
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ്, ജൂണ്‍ മാസത്തിലെ മഴചാറുന്ന ഒരു പകലില്‍ മാതൃഭൂമിയുടെ കോട്ടയ്ക്കല്‍ ഓഫീസിലേക്ക് ഒരു കത്തുവന്നു. ഇളംനീല ഇന്‍ലെന്‍ഡില്‍, ഇടറാത്ത അക്ഷരങ്ങളില്‍ നിറച്ചെഴുതിയ എഴുത്തായിരുന്നു അത്. വടിവൊത്ത മലയാളവും ഇംഗ്ലീഷും അതില്‍ കൂടിക്കലര്‍ന്നിരുന്നു. കത്തിന്റെ സാരം ഇതായിരുന്നു:
''എന്റെ പേര് രാധ എന്നാണ്. കുറ്റിപ്പുറത്താണ് വീട്. ഞാന്‍ മദിരാശിയില്‍ ഡോക്ടറായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ രോഗിണിയാണ്. എനിക്കില്ലാത്ത രോഗങ്ങളില്ല. നിവൃത്തികെട്ട് ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചുപോയി. അനുജത്തിയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. തുച്ഛവരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് അധികകാലം എന്നെ പരിപാലിക്കാനോ ചികിത്സിക്കാനോ സാധിക്കില്ല. എല്ലാവര്‍ക്കും ഒരു ഭാരമാവുന്നതിനുമുന്‍പ് മാതൃഭൂമി എന്നെ രക്ഷിക്കണം. ഞാനിങ്ങനെയൊരു കത്തെഴുതിയത് അനുജത്തി അറിയരുത്. അവള്‍ക്ക് വേദനിക്കും. അവര്‍ നിസ്സഹായരാണ്.''
മാതൃഭൂമിയുടെ അന്നത്തെ മലപ്പുറം ന്യൂസ് എഡിറ്റര്‍ എം.പി. സുരേന്ദ്രന്റെ കൈയിലിരുന്ന് ആ കത്ത് ഒരു നീലത്തീനാളംപോലെ എരിഞ്ഞു. ചാറ്റല്‍മഴ ജനലിനപ്പുറം പെരുമഴയായി വളര്‍ന്നിരുന്നു.
''ഒന്ന് പോയി അന്വേഷിച്ചുകൂടേ?'', പത്രപ്രവര്‍ത്തനത്തില്‍ തുടക്കക്കാരനായ എന്നോട് ന്യൂസ് എഡിറ്റര്‍ ചോദിച്ചു.
പിറ്റേന്ന് മഴ മാറിനിന്ന പകലില്‍ ഞാനും മാതൃഭൂമിയുടെ ഫോട്ടോഗ്രാഫറായ കെ. അബൂബക്കറും കുറ്റിപ്പുറത്തേക്ക് തിരിച്ചു. പറഞ്ഞ വിലാസത്തിലിറങ്ങി വീട് കണ്ടുപിടിച്ചു. ചെറിയ വീടായിരുന്നു. മുറ്റത്ത് പയര്‍ച്ചെടികള്‍ നട്ടിരുന്നു. ചുമരുകള്‍ അലങ്കാരങ്ങളേതുമില്ലാതെ നഗ്‌നമായിരുന്നു. ഡോ. രാധയുടെ അനുജത്തിയും അങ്ങാടിയില്‍ ചെറിയ വര്‍ക്ക് ഷോപ്പ് നടത്തുന്ന അവരുടെ ഭര്‍ത്താവും അവിടെയുണ്ടായിരുന്നു. അവര്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
അകത്ത്, ഇരുട്ടുനിറഞ്ഞ ഒരു മുറിയിലാണ് ഞങ്ങളെത്തിയത്. ആ ഇരുട്ടിനുള്ളില്‍ മനുഷ്യനിശ്വാസത്തിന്റെ നേര്‍ത്ത കമ്പനമുണ്ടായിരുന്നു. ''മാതൃഭൂമിയില്‍നിന്ന് ആരൊക്കെയോ വന്നിരിക്കുന്നു'' എന്ന് അനുജത്തി പറഞ്ഞപ്പോള്‍, ഇരുട്ടില്‍നിന്ന് ചെറുതായി ആരോ ഞരങ്ങി. അനുജത്തി അധികം പ്രകാശമില്ലാത്ത ലൈറ്റിട്ടു. ''ചേച്ചിക്കിപ്പോള്‍ വെളിച്ചം കൂടുതല്‍ പറ്റില്ല. കടുത്ത തലവേദനയാണ്...''
അകത്തുപരന്ന വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ട കാഴ്ച ഇതായിരുന്നു: ചിത്രപ്പുള്ളികള്‍ തുന്നിയ നൈറ്റി ധരിച്ച്, കട്ടിച്ചില്ലുള്ള കണ്ണടവെച്ച്, മെലിഞ്ഞ് ശോഷിച്ച ഒരു സ്ത്രീ കട്ടിലില്‍ക്കിടക്കുന്നു. ആ മുറിക്ക് മരുന്നിന്റെ ഗന്ധമായിരുന്നു. കറുത്ത തൊപ്പിയും കോട്ടും ധരിച്ച് ഏതോ കോണ്‍വൊക്കേഷനില്‍ പങ്കെടുത്ത് നില്‍ക്കുന്ന യുവതിയുടെ ഫോട്ടോ ചുമരില്‍ തൂങ്ങിയിരുന്നു. എന്തൊക്കെയോ നിറച്ച ഒരു ബാഗ് മുറിയുടെ മൂലയില്‍ ഉണ്ടായിരുന്നു...
തീരെപ്പതിഞ്ഞ ശബ്ദത്തില്‍ ഇംഗ്ലീഷിലായിരുന്നു ഡോ. രാധ സംസാരിച്ചിരുന്നത്. പലപ്പോഴും എന്റെ ചെവി അവരുടെ മുഖത്തിനടുത്തേക്ക് ചേര്‍ത്തുപിടിക്കേണ്ടിവന്നു. കത്തെഴുതിയ കാര്യം അനുജത്തിയോടും ഭര്‍ത്താവിനോടും പറയരുത് എന്ന, ഇംഗ്ലീഷിലുള്ള ആമുഖത്തോടെയാണ് അവര്‍ സംസാരിച്ചുതുടങ്ങിയത്. മരുന്നുകളുടെ മണത്തിനിടയില്‍, മങ്ങിയ വെളിച്ചത്തില്‍, മുറിഞ്ഞുമുറിഞ്ഞ് വീഴുന്ന വാചകങ്ങളില്‍ ഡോ. രാധ അവരുടെ ജീവിതം ഞങ്ങളോടു പറഞ്ഞു:
പള്ളിപ്രം പാടത്തുവീട്ടില്‍ ഗോപാലന്‍കുട്ടിമേനോന്റെയും നാരായണിക്കുട്ടിയമ്മയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തയാളായ രാധ ചെറുപ്പത്തില്‍ത്തന്നെ ശരീരത്തിന്റെ തളര്‍ച്ചയെ ബുദ്ധിയുടെ തീക്ഷ്ണതകൊണ്ട് മറികടന്നിരുന്നു. സ്‌കൂള്‍പഠനത്തിനുശേഷം ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്ന അവര്‍ സസ്യശാസ്ത്രത്തില്‍ ഒന്നാംറാങ്ക് നേടി. തുടര്‍ന്ന് ഓപ്പണ്‍ മെറിറ്റില്‍ കേരളത്തില്‍ ഒന്നാമതായി എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പതിനഞ്ചാം ബാച്ചില്‍ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയവരില്‍ ഒരാളായി പഠനം പൂര്‍ത്തിയാക്കി.
എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് രാധയ്ക്ക് ഹൃദ്രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പഠനാനന്തരം തിരൂരിനടുത്ത് തൃപ്രങ്ങോട് ഗ്രാമത്തില്‍ ഗ്രാമീണരെ ചികിത്സിച്ച് അവര്‍ പ്രാക്ടീസാരംഭിച്ചു. 1980-ല്‍ രാധയ്ക്ക് ഹൃദ്രോഗം മൂര്‍ച്ഛിച്ചു. ഹൃദയസ്തംഭനത്തിന്റെ അടുത്തുവരെയെത്തി. അബോധാവസ്ഥയിലേക്ക് പോയ അവര്‍ ദിവസങ്ങള്‍ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. അല്പകാലത്തിനുശേഷം രാധയ്ക്ക് ഒരു ജീവിതപങ്കാളിയുണ്ടായി. നാട്ടില്‍ തിരിച്ചെത്തി പ്രാക്ടീസ് തുടര്‍ന്ന രാധ ശേഷിച്ച സമ്പാദ്യം മുഴുവനുമെടുത്ത് സഹോദരിക്കും കുടുംബത്തിനും പ്രായമായ മാതാപിതാക്കള്‍ക്കും ജീവിക്കാനായി ഒരു വീടുവെച്ചു. അവരെ അവിടെ പാര്‍പ്പിച്ച് രാധയും ഭര്‍ത്താവും ചെന്നൈയിലേക്ക് പോയി. അവിടെ ഹോട്ടല്‍ മാനേജരായിരുന്നു ഭര്‍ത്താവ്. രാധ അമ്പത്തൂരിലെ ഐവാന്‍ സ്റ്റെഡ്‌ഫോര്‍ഡ് ആശുപത്രിയില്‍ ജോലിക്കുചേര്‍ന്നു.
കുറച്ചുകാലംകൂടി കഴിഞ്ഞപ്പോള്‍ ഡോ. രാധയെത്തേടി രോഗങ്ങള്‍ക്കു പിറകേ രോഗങ്ങള്‍ വന്നു. യൂട്രസിലും ഓവറിയിലും കാന്‍സര്‍; യൂട്രസും ഓവറിയും എടുത്തുമാറ്റി. ഒരുവര്‍ഷത്തിനകംതന്നെ മൂത്രാശയത്തില്‍ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തി. സമ്പാദ്യത്തിന്റെ അവസാനതുട്ടും ചെലവാക്കി അവര്‍ ട്യൂമര്‍ നീക്കംചെയ്തു. മൂന്നുമാസത്തില്‍ കീമോ തെറാപ്പിയുടെ 12 കോഴ്സ്. കടം വാങ്ങി കാന്‍സറിന്റെ തുടര്‍ചികിത്സ തുടങ്ങി. വീണ്ടും യൂറിനല്‍ ബ്ലാഡറില്‍ കാന്‍സര്‍ വളര്‍ന്നു. അവസാനശ്രമമായി അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി. അബ്ഡോമന്‍ സ്‌കാന്‍ചെയ്തപ്പോള്‍ പിത്തസഞ്ചിയില്‍ കല്ലുകള്‍ നിറഞ്ഞിരിക്കുന്നു. ജീവിക്കാന്‍പോലും പണമില്ലാത്ത അവസ്ഥയില്‍ വന്‍ചെലവുവരുന്ന ചികിത്സയെക്കുറിച്ച് ഡോ. രാധയ്ക്ക് ആലോചിക്കാന്‍പോലും സാധിക്കില്ലായിരുന്നു. അവര്‍ നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവ് പിരിഞ്ഞുപോയി.
ഏകാന്തതയുടെ പാരമ്യത്തില്‍ രാധ വിഷഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആറുദിവസം മരണത്തിനും ജീവിതത്തിനുമിടയിലെ ഇരുണ്ട ഇടനാഴിയില്‍ അവര്‍ കാത്തുകിടന്നു. ഒടുവില്‍ വിധി അവരെ ദുരിതജീവിതത്തിലേക്ക് തിരിച്ചുവിളിച്ചു.
ആ അവസ്ഥയിലാണ് അവസാനശ്രമമെന്നനിലയില്‍ അവര്‍ മാതൃഭൂമിക്കെഴുതിയത്. ഫോട്ടോയെടുക്കാനായി ഫ്‌ളാഷുകള്‍ മിന്നിയപ്പോള്‍ ഡോ. രാധ കരഞ്ഞു. അവര്‍ക്ക് അത്രമേല്‍ വയ്യായിരുന്നു. 2002 ജൂണ്‍ 29-ന്റെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജില്‍ ഡോ. രാധയുടെ ജീവിതാവസ്ഥ വാര്‍ത്തയായി വന്നു. പിന്നീടങ്ങോട്ടു സംഭവിച്ചത് അദ്ഭുതങ്ങളായിരുന്നു. ഐ.എം.എ. അടക്കമുള്ള നിരവധി സംഘടനകള്‍ ഡോ. രാധയെ ഏറ്റെടുക്കാനെത്തി. അവരുടെ സഹപാഠികള്‍ വന്നു. കേരളസര്‍ക്കാര്‍ മുന്നിട്ടിറങ്ങി. രാധയെ വീട്ടില്‍നിന്ന്, അവര്‍ പഠിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഓപ്പറേഷനുകള്‍ നടന്നു. മാസങ്ങളിലൂടെ ഡോ. രാധ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാലക്രമത്തില്‍ സര്‍ക്കാര്‍ ഡോ. രാധയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്ന അധ്യാപികയായി ജോലികൊടുത്തു. അവര്‍ പഠിക്കുമ്പോള്‍ താമസിച്ച അതേ ഹോസ്റ്റലില്‍ത്തന്നെ മുറികൊടുത്തു. ഡോ. രാധ ക്ലാസ് മുറിയിലേക്ക് മെഡിക്കല്‍ കോളേജിലെ മരച്ചാര്‍ത്തുകള്‍ നിറഞ്ഞ വഴിയിലൂടെ നടന്നുപോവുന്ന ചിത്രവും വാര്‍ത്തയും മാതൃഭൂമി പ്രസിദ്ധീകരിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം ഡോ. രാധ അധ്യാപികയായി ജോലി പൂര്‍ത്തിയാക്കി വിരമിച്ചു. ചില സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്തു. കരുത്തിന്റെയും സഹനത്തിന്റെയും ഉയിര്‍പ്പിന്റെയും സ്ത്രീരൂപമായി ഡോ. രാധ ഇപ്പോഴും എന്റെ മനസ്സില്‍ ജീവിക്കുന്നു.
സുപരിചിതമായ ഗ്രാമഭവനത്തില്‍, ഓട്ടുവള ചിതറുന്ന കൈത്തണ്ടയും മാന്തളിര്‍പോലുള്ള മേനിയുമായി മാനമ്പള്ളി മനയ്ക്കലെ കുഞ്ഞാത്തോലമ്മ. കൊട്ടും കുരവയും വേദഘോഷങ്ങളുമായി അവളുടെ കുടിവെപ്പ്. തറ്റുടുത്ത്, ഉത്തരീയമിട്ട്, വെളുത്തുനീണ്ട് സൗമ്യമുഖവുമായി വരന്‍. ഓലക്കുടകള്‍ക്കിടയില്‍ മന്ത്രകോടികൊണ്ട് മൂടിയ രൂപം. മൈലാഞ്ചിയിട്ട കാലുകള്‍, മംഗളസൂക്തങ്ങള്‍... ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്‌നിസാക്ഷിയിലെ തേതിക്കുട്ടി.
മറ്റേതോ? കോടമഞ്ഞും കുളിര്‍കാറ്റും യൂക്കാലിപ്റ്റസിന്റെ മണവും കൂടിക്കുഴഞ്ഞ നീലഗിരിക്കുന്നുകളില്‍ ഉറച്ച ശരീരവും തന്റേതായ ശബ്ദവുമായി ഒരു പാല്‍ക്കാരി. ''അവളുടെ കറുത്തുനീണ്ട വിരല്‍ത്തുമ്പുകളിലെ അമ്പിളിത്തുണ്ടുകള്‍.'' ടോര്‍ച്ചടിച്ചതുപോലെ, മിന്നല്‍പ്പിണര്‍പോലെ ചിരി. നിസ്സീമമായ സ്‌നേഹം. ഭൂമിയില്‍ അവള്‍ക്ക് രക്ഷാകര്‍ത്താവായി ദൈവം മാത്രം. ചായ എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ഒറ്റത്തടിയായ പുറംനാട്ടുകാരന് അവള്‍ നല്‍കിയ അന്തസ്സാര്‍ന്ന കരുതല്‍. ഒടുവില്‍ അയാള്‍ സ്ഥലംമാറിപ്പോയപ്പോള്‍ ആരോരുമറിയാതെയുള്ള അവളുടെ കാത്തിരിപ്പ്- ഉറൂബിന്റെ രാച്ചിയമ്മ.
യൗവനം തിളയ്ക്കുന്ന തേതിക്കുട്ടിയില്‍ വികാരങ്ങളുടെയും വിചാരങ്ങളുടെയും വേലിയേറ്റം. ആസക്തികളുടെ കടലിരമ്പം. അതിന് അതിസാത്വികനായ ഭര്‍ത്താവിന്റെ മറുപടി ഇങ്ങനെ:
''മാനമ്പള്ളിയില്ലത്ത് സുഖത്തിനല്ല, ധര്‍മത്തിനാണ് ഗൃഹസ്ഥാശ്രമം. ഭോഗത്തിനല്ല, ത്യാഗത്തിനാണ് ദാമ്പത്യം. ജീവിതം ഒരു യജ്ഞമാണ് കുട്ടീ. അഗ്‌നിഹോത്രമാണ്...'' ഉമിത്തീപോലെ എരിഞ്ഞ് പിന്നീട് അവള്‍ ദേവകി മാനമ്പള്ളിയായി. അവള്‍ പറഞ്ഞു:
''ഞാന്‍ വരാമനിയാ. ഏട്ടനുവേണ്ടി വളരെ ദൂരം പിന്നോട്ടുവരാം. എന്നാല്‍, എനിക്കുവേണ്ടി ഏട്ടന്‍ കുറേ മുന്നോട്ടുവന്നേ കഴിയൂ. പഴയ തേതിക്കുട്ടി ആത്തേമ്മാരായി കുടയുംചൂടി തലയുംതാഴ്ത്തി നടക്കാന്‍ ഇനി എനിക്ക് പറ്റില്ല. ഞാന്‍ സഭയ്ക്ക് പോവും, പ്രസംഗിക്കും. അയിത്തം പാലിക്കില്ല. ഏട്ടനും അമ്മയ്ക്കും ഇതൊക്കെ രസാവ്വോ? സ്വജനങ്ങള് സമ്മതിക്ക്യോ? മാനമ്പള്ളിയില്ലത്തെ നാലുകെട്ടിനകത്ത് കൂട്ടോം കുറീംണ്ടാക്കാന്‍ പാടില്ല. ഏട്ടന്‍ വിളിച്ചാല്‍ വരാം. പക്ഷേ, പ്രായശ്ചിത്തം ചെയ്യില്ല. ഈ വിവരം പറയൂ. സമ്മതിച്ചാല്‍ വരാം...'' കാലം ദേവകി മാനമ്പള്ളിയെ ദേവീബഹനാക്കി. ഹിമശൃംഗങ്ങളുടെ നിഴലില്‍ അവള്‍-
''...പശുക്കളും പട്ടികളും കുതിരകളും കഴുതകളും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉരുമ്മിയുരുമ്മിയൊഴുകുന്ന ആ വൃത്തികെട്ട ഗലികളിലൂടെ ഏഴ് രാപകലുകള്‍ അലഞ്ഞുനടന്നു. അറുപത്തിനാല് സ്‌നാനഘട്ടങ്ങളിലും മുഴുകി പാപം കളഞ്ഞു. (എന്തായിരുന്നു പാപം?) ആയിരത്തെട്ട് ശിവലിംഗങ്ങള്‍ തൊഴുതു. ഊണുറക്കമില്ലാതെ പ്രാര്‍ഥിച്ചു. എന്നിട്ടും ശാന്തി കൈവന്നില്ല. ഒടുവില്‍ ഒരര്‍ധരാത്രിയില്‍ കേദാര്‍ഘട്ടത്തിലെ കല്‍പ്പടവുകളില്‍ മുട്ടോളം വെള്ളത്തില്‍ കാല്‍വെച്ച് ആലോചിക്കുകയായിരുന്നു. കുതിച്ചൊഴുകുന്ന നദിയില്‍ ആകാശഗംഗയിലെ നക്ഷത്രങ്ങള്‍ പ്രതിഫലിച്ച് ഇളകിയിരുന്നു. വിശ്വപ്രകൃതിയുടെ ഘനഗംഭീരരൂപം! കൈകൂപ്പി വളരെനേരമിരുന്നു. മരിക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. എങ്കിലും കാലുകള്‍ കൂടുതല്‍ കൂടുതല്‍ വെള്ളത്തിലാണ്ടുപോയി. അരക്കെട്ട് നനഞ്ഞു. മുലവരെയായി. അപ്പോള്‍ തോളില്‍പ്പിടിച്ചുനിര്‍ത്തിയതാരാണ്? വിശ്വനാഥനോ? വിധിയോ? ഗുരുവോ?''
ദേവകി മാനമ്പള്ളി ദേവീബഹനായി ഉയിര്‍ത്തു... ധര്‍മാധര്‍മങ്ങള്‍ക്കിടയിലെ ധര്‍മസങ്കടങ്ങള്‍... രാച്ചിയമ്മയോ? കുന്നിന്‍ചരിവിലെ ഏകാന്തതയില്‍ ഉള്ളംതുളുമ്പി കൈയില്‍ക്കയറിപ്പിടിച്ച പുരുഷനോട് അവള്‍ പറഞ്ഞു:
''തള്ള ചാവുമ്പോള്‍ പറഞ്ഞ വാക്കാണ്. നമ്മള്‍ കാവില്‍പ്പോയി മഞ്ഞപ്രസാദം തൊട്ട് സത്യംചെയ്തു, വഴിപിഴയ്ക്കില്ലെന്ന്... ഇനി ഇഷ്ടംപോലെ... നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും... വഴങ്ങാം... പക്ഷേ, ഒന്നുണ്ട്- അതുകഴിഞ്ഞാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല... ഇനി ഇഷ്ടംപോലെ...''
അവളുടെ വാക്കുകള്‍ക്കുമുന്നില്‍ കാമിയായ പുരുഷന്‍ നിന്ന് കത്തി. അയാള്‍ കുന്നിറങ്ങിപ്പോയിട്ടും അവള്‍ അയാളെ ഓര്‍ത്തു. അയാള്‍ അവളെ മറന്നു. അവള്‍ അയാളുടെ മകള്‍ക്കുവേണ്ടി ബാങ്കില്‍ പണം നിക്ഷേപിച്ചു. രാച്ചിയമ്മയ്ക്കുമുന്‍പില്‍ പുരുഷന്‍ തകര്‍ന്നു.
എപ്പോള്‍ വായിച്ചാലും കരഞ്ഞുപോവുന്ന രചനകള്‍. ഒരുകൈകൊണ്ട് കുഞ്ഞിന്റെ തൊട്ടിലാട്ടിക്കൊണ്ടാണ് താന്‍ പല രചനകളും നിര്‍വഹിച്ചതെന്ന് ലളിതാംബിക അന്തര്‍ജനം പറഞ്ഞിട്ടുണ്ട്. അവര്‍ ഫെമിനിസ്റ്റായിരുന്നോ എന്ന് അറിയില്ല. അന്തര്‍ജനത്തിനും അതിഗംഭീരയായ ഒരു സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ച ഉറൂബിനും വന്ദനം.
* * * *
ഹുബ്ബള്ളിയിലെ ബി.വി.ബി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ 150 കുട്ടികളില്‍ 149 പേരും പുരുഷന്‍മാരായിരുന്നു. ഒരാള്‍മാത്രം സ്ത്രീ. അവരുടെ പേര് സുധ. ആദ്യമായിട്ടാണ് ആ കോളേജില്‍ എന്‍ജിനീയറിങ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി വരുന്നത്. ''കോളേജില്‍ ലേഡീസ് റൂമില്ല. സ്ത്രീകള്‍ക്ക് ശൗചാലയമില്ല. ചുറ്റിലും ചെറുപ്പക്കാരാണ്. അത് മകള്‍ക്ക് ബുദ്ധിമുട്ടാവും. ഒന്ന് മകളെ പറഞ്ഞ് മനസ്സിലാക്കൂ...'' കോളേജ് അധികൃതര്‍ സുധയുടെ അച്ഛന്‍ ഡോ. കുല്‍ക്കര്‍ണിയോട് പറഞ്ഞു. അദ്ദേഹം മകളെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവള്‍ വഴങ്ങിയില്ല. 149 പുരുഷന്‍മാര്‍ക്കിടയില്‍ ഇരുന്ന് അവള്‍ പഠിച്ചു. അവരുടെ പരിഹാസങ്ങളെ പുഞ്ചിരിയോടെ നേരിട്ടു. ഉച്ചയ്ക്ക് അവള്‍ മുക്കാല്‍ മണിക്കൂര്‍ വീട്ടിലേക്കു നടന്ന് ഭക്ഷണം കഴിച്ചു, ശൗചാലയത്തില്‍പ്പോയി, മുക്കാല്‍ മണിക്കൂര്‍ തിരിച്ച് കോളേജിലേക്ക് നടന്നു. ഉയര്‍ന്ന മാര്‍ക്കോടെ പാസായി.
പിന്നീട് സുധ ബെംഗളൂരുവിലെ ഐ.ഐ.എസ്സി.യില്‍ ജോലിക്കുചേര്‍ന്നു. ഒരുദിവസം നോട്ടീസ് ബോര്‍ഡില്‍ ഒരു പരസ്യം കണ്ടു: പുണെയിലെ ടാറ്റ എന്‍ജിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നതായിരുന്നു അത്. അതിന്റെ അവസാനവരി ഇങ്ങനെയായിരുന്നു: സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല. സുധയിലെ സ്ത്രീ ജ്വലിച്ചു. അവള്‍ ടാറ്റാ ഗ്രൂപ്പിന്റെ അധിപനായ ജെ.ആര്‍.ഡി. ടാറ്റയ്ക്ക് എഴുതി: ''മുന്‍വിധി നിറഞ്ഞതും നീതിപൂര്‍വമല്ലാത്തതുമായ ഇത്തരം സമീപനം ടാറ്റയെപ്പോലുള്ള സ്ഥാപനത്തിന് യോജിച്ചതല്ല.'' ടാറ്റ ആ കത്ത് വായിച്ചു. സുധയെയും ടെല്‍കോ അഭിമുഖത്തിന് വിളിച്ചു. പ്രവേശനം ലഭിച്ചു. സ്ത്രീയായി അവിടെയും സുധ മാത്രം. ചുറ്റിലും പുരുഷശബ്ദങ്ങള്‍ മാത്രം. ബി.വി.ബി. കോളേജിലേതുപോലെ സുധ ചിരികൊണ്ടും സ്‌നേഹംകൊണ്ടും 'പുരുഷസിംഹ'ങ്ങളെ നേരിട്ടു. 'പൗരുഷം' തോറ്റു.
സുധ പിന്നീട് മൈസൂരുകാരനായ നാരായണമൂര്‍ത്തിയെ വിവാഹംചെയ്ത് സുധാ മൂര്‍ത്തിയായി. ഇന്‍ഫോസിസിന്റെ അധിപയായി. അവരുടെ മകള്‍ അക്ഷത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയായി. എന്നിട്ടും ലളിതമായി വസ്ത്രം ധരിച്ചും സൗമ്യമായി സംസാരിച്ചും മധുരമായി എഴുതിയും അമ്പരപ്പിക്കുംവിധം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയും അവര്‍ നമുക്കിടയില്‍ പ്രകാശപൂര്‍ണമായ ജീവിതം തുടരുന്നു.

* * * *
രണ്ടാമത്തെ മകള്‍ പിറന്നപ്പോള്‍ അവളെ നോക്കാനായി വിവിധ ഏജന്‍സികള്‍ വഴി പലരെയും ഞങ്ങള്‍ കൊണ്ടുവന്നു. പലരും വന്നു, നിന്നു, പോയി. ഒടുവിലാണ് ഗൂഡല്ലൂരില്‍നിന്ന് അവര്‍ വന്നത്. അവര്‍ മലയാളിയായിരുന്നു. അവര്‍ക്ക് രണ്ടു പെണ്‍മക്കളായിരുന്നു. ഭര്‍ത്താവിനെപ്പറ്റി അവര്‍ ഒന്നും പറഞ്ഞിരുന്നില്ല. ഒരു മകളെ നിലമ്പൂരിലേക്കാണ് വിവാഹം ചെയ്തിരുന്നത്. മറ്റൊരു മകളെ ഗൂഡല്ലൂരിലും. അവര്‍ ഞങ്ങളുടെ മക്കളെ നന്നായി നോക്കി. ഞങ്ങളുടെ പരിമിതികളറിഞ്ഞ് ഒപ്പം ജീവിച്ചുതുടങ്ങി. ഇപ്പോഴും ജീവിക്കുന്നു.
ഒരുദിവസം അവര്‍ക്കൊരു ഫോണ്‍ വന്നു. വളരെ സ്വാഭാവികമായിട്ടായിരുന്നു അവര്‍ സംസാരിച്ചത്. ഫോണ്‍ കട്ടുചെയ്തപ്പോള്‍ അവര്‍ പറഞ്ഞു:
''എന്റെ കെട്ടിയവന്‍ മരിച്ചു. കുടകില്‍ ഒരു ബസ്സ്റ്റോപ്പില്‍ മരിച്ചുകിടക്കുന്നു. അവിടെ ഒരു കല്യാണം കഴിച്ചിരുന്നു. കുട്ടികളുടെ അച്ഛനല്ലേ, എനിക്കൊന്ന് പോയിവരണം...''
ഒരുമാസത്തെ ശമ്പളം മുന്‍കൂറായി വാങ്ങി അവര്‍ പോയി. നാലുദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു. സാധാരണപോലെ ജോലിതുടര്‍ന്നു. ഞങ്ങള്‍ ഒന്നും ചോദിച്ചില്ല, അവര്‍ പറഞ്ഞതുമില്ല. ഒരുദിവസം രാവിലെ ചായകുടിക്കുമ്പോള്‍ അവര്‍ പറഞ്ഞു:
''എന്റെ ജീവിതം ഇങ്ങനെയാക്കിയത് അയാളാണ്. കുടിച്ചിട്ടല്ലാതെ കണ്ടിട്ടില്ല. എന്നും എന്നെ അടിക്കുമായിരുന്നു. മടവാളെടുത്ത് വെട്ടാന്‍ വരും. ഞാന്‍ ഇറങ്ങിയോടും. രണ്ട് മക്കളായതിനുശേഷവും ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ അവരെയുമെടുത്ത് ഇറങ്ങിപ്പോന്നു. എത്രയോ വീടുകളില്‍ ജോലിക്കുനിന്ന് മക്കളെ ഹോസ്റ്റലുകളില്‍ നിര്‍ത്തി പഠിപ്പിച്ചു...''ഞാന്‍ എല്ലാം കേട്ടിരുന്നു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍, താഴെ എന്റെ മകള്‍ കളിക്കുന്നതിന് കൂട്ടുനില്‍ക്കുകയായിരുന്നു അവര്‍. കളിക്കിടെ അവള്‍ റോഡിലേക്കോടി. കാറ്റിന്റെ വേഗത്തില്‍ അവര്‍ ഓടിച്ചെന്ന് അവളെപ്പിടിച്ച് ഫ്‌ളാറ്റിന്റെ മുറ്റത്തേക്ക് കൊണ്ടുവന്നു. നാലാം നിലയില്‍നിന്നായിട്ടുപോലും ആ ശരീരത്തിന്റെ ഉലച്ചില്‍ എനിക്ക് കാണാമായിരുന്നു, നെഞ്ചിലെ മിടിപ്പ് കേള്‍ക്കാമായിരുന്നു.
അന്നുരാത്രി ഇതിനെക്കുറിച്ച് സംസാരിക്കവേ അവര്‍ പറഞ്ഞു: ''എനിക്കെന്റെ മോന്‍ പോയത് ഇങ്ങനെയാണ്...''
ഇരുന്നയിരിപ്പില്‍ ഇടിവെട്ടേറ്റതുപോലെയായി ഞാന്‍. ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാതായപ്പോള്‍ മകനെ വയനാട്ടില്‍ മീനങ്ങാടിയിലെ ഹോസ്റ്റലില്‍ പാര്‍പ്പിച്ച് പഠിപ്പിക്കുകയായിരുന്നു അവര്‍. സ്‌കൂള്‍വിട്ടുവരുമ്പോള്‍ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ചു മരിക്കുകയായിരുന്നു ആ കുട്ടി. എന്റെ മകള്‍ റോഡിലേക്കിറങ്ങിയപ്പോള്‍ മിന്നല്‍പ്പിണര്‍പോലെ മകന്റെ ഓര്‍മ അവരില്‍പ്പടര്‍ന്നു. അവര്‍ ഒരിക്കല്‍ക്കൂടി നെഞ്ചം തകര്‍ന്ന അമ്മയായി. എന്തൊക്കെ സഹിച്ച സ്ത്രീയാണ് എനിക്കുമുന്നില്‍ നില്‍ക്കുന്നത്, എനിക്ക് ചോറുവിളമ്പിത്തരുന്നത്!
അവരുടെ ജീവിതയാതനകളും അതിലൂടെ അവര്‍ ഒറ്റയ്ക്ക് തുഴഞ്ഞതും അവരോടു ചോദിക്കാന്‍ ഇതുവരെ എനിക്ക് ധൈര്യമുണ്ടായിട്ടില്ല. അവരത് അനായാസം പറയുമായിരിക്കാം. ''അനുഭവകാലം കഴിഞ്ഞാല്‍ സുഖവും ദുഃഖവും സമം'' എന്നാണല്ലോ എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത്.
പക്ഷേ, എനിക്കത് കേള്‍ക്കാനുള്ള ശേഷിയില്ല. ആ സഹനം അവരില്‍ത്തന്നെ ശേഷിക്കട്ടെ.
ആരാണുപറഞ്ഞത് സ്ത്രീ അബലയാണെന്ന്?
ആരാണുപറഞ്ഞത് അവള്‍ക്ക് ഉയിര്‍ത്തെഴുനേല്‍ക്കാന്‍ സാധിക്കില്ലെന്ന്?
ആരാണുപറഞ്ഞത് ഫെമിനിസമെന്നാല്‍ ആക്ടിവിസ്റ്റുകളുടെ ബൗദ്ധികവിളയാട്ടം മാത്രമാണെന്ന്? ഗൊയ്ഥേ എവിടെയോ ഇരുന്ന് പറയുന്നു:
All theory is gray, my friend. But forever green is the tree of life.
Content Highlights: vakkum vazhvum-column by sreekanth kottakkal
Published: 11 Aug 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented