ബോളിവുഡ് നടനെന്ന നിലയിൽ മാത്രമല്ല, നിക്ഷേപകനെന്ന നിലയിലും ശ്രദ്ധേയമായ യാത്രയാണ് വിവേക് ഒബ്റോയ് നടത്തുന്നത്. കുടുംബത്തിന്റെ സമ്പത്ത് തലമുറകളിലേക്ക് സംരക്ഷിക്കുകയും പുതിയ സംരംഭകരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫാമിലി ഓഫീസിലൂടെ ഇതിനകം 30-ലേറെ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് വിവേക് വെളിപ്പെടുത്തി. അവയിൽ 11 നിക്ഷേപങ്ങളിൽ നിന്ന് ഇതിനകം പുറത്തുകടന്നതായും ചിലതിൽ 300 ശതമാനം വരെ ലാഭം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഔട്ട് ലുക്ക് ബിസിനസ്സിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. 

To advertise here,

11-12 വയസ്സ് പ്രായമുള്ളപ്പോഴേ അച്ഛനും നടനുമായ സുരേഷ് ഒബ്റോയ് ഡെബിറ്റ്, ക്രെഡിറ്റ് തുടങ്ങിയ സാമ്പത്തിക ആശയങ്ങൾ വിവേകിനെ പഠിപ്പിച്ചിരുന്നു. കണക്കുകൾ എഴുതിപ്പിടിപ്പിച്ചായിരുന്നു പണത്തിന്റെ മൂല്യം മനസ്സിലാക്കാൻ അദ്ദേഹം പരിശീലിപ്പിച്ചത്. സ്വത്ത് വിഭജനകാലത്ത് കുടുംബത്തിന് എല്ലാം നഷ്ടമായ അനുഭവം ഉണ്ടായിരുന്നതിനാലാണ് അച്ഛൻ സമ്പത്തിന്റെ വില ഒരിക്കലും മറക്കരുതെന്ന് പഠിപ്പിച്ചതെന്നും വിവേക് പറഞ്ഞു. “പണം പഴയ വിജയങ്ങളുടെ അടയാളമായി മാത്രം കാണരുത്. ഭാവിയിലെ വളർച്ചയ്ക്കും പുതിയ ആശയങ്ങൾക്കുമുള്ള ഇന്ധനമായാണ് കാണേണ്ടത്,” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

“ഇന്ത്യയിൽ ഫാമിലി ഓഫീസ് എന്ന ആശയം അത്ര വ്യാപകമല്ലാതിരുന്ന സമയത്താണ് ഞാൻ അത് ആരംഭിച്ചത്. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ഓരോ ബിസിനസിന്റെയും ധർമ്മം ലാഭമാണ്. എന്നാൽ ഓരോ ബിസിനസുകാരന്റെയും ധർമ്മം ലക്ഷ്യബോധമായിരിക്കണം”. സാധാരണ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമല്ല, അർഥവത്തായ സംരംഭങ്ങൾക്കും മികച്ച സംരംഭകർക്കും ഒപ്പംനിൽക്കുന്ന സംവിധാനമാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാമിലി ഓഫീസ് ആരംഭിച്ചതിന്റെ പ്രധാന ലക്ഷ്യം തലമുറകളിലേക്ക് സമ്പത്ത് സംരക്ഷിക്കുന്ന ഒരു സംവിധാനമൊരുക്കുക എന്നതായിരുന്നുവെന്ന് വിവേക് വ്യക്തമാക്കി. 13 വയസ്സുള്ള മകനോടും 11 വയസ്സുള്ള മകളോടും ഏത് കമ്പനികളിലാണ് നിക്ഷേപിക്കുന്നതെന്നും അതിന്റെ കാരണങ്ങളുമെല്ലാം ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബോധവൽക്കരണം കുടുംബജീവിതത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ നിക്ഷേപരീതി 'Steady and Sexy' എന്നാണ് വിവേക് വിശേഷിപ്പിക്കുന്നത്. 'Steady' വിഭാഗത്തിൽ കുടുംബ ഉടമസ്ഥതയിലുള്ള, അടിസ്ഥാനപരമായി ശക്തമായ കമ്പനികളെയാണ് തിരഞ്ഞെടുക്കുന്നത്. ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മികച്ച കോർപ്പറേറ്റ് ഗവർണൻസ് എന്നിവയിലൂടെ വളരാൻ സാധ്യതയുള്ള സ്ഥാപനങ്ങളിലാണ് ശ്രദ്ധ. 'Sexy' വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ടെക്, ലൈഫ് സയൻസസ്, ലൈഫ്സ്‌റ്റൈൽ ബ്രാൻഡുകൾ തുടങ്ങിയ അതിവേഗ വളർച്ചാ സാധ്യതയുള്ള മേഖലകളിലാണ് നിക്ഷേപം. പ്രീമിയം അനലോഗ് വാച്ച് സ്റ്റാർട്ടപ്പായ Rotoris-ലുള്ള നിക്ഷേപം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, കമ്പനി ആദ്യ വർഷം തന്നെ ഏകദേശം ആറ് ലക്ഷം ഡോളർ വരുമാനം നേടിയെന്നും വരും വർഷങ്ങളിൽ വലിയ വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.

 

30-ലേറെ കമ്പനികളിൽ നിക്ഷേപം; 11 എക്‌സിറ്റുക
ഫാമിലി ഓഫീസ് വഴി ഇതുവരെ 30-ലേറെ കമ്പനികളിൽ നിക്ഷേപം നടത്തിയതായും 11 നിക്ഷേപങ്ങളിൽ നിന്ന് വിജയകരമായി പുറത്തുകടന്നതായും വിവേക് അറിയിച്ചു. ഈ വർഷം തന്നെ ആറോ ഏഴോ പുതിയ 'ലിക്വിഡിറ്റി ഇവന്റുകൾ' പ്രതീക്ഷിക്കുന്നുണ്ടെന്നും അതിൽ മൂന്ന് കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ലിസ്റ്റഡ് കമ്പനിയിൽ നടത്തിയ നിക്ഷേപത്തിൽ രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 300 ശതമാനം ലാഭം നേടി പുറത്തുകടക്കാൻ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

വെഞ്ചർ ക്യാപിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകൾ പോലെയല്ല ഫാമിലി ഓഫീസുകളുടെ പ്രവർത്തനരീതിയെന്ന് അദ്ദേഹം പറയുന്നു. നിക്ഷേപകരോട് നിയമപരമായ ബാധ്യതകളില്ലാത്തതിനാൽ സാമ്പത്തിക ലാഭം മാത്രം നോക്കാതെ സാമൂഹിക സ്വാധീനമുള്ള സംരംഭങ്ങളെയും പിന്തുണയ്ക്കാൻ ഫാമിലി ഓഫീസുകൾക്ക് സാധിക്കുമെന്ന് വിവേക് വിശദീകരിച്ചു. “സാമ്പത്തിക നേട്ടം ഏറ്റവും ഉയർന്നതായിരിക്കില്ലെന്ന് അറിയാമെങ്കിലും സമൂഹത്തിന് ഗുണം ചെയ്യുന്ന സംരംഭങ്ങളിൽ ഞാൻ നിക്ഷേപിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും ആവേശകരമായ വളർച്ചാ വിപണികളിലൊന്നാണ് ഇന്ത്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.എസ്.എം.ഇ., ടെക് സ്റ്റാർട്ടപ്പുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളുണ്ട്”. അതേസമയം സ്റ്റാർട്ടപ്പുകൾക്ക് നികുതി സംവിധാനവും നിയമനടപടികളും കൂടുതൽ ലളിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിനയത്തോട് എന്നും പ്രണയം
അഭിനയം ഇന്നും തന്റെ ഏറ്റവും വലിയ പ്രണയമാണെന്ന് വിവേക് പറഞ്ഞു. “ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ലഭിക്കുന്ന സന്തോഷം മറ്റൊന്നിനും പകരംവെക്കാനാകില്ല. അതേസമയം യുവ സംരംഭകരുടെ വളർച്ചയ്ക്കൊപ്പം നിൽക്കാനും അവരുടെ വിജയങ്ങൾ കാണുന്നതുമൊക്കെ മറ്റൊരു തരത്തിലുള്ള സംതൃപ്തി നൽകുന്നുണ്ട്.” നിക്ഷേപം അവസാനിച്ച ശേഷവും പല സംരംഭകരും അടുത്ത സുഹൃത്തുക്കളായി മാറിയിട്ടുണ്ടെന്നും വിവേക് വ്യക്തമാക്കി.

വിവിധ ബിസിനസ് സംരംഭങ്ങൾ, അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ഓഹരി വിപണിയിലെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ എന്നിവയിലൂടെ ഏകദേശം 1,200 കോടി രൂപയുടെ ആസ്തിയാണ് വിവേക് ഒബ്റോയ് സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ബിസിനസ് രംഗത്തെ തിരക്കുകൾക്കിടയിലും അഭിനയത്തിൽ സജീവമാണ് വിവേക് ഒബ്‌റോയ്. നിതേഷ് തിവാരിയുടെ ‘രാമായണ’ത്തിൽ രൺബീർ കപൂർ, യഷ്, സായി പല്ലവി എന്നിവർക്കൊപ്പം വിവേക് ഒബ്റോയിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായാണ് ഈ സിനിമയെ വിലയിരുത്തപ്പെടുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi