ലോകത്താകമാനം പുതിയ കോവിഡ് വകഭേദമായ PJ.2.1 റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ഇതിന്റെ വ്യാപനശേഷിയെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകളും ലോകാരോഗ്യ സംഘടനയും (WHO) സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മേയ് 2-ന് കാനഡയിലെ ഒന്റാറിയോയിലാണ് ഈ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. തുടർന്ന് അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിലേക്കും രോഗബാധ പടർന്നുപിടിച്ചിട്ടുണ്ട്.

To advertise here,

എന്താണ് PJ.2.1?
വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ വലിയ തോതിലുള്ള ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ ആരോഗ്യ വിദഗ്ധർ ഇതിനെ ഒരു 'സാൾട്ടേഷൻ വകഭേദം' (Saltation Variant) ആയാണ് തരംതിരിച്ചിരിക്കുന്നത്. മുൻപ് വ്യാപിച്ച മറ്റ് കോവിഡ് തരംഗങ്ങളേക്കാൾ ഉയർന്ന തോതിൽ മാറ്റങ്ങൾ സംഭവിച്ച വൈറസിന് വേഗത്തിൽ പടരാനുള്ള ശേഷി ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

രോഗലക്ഷണങ്ങളും പരിശോധനകളും
സാധാരണ സീസണൽ പനിയോടും ജലദോഷത്തോടും ഏറെ സാമ്യമുള്ള ലക്ഷണങ്ങളാണ് PJ.2.1 ബാധിച്ചവരിലും കണ്ടുവരുന്നത്. രോഗബാധിതരിൽ പനി, ചുമ, തൊണ്ടവേദന, മൂക്കടപ്പ്, തലവേദന, കടുത്ത പേശിവേദന, അമിതമായ ക്ഷീണം തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമേ അപൂർവം ചിലരിൽ രുചിയും മണവും നഷ്ടപ്പെടൽ, ശ്വാസംമുട്ടൽ, ദഹനസംബന്ധമായ പ്രയാസങ്ങൾ എന്നിവയും കണ്ടേക്കാം.

ലക്ഷണങ്ങൾ മാത്രം വെച്ച് ഈ വകഭേദത്തെ മറ്റ് വൈറസ് ബാധകളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ കൃത്യമായ രോഗനിർണയത്തിന് ആന്റിജൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധനകൾ അത്യാവശ്യമാണ്. വൈറസിന്റെ വകഭേദം ഏതെന്നു സ്ഥിരീകരിക്കാൻ ജെനോമിക് സീക്വൻസിംഗ് നടത്തേണ്ടി വരും.

പഠനങ്ങൾ വ്യക്തമാക്കുന്നത്
'ജേണൽ ഓഫ് ഇൻഫെക്ഷൻ' പ്രസിദ്ധീകരിച്ച പഠനം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഗവേഷണങ്ങൾ അനുസരിച്ച്, മനുഷ്യകോശങ്ങളിലെ ACE2 റിസപ്റ്ററുകളുമായി പെട്ടെന്ന് ബന്ധപ്പെടാൻ PJ.2.1 വകഭേദത്തിന് പ്രത്യേക കഴിവുണ്ട്. ഈ ഘടനാപരമായ സവിശേഷത വൈറസിന് മനുഷ്യകോശങ്ങളിലേക്ക് എളുപ്പത്തിൽ കടന്നുകയറാനും അതിവേഗം പടരാനും വഴിയൊരുക്കുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ?
മുൻ വകഭേദങ്ങളെ അപേക്ഷിച്ച് PJ.2.1 കൂടുതൽ ഗുരുതരമായ രോഗാവസ്ഥയ്ക്കോ മരണനിരക്ക് വർധനവിനോ കാരണമാകുന്നു എന്നതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പുതുയ കോവിഡ് വാക്സിനുകൾ നൽകുന്ന പ്രതിരോധശേഷിയെ മറികടക്കാൻ ഈ വകഭേദത്തിന് കഴിയില്ലെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi