
'കഥയിലെ നായികമാർ' എന്ന കോളത്തിലേക്ക് ഈയാഴ്ച ആരെയാണ് കൊണ്ടുവരേണ്ടതെന്ന ചെറിയൊരു കൺഫ്യൂഷനിൽ ഇരിക്കുമ്പോഴാണ് എന്റെ ആദ്യകാല സുഹൃത്തും നല്ലൊരു മനസ്സിന്റെ ഉടമയുമായ എളമക്കര ആന്റണി വിളിക്കുന്നത്. പത്തമ്പത് വർഷം മുൻപ് എന്റെ യൗവനകാലം മുതലുള്ള സൗഹൃദമാണ്. കൈയിൽ കിട്ടുന്ന സിനിമാവാരികകളെല്ലാം വായിക്കുകയും ഒരു സിനിമയും വിടാതെ കാണുകയുമെന്നതാണ് അവന്റെ പ്രധാന ഹോബി.
ഇന്ന് അവൻ ഏകനാണ്. അഞ്ചെട്ട് വർഷങ്ങൾക്ക് മുൻപ് അവന്റെ പ്രിയപ്പെട്ട പത്‌നി അനന്തതയിൽ വിലയം പ്രാപിച്ചതിന്റെ ദുഃഖവും നിരാശയുംപേറി കഴിയുകയാണവൻ. ഇടയ്ക്കിടയ്ക്ക് അവൻ എന്നെ വിളിക്കും. രാത്രിയിലാണ് കൂടുതലും വിളി വരുന്നത്. ഞാൻ ഗൃഹലക്ഷ്മിയിൽ സ്ഥിരമായി എഴുതുന്ന 'കഥയിലെ നായികമാർ' മുടങ്ങാതെ വായിക്കുകയും എന്നെ വിളിച്ച് അഭിപ്രായം അറിയിക്കുകയെന്നതാണ് ഇപ്പോഴത്തെ അവന്റെ ജോലി.
അവൻ എന്നെ വിളിച്ച് ഒരു ആമുഖവുമില്ലാതെ പറഞ്ഞതിങ്ങനെയാണ്.
''എടാ ഡെന്നീ, എനിക്ക് ദൈവത്തിനോട് ഒരു സജഷൻ പറയാനുണ്ട്.''
''ദൈവത്തിനോട് സജഷൻ പറയാനോ? എന്താണത്?''
''ദൈവം ഇനിമുതൽ മനുഷ്യനെ രണ്ട് മനസ്സുള്ളവരായി സൃഷ്ടിക്കണം. ഒന്ന് മറക്കാനും ഒന്ന് ഓർക്കാനും.''
അതുകേട്ട് ഞാൻ പെട്ടെന്ന് ചെറുപരിഹാസത്തോടെ പറഞ്ഞു: ''കൊള്ളാം. നിന്റെ അപാരബുദ്ധിയാണ്. വേഗംതന്നെ മൂപ്പിലാനോട് വിളിച്ച് പറയ്. അങ്ങേര് അവിടെ വേറെ പണിയൊന്നുമില്ലാതെ വെറുതേയിരിക്കയല്ലേ?''
''അതെന്താണ് നീ അങ്ങനെ പറഞ്ഞത്? ഞാൻ പറഞ്ഞത് ശരിയല്ലേ?''
''നീ ഫോൺ വെച്ചിട്ട് പോയെടാ. എനിക്ക് ഗൃഹലക്ഷ്മിയിലെ മാറ്റർ എഴുതാനുണ്ട്.''
ഞാൻ പെട്ടെന്ന് ചൂടായപ്പോൾ അവൻ അപ്പോൾതന്നെ ചിരിച്ചുകൊണ്ട് വിഷയംമാറ്റി. ''ങാ അതുവിട്, നീ ഈ ലക്കം ആരെക്കുറിച്ചാണ് എഴുതുന്നത്?''
''സുഹാസിനി, സുമലത, ജയപ്രദ, മാധവി, രാധ, പ്രിയാരാമൻ, സുചിത്ര, സുജാത, പ്രിയാമണി, നാദിയാമൊയ്തു...തുടങ്ങി ഒത്തിരിപേരുണ്ട്. ഇതിൽ ആദ്യം ആരെക്കുറിച്ച് എഴുതണമെന്ന ഒരു കൺഫ്യൂഷനിലാണ് ഞാൻ.''
''ആരെ വേണമെന്ന് ഞാൻ പറയാം.'' ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അവൻ തുടർന്നു. ''ആ കണ്ണടക്കാരിയെപ്പറ്റി എഴുതിയാലോ, നാദിയാമൊയ്തു.''
''കണ്ണടക്കാരിയോ? അതിന് നാദിയ എപ്പോഴും കണ്ണടവെച്ചുകൊണ്ടല്ലല്ലോ നടക്കുന്നത്?''
''എടാ, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചുവന്ന് മോഹൻലാലിനെ വിരട്ടുന്നില്ലേ? നല്ല രസമുള്ള സീനാണത്.''
ആന്റണി പറയുന്നതിന് മുൻപേതന്നെ എന്റെ മനസ്സിലും നാദിയാമൊയ്തുവായിരുന്നു. എന്റെ മനസ്സ് അറിഞ്ഞതുപോലെയാണ് അവൻ നാദിയയുടെ പേര് പറഞ്ഞത്. ആന്റണിക്ക് അവൻ കണ്ടിട്ടുള്ള ഓരോ സിനിമയും അതിലെ പ്രധാന മുഹൂർത്തങ്ങളും ആർട്ടിസ്റ്റുകളുമൊക്കെ ഇപ്പോഴും മനഃപാഠമാണ്.
ഇനി നാദിയാമൊയ്തുവിന്റെ സിനിമാവഴികളിലൂടെ ഒന്ന് പോകാം. 1985, സാജ് മൂവീസിന്റെ 'മുഹൂർത്തം 11.30'നും, 'ഒരു കുടക്കീഴിലി'നും ശേഷം അവരുടെ അടുത്ത പടമായ 'ഒന്നിങ്ങുവന്നെങ്കിലി'ന്റെ തിരക്കഥ എഴുത്തും താരനിർണയവുമായി ഞാനും എന്റെ സുഹൃത്തും സ്‌ക്രിപ്റ്റ് അസിസ്റ്റന്റുമായ എ.ആർ. മുകേഷും പ്രൊഡക്ഷൻ കൺട്രോളറായ ഷണ്മുഖവും കൂടി മാതാ ടൂറിസ്റ്റുഹോമിൽ ഒത്തുകൂടിയിരിക്കുകയാണ്.
മമ്മൂട്ടി, ശങ്കർ, ലാലു അലക്‌സ്, തിലകൻ, ജഗതി തുടങ്ങിയവരെയെല്ലാം ആദ്യമേതന്നെ ബുക്ക് ചെയ്തിരുന്നു. ഇനി നായികയായി വരുന്ന ഒരു താരമുഖത്തെ മാത്രമേ കണ്ടുപിടിക്കാനുള്ളൂ. അല്പം കുസൃതിയും കുറുമ്പുമായി നടക്കുന്ന ഒരു മോഡേൺ പെൺകുട്ടിയുടെ വേഷമാണത്. അക്കാലത്തെ മലയാളം, തമിഴ്, തെലുഗ് ഭാഷകളിലെ പ്രശസ്ത നായികമാരുടെ രണ്ടുമൂന്ന് രേഖാചിത്രങ്ങൾ കൊണ്ടുവന്ന് കാണിച്ചെങ്കിലും ഞങ്ങളുടെ മനസ്സിലുള്ള കഥാപാത്രത്തിന്റെ രൂപചാതുര്യമുള്ളവരായിരുന്നില്ല അവരാരും.
ഈ സമയത്താണ് ഫാസിൽ സംവിധാനം ചെയ്ത 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' റിലീസാകുന്നത്. ഫാസിലിന്റെ പുതിയ ചിത്രത്തിൽ നായികയായി വരുന്നത് ബോംബെയിലുള്ള നാദിയാമൊയ്തു എന്ന് പേരുള്ള ഒരു പുതുമുഖമാണെന്ന് നേരത്തേതന്നെ ഞങ്ങൾക്കറിയാമായിരുന്നു. ആലപ്പുഴയിൽ 'നോക്കെത്താദൂരത്തി'ന്റെ ഷൂട്ട് നടക്കുമ്പോൾ ഒന്നുപോയി നാദിയാമൊയ്തുവിനെ കാണണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അന്നത് നടന്നില്ല.
ചിത്രം റിലീസായ ദിവസംതന്നെ ഞാനും ജോഷിയുംകൂടി പോയി ആദ്യ ഷോ കണ്ടു. പടം തുടങ്ങി മൂന്നാമത്തെ സീനിലാണ് നാദിയാമൊയ്തുവിന്റെ രംഗപ്രവേശം. കൈയിലും ഷോൾഡറിലും ലെതർ ബാഗും തൂക്കി ബസ്സിൽനിന്ന് ഇറങ്ങുന്നതാണ് ആദ്യത്തെ ഷോട്ട്. ചെറിയൊരു അപരിചിതഭാവത്തോടെ ഓട്ടോ നോക്കിനിൽക്കുമ്പോഴാണ് ആദ്യത്തെ ക്ലോസപ്പ്.
ആദ്യകാഴ്ചയിൽ അത്ര സൗന്ദര്യമൊന്നും തോന്നിയില്ലെങ്കിലും തുടർന്നുള്ള രംഗങ്ങളിൽ ആ മുഖത്ത് ഒരു പ്രത്യേക ആകർഷണവും കൗതുകവും മൗനം മൂടിക്കിടക്കുന്നതുപോലെ എനിക്ക് തോന്നി. ആവശ്യത്തിനുള്ള ഉയരമൊക്കെ ഉണ്ടെങ്കിലും ആള് വളരെ സ്ലിമ്മാണ്.
മോഹൻലാലുമായുള്ള കോമ്പിനേഷൻ സീനെടുക്കാൻ തുടങ്ങിയപ്പോഴാണ് നാദിയയുടെ പ്രകടനപരത ഞങ്ങൾ മനസ്സിലാക്കിയത്. മോഹൻലാലിന്റെ സ്വാഭാവികമായ നടനരീതിക്കും തമാശയ്ക്കും കുസൃതിക്കും ചമ്മലിനുമൊപ്പം നാദിയയും ഗേളി മാത്യു എന്ന കഥാപാത്രമായി മാറുകയായിരുന്നു. ഇതിൽ ഏറ്റവും രസകരമായ രംഗം ഗേളി കറുത്ത വസ്ത്രവും കറുത്ത കണ്ണടയും ധരിച്ചുകൊണ്ട് ശ്രീകുമാറെന്ന മോഹൻലാൽ കഥാപാത്രത്തെ കാണാൻ വരുന്നതാണ്. സംസാരത്തിനിടയിൽ കറുത്ത കൂളിങ് ഗ്ലാസിനെക്കുറിച്ച് ശ്രീകുമാർ ചോദിക്കുമ്പോൾ ഗേളി പറയുന്ന ഒരു ഡയലോഗുണ്ട്:
''ഈ കണ്ണാടി ഒരു പ്രത്യേക തരമാ.''
''എന്ത് പ്രത്യേകതയാണ്?''
''ഇത് വെച്ചാൽ പുറത്തിരിക്കുന്നവരുടെ ശരീരംമാത്രമേ കാണൂ. സാറ് ധരിച്ചിരിക്കുന്ന ഡ്രസ്സൊന്നും എനിക്ക് കാണാനാകില്ല. ഓൺലി യുവർ നേക്കഡ് ബോഡി.''
തുടർന്ന്, ഇതേപോലെ കറുത്ത കണ്ണാടിയും വെച്ചുകൊണ്ട് മോഹൻലാലിനെ പേടിപ്പിക്കുന്നതും വിരട്ടുന്നതുമായ രംഗങ്ങളിൽ നാദിയാമൊയ്തുവിന്റെ അതിശയിപ്പിക്കുന്ന പ്രകടനംകൂടി കണ്ടപ്പോൾ, ഞങ്ങളുടെ കഥാപാത്രത്തിന് ഏറ്റവുമനുയോജ്യമായ നായികാതാരം നാദിയയാണെന്ന് ഞങ്ങൾക്ക് തോന്നുകയും ചെയ്തു.
ചിത്രത്തിന്റെ ഇടവേളയായപ്പോൾ ഒട്ടും ഇടവേള വരുത്താതെത്തന്നെ ഞങ്ങൾ 'ഒന്നിങ്ങ് വന്നെങ്കിൽ' എന്ന ചിത്രത്തിൽ നായികയായി നാദിയാമൊയ്തുവിനെ ഫിക്‌സ് ചെയ്യുകയും ചെയ്തു.
പിന്നെയെല്ലാം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങിയത്. പിറ്റേന്ന് രാവിലെ ഞാനും എ.ആർ. മുകേഷുംകൂടി ആലപ്പുഴയിൽ പോയി ഫാസിലിനെ കണ്ടു. നാദിയാമൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഞാനും ഫാസിലും തമ്മിൽ 'മഞ്ഞിൽ വിരിഞ്ഞ പൂവി'ന്റെ കാലംതൊട്ടേ അടുത്തറിയാവുന്നവർ ആയിരുന്നതുകൊണ്ട്, 'ഒന്നിങ്ങുവന്നെങ്കിൽ' എന്ന സിനിമയുടെ കഥ കേട്ടശേഷം ഫാസിൽ ബോംബെയിലുള്ള നാദിയയുടെ വാപ്പ മൊയ്തുവിനെ വിളിച്ച് ഞങ്ങളുടെ ഡേറ്റ് ഓക്കെയാക്കിത്തന്നു.
ഈ ചിത്രത്തിന്റെ ഷൂട്ടിങ് തേക്കടിയിൽവെച്ചായിരുന്നു. അവിടത്തെ ആര്യാനിവാസിലായിരുന്നു ആർട്ടിസ്റ്റുകളെല്ലാവരും താമസിച്ചിരുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേന്ന് വൈകീട്ടുതന്നെ വാപ്പ മൊയ്തുവിനോടൊപ്പമാണ് നാദിയ ഹോട്ടലിലെത്തിയത്. അവിടെവെച്ചാണ് കഥയും കഥാപാത്രത്തെക്കുറിച്ചുമൊക്കെ ഞാൻ പറഞ്ഞുകൊടുത്തത്. ബോംബെയിൽ ജനിച്ചുവളർന്നതാണെങ്കിലും മലയാളത്തിന്റെ ചൂടും ചൂരുമൊന്നും ഒട്ടും വിട്ടുപോകാത്ത വളരെ ഹൃദ്യമായ സംസാരവും പെരുമാറ്റവുമായിരുന്നു നാദിയയുടെത്.
ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരു കുടുംബസംഗമവേദികൂടി ആയിരുന്നു ആ ലൊക്കേഷൻ. ജോഷിയുടെയും മമ്മൂട്ടിയുടെയും എന്റെയും കുടുംബങ്ങളെല്ലാം ഒത്തുചേരാനുള്ള ഒരു അപൂർവാവസരമാണ് ലഭിച്ചത്. ആകസ്മികതയുടെ ആകത്തുകയാണല്ലോ ജീവിതം.
ഈ ചിത്രത്തിൽ നാദിയയുടെ കൂട്ടുകാരിയുടെ വേഷം ചെയ്തിരുന്നത് ലിസിയാണ്. അവരുടെ സൗഹൃദം നാദിയ തമിഴ്സിനിമകളിൽ അഭിനയിക്കാൻവേണ്ടി മദ്രാസിൽ ചെന്നപ്പോൾ വീണ്ടും വളർന്നു.
'ഒന്നിങ്ങ് വന്നെങ്കിലി'ന്റെ ഷൂട്ടിങ് തീരുന്നതിനുമുൻപുതന്നെ, അടുത്ത പടം ചെയ്യണമെന്ന ആവശ്യവുമായി നിർമാതാവ് സാജൻ, ജോഷിയെയും എന്നെയും ലൊക്കേഷനിൽ വന്നുകണ്ടു. അതിലും മമ്മൂട്ടിയെത്തന്നെ വേണമെന്നായിരുന്നു സാജന്റെ പ്രധാന ആവശ്യം. എന്നാൽ, മമ്മൂട്ടി നേരത്തേതന്നെ മൂന്നാല് നിർമാതാക്കൾക്ക് കോൾ ഷീറ്റ് കൊടുത്തതുകൊണ്ട്, ഞങ്ങളുടെ പുതിയ പടത്തിൽ സഹകരിക്കാനായില്ല.
അതുവരെ മലയാളസിനിമയിൽ ഇല്ലാതിരുന്ന വൈഡ് റിലീസിന് തുടക്കംകുറിച്ച ആദ്യചിത്രം കൂടിയായിരുന്നു 'ഒന്നിങ്ങ് വന്നെങ്കിൽ'. അന്നൊക്കെ മെയ്ൻ സ്റ്റേഷനിൽ (തിയേറ്റർ) പന്ത്രണ്ടോ പതിന്നാലോ പ്രിന്റുകളിൽ കൂടുതൽ ഒരു സിനിമയും റിലീസ് ചെയ്യില്ലായിരുന്നു. എന്നാൽ, ഈ ചിത്രം ഇരുപതിലധികം സ്റ്റേഷനിലാണ് റിലീസ് ചെയ്തത്. ആദ്യമായാണ് എറണാകുളത്ത് ഷേണായീസിലും പദ്മയിലും ഒരേദിവസം ഒരു ചിത്രം പ്രദർശിപ്പിച്ചത്. ആ ചിത്രം വൻവിജയമായി മാറുകയും ചെയ്തു.
'ഒന്നിങ്ങ് വന്നെങ്കിൽ' റിലീസായ ഒരുമാസത്തിനുള്ളിൽത്തന്നെയാണ് സാജ് മൂവീസിന്റെ 'വന്നു കണ്ടു കീഴടക്കി!'യുടെ ഷൂട്ടിങ്ങും മദ്രാസിൽ ആരംഭിച്ചത്. ഇതിലും നായിക നാദിയാമൊയ്തുതന്നെ ആയിരുന്നു. ശങ്കറായിരുന്നു നായകൻ. കൂടാതെ ലക്ഷ്മി, സോമൻ, മണിയൻപിള്ള രാജു, ബൈജു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. 'ഒന്നിങ്ങ് വന്നെങ്കിലി'ലും 'വന്നു കണ്ടു കീഴടക്കി!'യിലും കൂടി വന്നതോടെ, നാദിയാമൊയ്തുവിന്റെ മാർക്കറ്റ് വാല്യു കൂടുകയായിരുന്നു. ഇതേത്തുടർന്ന് മലയാളത്തിനുപുറമേ നാലഞ്ച് തമിഴ്-തെലുഗു സിനിമകളും നാദിയയെ തേടിയെത്തി.
ശിവാജി ഗണേശൻ, രജനീകാന്ത്, വിജയകാന്ത്, ശിവകുമാർ, സത്യരാജ്, ജയശങ്കർ, രവിമോഹൻ, സുന്ദർ സി. തുടങ്ങിയ തമിഴ്‌സിനിമയിലെ സൂപ്പർതാരങ്ങളോടൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം മലയാളിനടിമാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് നാദിയാ മൊയ്തു.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how Nadiya Moidu`s iconic role in `Nokkethadhoorathu kannum nattu` led to her breakthrough in Malayalam cinema and beyond
Published: 06 Feb 2026, 12:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented