മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ 200 കോടി ക്ലബില്‍ കയറിക്കഴിഞ്ഞു. എന്നാല്‍ ആ സിനിമയ്‌ക്കൊപ്പം ഇടയ്ക്ക് ട്രെന്‍ഡിങ് ആവുന്ന മറ്റൊരു പേരുണ്ട്, റോഷ്ണി-ദി ഗുണ ഗേള്‍. ഒറ്റസിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച അഭിനേത്രികള്‍ വളരെ കുറവായിരിക്കും. അങ്ങനെയൊരാളാണ് 'ഗുണ'യിലെ റോഷ്ണി.  

'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ ആളുകള്‍ 'ഗുണ'യുടെ നാളുകളിലേക്ക് തിരിച്ചുപോയി. ആ സിനിമയിലെ പാട്ടുകള്‍ക്കൊപ്പം തന്നെ ഹിറ്റായിരുന്നു കമല്‍ഹാസന്‍-റോഷ്ണി ജോഡിയും. അതിലെ രംഗങ്ങള്‍ ഓര്‍ത്തെടുത്ത പലരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത് ഒരേയൊരു കാര്യമാണ്.

Where is gunaa girl?
For me she is always mysterious

ആദ്യം ശ്രീദേവി, പിന്നെ റോഷ്ണി
1990-കളുടെ തുടക്കം. കമല്‍ഹാസന്‍ കത്തിനില്‍ക്കുന്ന സമയമാണ്. തമിഴും മലയാളവും കടന്ന് ഹിന്ദിയിലും നല്ല കഥാപാത്രങ്ങള്‍ ചെയ്തുകഴിഞ്ഞു. അപ്പോഴാണ് കമലിന്റെ പുതിയ സിനിമ അനൗണ്‍സ് ചെയ്യുന്നത്. പ്രീ പ്രൊഡക്ഷന്‍ പണികളും തുടങ്ങി. അപ്പോഴും നായികയാരെന്ന് തീരുമാനമായിട്ടില്ല. കുറേ പ്രത്യേകതകളുള്ള സിനിമയാണ്, നായികയ്ക്ക് നല്ല പ്രാധാന്യമുള്ള സിനിമയാണ്. ഒരു ദേവതയുടെ പ്രഭാവവും ഭംഗിയും വേണം, ആളുകളുടെ മനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യണം. 

സംവിധായകന്‍ സന്താനഭാരതിയുടെയും കമലിന്റെയും മനസ്സിലാദ്യം വന്ന പേര് ശ്രീദേവിയുടേതാണ്. 'സദ്മ' എന്ന സിനിമയിലൂടെ ശ്രീദേവിയും കമല്‍ഹാസനും പ്രിയപ്പെട്ട ജോഡിയായി പ്രേക്ഷകരുടെ മനസ്സിലുണ്ട്. അതുകൊണ്ട് ശ്രീദേവിയെ തന്നെ നായികയാക്കാം എന്നായിരുന്നു ആദ്യത്തെ തീരുമാനം. ശ്രീദേവിയെ സമീപിച്ചു. എന്തൊക്കെയോ കാരണങ്ങളാല്‍ അവര്‍ ആ ഓഫര്‍ നിരസിച്ചു. അങ്ങനെയാണ് മറ്റ് നായികമാരിലേക്കെത്തുന്നത്. അക്കാലത്തെ മുന്‍നിര അഭിനേത്രിമാരെയെല്ലാം നോക്കി, ആരെയും ഈ റോളിലേക്ക് ശരിയാവുന്നില്ല. 

തമിഴ്‌നാട്ടില്‍നിന്ന് തുടങ്ങിയ അന്വേഷണം ഒടുവിലെത്തിയത് ബോംബെയിലാണ്. അവിടെയുള്ള കുറേ മോഡല്‍ കോര്‍ഡിനേറ്റര്‍മാരിലൂടെയായി നായികയ്ക്കായുള്ള തിരച്ചില്‍. ഒടുവിലാണ് ഡെയ്‌സി ഇറാനിസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. അവിടെ ആക്ടിങ് പഠിക്കാനെത്തിയതായിരുന്നു രോഹിണി കുഡങ്കെ. രോഹിണിയുടെ ഫോട്ടോ കണ്ടപ്പോള്‍ത്തന്നെ സന്താനഭാരതിക്കും കമലിനും ഇഷ്ടപ്പെട്ടു. മറ്റു അഭിനേത്രികളില്‍നിന്നും വ്യത്യസ്തമായ ലുക്കായിരുന്നു അവരുടേത്. അതുകൊണ്ട് രോഹിണി തന്നെ മതിയെന്ന് അവര്‍ തീരുമാനിച്ചു.

അങ്ങനെ രോഹിണിയെ സിനിമയിലേക്ക് ക്ഷണിച്ചു. കോഴ്‌സ് കഴിഞ്ഞാലുടന്‍ അമേരിക്കയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. ബോളിവുഡിലും പ്രശസ്തനായ കമല്‍ഹാസനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം കൊണ്ട് മാത്രം രോഹിണി ഓകെ പറഞ്ഞു.   

ഗുണയുടെ അഭിരാമി
രോഹിണി കുഡങ്കെ എന്ന പേരുമാറ്റി റോഷ്ണിയായി. അങ്ങനെയാണവര്‍ 'ഗുണ'യിലെത്തുന്നത്. അതിലെ അഭിരാമിയും രോഹിണിയുമായവര്‍ തിളങ്ങി. അഭിനേത്രി സരിതയാണ്, അവര്‍ക്കായി ഡബ്ബ് ചെയ്തത്. അന്ന് ഒരുപാട് ആഘോഷിക്കപ്പെട്ട അഭിനേത്രിയാണ് റോഷ്ണി. അതിനുശേഷവും ഒരുപാട് സിനിമകള്‍ അവരെ തേടിയെത്തി. കമല്‍ഹാസന്റെ തന്നെ സിനിമകളിലേക്കും അവസരങ്ങള്‍ കിട്ടിയിരുന്നു. പക്ഷേ അതു വേണ്ടെന്ന് വെക്കുകയായിരുന്നു റോഷ്ണി.   

എന്തുകൊണ്ടാണ് അത്രയും പ്രശസ്തി നേടിയിട്ടും സിനിമയില്‍നിന്ന് അകന്നുനിന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും 'ഗുണ'യുടെ ഷൂട്ടിങ് ഒരു കാരണമാണെന്ന് പറയപ്പെടുന്നു. ഒരുപാട് ബുദ്ധിമുട്ടിയാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കുറേ ദിവസങ്ങളെടുത്തു. പല സീനുകളും, കുറേ ടേക്കുകള്‍ പോവേണ്ടിവന്നു. അതിനൊപ്പം ഭാഷ അറിയാത്ത പ്രശ്‌നവും. അതോടെ ഇനി സിനിമയിലേക്കില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. 

വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ റോഷ്ണിയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍, അവര്‍ കുടുംബമായി അമേരിക്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.