രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ വിവാഹമോചനകേസിന് ലണ്ടനിൽ ഒടുവിൽ പര്യവസാനം. ലണ്ടനിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിവാഹമോചന പോരാട്ടങ്ങളിലൊന്നാണിത്. ഇന്ത്യൻവംശജയായ വർഷ ഗോഹിലിന് 6.6 ദശലക്ഷം പൗണ്ട് (ഏകദേശം 85 കോടി രൂപ) ആണ് നഷ്ടപരിഹാരമായി ലഭിച്ചത്.
2002-ലാണ് സംഭവങ്ങളുടെ തുടക്കം. വർഷ തന്റെ ഭർത്താവ് ഭദ്രേഷ് ഗോഹിലിൽനിന്നുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകി. മൂന്നുകുട്ടികളുമുണ്ടായിരുന്നു ഭദ്രേഷ്-വർഷ ദമ്പതിമാർക്ക്. അധികം വൈകാതെ ഇരുവരും ഒരു സാമ്പത്തിക ഒത്തുതീർപ്പിലുമെത്തി. അതുപ്രകാരം ഏകദേശം 3.5 കോടി രൂപയാണ് വർഷയ്ക്ക് ലഭിച്ചത്. അതിനൊപ്പം കുടുംബം ഉപയോഗിച്ചിരുന്ന പ്യൂഷോ കാറും. അപ്പോഴും ഭർത്താവ് തന്റെ എല്ലാ സ്വത്തുവിവരങ്ങളും വെളിപ്പെടുത്തിയില്ലെന്ന് വർഷയ്ക്ക് അറിയാമായിരുന്നു. എന്നാൽ, അതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും അവരുടെ കൈയിലില്ലായിരുന്നു. അതിനിടെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടൊരു അന്വേഷണം അവിടെ നടക്കുന്നത്. അതിന്റെ കേന്ദ്രബിന്ദുവായത് ഭദ്രേഷും.
Also Read
പല അക്കൗണ്ടുകളിലൂടെ എത്രയോ ദശലക്ഷം പൗണ്ട് കടത്താൻ ഭദ്രേഷ് സഹായിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു. അന്വേഷണം കുറച്ചധികം കാലം നീണ്ടുനിന്നു. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനയ്ക്കുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് ഭദ്രേഷ് ശിക്ഷിക്കപ്പെടുകയും ചെയ്തു. 2011-ൽ പത്തുവർഷത്തെ തടവുശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചത്.
അപ്പോഴാണ് വിവാഹമോചനസമയത്ത് പുറത്തുവരാതിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെക്കുറിച്ച് വർഷയും അറിയുന്നത്. ഏകദേശം 28 ദശലക്ഷം പൗണ്ടിന്റെ സ്വത്ത് മരവിപ്പിക്കാൻ പ്രോസിക്യൂട്ടർമാർ പിന്നീട് തീരുമാനിച്ചു. അതോടെയാണ് വർഷ വീണ്ടും കേസുമായി രംഗത്തെത്തുന്നത്. 2015-ൽ കേസ് റി-ഓപ്പൺ ചെയ്യാൻ വർഷയ്ക്ക് അനുമതി ലഭിക്കുകയും ചെയ്തു. വിവാഹബന്ധം വേർപെടുത്തുമ്പോൾ സ്വത്തുക്കൾ പൂർണമായും ഭദ്രേഷ് വെളിപ്പെടുത്തിയിരുന്നില്ലെന്ന വാദമാണ് കോടതി അംഗീകരിച്ചത്. അങ്ങനെ വർഷങ്ങൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. ഏകദേശം 6.6 ദശലക്ഷം പൗണ്ടിന് വർഷയ്ക്ക് അർഹതയുണ്ടെന്ന് കോടതി വിധിച്ചു. എന്നാൽ അതിനെതിരെ ഭദ്രേഷ് അപ്പീൽ കൊടുത്തു. ഒടുവിൽ യുകെയിലെ അപ്പീൽ കോടതി ഇനി അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും കേസ് അവസാനിച്ചതായും വിധിക്കുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 05 Jun 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented