അഭിനയത്തോടൊപ്പം ഒരു സംരംഭകനെന്ന നിലയിലും പേരെടുത്ത വ്യക്തിയാണ് അഭിഷേക് ബച്ചൻ. സ്വിഗ്ഗിയിലും നാഗിൻ ഹോട്ട് സോസിലും നിക്ഷേപം നടത്താൻ തന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തന്റെ ഓരോ തീരുമാനങ്ങളും വ്യക്തിജീവിതവും ബച്ചൻ കുടുംബത്തിലെ ദൈനംദിന കാര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2019-ലാണ് ഇന്ത്യൻ ഹോട്ട് സോസ് ബ്രാൻഡായ നാഗിൻ ആരംഭിക്കുന്നത്. "ഇത് യാദൃച്ഛികമായി എന്റെ മുന്നിലെത്തിയതാണ്. ഞാനത് രുചിച്ചുനോക്കി ഇഷ്ടപ്പെട്ടു, ധാരാളം ഉപയോഗിക്കുകയും ചെയ്തു. അവസാനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെട്ട് 'എനിക്ക് ഇതിൽ പങ്കാളിയാകാൻ കഴിയുമോ?' എന്ന് ചോദിക്കുകയായിരുന്നു. അവർ നിക്ഷേപകരെ തേടുകയായിരുന്നു, അങ്ങനെ ഞാനൊരു സ്ട്രാറ്റജിക് പങ്കാളിയായി വന്നു. ഇതെനിക്ക് വലിയ അഭിമാനമുള്ള കാര്യമാണ്. മിസ്റ്റർ അമിതാഭ് ബച്ചൻ നാഗിൻ സോസിന്റെ ഒരു കുപ്പിയോടൊപ്പം തന്റെ പ്രഭാതഭക്ഷണത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അത് ഗുണം ചെയ്യും"- ഗ്ലോബൽ ബിസിനസ്സ് ഉച്ചകോടി 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു സെഷനിൽ അഭിഷേക് പറഞ്ഞു.

സ്വിഗ്ഗിയിലും സെപ്റ്റോയിലുമുള്ള തന്റെ നിക്ഷേപങ്ങളെക്കുറിച്ച് പറയുമ്പോൾ, ഇതെല്ലാം വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് ഉടലെടുത്തതാണെന്ന് അഭിഷേക് പറഞ്ഞു. ഒരു ദിവസം, നാഗിൻ സോസ് തീർന്നുപോയി, അത്താഴത്തിനായി അത് വേഗത്തിൽ എത്തിക്കാൻ ക്വിക്ക് കൊമേഴ്‌സ് ആപ്പ് ഉപയോഗിച്ചു, അങ്ങനെയൊക്കെയാണിത് സംഭവിച്ചത്. താനേയുടെ മാംലേദാർ മിസലിനോടുള്ള ഇഷ്ടം കൊണ്ടാണ് സ്വിഗ്ഗിയുമായുള്ള തന്റെ സഹകരണമെന്നും അഭിഷേക് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും മികച്ച മിസൽ പാവ് എന്നാണ് അദ്ദേഹം മാംലേദാർ മിസലിനെ വിശേഷിപ്പിക്കുന്നത്.

"അങ്ങനെ ഞാനൊരു ദിവസം സ്വിഗ്ഗിയിൽ വിളിച്ചു ചോദിച്ചു, 'നിങ്ങൾ എല്ലാ ദിവസവും എനിക്കിത് എത്തിക്കുന്നു. എനിക്ക് നിങ്ങളിൽ നിക്ഷേപം നടത്താനാവുമോ? സേവനങ്ങൾക്കായി ഈ കമ്പനികളിൽ ഞാൻ വലിയ തുക ചെലവഴിക്കുന്നു, അതുകൊണ്ട് അവർ എനിക്ക് കുറച്ച് തിരിച്ചും തരണമെന്ന് ഞാൻ കരുതി. അതുകൊണ്ട് ഞാനവരിൽ നിക്ഷേപം നടത്തി പണം നേടുന്നു." അദ്ദേഹം പറഞ്ഞു.

പ്രോ കബഡി ലീഗ് ഫ്രാഞ്ചൈസി ജയ്പൂർ പിങ്ക് പാന്തേഴ്സിന്റെ ഉടമയും ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ചെന്നൈയിൻ എഫ്‌സിയുടെ സഹ ഉടമയുമാണ് അഭിഷേക്. സച്ചിൻ ടെണ്ടുൽക്കറിനൊപ്പം വഹദാം ടീയിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. 2025-ലിറങ്ങിയ കാളിധർ ലാപാതയിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. ഷാരൂഖ് ഖാൻ ചിത്രമായ കിങ് ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi