തോളിൽ സ്കൂൾ ബാഗുമായി ഓടിയെത്തിയ എട്ടുവയസ്സുകാരൻ മകൻ അച്ഛനോട് കൗതുകത്തോടെയും ആകാംക്ഷയോടെയും ഒരു ചോദ്യം ചോദിച്ചു; "നമ്മൾ മുസ്ലീങ്ങളാണോ?" പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ മനസ്സ് തൊട്ട ആ പഴയ ഓർമ്മയാണ് ഇപ്പോൾ ബോളിവുഡിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്. മക്കളായ ഫർഹാൻ അക്തറിനെയും സോയ അക്തറിനെയും വളർത്തിയെടുത്ത രീതിയെക്കുറിച്ചും അവരുടെ ജീവിതത്തിൽ മതത്തിന്റെ സ്ഥാനമെന്തായിരുന്നു എന്നതിനെക്കുറിച്ചും ഒരഭിമുഖത്തിൽ തുറന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

മക്കളുടെമേൽ ഒരിക്കലും മതപരമായ സ്വത്വം അടിച്ചേൽപ്പിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് ജാവേദ് അക്തർ വ്യക്തമാക്കി. "പതിനൊന്നോ പന്ത്രണ്ടോ വയസ്സാകുമ്പോഴേക്കും കുട്ടികളിലേക്ക് സാധാരണയായി മതം കടന്നുവരാറുണ്ട്. എന്നാൽ എന്റെ മക്കൾക്ക് ഞാൻ ഒരു മതവും നൽകിയില്ല. ഫർഹാന് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് ആ സംഭവം നടക്കുന്നത്. സ്കൂളിൽനിന്ന് ഓടിയെത്തി അവൻ എന്നോട് ചോദിച്ചു, 'നമ്മൾ മുസ്ലീങ്ങളാണോ?' അന്ന് ഞാൻ അവനോട് പറഞ്ഞു: കേൾക്കൂ, പൂണൈയിലോ മുംബൈയിലോ ലണ്ടനിലോ ന്യൂയോർക്കിലോ എവിടെ വേണമെങ്കിലും മനുഷ്യർ ജനിക്കാം, അതുപോലെ ഏതെങ്കിലും ഒരു സമുദായത്തിലും ജനിക്കാം. എന്നാൽ ഏത് നഗരത്തിലോ സമുദായത്തിലോ ജനിച്ചു എന്നതിലല്ല, നീ എന്തായി തീരുന്നു എന്നതിലാണ് കാര്യം," ജാവേദ് അക്തർ ഓർത്തെടുത്തു.

മക്കളെ നല്ല വ്യക്തിത്വങ്ങളായി വളർത്തിയെടുത്തതിന്റെ പൂർണ്ണ ക്രെഡിറ്റ് തന്റെ ആദ്യ ഭാര്യയും തിരക്കഥാകൃത്തുമായ ഹണി ഇറാനിക്കാണെന്ന് ജാവേദ് പറയുന്നു. 1985-ൽ തങ്ങൾ വേർപിരിയുമ്പോൾ സോയയ്ക്ക് പതിനൊന്നും ഫർഹാന് ഒമ്പതരയുമായിരുന്നു പ്രായം.

കുട്ടികളുടെ വളർച്ചയിലെ നിർണായകമായ ആ കാലഘട്ടത്തിൽ ഹണി അവർക്ക് സ്വാതന്ത്ര്യവും ഒപ്പം ശക്തമായ ഉത്തരവാദിത്തബോധവും പകർന്നുനൽകി. എന്താണ് ചെയ്യേണ്ടത്, എത്തരം സ്വാതന്ത്ര്യങ്ങളാണ് തങ്ങൾക്കുള്ളത്, ജീവിതത്തിൽ ഉൾക്കൊള്ളേണ്ട നന്മകളും തള്ളിക്കളയേണ്ട കാര്യങ്ങളും ഏതെല്ലാമാണ് എന്ന് മക്കളെ ബോധ്യപ്പെടുത്തിയത് ഹണിയാണെന്ന് ജാവേദ് നന്ദിയോടെ ഓർക്കുന്നു.

ഇന്ന് ഇന്ത്യൻ സിനിമയിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ച പ്രശസ്ത സംവിധായകരും നിർമ്മാതാക്കളുമാണ് ഫർഹാൻ അക്തറും സോയ അക്തറും. മക്കളുടെ വിജയത്തിൽ തനിക്കേറെ അഭിമാനമുണ്ടെന്നും ജാവേദ് പറയുന്നു. എന്നാൽ ആ വിജയങ്ങൾക്കൊന്നും പ്രശസ്തരായ മാതാപിതാക്കളുടെ തണൽ അവർ തേടിയിട്ടില്ലെന്നും, പൂർണ്ണമായും സ്വന്തം അധ്വാനവും കഴിവുമാണ് അവരെ ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi