവിടെയെങ്കിലും നിങ്ങള്‍ ഇടറിനിന്നാല്‍, നിങ്ങളുടെ നെഞ്ച് കനത്താല്‍, ആ സങ്കടങ്ങളൊക്കെയും അനുഭവിച്ച് തീര്‍ത്തവന്റെ ജീവിതത്തെ ഓര്‍ക്കുക. ജീവിച്ചു എന്നതിന് ഈ ഭൂമിയില്‍ അടയാളങ്ങളൊന്നും ബാക്കിയാക്കാതെ മരിച്ചുപോവുന്ന ലക്ഷോപലക്ഷം മനുഷ്യരില്‍ ഒരുവനാണ് ഞാനും. ഞങ്ങള്‍ക്ക് മേല്‍വിലാസങ്ങളില്ല. പരിഭവങ്ങളില്ല. ആനന്ദങ്ങളും ആഘോഷങ്ങളുമില്ല. അവകാശവാദങ്ങള്‍ ഒട്ടുമില്ല...
വിനയാദരങ്ങളോടെ,
മുഹമ്മദ് അബ്ബാസ്'

To advertise here,

കാരുണ്യജലധാര പോലെ മഴപെയ്ത ഒരു രാത്രിയില്‍, 'വിശപ്പ്, പ്രണയം, ഉന്മാദം' എന്ന ആത്മാനുഭവപുസ്തകത്തിന്റെ ആമുഖക്കുറി വായിച്ചപ്പോള്‍ പൊള്ളി. ഉടലാകെ ഉഷ്ണിച്ചു; തീക്കനല്‍ത്തരികള്‍പോലെ വാക്കുകള്‍ രോമകൂപങ്ങളില്‍വീണ് പുകഞ്ഞു. ചെറുകാടിന്റെ 'ജീവിതപ്പാത'യോ ചാര്‍ലി ചാപ്ലിന്റെ 'MY AUTOBIOGRAPHY'യോ എന്‍.എന്‍.പിളളയുടെ 'ഞാന്‍' എന്ന ആത്മകഥയോ, പി.കുഞ്ഞിരാമന്‍ നായരുടെ 'കവിയുടെ കാല്‍പ്പാടുകളോ' കുഞ്ഞാമന്റെ 'എതിര്' എന്ന ആത്മകഥയോ വായിച്ചപ്പോഴൊന്നും ഇത്രമേല്‍ പൊള്ളലേറ്റ അനുഭവമില്ല.

ഈ കുട്ടി ജനിച്ച് വളര്‍ന്ന പെരുംചിലമ്പ് ഗ്രാമമോ വേളിമലത്താഴ്‌വരകളോ എന്റെ പരിചിതഭൂപ്രദേശമല്ല. എന്നാല്‍ അവിടെനിന്ന് വേരുപറിഞ്ഞ് അവന്‍ എത്തിച്ചേര്‍ന്ന കോട്ടയ്ക്കലിലെ ആകാശവും മണ്ണും എന്റെകൂടി അനുഭവമാണ്. പൊള്ളിപ്പഴുത്ത പാറക്കൂട്ടങ്ങള്‍, വെയിലുരുകി വീഴുന്ന പറങ്കിമാവിന്‍ തോട്ടങ്ങള്‍, അത്യന്തം ഏകാന്തമായ നട്ടുച്ചകള്‍, മുഷിഞ്ഞ് മുഷിഞ്ഞ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സുകള്‍ ഇവയെല്ലാം കണ്ടിട്ടെങ്കിലും ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്തൊക്കെയോ കാര്യങ്ങള്‍ക്കായി ആ വഴികളിലൂടെയൊക്കെ ഞാനും കടന്നുപോയിട്ടുണ്ട്.

ചെറിയ ചെറിയ 39 അധ്യായങ്ങളായി, 191 താളുകള്‍ മാത്രമുള്ളതാണ് മുഹമ്മദ് അബ്ബാസിന്റെ ഈ പുസ്തകം. സാധാരണഗതിയില്‍ സാമാന്യം നീണ്ട ഒരു ട്രെയിന്‍ യാത്രയിലോ രണ്ടുദിവസം കൊണ്ടോ വായിച്ചുതീര്‍ക്കാവുന്നത്. എന്നാല്‍ അബ്ബാസിന്റെ ഓരോ അധ്യായവും വായിച്ച് ഞാന്‍ കിതച്ചു; നെഞ്ചില്‍ കനംകെട്ടി; ആകാശം കറുക്കുമ്പോള്‍ ആസ്മാരോഗികള്‍ അസ്വസ്ഥപ്പെടുന്നത്‌പോലെ എനിക്ക് ശ്വാസം മുട്ടി; ഉള്ളിലെ കണ്ണീര്‍ച്ചിറകള്‍ പൊട്ടി; രാത്രിയുറക്കം മുറിഞ്ഞു; മനുഷ്യജീവിതത്തിന്റെ ചുഴലികള്‍ എന്റെ തലക്കുള്ളില്‍ പുകഞ്ഞു; മനുഷ്യയാതനകള്‍ ഏതൊക്കെയോ ഇരുളുകളില്‍ നിലവിളിച്ചാര്‍ത്തു. അന്നപൂര്‍ണ്ണയിലേക്കോ നന്ദാദേവിയിലേക്കോ കയറിപ്പോവുന്ന ഏകാകിയായ പര്‍വ്വതാരോഹകനെപ്പോലെയായി ഞാന്‍. കയറുന്തോറും കിടങ്ങുകള്‍ കണ്ടു; മഞ്ഞുകാറ്റുകള്‍ വന്ന് മുഖത്തടിച്ചു; മരണത്തിന്റെ വെണ്മകള്‍ വന്നുതൊട്ടു; ദാഹിച്ച് ദാഹിച്ച് നെഞ്ചം കത്തി... പുസ്തകവായനയില്‍ ഇത്തരം ഒരനുഭവം ആദ്യമായിരുന്നു.

ശരാശരി മധ്യവര്‍ഗ മലയാളിയുടെ സുരക്ഷിതത്വത്തില്‍ ഒതുങ്ങിവളര്‍ന്ന് ജീവിക്കുന്ന എനിക്കുമുന്നില്‍ മുഹമ്മദ് അബ്ബാസ് വേറൊരു ലോകം തുറന്നിട്ടുതരികയായിരുന്നു. ചുറ്റിലും സദാ ഭ്രമണം ചെയ്യുന്നുണ്ടെങ്കിലും ഞാന്‍ കാണാത്ത ജീവിതത്തിന്റെ മറ്റൊരടരായിരുന്നു അത്. സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് പോലുമില്ലാതെ അന്നന്ന് കിട്ടുന്ന കൂലികൊണ്ട് ജീവിച്ചുപോവുന്ന പേരില്ലാ, മുഖമില്ലാ മനുഷ്യര്‍; പണിയെടുത്ത കൂലി തരാതെ മുങ്ങിയ മുതലാളിയുടെ വീട്ടുമുറ്റത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്ന നിസ്സഹായര്‍; പണിയില്ലാ ദിവസങ്ങളില്‍ വീട്ടിലെ വിശക്കുന്ന വയറുകള്‍ക്ക് എങ്ങിനെ ഭക്ഷണം കൊടുക്കും എന്നറിയാതെ നെടുംപാതയിലെ നിറവെയിലില്‍ സ്വയം തീയായി എരിഞ്ഞുനില്‍ക്കുന്നവര്‍; ഹോട്ടലുകളിലെ ഇരുണ്ട അടുക്കളകളില്‍ എച്ചില്‍പ്പാത്രം കഴുകിയൊടുങ്ങുന്നവര്‍; ഗള്‍ഫിന്റെ പുറംപളപ്പുകള്‍ക്കപ്പുറം മരുഭൂമിയുടെ ഏകാന്തതയില്‍ ചുട്ടുപഴുത്തും പട്ടിണി കിടന്നും വീട്ടിലേക്ക് പണമയച്ച് പന്തയക്കുതിരകളെപ്പോലെ വായില്‍നിന്നും നുരയും പതയും വന്ന് എവിടെയൊക്കെയോ വീണൊടുങ്ങുന്നവര്‍; അടുക്കളയില്‍ കരിപിടിച്ച് മുഷിഞ്ഞ് ആരോരുമാവാതെ ഭൂമിയിലെ ജീവിതം തീര്‍ക്കുന്ന സ്ത്രീകള്‍; ഒറ്റപ്പെട്ട ജന്മങ്ങള്‍; ഇല്ലായ്മയിലൊതുങ്ങി, മോഹങ്ങളൊതുക്കി ജീവിക്കുന്ന നിരപരാധികളായ കുട്ടികള്‍... എല്ലാം എനിക്ക് ചുറ്റിലുമുള്ളവര്‍; ഞാനിതുവരെ പരിചയിച്ചിട്ടില്ലാത്തവര്‍. 

അവര്‍ വന്ന് എനിക്കു ചുറ്റും നിന്ന് നിലവിളിക്കുന്നതു പോലെ എനിക്ക് തോന്നി. ഈ ജീവിതം ഇങ്ങിനെയൊക്കെയായിപ്പോവാന്‍ ഞങ്ങളെന്ത് തെറ്റുചെയ്തു എന്ന് ആത്മവേദനയോടെ ചോദിക്കുന്നത്‌പോലെ. അത് കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ചെവിപൊത്തി. സംഗീതമാണെങ്കില്‍ മാത്രം അന്യന്റെ ശബ്ദം കേള്‍ക്കുന്ന ഒരു കാലത്തിന്റെ പ്രതിനിധിയാണ് ഞാന്‍. എന്റെ സുഖജീവിതത്തിന് അലോസരമായിരുന്നു അബ്ബാസിന്റെ പുസ്തകത്തില്‍നിന്നുയരുന്ന ഈ വിലാപങ്ങള്‍.
കോഴിക്കോട്ട് ഒരു ഹോട്ടലില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം അബ്ബാസ് എഴുതുന്നു:

'... ചുറ്റും നേര്‍ത്ത ശബ്ദത്തില്‍ നിറയുന്ന സംഗീതത്തെ ഉള്ളില്‍ മൂളിക്കൊണ്ട് മേശ വൃത്തിയാക്കുമ്പോള്‍ ഒരിക്കല്‍ വേസ്റ്റ് പാത്രത്തില്‍ നിന്ന് ഒരു ഇറച്ചിത്തുണ്ട് ഇളം മഞ്ഞ സാരിയിലേക്ക് വീണു. മാപ്പ് എന്നുച്ചരിക്കും മുമ്പ് എന്റെ കവിളത്ത് അടി വീണു. അടിച്ച കൈകളില്‍ സ്വര്‍ണ്ണ വളകള്‍ കിലുങ്ങി. ഞാന്‍ അന്തംവിട്ട് തൊഴുകൈയോടെ അവരെ നോക്കവേ വീണ്ടും വീണ്ടും കരണത്ത് അടിവീണ് ആ സ്വര്‍ണ്ണവളകള്‍ കിലുങ്ങി. വെയിറ്റര്‍മാര്‍ ഒന്നും ചെയ്യാനാവാതെ അന്തിച്ചുനിന്നു. അവരുടെ ഭര്‍ത്താവും മക്കളും അതൊന്നും കണ്ടതായി ഭാവിച്ചില്ല. ഇളംമഞ്ഞ സാരിയില്‍പ്പുരണ്ട മസാലനിറം അവരുടെ ഭര്‍ത്താവ് പേപ്പര്‍കൊണ്ട് തുടച്ചപ്പോള്‍ അത് ആകെ പരന്നു.സ്വര്‍ണ്ണവളകളുടെ ദേഷ്യം കൂടി. എന്റെ മാപ്പും  സോറിയുമൊന്നും അവര്‍ കേട്ടതേയില്ല. നല്ല ഊക്കില്‍ ഇരുകവിളത്തും വന്നുവീണ അടികളൊക്കെ ഞാന്‍ നിന്നുകൊണ്ടു. കണ്ണ് നീറി. കവിള് നീറി. ചെവികള്‍ നീറി. പ്രാണവായുവിന് പോലും നീറ്റലായിരുന്നു. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. ഞാന്‍ കരയണമെന്ന് അവര്‍ക്ക് വാശിയുണ്ടായിരുന്നിരിക്കണം. എന്റെ കവിളെല്ലുകളില്‍ത്തട്ടി അവരുടെ സ്വര്‍ണ്ണവളകള്‍ ഞെളുങ്ങി. അപ്പോള്‍ അടിയുടെ ഊക്ക് കൂടി. കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ നിന്നു.  ഉള്ളില്‍ ഉമ്മാന്റെ മുഖം തെളിഞ്ഞു. ആ മുഖത്തെ സൗമ്യതയും ആ ചിരിയും എന്റെയുള്ളിലെ വേദനയ്ക്ക് മറയിട്ട് നിന്നു. ഉമ്മ വിളിച്ചു: 
'മോനേ നീയെവിടെയാ?' 
ഉമ്മാ ഞാനിവിടെയാണ്. ഈ വിദൂരതയില്‍ ഒരുതുണ്ട് എച്ചിലിന്റെ പേരില്‍ ഉമ്മാന്റെ മോന്‍ ആരുടെയോ അടി വാങ്ങുകയാണ്. അറിയാതെ പറ്റിയ തെറ്റിന് പോലും മാപ്പില്ലാത്ത ഈ നഗരഭ്രാന്തുകളില്‍ ഉമ്മാന്റെ മോന്‍ തനിച്ചാണ്...'


ഇത് വായിച്ച് തലചുറ്റിയ വൈകുന്നേരം നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഞാന്‍ അവിടത്തെ യുവ വെയ്റ്റര്‍മാരുടെ മുഖത്ത് അടികൊണ്ട് വീങ്ങിയ പാടുകള്‍ തിരഞ്ഞു. ആ കണ്ണുകളിലെ നിശ്ശബ്ദനിലവിൡലേക്ക് നോക്കി. ഏതൊക്കെയോ ഇരുളുകളില്‍ അവരുണ്ട്, ഇപ്പോഴും; ധിക്കാരത്തിന്റെ സ്വര്‍ണവളക്കിലുക്കങ്ങളുമുണ്ട്. ആരൊക്കെയോ എവിടെയൊക്കെയോ അടികള്‍കൊണ്ട് അടക്കിപ്പിടിച്ച് കരയുന്നുണ്ട്.

മുഹമ്മദ് അബ്ബാസിന്റെ പുസ്തകം വായിച്ച് തീരുമ്പോഴേയ്ക്കും എത്രയോ തവണ ഞാന്‍ ഉള്ളാലെ കരഞ്ഞു. പുസ്തകം മടക്കിവെച്ച് മുന്നോട്ട് നോക്കുമ്പോള്‍ കാണുന്ന ലോകം മറ്റൊന്നായിരുന്നു. ആള്‍ക്കൂട്ടത്തിലൂടെ  നടക്കുമ്പോള്‍, വഴിയോരത്തുനിന്നും നീട്ടപ്പെടുന്ന നിസ്സഹായമായ കരങ്ങള്‍ തൊടുമ്പോള്‍, വാര്‍ദ്ധക്യം കാണുമ്പോള്‍, അടുക്കളയുടെ ഇരുട്ടിലുള്ള കണ്ണുകള്‍ കാണുമ്പോള്‍, ചെറുപ്പത്തിലേ കണ്ണുകളില്‍ പ്രതീക്ഷകളുടെ വെളിച്ചങ്ങളണഞ്ഞ കുട്ടികളെക്കാണുമ്പോള്‍... അവ നേരിടാന്‍പോലും അശക്തനായി  സ്വയം സുഖങ്ങളിലേക്ക് ഞാന്‍ ഊളിയിട്ടുരക്ഷപ്പെടുന്നു. ഭ്രാന്തന്‍ ആവേഗങ്ങളില്‍ ഓടുന്ന ലോകം കാണാതെ പോകുന്ന ഈ മനുഷ്യരുടെ നെടുനിശ്വാസങ്ങളായിരിക്കണം അനുനിമിഷം ഭൂമിയെ ഇത്രമേല്‍ ചൂടുള്ളതാക്കുന്നത്; ഓസോണ്‍പാളികളില്‍ കൂടുതല്‍ക്കൂടുതല്‍ സുഷിരങ്ങള്‍ വീഴ്ത്തുന്നത്.
പ്രിയപ്പെട്ട മുഹമ്മദ് അബ്ബാസ് താങ്കള്‍ എന്റെ ഛന്ദനാണ്; സുഖസൗകര്യങ്ങളുടെ കൊട്ടാരത്തില്‍പ്പാര്‍ക്കുന്ന ഞാനെന്ന സിദ്ധാര്‍ത്ഥന് താങ്കള്‍ ജീവിതത്തിന്റെ യഥാര്‍ഥമുഖങ്ങള്‍ കാണിച്ചുതന്നു. ദാരിദ്ര്യം, വാര്‍ദ്ധക്യം, രോഗം, ഏകാന്തത, നിസ്സഹായത, വിശപ്പ്, കാമം, പ്രണയം, ഉന്മാദം, ക്രൂരത, കപടത... ജീവിതത്തിന്റെ ഈ ഉരുക്കുചക്രങ്ങളില്‍ അരഞ്ഞ് അപ്രത്യക്ഷമാവുന്ന ജന്മങ്ങള്‍... മാനവചരിത്രത്തിന്റെ അടിക്കുറിപ്പുകളില്‍പ്പോലും പേരുവരാത്തവര്‍. എന്തിനോ ജനിച്ച് എങ്ങിനെയോ ജീവിച്ച് എപ്പോഴോ മാഞ്ഞുപോവുന്നവര്‍. കൊട്ടാരത്തിലേക്ക് മടങ്ങിയാലും ഏത് വര്‍ണപ്പകിട്ടുകള്‍ക്കിടയിലും ഏത് ആഘോഷരാവുകളിലും ആവശ്യങ്ങളുടെ ആധിക്യത്തില്‍പ്പുളയുന്ന നിത്യജീവിത നിമിഷങ്ങളിലും അവ എന്നെ വേട്ടയാടിക്കൊണ്ടിരിക്കും. അനുഭവങ്ങള്‍കൊണ്ട് എന്നെയിങ്ങിനെ പൊള്ളിച്ചതിന് നന്ദി.

എന്റെ വായന കഴിഞ്ഞപ്പോള്‍ ഭാര്യ ശ്രീലക്ഷ്മി മുഹമ്മദ് അബ്ബാസിന്റെ പുസ്തകം എടുത്തുകൊണ്ടുപോയി. ഒരു ദിവസം രാത്രി തീവണ്ടിയാത്ര കഴിഞ്ഞ് എത്തിയ അവള്‍ കിടക്കയിലേക്ക് കമിഴ്ന്ന് വീണുകിടന്ന് കരയാന്‍ തുടങ്ങി. ട്രെയിന്‍ യാത്രക്കിടെ എന്തെങ്കിലും പറ്റിയോ എന്ന് പരിഭ്രമിച്ച് ഞാന്‍ കാര്യം ചോദിച്ചു:
 ''സഹിക്കാന്‍ സാധിക്കുന്നില്ല. അബ്ബാസിന്റെ പുസ്തകം വായിക്കുകയായിരുന്നു ഞാന്‍. ആളുകള്‍ക്ക് മുന്നില്‍ കരയാതിരിക്കാന്‍ പണിപ്പെട്ട് എനിക്ക് ശ്വാസം മുട്ടി...''അവള്‍ കരച്ചിലിനിടയിലൂടെ പറഞ്ഞു. ഞാനെഴുതിയതൊന്നും വായിച്ച് ഇത്രനാളായിട്ടും യാതൊരു ഭാവമാറ്റവും എന്റെ ഭാര്യയില്‍ കണ്ടിട്ടില്ല. അബ്ബാസിന്റെ എഴുത്ത് അവളുടെ മനസ്സിനെ പൊള്ളിച്ചു; നൂറ് കഷണങ്ങളായി ചിതറിച്ചു.
ചോരയില്‍നിന്നും നേരിട്ട് വരുന്ന എഴുത്തിന്റെ ശക്തി. എനിക്കില്ലാത്തതും അതുതന്നെ- എന്റെ ഭാര്യയുടെ കണ്ണീര്‍ സാക്ഷ്യം.
ഈ സംഭവം അബ്ബാസിനോട് പങ്കിട്ടപ്പോള്‍ നിര്‍മ്മമനായി അയാള്‍ പറഞ്ഞു:
''എന്നേക്കാള്‍ കഷ്ടപ്പെടുന്ന എത്രയോപേരുണ്ട് സര്‍. എനിക്ക് എഴുതാനറിയുന്നതുകൊണ്ട് നിങ്ങളത് വായിച്ചു. അക്ഷരങ്ങളോ ഭാഷയോ ഇല്ലാത്ത ആ മനുഷ്യര്‍ ഏതൊക്കെയോ ഇരുട്ടില്‍ നിശ്ശബ്ദം നില്‍ക്കുന്നു. ആരുമറിയാത്തവരായി, ആരുമാവാത്തവരായി.''