ബോളിവുഡിലെ മുൻ സൂപ്പർതാരം ഊർമിള മധോൺകർ രണ്ടുവർഷം മുമ്പാണ് ഭർത്താവ് മൊഹ്‌സിൻ അക്തറുമായി വേർപിരിഞ്ഞത്. 2016-ൽ വിവാഹിതരായ ഇരുവരും എട്ടുവർഷത്തോളം നീണ്ട ദാമ്പത്യമാണ് അന്ന് അവസാനിപ്പിച്ചത്. ഊർമിളയേക്കാൾ 10 വയസ്സ് പ്രായം കുറവാണ് മൊഹ്‌സിന് എന്നതുകൊണ്ടുതന്നെ അവരുടെ വിവാഹം വലിയ വാർത്തയായിരുന്നു. കൂടാതെ ഇരുവരും വ്യത്യസ്ത മതക്കാരായതും ചർച്ചയായി. വിവാഹമോചനശേഷം മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതിനെപ്പറ്റി താരം ഇതുവരെ മനസ്സുതുറന്നിട്ടില്ല.

എന്നാൽ, മൊഹസിൻ അക്തർ ഈ വർഷം ജൂണിൽ നിധ ഭട്ടിനെ വിവാഹം ചെയ്തിരുന്നു. മൊഹസിൻ ഭാര്യക്കൊപ്പമുള്ള റിസപ്ഷൻ ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ചതിനു പിന്നാലെ, ഊർമിള തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ദുരൂഹമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.. "എനിക്ക് സ്നേഹം, വിശ്വസ്തത, സമയം തുടങ്ങിയ വിലയേറിയ കാര്യങ്ങളാണ് ഇഷ്ടം." എന്നായിരുന്നു കുറിപ്പ്. മുൻഭർത്താവിനെ ഉദ്ദേശിച്ചാണ് ഇതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

റിസപ്ഷൻ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് മൊഹ്‌സിൻ എഴുതിയതിങ്ങനെയായിരുന്നു- "നീയെന്റെ ഭാര്യ മാത്രമല്ല, എന്റെ വീടും സമാധാനവും, ദിവസങ്ങളുടെ പ്രിയപ്പെട്ട ഭാഗവുമായി മാറി. നിന്നെയെന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു, സ്നേഹിക്കുമെന്നും കൂടെ നിൽക്കുമെന്നും നമ്മുടെ യാത്രയുടെ ഓരോ അധ്യായത്തിലും ചേർത്തുപിടിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. നമുക്കായി, എന്നെന്നേക്കുമായി, നമ്മൾ ഒരുമിച്ച് കെട്ടിപ്പടുക്കാൻ പോകുന്ന മനോഹരമായ ജീവിതത്തിനായി. എന്റേതായതിന് നന്ദി, എന്റെ സ്നേഹമേ. നിന്നോട് എന്നും കടപ്പെട്ടിരിക്കുന്നു".

മൊഹ്‌സിനും ഊർമിളയും തമ്മിലുള്ള വിവാഹത്തിൽ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നത് 2024-ലാണ്. ആ വർഷം സെപ്റ്റംബറിൽ, ഊർമിള മുംബൈ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി അവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.

കശ്മീരിൽ നിന്നുള്ള വ്യവസായിയും മോഡലുമായ മൊഹ്‌സിനും ഊർമിളയും ആദ്യമായി കണ്ടുമുട്ടിയത് 2014-ൽ ഡിസൈനർ മനീഷ് മൽഹോത്രയുടെ അനന്തരവളുടെ (niece) വിവാഹത്തിലാണ്. പിന്നീട് 2016-ൽ ലളിതമായ ചടങ്ങിൽ വിവാഹിതരായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi