പാട്ടിന്റെ വാനം തൊട്ട് മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. കൊതിപ്പിച്ച് കൊതിപ്പിച്ച് പെയ്തൊഴിഞ്ഞ വേനൽമഴയുടെ സുഖമാണ് വൈക്കം വിജയലക്ഷ്മിയുടെ സ്വരം കേൾക്കുമ്പോൾ. ഒരു ഇടവേളയ്ക്കുശേഷം മോഹിപ്പിച്ചെത്തുന്ന പാട്ടിന്റെ മഴ. ആകാശത്തെ അമ്പിളിയും നീർപ്പരപ്പിലെ ആമക്കുഞ്ഞനും ഒരു മുത്തശ്ശിക്കഥയുടെ ഇമ്പത്തോടെ മനസ്സിൽ പതിഞ്ഞത് അതിവേഗത്തിലാണ്. ഇപ്പോഴിതാ 2024-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആ സ്വരത്തെ തേടിയെത്തിയിരിക്കുന്നു. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിൽ ദിബു നൈനാൻ തോമസ് സംഗീതം നൽകിയ ‘അങ്ങ് വാനക്കോണില്’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. അക്കൊല്ലത്തെ ഏറെ ജനപ്രീതി നേടിയ ഗാനമായിരുന്നു അത്.
ദേശീയ പുരസ്‌കാരത്തിന്റെ ആഹ്ലാദത്തിൽ, വൈക്കം ഉദയനാപുരത്തെ വീട്ടിൽ അച്ഛൻ മുരളീധരന്റെയും അമ്മ വിമലയുടെയും സ്‌നേഹച്ചിറകിനടിയിൽ, രാജ്യത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന ആശംസകളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങുകയാണ് വൈക്കം വിജയലക്ഷ്മി.
Also Read
“ആദ്യമായി ലഭിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരമാണിത്. വാക്കുകൾക്കതീതമായ സന്തോഷമാണ്. ഒരുപാട് അവാർഡുകൾ മുമ്പും ലഭിച്ചിട്ടുണ്ട്. ഈ വർഷം തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരവും കിട്ടിയിരുന്നു. അതിനെല്ലാം മുകളിലായാണ് ഇപ്പോൾ ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജൂറി അംഗങ്ങൾക്കും എന്റെ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. പുരസ്‌കാര പ്രഖ്യാപനത്തിന്റെ വാർത്ത ഞങ്ങൾ നേരിട്ട് കണ്ടിരുന്നില്ല. ഡോക്യുമെന്ററി സംവിധായകൻ സുഭാഷ് വിളിച്ചുപറഞ്ഞപ്പോഴാണ് വിവരം അറിയുന്നത്. പിന്നീട് ചാനലുകളിലൂടെ വാർത്ത കണ്ടു. ആദ്യം വിളിച്ച് അഭിനന്ദിച്ചത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ സാറും കമൽ സാറുമായിരുന്നു. എന്റെ ഗുരുനാഥന്മാരിൽ നിന്ന് അഭിനന്ദനം ലഭിച്ചതും വലിയ സന്തോഷമായി.
അന്ന് പാട്ടിന്റെ റെക്കോഡിങ് കഴിഞ്ഞപ്പോൾ തന്നെ ദിബു ചേട്ടനും ടീമിലുള്ളവരും ഈ ഗാനത്തിന് ദേശീയ അംഗീകാരം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞങ്ങൾക്കും ഒരു പ്രതീക്ഷയുണ്ടായിരുന്നു. ലോകമെമ്പാടും ശ്രദ്ധ നേടിയ പാട്ടായിരുന്നല്ലോ അത്. 'കാറ്റേ കാറ്റേ', 'ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ', 'കൈക്കോട്ടും കണ്ടിട്ടില്ല' എന്നീ ഗാനങ്ങൾക്കുശേഷം മലയാളത്തിൽ ഹിറ്റായ എന്റെ മറ്റൊരു ഗാനമായിരുന്നു 'അങ്ങ് വാനക്കോണിൽ'. 'കാനാ' എന്ന തമിഴ് ചിത്രത്തിലെ 'വായാടി പെത്തപ്പുള്ളെ' എന്ന ഗാനത്തിലൂടെയാണ് ദിബു ചേട്ടനൊപ്പം ആദ്യമായി പ്രവർത്തിച്ചത്. ഈ ഗാനത്തിന്റെ ട്രാക്ക് അയച്ചുതന്ന്, ഒരു മുത്തശ്ശി കഥ പറയുന്നതുപോലെയുള്ള ഭാവത്തിൽ പാടണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ വികാരം ഉൾക്കൊണ്ടാണ് പാടിയത്. പ്രേക്ഷകർ ആ ഗാനത്തെ ഹൃദയത്തിലേറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്”. വിജയലക്ഷ്മി പറഞ്ഞു.
മുത്തശ്ശിക്കഥകളിൽനിന്ന് അങ്ങ് വാനക്കോണിലേക്ക്…
“അമ്മയും അച്ഛമ്മയുമൊക്കെ ഒരുപാട് കഥകൾ പറഞ്ഞുതന്നിട്ടുണ്ട്. ഏകാദശി നോറ്റ കാക്കയുടെ കഥ ഇപ്പോഴും ഓർമയുണ്ട്. ഭാഗ്യവും നിർഭാഗ്യവുമെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്. നമ്മൾ മറ്റൊരാളെപ്പോലെ ആകാനും അന്യന്റെ മൊതല് ആഗ്രഹിക്കുകയും ചെയ്യുന്നത് തെറ്റാണെന്നൊക്കെ ആ കഥകളിൽനിന്ന് പഠിച്ചതാണ്. 'അങ്ങ് വാനക്കോണില്' പാടുമ്പോൾ അമ്മ കഥ പറഞ്ഞുതന്ന അതേ ഫീലോടുകൂടി പാടാൻ ഞാൻ ശ്രമിച്ചിരുന്നു.
സംഗീതം തന്നെയാണ് എന്റെ ആദ്യഭാഷ
അഞ്ചരവയസ്സിൽ തുടങ്ങിയ സംഗീതയാത്രയാണ്. ആ പ്രായത്തിലാണ് ആദ്യ കച്ചേരി നടത്തിയത്. കാസറ്റിലൂടെ പാട്ട് കേട്ട് പഠിക്കുമായിരുന്നു. പിന്നീട് ഏഴുവയസ്സുമുതൽ സംഗീതം പഠിച്ചുതുടങ്ങി. ഇതുവരെ മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ബംഗാളി, സംസ്‌കൃതം എന്നീ ഭാഷകളിൽ പാടി. ശാസ്ത്രീയ സംഗീതം അറിയുന്നതുകൊണ്ടാണ് വളരെ എളുപ്പത്തിൽ എനിക്ക് പാടാൻ സാധിക്കുന്നത്. അക്ഷരസ്ഫുടതയാണ് പ്രധാനം. ഉച്ചാരണശുദ്ധി വേണം. അങ്ങനെയുള്ളവർക്കേ ലളിതഗാനമായാലും സിനിമാപാട്ടായാലും പാടാൻ പറ്റുള്ളൂ.
ഞാനെപ്പോഴും കേൾക്കുന്ന ഒരു പാട്ട് ബാലമുരളിസാറിന്റെ 'പാഹിരാമപ്രഭോ' ആണ്. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ ആ പാട്ട് കേൾക്കാറുണ്ട്. അതൊരു ശീലമാണ്. അഷ്ടപതി, സോപാനസംഗീതം, കഥകളിപ്പദം എല്ലാം കേൾക്കും. ഇളയരാജസാറിന്റെയും എം.എസ്.വി. സാറിന്റെയുമൊക്കെ പാട്ടുകളോട് വലിയ ആരാധനയാണ്. 'നാനൊരു സിന്ത്' എന്ന പാട്ട് എത്ര കേട്ടാലും മതിയാവില്ല. എന്നാലും എന്റെ പാട്ടുകളിൽ പ്രിയപ്പെട്ടത് ഒന്നേയുള്ളൂ, എന്റെ ആദ്യ പാട്ടായ 'സെല്ലുലോയ്ഡി'ലെ 'കാറ്റേ കാറ്റേ...' പിന്നെ കുട്ടികളുടെ 'ആരുപറഞ്ഞു മ്യാവു' എന്ന പാട്ടൊക്കെ കേൾക്കാനിഷ്ടമാണ്...
അച്ഛനും അമ്മയുമാണ് എന്റെ ലോകം
അച്ഛനും അമ്മയുമാണ് എന്റെ കണ്ണുകൾ. എന്റെ കരുത്തും കരുതലും... എല്ലാ സാഹചര്യത്തിലും എനിക്കൊപ്പം അവരുണ്ട്. എന്റെയുള്ളിലെ കഴിവിനെ തിരിച്ചറിഞ്ഞ് സംഗീതലോകത്തേക്ക് കൈപിടിച്ചുകയറ്റിയത് അവരല്ലേ. അച്ഛനും അമ്മയും ഗായകരാണ്. ഞാൻ ശാസ്ത്രീയസംഗീതം പാടുമ്പോഴും സിനിമാപാട്ട് പാടുമ്പോഴുമൊക്കെ എല്ലാം പറഞ്ഞുതന്ന് പഠിപ്പിച്ചത് അവരാണ്. ചെറുപ്പത്തിലേ മുടങ്ങാതെ സാധകം ചെയ്യിക്കുമായിരുന്നു. 1986-ൽ ദാസേട്ടന് ഗുരുദക്ഷിണ സമർപ്പിച്ചാണ് ഞാൻ പാടിത്തുടങ്ങിയത്. കല്യാണിരാഗത്തിലെ പാട്ടാണ് ദാസേട്ടനെ പാടിക്കേൾപ്പിച്ചത്. ദാസേട്ടനുമായി ആ അടുപ്പം ഇന്നും സൂക്ഷിക്കുന്നു.
മിക്കവാറും ദിവസങ്ങളിലും ഞങ്ങൾ സംസാരിക്കും. ഫോണിലൂടെ കീർത്തനങ്ങൾ പാടിത്തരും ദാസേട്ടൻ. രാഗങ്ങൾ പറഞ്ഞുതരും. 'അങ്ങ് വാനക്കോണില്' പാട്ടുകേട്ട് പ്രഭച്ചേച്ചി കോരിത്തരിച്ചുപോയെന്ന് പറഞ്ഞിരുന്നു. മോളോടെന്നപോലെ സ്‌നേഹമാണ് അദ്ദേഹത്തിന്. ജാനകിയമ്മ, വാണിയമ്മ, എസ്.പി.ബി.സാർ... ഇവരുടെയൊക്കെ പാട്ടുകൾ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വാക്കുകളുടെ ഉച്ചാരണവും ഓരോ വാക്കിനും കൊടുക്കേണ്ട ഫീൽ, ചില സംഗതികളുടെ എടുപ്പ്... അങ്ങനെ എല്ലാം ശ്രദ്ധിക്കാറുണ്ട്.
'കാറ്റേ കാറ്റേ' എന്ന പാട്ടിന് സംസ്ഥാന ജൂറിപരാമർശം കിട്ടിയപ്പോൾ മമ്മൂക്ക വിളിച്ചത് മറക്കാനാവില്ല. അതുപോലെ 'ബാഹുബലി'യുടെ തെലുഗ് പതിപ്പിൽ പാടിയതുകേട്ടിട്ട് എസ്.പി.ബി. സാറ് പറഞ്ഞിരുന്നു, ഉച്ചാരണം നല്ലതാണെന്ന്. പാട്ടുകളുടെ പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ ഘട്ടംഘട്ടമായിട്ടാണ് പഠിക്കുക. അല്ലെങ്കിൽ ടെൻഷനാവും. ഒരിക്കൽ ഹൈദരാബാദിൽ പാടാൻ പോയപ്പോൾ അവർ പാട്ട് നേരിൽ പഠിപ്പിക്കാമെന്ന് പറഞ്ഞു. കുറേ പാടിനോക്കിയിട്ടും ശരിയാവുന്നില്ല. എനിക്ക് സ്‌ട്രെസ് കൂടി. സാറേ പാട്ട് അയച്ചുതന്നാൽ ഉപകാരമായിരിക്കും, അല്ലെങ്കിൽ പറ്റില്ലെന്ന് പറഞ്ഞു. പാട്ട് ഞാൻ പുറത്തുവിടുമോ എന്ന പേടിയായിരുന്നു അവർക്ക്, വിശ്വാസമില്ലായ്മ. പിന്നീട് ട്രാക്ക് കേട്ട് പഠിച്ച് പാടി. പാടുന്നതിനുമുൻപ് നന്നായി പ്രാർഥിക്കാറുണ്ട്.
സംഗീതംനൽകിയ കരുത്ത്…
സംഗീതമുണ്ടല്ലോ കൂടെ. അതാണ് കരുത്ത്, സന്തോഷം, എന്റെ നല്ലപാതി... ബാക്കിയുള്ളതെല്ലാം ജീവിതത്തിന്റെ പകുതിയിൽവെച്ച് വന്നതാണ്. സംഗീതം, അത് ജന്മനാ എന്റെ കൂടെയുണ്ട്. വിജയദശമിനാളിലായിരുന്നു ജനനം. അച്ഛന്റെ അമ്മ സരോജിനിയമ്മയാണ് വിജയലക്ഷ്മി എന്ന് പേരിട്ടത്. വൈക്കത്തപ്പനെയും നാഗചാമുണ്ഡേശ്വരിദേവിയെയും നിനയ്ക്കാത്ത നേരമില്ല. ഉൾവിളികൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അമ്മയ്ക്ക് അസുഖം വരുമ്പോഴൊക്കെ നേർച്ചകൾ നേരും. രണ്ടുവർഷത്തിനുമുൻപ് അമ്മയ്ക്ക് ഭക്ഷ്യവിഷബാധ പിടിപെട്ടിരുന്നു. അന്ന് അമ്മ അബോധാവസ്ഥയിലായിപ്പോയി. വൈക്കത്തപ്പാ എന്ന് ഉരുവിട്ടപ്പോഴേക്കും അമ്മ കണ്ണുതുറന്നെന്നറിഞ്ഞു. വ്യക്തിജീവിതത്തിലും അത്തരം സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. വിവാഹജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായപ്പോഴൊക്കെ ദൈവംതന്നെയായിരുന്നു തുണ. എന്റെ സ്വന്തം തീരുമാനപ്രകാരമാണ് വിവാഹമോചനം നടന്നത്. ഒരു പേടിയുമുണ്ടായിരുന്നില്ല. വിവാഹമോചനം കഴിഞ്ഞപ്പോൾ സന്തോഷമായിരുന്നു. ബാധ ഒഴിഞ്ഞുപോയതുപോലെ.
കൊതിപ്പിക്കുന്ന സ്വപ്‌നം
കാഴ്ച, വൈക്കത്തപ്പനെയും ദേവിയെയും ഒപ്പം അച്ഛനെയും അമ്മയെയും കാണാനുള്ള കൊതി. അതേയുള്ളൂ ഒരേയൊരു സ്വപ്‌നം. എന്നെ ഞാനാക്കിയത് അവരാണ്. ഇനിയും സംഗീതം പഠിച്ചുകൊണ്ടിരിക്കണമെന്നതാണ് മറ്റൊരാഗ്രഹം. സാധകം ചെയ്തുകൊണ്ടിരിക്കുക, അവസരങ്ങൾ താനേ വന്നോളുമെന്ന് അച്ഛനും അമ്മയും പറയാറുണ്ട്. ഉയരങ്ങളുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കണം. ഇനി മുഴുവനായും ശാസ്ത്രീയസംഗീതത്തിലുള്ള ഒരു പാട്ട് മലയാളത്തിൽ പാടണമെന്നുണ്ട്. രോഹിണി, കനകാംഗി തുടങ്ങിയ അപൂർവരാഗത്തിലുള്ള പാട്ടുകൾ. ജയചന്ദ്രൻസാറും ശരത് സാറും ബിന്നിച്ചേച്ചിയും കാവാലം ശ്രീകുമാർസാറും ശ്രീറാമേട്ടനുമൊക്കെ ഫോണിലൂടെ സംഗീതം പഠിപ്പിക്കാറുണ്ട്. അവരുടെയൊക്കെ പിന്തുണയുണ്ട് കൂടെ.
ഏതുസമയവും പാട്ടുതന്നെയാണ്. പിന്നെ കഞ്ഞീം കറിയും വെച്ച് കളിക്കും. അച്ഛനും അമ്മയുമാണ് കളിക്കൂട്ടുകാർ. ഇക്കാലത്ത് വേറെയാർക്കെങ്കിലും ഈ ഭാഗ്യം കിട്ടുമോ. തമാശയ്ക്കുപോലും അവരുമായി വഴക്കുണ്ടാക്കുന്നത് ഇഷ്ടമല്ല. അച്ഛനെയും അമ്മയെയും വിട്ട് മാറിത്താമസിച്ചിട്ടേയില്ല. ചിലർ മനസ്സിനെ കീറിമുറിച്ച് ഒരാഴ്ചയൊക്കെ മാറ്റിനിർത്തിയിട്ടുണ്ട്. അതുപോലെ തിരിച്ചുപോരുകയും ചെയ്തു. കുഞ്ഞിലേ മാറിനിന്നിട്ടില്ല, പിന്നെയാണ് ഈ പ്രായത്തിൽ... എനിക്ക് എന്റെ ഈ ലോകം മതി..."
കാഴ്ചയുടെ പരിമിതികളെ സംഗീതത്തിന്റെ കരുത്തുകൊണ്ട് മറികടന്ന കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ കാഴ്ചശക്തി നഷ്ടമായിരുന്നെങ്കിലും ചെറുപ്പം മുതൽ സംഗീതവേദികളിൽ സജീവമായ അവർ, അപൂർവ സംഗീതോപകരണമായ ഗായത്രിവീണ വായിക്കുന്നതിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
2013-ൽ കമൽ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ' എന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. ആ ഗാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. തുടർന്ന് 'നടൻ' എന്ന ചിത്രത്തിലെ 'ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ' എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. 2022-ൽ കേരള സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, സംസ്‌കൃതം തുടങ്ങി ഏഴ് ഭാഷകളിലായി ഇരുന്നൂറിലധികം സിനിമാഗാനങ്ങൾ വിജയലക്ഷ്മി ആലപിച്ചിട്ടുണ്ട്. 450ലധികം കർണാടക സംഗീതകൃതികളും ഭക്തിഗാനങ്ങളും പാടിയിട്ടുള്ള വിജയലക്ഷ്മി ദക്ഷിണേന്ത്യയിലുടനീളമുള്ള സംഗീതവേദികളിൽ സജീവ സാന്നിധ്യമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: vaikom-vijayalakshmi-national-film-award-2024
Published: 19 Jul 2026, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented