ഏകാന്തത (loneliness) യെക്കുറിച്ചും ഒറ്റപ്പെടലിനെ (aloneness) നെക്കുറിച്ചും ഓഷോ രജനീഷ് പറഞ്ഞത് വായിക്കുകയായിരുന്നു ഞാൻ.

To advertise here,

''ഒറ്റയ്ക്കാവുക എന്നത് അടിസ്ഥാനപരമാണ്. അതാണ് നിങ്ങളുടെ സത്ത. അമ്മയുടെ ഗർഭപാത്രത്തിൽ നിങ്ങൾ ഒറ്റയ്ക്കാണ്. മനശ്ശാസ്ത്രജ്ഞർ പറയുന്നു: നിർവാണം, ബോധോദയം, സ്വർഗം, മോക്ഷം എന്നിവയ്ക്ക് വേണ്ടിയുള്ള അഭിലാഷത്തിന് അമ്മയുടെ ഗർഭപാത്രത്തിലെ ഓർമ്മകളുമായി ഏറെ ബന്ധമുണ്ട്. സമ്പൂർണമായ ഒറ്റപ്പെടൽ എന്താണ് എന്ന് നിങ്ങൾക്കറിയാം, ആ അനുഭവം അറിയാം. നിങ്ങൾ ഒറ്റയ്ക്കാണ്, നിങ്ങൾ ദൈവമാണ്. മറ്റാരും അവിടെയില്ല. ഒരാളും നിങ്ങളെ ശല്യപ്പെടുത്തുന്നില്ല, ഒരാളും തടസ്സപ്പെടുത്തുന്നില്ല. നിങ്ങളാണ് എല്ലാം. സംഘർഷങ്ങളില്ലാതെ അത് സഹജമാവുന്നു. അവിടെ ഭാഷയില്ല, നിശ്ശബ്ദത മാത്രം. നിങ്ങൾ നിങ്ങളിൽ രമിച്ചിരിക്കുന്നു. ഇത് നിങ്ങൾ ബോധപൂർവമായി അറിയുന്നതല്ല, നിങ്ങളുടെ അബോധത്തിന്റെ ആഴത്തിൽ അത് രേഖപ്പെടുത്തിയിരിക്കുന്നു...''

തനിച്ചിരിക്കാൻ പേടിക്കുന്ന എത്രയോ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. എപ്പോഴും അവർക്ക് ഒരു ആൾക്കൂട്ടത്തിന്റെ കവചം വേണം. ചുറ്റിലും ആളുകളുടെ ശബ്ദം കേൾക്കണം. ഒറ്റപ്പെടൽ അവരെ ഭ്രാന്തുപിടിപ്പിക്കും. എപ്പോഴും അവർ സംഘം ചേർന്നായിരിക്കും സഞ്ചരിക്കുക. ഏകാന്തത എന്ന വാക്കുതന്നെ ഇത്തരക്കാർക്ക് അലർജിയായിരിക്കും. അത്തരക്കാർ എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നവരുമായിരിക്കും. കാരണം ഏകാന്തതയെയും ഒറ്റപ്പെടലിനെയും പേടിക്കുന്നതുപോലെ മൗനത്തെയും അവർ ഭയക്കുന്നു. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ആന്തരികമായ സുഖം നുകർന്നാൽ ഈ രണ്ട് അവസ്ഥകളെയും എപ്പോഴും നിങ്ങൾ ഒപ്പം കൊണ്ടുനടക്കും. ഏത് നിമിഷവും അതിൽപ്പെടാൻ നിങ്ങൾ സജ്ജരായിരിക്കും. ഏകാകിയായിരിക്കുന്നതും ഒറ്റപ്പെടുന്നതും തമ്മിൽ വളരെ നേരിയ വ്യത്യാസമുണ്ട്. ആദ്യത്തേത് സ്വയമേവ സംഭവിക്കുന്നതാണ്; രണ്ടാമത്തേത് ചിലപ്പോഴെങ്കിലും അടിച്ചേൽപ്പിക്കപ്പെടുന്നതാണ്. ഇത് രണ്ടും ഞാൻ അനുഭവിച്ചിട്ടുണ്ട്.

നാൽപ്പത്തിയഞ്ചിലധികം വർഷങ്ങളായി ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട്. ആദ്യ കാലങ്ങളെല്ലാം അലച്ചിലുകളുടെതായിരുന്നു. അക്കാലത്ത് എത്രയോ സിനിമകളിൽ ഞാൻ അഭിനയിച്ചിരിക്കുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ. ഏതൊക്കെയോ സ്ഥലങ്ങൾ. എത്രയോ രാപകലുകൾ. പ്രത്യേക പരിഗണനകളൊന്നുമില്ലാത്ത, ആരുമാവാത്ത കാലം. അജ്ഞാതനായി നടക്കുന്നതിന്റെ ആനന്ദം അനുഭവിച്ച ദിവസങ്ങൾ. അപ്പോഴെല്ലാം ആൾക്കൂട്ടത്തിന്റെ നടുവിലായിരുന്നു ഞാൻ. അന്നെല്ലാം ഷൂട്ടിങ് അങ്ങനെയാണ്. ഒരേ മനസ്സുള്ള സൗഹൃദങ്ങൾ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. തീർച്ചയായും ആ കാലത്തിന് അതിന്റേതായ ഭംഗിയുണ്ടായിരുന്നു. ആ കാലമാണ് എന്നെ ഞാനാക്കിയത് എന്നും ഞാൻ നന്ദിയോടെ തിരിച്ചറിയുന്നു.

എന്റെ അഭിനയജീവിതം പിന്നീട് തെളിഞ്ഞുതുടങ്ങി. തിരക്കുപിടിച്ചതായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് ഞാൻ കയറിപ്പോയി, അല്ലെങ്കിൽ കാലം എന്നെ കയറ്റിയിരുത്തി. പ്രേക്ഷകർ എന്നെ സൂപ്പർതാരം എന്ന് പേരിട്ടുവിളിച്ചു. എന്റെ പൊതുജീവിതത്തിന് ഞാൻപോലുമറിയാതെ പല നിയന്ത്രണങ്ങളും നിബന്ധനകളും നിർബന്ധമായി വന്നു. ആൾക്കൂട്ടത്തിലെ എന്റെ ജീവിതകാലം കഴിഞ്ഞു എന്ന കാര്യം വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. പതുക്കെപ്പതുക്കെ ഞാൻ തനിച്ചാവാൻ തുടങ്ങി.

ആദ്യമൊക്കെ ഈ അവസ്ഥ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഒറ്റയ്ക്കിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ ആരോടെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം എന്ന തോന്നലുണ്ടാവും. എന്റെ തീവണ്ടിയാത്രകൾ നിലച്ചു. ഒരിടത്തുനിന്ന് ഒരിടത്തേക്ക് കൂട്ടിലടച്ചതുപോലെ എനിക്ക് യാത്ര ചെയ്യേണ്ടി വന്നുതുടങ്ങി. അതിപ്പോൾ അതിന്റെ പാരമ്യാവസ്ഥയിൽ തുടരുന്നു.

പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്ന ഈ സമയത്താണ് ഞാൻ ഓഷോയെ വായിച്ചും കേട്ടും തുടങ്ങിയിരുന്നത്. ഓഷോ വലിയ വ്യാപ്തിയിൽത്തന്നെ മൗനം, ഏകാന്തത, ഒറ്റപ്പെടൽ എന്നിവയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഓഷോയുടെ ദർശനത്തിന്റെ അടിസ്ഥാനമായ ധ്യാനത്തിന്റെ സവിശേഷതതന്നെ ആഴത്തിലുള്ള മൗനമാണ്. ആഴത്തിലുള്ള മൗനം നിങ്ങളെ ഏകാന്തതയിലെത്തിക്കും. ഏകാന്തതയുമായി പ്രണയത്തിലാവാനാണ് ഓഷോ പഠിപ്പിക്കുന്നത്. ഈ അവസരത്തിലാണ് അമ്മയുടെ ഗർഭപാത്രത്തിലെ ഏകാന്തതയെക്കുറിച്ച് അദ്ദേഹം പറയുന്നത്. ഓഷോ തുടരുന്നു:

''...ഗർഭപാത്രം കുഞ്ഞിന് ആവശ്യമായ താപനില ഒരുക്കുന്നു. അമ്മയ്ക്ക് തണുത്താലും അത് കുഞ്ഞിനെ ബാധിക്കുന്നില്ല. ഇളംചൂടോടെ, ആശങ്കകളോ ആകുലതകളോ ഇല്ലാതെ, ഉത്തരവാദിത്വങ്ങളേതുമില്ലാതെ, ഏകാകിയായി കുഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്നു. അമ്മയെക്കുറിച്ചുപോലും കുഞ്ഞ് ബോധവാനല്ല. ഈ സംസ്‌കാരം, ഈ മുദ്രണം നിങ്ങളിൽ തുടരുന്നു. നിങ്ങൾ സമൂഹത്തിലേക്ക് വരുന്നതിനുമുൻപുള്ള നിങ്ങളുടെ യാഥാർഥ്യമിതാണ്. സമൂഹത്തിന് പുറത്തേക്കുപോവുമ്പാൾ വീണ്ടും നിങ്ങൾ തനിച്ചാവുന്നു....''

മരണത്തെക്കുറിച്ചാണ് ഓഷോ രണ്ടാമത്തെ ഏകാന്തതയായി പറയുന്നത്. ജനിക്കുമ്പോഴെന്നപോലെ മരിക്കുമ്പോഴും നിങ്ങൾ തനിച്ചാവുന്നു. ആത്യന്തികമായി തനിച്ചാണ് ഈ ഭൂമിയിൽനിന്ന് നമ്മളെല്ലാവരും യാത്രയാവുന്നത്. ഈ രണ്ട് ഏകാന്തതകൾക്കിടയിൽ നിങ്ങൾ വിവാഹം കഴിക്കുന്നു, കുഞ്ഞുങ്ങളുണ്ടാവുന്നു, എന്തെന്തൊക്കെയോ സംഭവിക്കുന്നു. പക്ഷേ, അവയെല്ലാം ജീവന്റെയും ജീവിതത്തിന്റെയും അതിരുകളിൽ മാത്രമാണ്. എല്ലാ പാളികൾക്കുമപ്പുറം ആഴത്തിൽ ഓരോ വ്യക്തിയും തനിച്ചാണ്. അതാണ് നിങ്ങളുടെ യഥാർഥ സത്ത. അതിനെ നിങ്ങൾ ചിലപ്പോൾ ആത്മാവ് എന്ന് വിളിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

മുൻപ് ഷൂട്ടിങ്ങുകളിൽ എല്ലാവരും ഒന്നിച്ചുചേർന്നിരിക്കുകയായിരുന്നു പതിവ്. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല. കാരവാനുകളും തനിച്ചിരിക്കാനുള്ള ഇടങ്ങളും വന്നു. അത് ആരുടെയും കുറ്റമല്ല. സ്വഭാവദൂഷ്യവുമല്ല. സ്വകാര്യത പൂർണമായും ഹനിക്കപ്പെടുമ്പോൾ സംഭവിക്കുന്നതാണ്. ഷോട്ട് കഴിഞ്ഞാൽ ഞാനടക്കം പലരും കാരവാനിലേക്ക് മടങ്ങുന്നു. മിക്കപ്പോഴും അവിടെ ഞാൻ തനിച്ചായിരിക്കും. അപ്പോൾ ആ കാരവാൻ ഒരു ഗർഭപാത്രമായി ഞാൻ സങ്കല്പിക്കാറുണ്ട്. അഭിനയത്തിൽത്തന്നെ എത്രയോ ഏകാന്തതകൾ ഉൾച്ചേർന്നിരിക്കുന്നു. സംവിധായകൻ ആക്ഷൻ പറയുന്ന നിമിഷം മുതൽ ഓരോ അഭിനേതാവും തനിച്ചാണ്. തന്റെ മാത്രം ലോകത്താണ്. അത് ധ്യാനത്തോളം ഉയർന്ന അവസ്ഥയാണ്. അതിൽനിന്ന് പുറത്തുവരുമ്പോൾ നാം മറ്റൊരു മനുഷ്യനാവുന്നു. ഓരോ ഷോട്ടിനുമിടയിൽ അഭിനേതാവ് ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.

പോകുന്നിടങ്ങളിലെല്ലാം ആൾക്കൂട്ടം എന്നെ പൊതിയുന്നു. എല്ലാം അവരുടെ സ്‌നേഹം കൊണ്ടാണ്. ദൈവം അനുഗ്രഹിച്ചുതന്ന ഭാഗ്യമായാണ് ഞാൻ അതിനെ കരുതുന്നത്. ഹോട്ടൽമുറിയുടെ പുറത്ത് ലോബിയിൽപ്പോലും പ്രിയപ്പെട്ടവർ കാത്തുനിൽക്കുന്നു. ഇതിനിടയിൽനിന്നുകൊണ്ടാണ് ഞാൻ എന്റെ ഏകാന്തതയുടെ തുരുത്തുണ്ടാക്കുന്നത്. പാർക്കുന്ന മുറിയെയും ഗർഭപാത്രംപോലെ ഞാൻ സങ്കല്പിക്കുന്നു. അവിടെവെച്ച് ഞാനെന്റെ അടിസ്ഥാനസ്വത്വവുമായി സന്ധിക്കുന്നു. ചുറ്റുപാടുകളുടെ കഠിനമായ സമ്മർദം കാരണം ഏകാന്തതയിൽ അകപ്പെട്ടുപോയ ആളാണ് ഞാൻ. അകപ്പെട്ടപ്പോൾ ഞാനതിനെ പ്രണയിക്കാൻ തുടങ്ങി. അതിന്റെ ലഹരി അറിഞ്ഞുതുടങ്ങി. മാറിയ കാലത്ത് കുറെ ജീവിതസന്ദർഭങ്ങളിൽ ഞാനും ഒറ്റപ്പെടുത്തപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും മനഃപ്രയാസത്തിനപ്പുറം എനിക്കൊന്നും സംഭവിച്ചിട്ടില്ല. കാരണം ഏകാന്തതയുടെ ആനന്ദത്തിന്റെ തുടർച്ചയാണ് ഒറ്റപ്പെടലിന്റെ അനുഭൂതി. എവിടെവെച്ചും ഏതുനിമിഷവും ഏകാന്തതയിലേക്ക് ആഴ്ന്ന് മുങ്ങാൻ എനിക്കിപ്പോൾ സാധിക്കാറുണ്ട്. അതൊരു ആന്തരിക കലയാണ്.

എല്ലാ മനുഷ്യരും ഒരു ഘട്ടം കഴിഞ്ഞാൽ വാർധക്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങും. ഞാനും അതേക്കുറിച്ച് ആലോചിക്കാറുണ്ട്. വാർധക്യം ഏകാന്തതയുടെതും ഒറ്റപ്പെടലിന്റെതുമാണ്. എത്രയൊക്കെ സഹായികളുണ്ടെങ്കിലും കാലം കാത്തുള്ള കിടപ്പിൽ ഏകാന്തതെ വന്ന് നമ്മെയെല്ലാവരെയും വലയം ചെയ്യും. പ്രത്യേകിച്ച് ഇന്നത്തെപ്പോലെ തിരക്കുപിടിച്ച കാലത്ത്. കണ്ണുകൾ കാണാതാവും ചെവികൾ കേൾക്കാതാവും. നിങ്ങൾ പഴയ ആ കുഞ്ഞിന്റെ അവസ്ഥയിലേക്ക് തിരിച്ചുപോവും. ജീവിതത്തിൽ തനിച്ചാവലിന്റെ ഒരു വൃത്തം പൂർത്തിയാവുന്നു. ആ വൃത്തത്തിന് പുറത്തുകടന്ന് മരണത്തിലേക്ക് നിങ്ങൾ തനിച്ചുതന്നെ യാത്രയാവുന്നു. വാർധക്യത്തിന്റെ ആ അവസ്ഥയ്ക്ക് മുന്നേ അത് പരിശീലിക്കുന്നത് നല്ലതാണ്. ധ്യാനത്തിലൂടെ മാത്രമേ ഇതിന് സാധിക്കൂ

ആഴത്തിലുള്ള ഏകാന്തതയെ ബുദ്ധൻ നിർവാണ എന്നാണ് വിളിച്ചിരുന്നത് എന്ന് ഓഷോ പറയുന്നു. ഏകാന്തതയിലൂടെയാണ് അദ്ദേഹം നിർവാണയിലേക്ക് പ്രവേശിച്ചത്. മഹാവീരൻ അതിനെ കൈവല്യ എന്നുപറയുന്നു. കൈവല്യത്തിന്റെയും ഭാവം പരമമായ ഏകാന്തത തന്നെ. ജീവിതത്തിന്റെ എല്ലാ കാര്യങ്ങളുടെയും ഏറ്റവും ഉള്ളിലൂടെ ഏകാന്തതയുടെ നൂൽ കടന്നുപോവുന്നുണ്ട്. സംഭവങ്ങൾ ആ നൂലിൽ കോർത്ത മുത്തുകളാണ്.

ഒരു പരീക്ഷണമെന്ന നിലയ്ക്ക് നിങ്ങൾ ദിവസത്തിൽ കുറച്ചുസമയം തനിച്ചിരുന്ന് നോക്കുക. മൗനത്തിലാഴുക. അത് തരുന്ന ഊർജം അപാരമാണ്. അത് നിങ്ങളെ പൂർണമായും നവീകരിക്കും. അപ്പോൾ നിങ്ങൾ പുതിയ ഉദയങ്ങൾ കാണും. ജനിച്ച കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കനോ നിഷ്‌കളങ്കയോ ആവും. ആരോടും അസൂയയോ പകയോ വിദ്വേഷമോ ഉണ്ടാവില്ല. സ്വന്തം സത്തയുടെ ശക്തി നിങ്ങൾ തിരിച്ചറിയും. ഇത്തരത്തിൽ തനിച്ചിരിക്കാനും ഒറ്റപ്പെടാനും സാധിക്കുന്നയാളെ തോൽപ്പിക്കാൻ ലോകത്തെ ഒന്നിനുമാവില്ല. കാരണം അയാൾ അയാളിൽത്തന്നെ സംതൃപ്തനാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi