
നിന്നോടൊപ്പം ആ സിമന്റ് ബെഞ്ചിലെങ്കിലും ഞാനൊന്ന് സ്ഥാനം പിടിച്ചോട്ടെ റാം
നമ്മള്‍ ഏറ്റവും സ്‌നേഹിച്ചിരുന്ന ഒരാള്‍ക്കുതന്നെയാണ് നമ്മളെ ഏറ്റവും ആഴത്തില്‍ വേദനിപ്പിക്കാനും കഴിയുക
കഴിഞ്ഞ കുറേനാളുകളായി സോഷ്യല്‍മീഡിയാറീലുകൾ അടക്കിവാഴുന്ന ഡയലോഗുകളാണിവ. ആഴമേറിയ സാഹിത്യഭാഷയ്ക്കുപകരം ലളിതമായ വാക്കുള്‍ കോര്‍ത്തുവച്ച് പുതുതലമുറയ്ക്ക് വായനയുടെ ലോകം മലര്‍ക്കെതുറന്നുകൊടുത്ത രണ്ട് നോവലുകള്‍. റാം C/o ആനന്ദിയും, ഏറ്റവും പ്രിയപ്പെട്ട എന്നോടും. സോഷ്യല്‍മീഡിയയിലൂടെ ചൂടപ്പംപോലെ വിറ്റഴിഞ്ഞ പുസ്തകങ്ങള്‍, ഒപ്പം യുവതലമുറയുടെ ഹരമായി മാറിയ യുവ എഴുത്തുകാർ അഖില്‍. പി. ധര്‍മജനും, നിമ്‌ന വിജയ്‌യും. ഇന്‍സ്റ്റാറീലുകള്‍ വഴി ട്രെന്‍ഡായ പുസ്തകത്തിനൊപ്പം കവറും വൈറലായി. വിവാഹക്ഷണക്കത്തുകളായും ലൗലെറ്ററുകളായും വ്യത്യസ്തഭാവങ്ങളില്‍ പുസ്തകങ്ങളുടെ കവറുകള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ഇടംപിടിച്ചു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രചരണത്തിനും റാമും ആനന്ദിയും മുന്നില്‍ തന്നെയുണ്ട്.
Also Read
തരംഗമായ റാം C/o ആനന്ദി
ചെന്നൈ ഉങ്കളൈ അന്‍പുടന്‍ വരവേര്‍ക്കിത് നോവലിന്റെ ആദ്യഭാഗം പോലെതന്നെ റാമിനെയും അഖില്‍ പി. ധര്‍മജനെയും ആളുകള്‍ വരവേറ്റു. മല്ലിയും വെട്രിയും രേഷ്മയും പാട്ടിയുമെല്ലാം വായനക്കാരുടെ കൂട്ടുകാരായി. സോഷ്യല്‍മീഡിയവഴി പുതുതലമുറയ്ക്ക് വായനയുടെ ലോകം തുറന്നുകൊടുത്ത നോവലാണ്, തിരക്കഥാകൃത്തും നോവലിസ്റ്റുമായ അഖില്‍ പി. ധര്‍മജന്റെ 'റാം C/o ആനന്ദി'. ഓജോ ബോര്‍ഡ്, മെര്‍ക്കുറി ഐലന്റ് എന്നിവയ്ക്കുശേഷം അഖിൽ എഴുതിയ നോവൽ. പ്രണയവും വിരഹവും സൗഹൃദവും സസ്‌പെന്‍സും നിറഞ്ഞ യാത്ര. റാമിനൊപ്പം സോഷ്യല്‍മീഡിയയും യുവാക്കളും സഞ്ചരിച്ചു. അങ്ങനെ ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു ഇത്. 31-ാം എഡിഷനിലേക്ക് കടക്കുകയും ചെയ്തു. '2018', 'എവരിവണ്‍ ഈസ് എ ഹീറോ' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് അഖില്‍. പി. ധര്‍മജന്‍. നോവലിനെ സിനിമയാക്കുന്നെന്ന വാര്‍ത്തയും ചര്‍ച്ചയായിരുന്നു. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍ നിര്‍മാതാവ് വിഘ്‌നേഷ് വിജയകുമാറും നവാഗത സംവിധായിക അനുഷപിള്ളയുമാണ് പുസ്തം സിനിമയാക്കുന്നത്.
ഏറ്റവും പ്രിയപ്പെട്ട അതിഥി
'ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ പറഞ്ഞാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത്?' ഈ ചോദ്യം ചെന്നുതറച്ചത് ഒരു കൂട്ടം യുവാക്കളുടെ ഹൃദയത്തിലാണ്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ വായിച്ച നോവലുകളില്‍ ഒന്ന്. നിമ്‌ന വിജയ്‌യുടെ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്'. പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ആളുകളും അവര്‍ സമ്മാനിക്കുന്ന നല്ലതും ചീത്തയുമായ ഓര്‍മയിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. 2021-ല്‍ പുറത്തിറങ്ങിയ 'നനയുവാന്‍ ഞാന്‍ കടലാകുന്നു' ആണ് നിമ്‌നയുടെ ആദ്യനോവല്‍.
പ്രചാരണ തന്ത്രം
സിനിമാപോസ്റ്ററുകളും ഗാനങ്ങളും സോഷ്യൽമീഡിയയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ, ഇത്തവണ അതുംകടന്ന്, പുതിയ തന്ത്രം പയറ്റുകയാണ് സ്ഥാനാര്‍ഥികള്‍. വൈറലായ പുസ്തകത്തിന്റെ പുറംചട്ട പരീക്ഷിച്ചാണ് ഇത്തവണ സ്ഥാനാര്‍ഥികളുടെ പ്രചരണരീതി. റാം C/o ആനന്ദി, ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്നീ പുസ്തകങ്ങളുടെ പുറംചട്ടകളിൽ, അതേ രീതിയില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിപ്പിച്ച പോസ്റ്റുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. പുസ്തകങ്ങളെപ്പോലെതന്നെ പോസ്റ്ററുകളും വൈറലായി.
ഏറ്റവും പ്രിയപ്പെട്ട മാഷ്, ഏറ്റവും പ്രിയപ്പെട്ട രാധേട്ടന്‍, ഏറ്റവും പ്രിയപ്പെട്ട ടീച്ചര്‍, വയനാട് C/o രാഹുല്‍, ആലപ്പുഴ C/o ആരിഫ് തുടങ്ങി വ്യത്യസ്തഭാവത്തില്‍. യുവതലമുറയെ ആകര്‍ഷിച്ച് പരമാവധി വോട്ട് നേടിയെടുക്കാനുള്ള രാഷ്ട്രീയതന്ത്രമാണിതെന്നും പറയാം. ചെന്നൈ നഗരം റാമിനെ വരവേറ്റതുപോലെ ജനങ്ങള്‍ ഏത് സ്ഥാനാര്‍ഥിയെ വരവേല്‍ക്കുമെന്ന് കാത്തിരുന്ന് കാണാം.
Content Highlights: about the viral story ram C/o anadi and ettavum priyapetta ennodu
Published: 25 Mar 2024, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented