ഇന്ത്യൻ സിനിമയിലെ 'ഉലകനായകൻ' കമൽ ഹാസൻ തന്റെ അഭിനയമികവ് കൊണ്ടും കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ടും പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയ നടനാണ്. 'സദ്മ', 'ചാച്ചി 420', 'ഇന്ത്യൻ', 'ദശാവതാരം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം, തന്റെ വ്യക്തിജീവിതത്തിലെ തുറന്നുപറച്ചിലുകൾ കൊണ്ടും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും പ്രശസ്ത ഭരതനാട്യം നർത്തകിയുമായ വാണി ഗണപതിയുമായുള്ള വേർപിരിയലും, അതിനുശേഷമുണ്ടായ സാമ്പത്തിക തർക്കങ്ങളും തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ വിവാദമായിരുന്നു.
'മേൽനാട്ടു മരുമകൾ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് കമലും വാണിയും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും 1978-ൽ വിവാഹിതരായി. ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിൽ 1988-ൽ ഇരുവരും വേർപിരിയുകയായിരുന്നു. ദാമ്പത്യബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. 2015-ൽ നൽകിയ ഒരഭിമുഖത്തിൽ, വാണിക്ക് നൽകേണ്ടി വന്ന ഭീമമായ ജീവനാംശം (Alimony) കാരണം താൻ സാമ്പത്തികമായി തകർന്നുപോയെന്നും പാപ്പരത്തത്തിന്റെ വക്കിലെത്തിയെന്നും കമൽ ഹാസൻ ആരോപിച്ചു.
Also Read
എന്നാൽ കമലിന്റെ ഈ ആരോപണം വാണി ഗണപതിയെ ചൊടിപ്പിച്ചു. വർഷങ്ങളോളം പുലർത്തിയ മൗനം വെടിഞ്ഞ്, ഒരഭിമുഖത്തിൽ കമലിന് കടുത്ത ഭാഷയിലാണ് അവർ മറുപടി നൽകിയത്. "വേർപിരിഞ്ഞിട്ട് 28 വർഷമായി. ഇതൊരു സ്വകാര്യ വിഷയമായതുകൊണ്ടാണ് ഞാൻ ഇതുവരെ പ്രതികരിക്കാതിരുന്നത്. എന്നാൽ ഇപ്പോഴും അയാൾ എന്തിനാണ് ഒരു കുട്ടിയെപ്പോലെ വാശി പിടിക്കുന്നത്?" എന്ന് വാണി തുറന്നടിച്ചു.
ജീവനാംശം നൽകിയതുകൊണ്ട് മാത്രം ഒരാൾ സാമ്പത്തികമായി തകർന്നു എന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്ന് വാണി ചൂണ്ടിക്കാട്ടി. "ലോകത്തിലെ ഏത് കോടതിയിലാണ് ഒരാളെ പാപ്പരാക്കുന്ന രീതിയിൽ ജീവനാംശം വിധിക്കുന്നത്? വാർത്ത വായിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി," എന്ന് അവർ പറഞ്ഞു. താൻ ആ ബന്ധം ഉപേക്ഷിച്ച് ഇറങ്ങിപ്പോയത് കമലിന്റെ 'ഈഗോ'യെ കാര്യമായി ബാധിച്ചിട്ടുണ്ടാകാമെന്നും, അതിനാലാണ് ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അന്ന് അവർ ആരോപിച്ചു. ഒരുമിച്ച് താമസിച്ചിരുന്ന ഫ്ലാറ്റിലുണ്ടായിരുന്ന പഴയ ഗാർഹിക ഉപകരണങ്ങൾ പോലും തനിക്ക് തരാൻ മടിച്ച ആളാണ് കമലെന്നും വാണി വെളിപ്പെടുത്തി.
തന്റെ ദാമ്പത്യകാലത്തെ അനുഭവങ്ങൾ പങ്കുവെച്ച വാണി, ചോദ്യങ്ങളിൽ നിന്ന് തന്ത്രപരമായി ഊരിപ്പോകാൻ കമലിന് പ്രത്യേക കഴിവുണ്ടെന്നും തുറന്നടിച്ചു. മനോഹരമായി ചിരിച്ച്, ആളുകളെ ആകർഷിച്ച് ഏത് വിഷമഘട്ടത്തിൽ നിന്നും രക്ഷപ്പെടാൻ കമലിനേക്കാൾ നന്നായി മറ്റാർക്കും അറിയില്ലെന്നും അവർ പരിഹസിച്ചു.
വാണിയുമായുള്ള വേർപിരിയലിനു ശേഷമാണ് കമൽ ഹാസൻ പ്രശസ്ത നടി സരികയുമായി ലിവ്-ഇൻ ബന്ധത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഈ ബന്ധത്തിലാണ് ബോളിവുഡ് താരങ്ങളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവർ ജനിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kamal Haasan and Vani Ganapathy married in 1978 and separated in 1988., Kamal claimed massive alimony payments nearly bankrupted him., Vani Ganapathy strongly refuted these claims in a rare interview, questioning the validity of his statements.
Published: 02 Sept 2026, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented