ഥാര്‍ മരുഭൂമിയിലേക്ക് നീളുന്ന പാതയ്ക്കരികിലെ ചെറിയ ഹോട്ടലിലിരുന്ന് തുലിറാം കഥകളുടെ ഭാണ്ഡക്കെട്ടുകളഴിച്ചു. അയാളുടെ സംസാരത്തിനിടെ വിട്ടുപോകുന്ന കാര്യങ്ങള്‍ സഹോദരന്‍ ബിക്കാറാം പൂരിപ്പിച്ചുകൊണ്ടേയിരുന്നു. തുലിറാമിന്റെ കൊച്ചുമകനാണ് ഈ ചെറിയ കടയുടെ ഉടമസ്ഥന്‍. ജയ്സല്‍മേറിലെങ്ങും ഇവര്‍ പറഞ്ഞ കഥകള്‍ നിങ്ങള്‍ക്ക് ചൂടോടെ കേള്‍ക്കാന്‍ കഴിയും. കാരണം, അത് നൂറ്റാണ്ടുകള്‍ക്കുമുന്‍പേയുള്ള പലായനത്തിന്റെകൂടി കഥയാണ്. ജയ്സല്‍മേറില്‍നിന്നു വാടകയ്‌ക്കെടുത്ത ടൂവീലറിലാണ് ഞങ്ങള്‍ പ്രേതഗ്രാമങ്ങള്‍ കാണാനിറങ്ങിയത്. ഉത്തരേന്ത്യ മുഴുവന്‍ കൊടും ശൈത്യത്തിലാണ്ടിരുന്നു. സുവര്‍ണനഗരം പിന്നിട്ട് ഉള്‍ഗ്രാമങ്ങളിലേക്ക് യാത്ര നീണ്ടു. വരണ്ട ഗ്രാമങ്ങളിലെല്ലാം മഞ്ഞനിറമുള്ള കല്ലുകള്‍ ചിതറക്കിടക്കുന്നു. ജയ്സല്‍മേറില്‍നിന്ന് സാം മരുഭൂമിയിലേക്കുള്ള യാത്രയിലാണ് ഈ ഗ്രാമങ്ങളെല്ലാമുള്ളത്. പോകുംവഴിയുള്ള മൂല്‍നഗര്‍ എന്ന ഗ്രാമത്തില്‍വെച്ചായിരുന്നു അവിചാരിതമായി തുലിറാമിനെ കണ്ടുമുട്ടുന്നത്.
അടഞ്ഞ ശബ്ദത്തില്‍ രഹസ്യാത്മകസ്വഭാവത്തോടെ തുലിറാം ഒരു രാത്രികൊണ്ട് അപ്രത്യക്ഷമായ 84 ഗ്രാമങ്ങളുടെ കഥപറഞ്ഞുതുടങ്ങി.
'''പലിവാള്‍ ബ്രാഹ്മണര്‍ ജോധ്പുരിലെ പാലിയില്‍നിന്നു കുടിയേറിപ്പാര്‍ത്തവരായിരുന്നു. അവര്‍ കച്ചവടക്കാര്‍ മാത്രമായിരുന്നില്ല, കര്‍ഷകരും പലിശയ്ക്ക് പണം കൊടുക്കുന്നവരും മിനുസമുള്ള ചെളിമണ്ണുവെച്ച് അലങ്കാരക്കുടങ്ങള്‍ നിര്‍മിക്കുന്നവരുമായിരുന്നു. ജയ്സല്‍മേര്‍ നഗരത്തില്‍നിന്ന് 18 കിലോമീറ്ററകലെ കുല്‍ധര എന്ന ഗ്രാമത്തില്‍ കാക്നി നദിയുടെ തീരത്ത് അവര്‍ ജീവിതം കെട്ടിപ്പടുത്തു. 13-ാം നൂറ്റാണ്ടുമുതല്‍ 19-ാം നൂറ്റാണ്ടുവരെ പ്രതാപത്തോടെ ജീവിച്ചുപോന്നു. ക്ഷേത്രങ്ങളും പടികെട്ടിയ കിണറുകളും കാക്നി നദിയില്‍നിന്ന് ഗ്രാമത്തിലേക്ക് ജലവിതരണത്തിനുള്ള മാര്‍ഗങ്ങളും ചൂടിനെ വെല്ലുന്ന കാറ്റോടുന്ന കെട്ടിടങ്ങളുമെല്ലാം നിര്‍മിച്ചു. മൂന്നുതട്ടുള്ള ജലവിതരണശൃംഖലതന്നെ അവരുടെ ബുദ്ധിസാമര്‍ഥ്യത്തെ വിളിച്ചോതുന്നതായിരുന്നു. മരുപ്പച്ചകള്‍ക്കുചുറ്റും അവര്‍ കൃഷിയിടങ്ങള്‍ സൃഷ്ടിച്ചു.
അങ്ങനെയിരിക്കെ രാജാവിന്റെ ദിവാനായ സലിം സിങ്ങിന് ഗ്രാമത്തിലെ സര്‍പഞ്ചിന്റെ സുന്ദരിയായ മകളോട് ഭ്രമം തോന്നി. അയാള്‍ അക്കാര്യം ഗ്രാമമുഖ്യനെ അറിയിച്ചു. രണ്ടുദിവസത്തിനുള്ളില്‍ മകളെ തനിക്കു നല്‍കണമെന്ന് അന്ത്യശാസനവും നല്‍കി. മുന്നറിയിപ്പ് ലംഘിച്ചാല്‍ അമിതമായി ചുങ്കം കൂട്ടി ഗ്രാമവാസികളെ നശിപ്പിക്കുമെന്നും നദിയില്‍നിന്നു വെള്ളമെടുക്കുന്നത് തടയുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഭയന്നുപോയ ഗ്രാമവാസികള്‍ ഒരുമിച്ചുകൂടി. ചിതറിക്കിടക്കുന്ന ഗ്രാമങ്ങളിലെ ഏറ്റവും വലിയ ഗ്രാമമായിരുന്നു അന്ന് കുല്‍ധര. അന്നൊരു രക്ഷാബന്ധന്‍ ദിവസമായിരുന്നു. ആ രാത്രിയുടെ നിശ്ശബ്ദതയില്‍ അവര്‍ കൂട്ടമായി ഗ്രാമങ്ങളുപേക്ഷിച്ച് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെയും കൂടെക്കൂട്ടി പാലായനംചെയ്തു. പിറ്റേന്ന് പുലര്‍ച്ചെ ശൂന്യമായ 84 ഗ്രാമങ്ങള്‍ കണ്ട് ഭരണാധികാരികള്‍ ഭയപ്പെട്ടുപോയി. ഒരടയാളംപോലും അവശേഷിപ്പിക്കാതെ അവര്‍ എങ്ങോ പോയിമറഞ്ഞു'.
ഗ്രാമങ്ങള്‍ കഥാവശേഷമായി. പലിവാള്‍ ബ്രാഹ്മണരുടെ ശാപമേറ്റ ആ ഗ്രാമങ്ങളില്‍ പിന്നീട് ആരും താമസിക്കാതെയായി. പ്രേതബാധയുണ്ടെന്ന കേള്‍വി മറ്റു ഗ്രാമങ്ങളിലേക്ക് പടര്‍ന്നു. രാത്രികളില്‍ അവിടെ നിലവിളികളും ആളനക്കവുമുണ്ടെന്നുള്ള അപഖ്യാതി കാതങ്ങളോളം പരന്നു. അങ്ങനെ കുല്‍ധരയും ഖാബയുമടങ്ങുന്ന 84 ഗ്രാമങ്ങള്‍ മനുഷ്യസ്പര്‍ശമേല്‍ക്കാന്‍ മടിച്ചുനില്‍ക്കുന്നവയായിമാറി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് പകല്‍നേരങ്ങളില്‍ ഒരു നിശ്ചിത ഫീസ് ചുമത്തി സന്ദര്‍ശകര്‍ക്കായി ഈ സ്ഥലങ്ങള്‍ തുറന്നുകൊടുക്കുന്നു. രാത്രികാലങ്ങളില്‍ അങ്ങോട്ടുപോകാന്‍ ആരും ധൈര്യപ്പെടുന്നില്ല.'
തുലിറാം കഥപറഞ്ഞവസാനിപ്പിക്കുമ്പോള്‍ ആ ചെറുകടയില്‍ കേള്‍വിക്കാരായി ഒരുകൂട്ടം ഗ്രാമവാസികളുണ്ടായിരുന്നു. പാലുവാങ്ങിക്കാന്‍ വന്നവരും പാന്‍ ചവയ്ക്കാന്‍ വന്നവരും ചായകുടിക്കാനെത്തിയവരുമെല്ലാം ആ നിറമുള്ള കഥകേട്ട് നിന്നു. തലയില്‍നിന്ന് മഫ്‌ളര്‍ മാറ്റി, ദിലീപ്കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ചെറുപ്പക്കാരന്‍ ചെവിയില്‍ വന്ന് അടക്കം പറഞ്ഞു -''ഇതേതോ ഭൂമികുലുക്കത്തില്‍ തകര്‍ന്നുവെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും നിങ്ങള്‍ തിരികെ വരുമ്പോള്‍ എന്റെ ഹോട്ടലില്‍ കയറണം. അമര്‍സാഗര്‍ എന്ന തൊട്ടടുത്ത ഗ്രാമത്തിലാണ് എന്റെ കട. ഞാന്‍ കാത്തിരിക്കും''.'
ബജ്രകൊണ്ടുണ്ടാക്കിയ റൊട്ടിയും ഗട്ടെ കി സബ്ജിയും കഴിച്ച് ഞങ്ങളെഴുന്നേറ്റു. ആള്‍ക്കൂട്ടം ഞങ്ങള്‍ക്ക് ശുഭയാത്ര നേര്‍ന്നു. കുല്‍ധരയെക്കുറിച്ച് പറയുന്നതിനിടെ ഖാബ ഗ്രാമത്തെക്കുറിച്ചും കുന്നിന്‍മുകളിലെ കോട്ടയെപ്പറ്റിയും പറഞ്ഞുതന്നത് തുലിറാം തന്നെയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഖാബ കോട്ട തേടി യാത്രയായത്. ഏതാണ്ട് 40 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്.
ഒരു കുന്നിന്‍മുകളിലാണ് ഖാബ ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. 700 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഈ കോട്ട സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. ജയ്സല്‍മേറിലെ മറ്റു നിര്‍മിതികളില്‍നിന്നു വ്യത്യസ്തമായി തവിട്ടുനിറമുള്ള കല്ലുകള്‍കൊണ്ടാണ് കോട്ടയുടെ നിര്‍മാണം. ഖാബ കോട്ട പണ്ടൊരു അഭയകേന്ദ്രം പോലെയായിരുന്നു. കച്ചവടക്കാര്‍ പഴയ സില്‍ക്ക് റൂട്ടില്‍ക്കൂടി രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നത് ഇതുവഴിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ചൈനയും തുര്‍ക്കിയും ഇറ്റലിയും സെന്‍ട്രല്‍ ഏഷ്യയും ഇന്ത്യയുമൊക്കെയുള്‍പ്പെടുന്ന രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പഴയ പട്ടുപാത.
പട്ടും രത്‌നക്കല്ലുകളും പരവതാനികളും വിലമതിക്കാനാകാത്ത ആഭരണങ്ങളുമായി കച്ചവടത്തിന് പോകുന്ന പ്രതാപികള്‍ തങ്ങളുടെ യാത്രയ്ക്ക് വിശ്രമം നല്‍കുന്നത് ഈ മരുഭൂമിയിലായിരുന്നു. രജപുത്രരാജാക്കന്മാരുടെ തണലില്‍, മരുഭൂമി താണ്ടുന്ന ക്ഷീണം മറക്കാനുള്ള ഇടത്താവളമായിരുന്നു ഈ കോട്ട. ചുങ്കവും മറ്റും തീരുമാനിക്കപ്പെടുന്നത് ഇവിടെവെച്ചായിരുന്നു. വളഞ്ഞുപുളഞ്ഞ വഴിയില്‍ക്കൂടി യാത്രചെയ്യുമ്പോള്‍ ദൂരെയായി തലയുയര്‍ത്തിനില്‍ക്കുന്ന തവിട്ടുനിറമുള്ള കോട്ടയുടെ മതിലുകള്‍ കണ്ടു. അടുത്തുചെല്ലുന്തോറും കോട്ടയുടെ വലുപ്പം ദൃശ്യമായി. കുറച്ചു വണ്ടികള്‍ പുറത്തുകിടപ്പുണ്ട്. തലപ്പാവ് ധരിച്ച ഒരു രാജസ്ഥാനി വയോധികന്‍ മകുടിപോലെയൊരു സംഗീതോപകരണം വായിക്കുന്നുണ്ട്. ആളുകള്‍ അടുത്തേക്കുവരുമ്പോള്‍ തന്റെ സര്‍വശക്തിയുമെടുത്തു അദ്ദേഹം അത് വായിക്കാന്‍ ശ്രമിക്കുന്നു. ചുറ്റും വിരിച്ച തുണിയില്‍ ചില്ലറകള്‍ വീഴുന്നു.
രാജസ്ഥാനിലെ കല്‍ബെലിയ നൊമാഡിക് വംശത്തില്‍പ്പെട്ടയാളാണ് അതെന്നുതോന്നി. അലഞ്ഞുതിരിയുന്ന, മകുടിയൂതി പാമ്പുകളെ ആകര്‍ഷിക്കുകയും നൃത്തംചെയ്യിക്കുകയും ചെയ്യുന്ന പാമ്പാട്ടിവര്‍ഗക്കാരാണിവര്‍. ഈ മകുടിക്ക് ഒരു പേരുമുണ്ട്- 'പൂങ്ങ്'. കോട്ടയ്ക്കുള്ളിലേക്ക് കയറുമ്പോള്‍ വിശാലമായൊരു തളത്തിലേക്കാണെത്തിച്ചേരുക. താഴെ ഗ്രാമത്തിലേക്ക് തുറക്കുന്ന ജാളികളുള്ള ഒരിടനാഴി. നോക്കുമ്പോള്‍ കണ്ണെത്താദൂരത്തോളം തകര്‍ന്നുകിടക്കുന്ന ഒരു ഗ്രാമത്തിന്റെ അവശേഷിപ്പുകള്‍. മേല്‍ക്കൂരകളില്ലാതെ, തകര്‍ന്ന ചുമരുകളുമായി ഒരു അവശിഷ്ടഗ്രാമം.
കോട്ടസൂക്ഷിപ്പുകാരന്‍ ധ്യാന്‍ സിങ് പറഞ്ഞ കഥകള്‍ക്ക് തുലിറാമിന്റെ കഥകളുമായി സാമ്യമുണ്ട്. പക്ഷേ, തുലിറാം പറഞ്ഞ പലായനക്കഥകളില്‍നിന്ന് വൈരുധ്യമുണ്ടുതാനും. ''പലായനംചെയ്ത് പോയ ആളുകള്‍ ധനവാന്മാരായിരുന്നു. അവര്‍ ജോധ്പുരിലും ബിക്കാനീറിലും ഭാവ്നഗറിലുമായി ജീവിതം കെട്ടിപ്പടുത്തു. അവരുടെ പിന്‍തലമുറക്കാര്‍ ഇന്നും ഖാബ ഫോര്‍ട്ടിനരികിലുള്ള ദുര്‍ഗാദേവിയുടെ ക്ഷേത്രത്തില്‍ പ്രാര്‍ഥനകളര്‍പ്പിക്കാന്‍ വരും, പൂജകള്‍ ചെയ്യും''. ഇങ്ങോട്ടുള്ള വരവിനുമുന്‍പായി ഗൂഗിളില്‍ കണ്ടതോര്‍ത്ത് ഞാന്‍ ഇവിടെ ആദ്യം പരതിയത് മയിലുകളെയാണ്. വരണ്ട പ്രദേശങ്ങളുടെ മുഖമുദ്രയായ മയിലുകള്‍ ഇവിടെയേറെയുണ്ട്. മഴപെയ്യാറുണ്ടോയെന്ന് ചോദിച്ചില്ല. ഈ വരണ്ട പ്രദേശത്ത് അത്രയും കാല്പനികത പ്രതീക്ഷിക്കുന്നതുമില്ല.
കോട്ടയുടെ അകത്തളത്തിലെ മ്യൂസിയത്തില്‍ രാജസ്ഥാന്‍ എന്ന പ്രദേശം പണ്ട് കടലിനടിയിലായിരുന്നുവെന്നതിന്റെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നു. പവിഴപ്പുറ്റുകള്‍ നിറഞ്ഞ പാറകളും കടലിനടിയിലുള്ള അഗ്‌നിപര്‍വതാവശിഷ്ടങ്ങളടങ്ങിയ കല്ലുകളുമെല്ലാം ഇവിടെയുണ്ട്. ''ഇനി നിങ്ങള്‍ വരുമ്പോള്‍ ഇവിടം ഒരുഗ്രന്‍ മ്യൂസിയമായിരിക്കും''-സൂക്ഷിപ്പുകാരന്‍ പറഞ്ഞു. മ്യൂസിയത്തിന്റെ പണി ഗവണ്‍മെന്റ് ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. പുറത്ത് മകുടിയൂതുന്ന വൃദ്ധന്‍ തലപ്പാവഴിച്ച് വിശ്രമത്തിലാണ്. വെയില്‍ പരന്ന കോട്ടയിലേക്ക് ഇടയ്ക്ക് തണുത്ത വരണ്ട കാറ്റ് ചൂളംകുത്തി വീശുന്നു.
ഖാബ ഫോര്‍ട്ടില്‍നിന്ന് കുല്‍ധരയിലേക്ക് യാത്ര നീണ്ടു. വിദൂരതയിലേക്ക് നീളുന്ന പാതയില്‍ ഇടയ്ക്കിടെ ട്രാക്ടറുകള്‍ മാത്രം പ്രത്യക്ഷമായി. ഇടയ്‌ക്കെപ്പോഴോ വിശാലമായൊരു കുളം കണ്ടു. അതിനുചുറ്റും ആര്‍ത്തിയോടെ മരങ്ങള്‍ തഴച്ചുവളര്‍ന്നുനില്‍ക്കുന്നു. മരുഭൂമിയുടെ വരള്‍ച്ചയ്ക്ക് ഒട്ടും ചേരാത്തൊരു കാഴ്ചയായി ആ മരുപ്പച്ച. ദൂരെ കാറ്റാടിപ്പാടങ്ങളില്‍ തിരിയുന്ന വിന്‍ഡ്മില്‍ ലീഫുകള്‍. അകലെയായി കുല്‍ധരയെന്ന ഗ്രാമം കാണായി. കവാടത്തില്‍ത്തന്നെ കാത്തുനില്‍ക്കുന്നുണ്ട് ആ വൃദ്ധന്‍. കുല്‍ധര സന്ദര്‍ശിക്കുന്ന എല്ലാവരും അദ്ദേഹത്തെപ്പറ്റി എഴുതാറുള്ളത് ഓര്‍മയില്‍ വന്നു. പ്രേതഭവനങ്ങളുടെ സൂക്ഷിപ്പുകാരനെന്നപോലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഖവുമായി അദ്ദേഹം യാത്രികരെ കാത്തുനില്‍ക്കുന്നു. കള്ളിമുള്‍ച്ചെടികൊണ്ടുള്ള പൂങ്കാവനംതന്നെയുണ്ട് ഇതിനുള്ളില്‍. സ്‌കൂട്ടര്‍ പാര്‍ക്കുചെയ്ത് ഞങ്ങള്‍ അവശിഷ്ടങ്ങളുടെ ആ നഷ്ടസ്വര്‍ഗത്തിലേക്കിറങ്ങി.
ചിതറിക്കിടക്കുന്ന കെട്ടിടങ്ങളില്‍ ഒന്നിനുപോലും മേല്‍ക്കൂരകളില്ല. പടവുകള്‍ കയറിച്ചെന്നുനില്‍ക്കുന്നത് ഗ്രാമമുഖ്യന്റെ വീടിന്റെ മുന്നിലാണ്. അതിനോടുചേര്‍ന്നാണ് പ്രതിഷ്ഠകളില്ലാത്ത ക്ഷേത്രവും. തങ്ങളുടെ ദൈവങ്ങളെക്കൂടി പലിവാള്‍ ബ്രാഹ്മണര്‍ കൂടെക്കൊണ്ടുപോയിരുന്നു. അവര്‍ കൂട്ടംകൂടിയിരുന്നു സംസാരിച്ചിരുന്ന, കാറ്റുകയറുന്ന ഛത്രി (ഒരു മണ്ഡപം) ഇന്നും വലിയ കേടുപാടുകളില്ലാതെ അവ ശേഷിക്കുന്നുണ്ട്. പരസ്പരം സംവദിക്കാന്‍ ഒരു മാധ്യമം പോലുമില്ലാത്ത ആ കാലഘട്ടത്തില്‍, 84 ഗ്രാമങ്ങളിലെ ജനങ്ങള്‍ ഒരുമിച്ചുകൂടി ഒരു രാത്രികൊണ്ട് പലായനംചെയ്തുവെന്ന കഥ അതിശയമുളവാക്കുന്നു! ഗ്രാമമുഖ്യന്റെ വീടിനുമുകളില്‍ കയറിനിന്നാല്‍ തകര്‍ന്ന ഗ്രാമത്തിന്റെ കാഴ്ചകള്‍ കാണാം, ദൂരെ വറ്റിവരണ്ടുകിടക്കുന്ന കാക്നി നദിയെയും. വരള്‍ച്ച രൂക്ഷമായതുകൊണ്ടാണ് ഇവിടെനിന്ന് ആളുകള്‍ പലായനംചെയ്തതെന്നും പറയപ്പെടുന്നുണ്ട്.
ഒരു വലിയ ജനപദത്തിന്റെ തകര്‍ന്നുപോയ ശേഷിപ്പുകളായി കുല്‍ധര അവശേഷിക്കുന്നു. അടുത്തൊരു വലിയ പടിക്കിണറുണ്ടെന്ന് സൂക്ഷിപ്പുകാരന്‍ പറഞ്ഞു. അധികമാരും അങ്ങോട്ട് പോകാറില്ലത്രേ! പടവുകളിറങ്ങി താഴെയെത്തുമ്പോള്‍ ഉള്ളില്‍ തമ്പടിച്ചിരുന്ന നരിച്ചീറുകളും അരിപ്രാവുകളും ചിറകടിച്ചുയര്‍ന്നു. ഒരുവേള ഞങ്ങളും പേടിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍. ഉള്ളിലെവിടെയോ നീരിന്റെ കണ്ണീര്‍ത്തിളക്കം. നിറമുള്ള, നിലത്തിഴയുന്ന പാവാടകളും മൂക്കില്‍ നൊട്ടങ്കിയും അലുക്കുകളുള്ള ബ്ലൗസും ധരിച്ച് സുന്ദരികളായ പലിവാള്‍ പെണ്‍കുട്ടികള്‍ ഈ പടവുകളേറി കുടത്തില്‍ വെള്ളവുമായി പോയിട്ടുണ്ടാവണം.
ലോക്കല്‍ ഫുഡ് എന്ന് ആലേഖനംചെയ്ത ബോര്‍ഡിനുതാഴെ നിറഞ്ഞ ചിരിയുമായി അമര്‍സാഗറില്‍ ഞങ്ങളെയും കാത്ത് ദിലീപ്കുമാര്‍ നില്‍പ്പുണ്ടായിരുന്നു.
ഉള്ളിലെ, മണ്‍കുടിലിലെ ആഡംബരമില്ലാത്ത അടുക്കളയില്‍ ദിലീപ്കുമാറിന്റെ അമ്മ അംബാദേവിയും ഭാര്യ കാന്താദേവിയും നിലത്തിരുന്ന് മത്സരിച്ചു പണിയെടുക്കുന്നു. ഒരാള്‍ ബജ്റാ ചപ്പാത്തി കുഴയ്ക്കുന്നെങ്കില്‍ മറ്റേയാള്‍ ദാല്‍ ബാട്ടി ചൂര്‍മയുണ്ടാക്കുന്നു. അമ്മ പ്രസന്നവതിയാണ്, ഭാര്യ കുറച്ചു പരിഭവക്കാരിയും. ''മാഡംജി എന്തിനാണ് വലതുസൈഡില്‍ മൂക്കുത്തി ഇട്ടിരിക്കുന്നത്''എന്നുചോദിച്ചു. ഇവിടെ കുട്ടികളില്ലാത്തവരാണ് ആവശത്ത് മൂക്കുകുത്തുന്നതെന്നുപറഞ്ഞ് എന്നെ വിമര്‍ശനാത്മകമായി അവര്‍ നോക്കി. എന്റെ കുട്ടി വളര്‍ന്ന് വലിയ പെണ്‍കുട്ടിയായെന്ന് ഞാന്‍ മറുപടികൊടുത്തു. അതോടെ അടുപ്പം കൂടി. ചാവലും ദാല്‍ ബാട്ടി ചൂര്‍മയും ബാജ്ര റൊട്ടിയും ഗട്ടെ കി സബ്ജിയും ലസൂന്‍ ചട്ണിയുമടങ്ങിയ തനി രാജസ്ഥാന്‍ രുചികളായിരുന്നു ഞങ്ങള്‍ക്കായി ഒരുക്കിയത്. പ്രേതഗ്രാമങ്ങളുടെ അലട്ടുന്ന ഓര്‍മകള്‍ അതോടെ പഴങ്കഥയായി.
Content Highlights: rajasthan thar desert travelogue
Published: 24 Mar 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented