വിജയിക്കാനുള്ള വഴിയിൽ ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നതെന്താണ്? കഴിവില്ലായ്മയോ അതോ അവസരങ്ങളുടെ കുറവോ? അതുമല്ലെങ്കിൽ ജീവിതത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിക്കാനുള്ള മനസ്സില്ലായ്മയാണോ? വർഷങ്ങൾക്ക് മുൻപ് ഈ ചോദ്യത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടി ഏറെ വ്യത്യസ്തമായിരുന്നു. വിജയം സ്വന്തമാക്കണമെങ്കിൽ സുഖവും സമാധാനവും പോലും ചിലപ്പോൾ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ബോളിവുഡിന്റെ കിങ് ഖാൻ പറഞ്ഞത്. 2013-ൽ നൽകിയ ഒരു അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. വിജയിക്കണമെങ്കിൽ എപ്പോഴും വിശ്രമിച്ചും സമാധാനത്തോടെയും കഴിയാനാകില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. സൗകര്യപ്രദമായ ജീവിതത്തിൽ നിന്ന് പുറത്തുകടക്കാനും ഇഷ്ടപ്പെട്ട പല കാര്യങ്ങളും ത്യജിക്കാനും തയ്യാറാകണം. അതിന് പകരം ലഭിക്കുന്നത് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായിരിക്കുമെന്നാണ് താരം പറഞ്ഞത്.

To advertise here,

"എപ്പോഴും ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. മറിച്ച്, ഞാനൊരു മടിയനാണ്. അത് തുറന്നുപറയാൻ മടിയില്ല. വീഡിയോ ഗെയിം കളിക്കാനും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനും കവിതകൾ എഴുതാനും പുസ്തകങ്ങൾ വായിക്കാനും വിശ്രമിക്കാനുമെല്ലാം എനിക്കിഷ്ടമാണ്. എന്നാൽ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം എപ്പോഴും ചെയ്യാൻ കഴിയണമെന്നില്ല. എന്റെ ജീവിതം തന്നെയാണ് അതിന് വലിയ ഉദാഹരണം,” ഷാരൂഖ് വ്യക്തമാക്കി. ദിവസവും ഏകദേശം നാലോ അഞ്ചോ മണിക്കൂർ മാത്രം ഉറങ്ങി രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്ന രീതിയായിരുന്നു തന്റേതെന്ന് താരം പറഞ്ഞു.

സിക്‌സ്പാക്ക് ശരീരം സ്വന്തമാക്കണമെന്നുണ്ടെങ്കിൽ വ്യായാമം ചെയ്യണം. എന്നാൽ വ്യായാമം ചെയ്യുന്നത് തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും ഷാരൂഖ് തുറന്നുപറയുന്നു. “ഒരു ലക്ഷ്യം നേടണമെങ്കിൽ അത് ഇഷ്ടമാണോ അല്ലയോ എന്നതിലുപരി അതിനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള മനസ്സാണ് പ്രധാനം. സുഖസൗകര്യങ്ങൾ ഉപേക്ഷിക്കുക, ത്യാഗത്തിന് തയ്യാറാകുക, അസ്വസ്ഥതകളെ നേരിടുക. ഈ മൂന്ന് കാര്യങ്ങളാണ് വിജയത്തിലേക്കുള്ള യാത്രയിലേക്ക് നമ്മളെ നയിക്കുന്നത്. ആഗ്രഹിക്കുന്നിടത്ത് എത്തണമെങ്കിൽ ചില കാര്യങ്ങൾ ത്യജിക്കാൻ പഠിക്കണം. ത്യാഗം ചെയ്യാൻ കഴിയാത്ത ഒരാൾക്ക് താൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ കഴിയില്ല. ആ യാത്രയിൽ വേദനയും സമ്മർദവും ദുഃഖവും പ്രയാസങ്ങളും എല്ലാം ഉണ്ടാകാം. എന്നാൽ അവയെല്ലാം ശാശ്വതമല്ല. ഒരുപക്ഷേ നമുക്ക് ഇപ്പോൾ അനുഭവപ്പെടുന്ന വേദന പിന്നീട് മാറിയേക്കാം. പക്ഷേ ലക്ഷ്യത്തിലേക്കുള്ള അവസരം എല്ലായ്‌പ്പോഴും കാത്തുനിൽക്കണമെന്നില്ല. അതുകൊണ്ടുതന്നെ, വലിയൊരു ലക്ഷ്യം മുന്നിൽ കാണുന്ന ഒരാൾ സ്വയം ചോദിക്കേണ്ടത് 'ഇത് എനിക്ക് ബുദ്ധിമുട്ടാണോ?' എന്നല്ല, മറിച്ച് 'ഈ ബുദ്ധിമുട്ട് സഹിച്ച് മുന്നോട്ട് പോകാൻ ഞാൻ തയ്യാറാണോ?' എന്നാണ്” ഷാരൂഖ് വ്യക്തമാക്കി.

ഷാരൂഖിന്റെ വാക്കുകളിൽ ഏറ്റവും കൗതുകമുണർത്തുന്ന ഭാഗം മറ്റൊന്നായിരുന്നു. വിശ്രമിക്കാനും ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വസ്ഥമായി കഴിയാനും സാധിക്കുന്ന ആളുകളോട് തനിക്ക് അസൂയ തോന്നുന്നുവെന്നാണ് താരം പറഞ്ഞത്. “വിജയിക്കണമെന്ന ആഗ്രഹം പോലുമില്ലാത്തവരോടും തനിക്ക് അസൂയയുണ്ട്” എന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞിരുന്ന സമയത്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നതാണ് ശ്രദ്ധേയം.

സാധാരണയായി വിജയം നേടിയ ശേഷം സമാധാനത്തിലേക്കും വിശ്രമത്തിലേക്കും മടങ്ങുന്നതാണ് സ്വാഭാവികമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഷാരൂഖിന്റെ കാഴ്ചപ്പാടിൽ ഒരു ലക്ഷ്യം നേടിയാൽ അടുത്ത ലക്ഷ്യത്തിനായുള്ള ഓട്ടം തുടങ്ങുകയായി. വിജയത്തെ അദ്ദേഹം ഒരു തുടർച്ചയായ അസ്വസ്ഥതയായാണ് കണ്ടത്. ഇനിയും എന്തെങ്കിലും നേടാനുണ്ട്, ഇനിയും ഉയരങ്ങളിലേക്ക് പോകാനുണ്ട് എന്ന തോന്നൽ അദ്ദേഹത്തെ മുന്നോട്ട് നയിച്ചുകൊണ്ടേയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളെ വിജയത്തിന്റെ ഒരേയൊരു ഫോർമുലയായി കാണാനും സാധിക്കില്ല. വിശ്രമവും മാനസിക സമാധാനവും ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളാണ്. അതേസമയം, വലിയൊരു ലക്ഷ്യത്തിനായി താൽക്കാലികമായി സുഖസൗകര്യങ്ങൾ മാറ്റിവയ്ക്കാനും ബുദ്ധിമുട്ടുകളെ നേരിടാനും തയ്യാറാകണമെന്ന ഷാരൂഖിന്റെ സന്ദേശമാണ് ഇന്നും ശ്രദ്ധേയമാക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi