സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ ഭാഷയോ അപകീർത്തികരമായ പരാമർശങ്ങളോ വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തിങ്കളാഴ്ച വ്യക്തമാക്കി.

To advertise here,

''എന്റെ രാഷ്ട്രീയ വിജയത്തിന് പിന്നിലെ പ്രധാന കാരണം സ്ത്രീകളാണ്. സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ ഭാഷാപ്രയോഗം ഞാൻ വെച്ചുപൊറുപ്പിക്കില്ല. രാഷ്ട്രീയപരമായ കടുത്ത വിമർശനങ്ങൾ ഉണ്ടാകാം. എന്നാൽ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പാടില്ല'', നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

''മറ്റുള്ളവർക്കെതിരെയും സ്ത്രീകൾക്കുമെതിരെയും വ്യക്തിപരമായ ആക്രമണങ്ങൾ നടത്തരുത്. അടുത്തകാലത്തായി തമിഴ്നാട്ടിൽ അധിക്ഷേപകരമായ പരാമർശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ ചിലർ ദ്വയാർത്ഥപ്രയോഗങ്ങൾ നടത്തുന്നത് ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്'', വിജയ് പറഞ്ഞു.

രാഷ്ട്രീയ എതിരാളികൾ വിജയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ, പലപ്പോഴും നടി തൃഷയെയും വലിച്ചിട്ടിരുന്നു. ഏറ്റവും അവസാനമായി കാവേരി നദീജലതർക്കവുമായി ബന്ധപ്പെട്ട് ഡി.എം.കെ നടത്തിയ പ്രതിഷേധറാലിയിലും തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനാണ് അന്ന് തൃഷയ്‌ക്കെതിരെ അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയത്. അതിനുശേഷം ദിവസങ്ങൾക്കുള്ളിലാണ്, വിജയ് നിയമസഭയിൽ ഈ പ്രസ്താവന നടത്തിയതെന്നതും ശ്രദ്ധേയമാണ്.

ആ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഉദയനിധിയെ ചോദ്യംചെയ്യലിനുശേഷമാണ് വിട്ടയച്ചത്. ''കാരണമില്ലാതെയാണ് അവർ എന്നെ അറസ്റ്റ് ചെയ്തത്. ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ആർക്കുമെതിരെയും ഞാൻ മോശമായതൊന്നും പറഞ്ഞിട്ടില്ല'', എന്നാണ് മോചിതനായ ശേഷം ഉദയനിധി പറഞ്ഞത്.

നേരത്തെ ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് നൈനാർ നാഗേന്ദ്രനും തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിജയ്‌യുടെ സേലം റാലിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നാഗേന്ദ്രൻ വിവാദപരമായ പ്രസ്താവന നടത്തിയത്. വിജയ്ക്ക് രാഷ്ട്രീയപരിചയമില്ലെന്നും തൃഷയുടെ അടുത്തുനിന്നും പുറത്തുകടന്ന് കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നുമാണ് അന്ന് നാഗേന്ദ്രൻ പറഞ്ഞത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi