
ക്ലാസിൽ ഒന്നാമതെത്തണമെന്ന പ്രതീക്ഷയും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതുമെല്ലാം ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ സമ്മർദമുണ്ടാക്കാറുണ്ട്. അച്ഛനമ്മമാർ അറിയാതെ തന്നെ തങ്ങളുടെ പ്രതീക്ഷകളും ഭയങ്ങളും കുട്ടികളുടെ മനസ്സിലേക്ക് പകരുന്നുണ്ടാകാം. ഇത്തരത്തിലുള്ള സമ്മർദങ്ങളെക്കുറിച്ച് നടൻ സൂര്യ വർഷങ്ങൾക്ക് മുൻപ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.
“18 മാർക്ക് കിട്ടിയാലും നിങ്ങൾ സന്തോഷിക്കുന്നില്ല. 'ക്ലാസിൽ നീ ഒന്നാമനായില്ലല്ലോ' എന്നായിരിക്കും പറയുക. നമ്മൾ ആ ചിന്ത അവരുടെ മനസ്സിൽ കുത്തിവയ്ക്കുകയാണ്. മത്സരിക്കുന്നത് മോശമാണെന്നല്ല ഞാൻ പറയുന്നത്. മത്സരം നല്ലതാണ്. അത് കുട്ടികളെ കൂടുതൽ നന്നായി ചെയ്യാൻ പ്രേരിപ്പിക്കും. പക്ഷേ, മറ്റുള്ളവരെ തോൽപ്പിക്കണം എന്ന ചിന്തയിൽ അത് കടുത്ത മത്സരമായി മാറരുത്. മത്സരത്തിനിടയിലും മറ്റുള്ളവരെ മനസ്സിലാക്കാനും അവരോട് കരുതലോടെ പെരുമാറാനും കുട്ടികൾ പഠിക്കണം.
Also Read
എന്റെ മകൻ ദേവ് സ്‌കൂളിലെ സ്‌പോർട്‌സ് ഡേയിൽ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്തിരുന്നു. കുട്ടികൾ ഓടി ഒരു വാട്ടർ ബോട്ടിൽ എടുത്ത് തിരികെ ഓടിയെത്തുന്ന മത്സരമായിരുന്നു അത്. ദേവ് വളരെ വേഗത്തിൽ ഓടുന്ന കുട്ടിയായതിനാൽ അവൻ ജയിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഓട്ടത്തിനിടെ അവൻ നീല നിറത്തിലുള്ള ഒരു കുപ്പി എടുക്കാൻ നിന്നു. നീലയാണ് അവന്റെ ഇഷ്ടനിറം. അതെടുത്ത ശേഷം തിരികെ ഓടുന്നതിന് പകരം അവൻ മറ്റൊരു കുപ്പി കൂടി അന്വേഷിച്ചു. ഒടുവിൽ പിങ്ക് നിറത്തിലുള്ള ഒരു കുപ്പിയും എടുത്തു. പിങ്ക് തന്റെ സഹോദരി ദിയയ്ക്ക് ഇഷ്ടമാണെന്ന് അവന് അറിയാമായിരുന്നു.
അവൻ മത്സരത്തിൽ ഒന്നാമനായില്ല. പക്ഷേ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ, ജയിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യത്തെക്കുറിച്ച് അവൻ ചിന്തിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി. ആരും പറഞ്ഞുകൊടുത്തിട്ടല്ല അവൻ സഹോദരിയെക്കുറിച്ച് ചിന്തിച്ചത്.
മറ്റൊരു കുട്ടി തന്നെക്കാൾ മുന്നിലെത്തിയപ്പോഴും ദേവിന് അസൂയയോ വിഷമമോ ഉണ്ടായില്ല. 'അവൻ നന്നായി ഓടും. അവനെ ആർക്കും തോൽപ്പിക്കാനാകില്ല. ഞങ്ങളുടെ ക്ലാസിലെ ഏറ്റവും വേഗത്തിൽ ഓടുന്ന കുട്ടിയാണ് അവൻ' എന്നാണ് ദേവ് പറഞ്ഞത്. അതേസമയം, താൻ ചില കാര്യങ്ങളിൽ മികവുള്ളവനാണെന്നും അവന് അറിയാമായിരുന്നു. 'എനിക്ക് നന്നായി വരയ്ക്കാൻ കഴിയും. അവന് എന്നെപ്പോലെ നന്നായി വരയ്ക്കാൻ കഴിയില്ല' എന്നും അവൻ പറഞ്ഞു. ആരും അവനെ അങ്ങനെ ചിന്തിക്കാൻ പരിശീലിപ്പിച്ചിരുന്നില്ല. വ്യത്യസ്ത കാര്യങ്ങളിൽ ഓരോ കുട്ടികൾക്കും മികവുണ്ടാകാമെന്ന് അവൻ സ്വാഭാവികമായി മനസ്സിലാക്കിയിരുന്നു.”
കുട്ടികൾക്ക് ഒന്നാമതെത്തുന്നതിനെക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ടെന്നാണ് സൂര്യയുടെ വാക്കുകൾ ഓർമിപ്പിക്കുന്നത്. പഠനത്തിലും കായികരംഗത്തും മത്സരബോധം ആവശ്യമാണെങ്കിലും, അത് കുട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കുന്ന തരത്തിലുള്ള സമ്മർദമായി മാറരുത്.
ക്ലാസിലെ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന കുട്ടിയായിരിക്കണമെന്നില്ല എല്ലാവരും. ഒരാൾ പഠനത്തിൽ മികവ് പുലർത്തുമ്പോൾ മറ്റൊരാൾക്ക് ചിത്രരചനയിലോ സംഗീതത്തിലോ കായികരംഗത്തോ കഴിവുണ്ടാകാം. മറ്റൊരാൾ മികച്ച സുഹൃത്തായിരിക്കാം, കരുണയുള്ള വ്യക്തിയായിരിക്കാം. ഓരോ കുട്ടിയുടെയും കഴിവുകൾ വ്യത്യസ്തമാണ്.
'ഒന്നാമനാകണം' എന്ന ചിന്തയ്ക്കപ്പുറം സ്വന്തം കഴിവുകളെ തിരിച്ചറിയാനും മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനും മത്സരത്തിനിടയിലും മനുഷ്യത്വം കാത്തുസൂക്ഷിക്കാനും കുട്ടികൾ പഠിക്കണമെന്നാണ് സൂര്യയുടെ വാക്കുകളുടെ കാതൽ. കാരണം, ജീവിതത്തിൽ എന്നും ഒന്നാമതെത്തുക എന്നതിലുപരി നല്ലൊരു മനുഷ്യനായി വളരുക എന്നതായിരിക്കാം ഒരു കുട്ടിയുടെ ഏറ്റവും വലിയ വിജയം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: suriya-on-child-academic-pressure-and-grades
Published: 04 Sept 2026, 02:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented