ഒരു ബന്ധം അവസാനിച്ചതിന് ശേഷവും മുൻ പങ്കാളിയുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഇടയ്ക്കിടെ നോക്കാറുണ്ടോ? 'ഒന്ന് നോക്കിയിട്ട് വരാം' എന്ന ചിന്തയോടെയാണ് ഈ ശീലം പലപ്പോഴും തുടങ്ങുന്നത്. പക്ഷേ, ഒരു പുതിയ ഫോട്ടോ കണ്ടാൽ അത് ആരൊക്കെ ലൈക്ക് ചെയ്‌തെന്ന് നോക്കും. പിന്നാലെ പുതിയ ഫോളോവേഴ്‌സ് ആരൊക്കെയെന്ന് പരിശോധിക്കും. അങ്ങനെ പോകുമ്പോൾ മാസങ്ങൾക്ക് മുമ്പുള്ള പോസ്റ്റുകളിലേക്ക് വരെ വെറുതെ സ്‌ക്രോൾ ചെയ്‌തെത്തും.

ചിലപ്പോൾ അവർ നമ്മളെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടോ എന്നറിയാനായിരിക്കും. മറ്റൊരാളുമായി പുതിയ ബന്ധം തുടങ്ങിയോ എന്നറിയാനുള്ള ആകാംക്ഷയുമാകാം. ചിലപ്പോഴാകട്ടെ, ഒരുകാലത്ത് വളരെ അടുത്തറിഞ്ഞിരുന്ന ഒരാളുടെ ജീവിതത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള കൗതുകം മാത്രമാവും. എന്നാൽ ഓരോ തവണ പ്രൊഫൈൽ പരിശോധിക്കുമ്പോഴും അടുത്ത തവണ വീണ്ടും നോക്കാനുള്ള ആകാംക്ഷ കൂടാം. ആ ശീലം ഒഴിവാക്കാൻ ശ്രമിക്കുന്നവർ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ...

  • മുൻ പങ്കാളിയുടെ പേര് നിങ്ങളുടെ റീസന്റ് സെർച്ചിൽ എപ്പോഴും കാണുന്നുണ്ടെങ്കിൽ അത് നീക്കം ചെയ്യുക. പോസ്റ്റുകളും സ്റ്റോറികളും മ്യൂട്ട് ചെയ്യാം. ആവശ്യമെങ്കിൽ അൺഫോളോ ചെയ്യാം. കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയ ആപ്പ് ഫോണിൽ നിന്ന് മാറ്റിവെക്കുന്നതും ഒരു വഴിയാണ്. ആവശ്യമില്ലെങ്കിൽ ബ്ലോക്ക് ചെയ്യേണ്ടതുമില്ല. 'ഞാൻ ശരിക്കും ഇത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ?' എന്ന് സ്വയം ചോദിക്കുന്നത് നല്ലതാണ്.
  • പ്രൊഫൈൽ തുറക്കുന്നതിന് മുൻപ് ഒന്ന് ചിന്തിച്ചുനോക്കാം. അവിടെ നിന്ന് എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? അവർ നിങ്ങളെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയാനാണോ? അവർ പുതിയൊരു ബന്ധത്തിലാണോ എന്ന് പരിശോധിക്കാനാണോ? നിങ്ങളില്ലാതെ അവർ സന്തോഷവാന്മാരല്ലെന്ന എന്തെങ്കിലും തെളിവ് കണ്ടെത്താനാണോ? ഇതിന്റെ പിന്നിലെ യഥാർഥ കാരണം തിരിച്ചറിയുന്നത് പ്രധാനമാണ്. പലപ്പോഴും ഇത് സോഷ്യൽ മീഡിയയോടുള്ള ആകർഷണം മാത്രമല്ല; മറിച്ച് ഏതെങ്കിലും തരത്തിലുള്ള ഉറപ്പും ആശ്വാസവും തേടുന്നതാകാം. പക്ഷേ, അവരുടെ ഒരു പോസ്റ്റിൽ നിന്ന് നിങ്ങൾ തേടുന്ന ഉത്തരം ലഭിക്കണമെന്നില്ല. ഒരു ഫോട്ടോയ്ക്ക് ഒരാളുടെ മനസ്സിൽ എന്താണെന്ന് പറയാനാകില്ല. അതുപോലെ സന്തോഷത്തോടെ കാണുന്ന ഒരു പോസ്റ്റും അവരുടെ ജീവിതത്തിലെ മുഴുവൻ യാഥാർഥ്യവും കാണിച്ചുതരില്ല.
  • 'ഇനി നോക്കരുത്' എന്ന് പറയുന്നത് എളുപ്പമാണ്. എന്നാൽ നോക്കണമെന്ന ശക്തമായ ആഗ്രഹം വരുമ്പോൾ അത് അത്ര എളുപ്പമായിരിക്കില്ല. ആ സമയത്ത് മറ്റ് ചില കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം. വെറുതെ നടക്കാനിറങ്ങാം. സുഹൃത്തിന് മെസേജയക്കാം. ഇഷ്ടപ്പെട്ട ഒരു സീരീസിന്റെ എപ്പിസോഡ് കാണാം. കാപ്പി ഉണ്ടാക്കി കുടിക്കാം. പുസ്തകം വായിക്കാം. അല്ലെങ്കിൽ 15 മിനിറ്റ് ഫോൺ മറ്റൊരു മുറിയിൽ വയ്ക്കുക. ഇതൊന്നും വലിയ മാറ്റങ്ങളായിരിക്കണമെന്നില്ല. പ്രൊഫൈൽ തുറക്കണമെന്ന ഓട്ടോമാറ്റിക് ശീലം ഒന്ന് തടയാൻ കഴിഞ്ഞാൽ മാത്രം മതി. കാലക്രമേണ, ഒരു ആഗ്രഹം തോന്നുമ്പോഴെല്ലാം അതിനോട് പ്രതികരിക്കേണ്ടതില്ലെന്ന് മനസ്സിലാകാൻ തുടങ്ങും.
  • മുൻ പങ്കാളിയുടെ സോഷ്യൽ മീഡിയ കാണുമ്പോൾ പലരും ചെയ്യുന്ന ഒരു കാര്യമാണ് സ്വന്തം ജീവിതത്തെ അതുമായി താരതമ്യം ചെയ്യുന്നത്. അവർ യാത്ര ചെയ്യുന്നതും സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നതും സന്തോഷത്തോടെ ജീവിക്കുന്നതും കണ്ടാൽ, 'ഞാൻ പിന്നിലായിപ്പോയോ?' എന്ന് തോന്നാം. എന്നാൽ സോഷ്യൽ മീഡിയ ഒരാളുടെ ജീവിതത്തിന്റെ മുഴുവൻ ചിത്രമല്ല. തെരഞ്ഞെടുത്ത കുറച്ച് നിമിഷങ്ങളുടെ ശേഖരം മാത്രമാണത്. ഒരാളുടെ വൈകാരിക ജീവിതത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടല്ല. നിങ്ങൾക്ക് ഇപ്പോഴും അവരെ മിസ് ചെയ്യുന്നുണ്ടെങ്കിൽ അതുകൊണ്ട് നിങ്ങളുടെ ജീവിതം മുന്നോട്ടുപോയിട്ടില്ലെന്ന് അർഥമില്ല. 
  • അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയാണ് നിങ്ങളെ വീണ്ടും വീണ്ടും പ്രൊഫൈലിലേക്ക് എത്തിക്കുന്നതെങ്കിൽ, ഒരു നിശ്ചിത കാലത്തേക്ക് പൂർണമായും പരിശോധിക്കാതിരിക്കാൻ ശ്രമിക്കാം. ആദ്യം ഏഴ് ദിവസം. അത് നല്ലതായി തോന്നുന്നുവെങ്കിൽ കുറച്ചുകൂടി നീട്ടാം. ആദ്യ ദിവസങ്ങളിൽ ഇത് വിചിത്രമായും ബുദ്ധിമുട്ടായും തോന്നിയേക്കാം. കാരണം, നിങ്ങൾ ഒരു വ്യക്തിയെ മാത്രമല്ല, ഒരു പതിവിനെയും കൂടിയാണ് മാറ്റാൻ ശ്രമിക്കുന്നത്. വീണ്ടും ഒരുതവണ മാത്രം നോക്കാമെന്ന ആഗ്രഹം വരാം. പക്ഷേ ഉടൻ പ്രതികരിക്കാതെ അതിനെ കടന്നുപോകാൻ അനുവദിക്കണം. പിന്നീട് രണ്ട് ദിവസം. അങ്ങനെ ഒരു ആഴ്ച. ആ സമയത്താണ് പലപ്പോഴും ഈ ശീലത്തിന്റെ പിടി പതിയെ അയഞ്ഞുതുടങ്ങുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi