
എല്ലാക്കാര്യത്തിലും ശാക്തീകരിക്കപ്പെട്ടവരാണ് ഇന്നത്തെ സ്ത്രീകൾ. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകൾ പോലും ശാക്തീകൃതരായി അഭിമാനപൂർവ്വം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ലഭിക്കുന്ന വരുമാനം ഫലപ്രദമായി വിനിയോഗിക്കാൻ അവർക്ക് സീറോ ബാലൻസ് ബാങ്ക് അക്കൗണ്ടുകളും നല്ല മെന്റർഷിപ്പും പരിശീലന ക്ലാസുകളും ലഭിക്കുന്നു.
എന്നാൽ വിദ്യാസമ്പന്നരായ ശമ്പള വരുമാനക്കാരായ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. മെന്ററിങ്ങും ലഭിക്കുന്നില്ല. പരിശീലനവും ലഭിക്കുന്നില്ല. തങ്ങളുടെ ബോധ്യം ശരിയാണ് എന്ന വിശ്വാസത്തിൽ അവർ മുന്നോട്ടുപോകുന്നു. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. ഇവർ വീട് ഭരിക്കാനും അടുക്കള നിയന്ത്രിക്കാനും ഓഫീസിലെ ഫയലുകൾ തീർപ്പാക്കാനും മിടുക്കികളാണ്. എന്നാൽ സ്വന്തം സമ്പാദ്യത്തിന്റെ കാര്യം വരുമ്പോൾ പലപ്പോഴും 'സാരമില്ല, പോട്ടെ' എന്നൊരു മനോഭാവം അവരെ പിടികൂടാറുണ്ട്. യഥാർത്ഥ പ്രശ്‌നം അവിടെ നിന്ന് തുടങ്ങുന്നു. ശമ്പളവരുമാനക്കാരായ സ്ത്രീകൾ ആവർത്തിക്കുന്ന ഏഴ് സാമ്പത്തിക പിഴവുകൾ ഇവയാണ്.
1. സേവിങ്‌സ് ഇല്ലാത്ത ജീവിതം
നല്ല വസ്ത്രങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ... എല്ലാം കഴിഞ്ഞ് ബാക്കിയുണ്ടെങ്കിൽ മാത്രം സമ്പാദ്യം എന്ന് കരുതുന്ന സ്ത്രീകളുണ്ട് ഇപ്പോഴും. എന്നാൽ പലപ്പോഴും മാസാവസാനം ബാക്കി വരുന്നത് വട്ടപ്പൂജ്യമായിരിക്കും. വരുമാനത്തിൽ നിന്ന് ചെലവ് കഴിഞ്ഞ് ബാക്കി ലാഭിക്കാം എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. പകരം, ശമ്പളം വന്നാലുടൻ നിശ്ചിത തുക സേവിങ്‌സിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ളത് കൊണ്ട് ചെലവുകൾ ക്രമീകരിക്കുന്നതാണ് ബുദ്ധി. 'പണം ബാക്കിയുണ്ടെങ്കിൽ ലാഭിക്കാം' എന്നതല്ല, 'ലാഭിച്ചതിന് ശേഷം ബാക്കിയുള്ളത് ചെലവാക്കാം' എന്ന ശീലമാണ് നമുക്ക് വേണ്ടത്
2. ഇൻഷുറൻസിനോടുള്ള അവഗണന
കുടുംബത്തിലെ പുരുഷന്മാർക്ക് ഇൻഷുറൻസ് ഉണ്ടല്ലോ, എനിക്കെന്തിന് എന്ന ചിന്ത പലർക്കുമുണ്ട്. ഒരു ദിവസം അസുഖം ബാധിച്ച് ആശുപത്രിയിലായാൽ മാത്രമാണ് ചികിത്സാച്ചെലവ് എത്രത്തോളം വലുതാണെന്ന് തിരിച്ചറിയുക. ഭർത്താവിന്റെ ഇൻഷുറൻസ് കവറേജിൽ ഭാര്യ കൂടി ഉണ്ടാവുമെങ്കിലും, സ്വന്തമായി ഒരു ഹെൽത്ത് ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ഉണ്ടാകുന്നത് ഒരു സ്ത്രീയുടെ അന്തസ്സും സുരക്ഷിതത്വവുമാണ്. അപ്രതീക്ഷിതമായി എത്തുന്ന രോഗങ്ങൾ നിങ്ങളുടെ വർഷങ്ങളായുള്ള സമ്പാദ്യത്തെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയേക്കാം. അതിനാൽ ഒരു നല്ല മെഡിക്കൽ ഇൻഷുറൻസ് പോളിസി ഇന്ന് തന്നെ ഉറപ്പാക്കുക.
3. നിക്ഷേപങ്ങൾ വൈകിക്കുന്നത്
ഇരുപതുകളിൽ ജോലി കിട്ടുമ്പോൾ 'ഇനിയും സമയമുണ്ടല്ലോ, കല്യാണം കഴിഞ്ഞ് നോക്കാം' എന്ന് നമ്മൾ കരുതും. മുപ്പതുകളിൽ എത്തുമ്പോൾ 'കുട്ടികളുടെ കാര്യത്തിന് പണം വേണ്ടേ' എന്ന് സങ്കടപ്പെടും. സത്യത്തിൽ, നിക്ഷേപത്തിന്റെ ലോകത്ത് 'സമയം' പണത്തേക്കാൾ വിലപ്പെട്ടതാണ്. ചെറിയ തുകയാണെങ്കിലും ഇരുപതുകളിൽ തുടങ്ങുന്ന നിക്ഷേപം നൽകുന്ന ലാഭം, നാൽപ്പതുകളിൽ തുടങ്ങുന്ന വലിയ നിക്ഷേപത്തിന് നൽകാൻ കഴിയില്ല. കോമ്പൗണ്ടിംഗിന്റെ മാന്ത്രികത പ്രയോജനപ്പെടുത്താൻ എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുക എന്നതാണ് ഏക വഴി.
4. കുടുംബത്തിനുവേണ്ടി എല്ലാം
സ്ത്രീകൾ ചെയ്യുന്ന ഏറ്റവും വൈകാരികമായ പിഴവ് സ്വന്തം ഭാവി അവഗണിച്ച് മുഴുവൻ പണവും കുടുംബത്തിനായി ചെലവഴിക്കുന്നതാണ്. മകളുടെ വിവാഹത്തിനും മകന്റെ വിദേശ പഠനത്തിനുമായി സ്വന്തം പി.എഫ്. ലോണും സ്വർണ്ണവും വിറ്റഴിക്കുന്ന എത്രയോ അമ്മമാരെ നമുക്കറിയാം. സ്‌നേഹം നല്ലതാണ്, പക്ഷേ അത് ആത്മഹത്യാപരമാകരുത്. മക്കൾക്ക് വിദ്യാഭ്യാസത്തിന് ലോൺ ലഭിക്കും, പക്ഷേ നിങ്ങളുടെ വാർധക്യത്തിന് ആരും ലോൺ തരില്ല. മക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം, നാളെ നിങ്ങൾ അവർക്കൊരു സാമ്പത്തിക ഭാരമാകില്ല എന്ന ഉറപ്പാണ്. അതിനാൽ മക്കൾക്കായി കരുതിവെക്കുന്നതിനൊപ്പം നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ടും ഭദ്രമാണെന്ന് ഉറപ്പുവരുത്തുക.
5. ക്രെഡിറ്റ് കാർഡുകളുടെയും ലോണുകളുടെയും അമിത ഉപയോഗം
പരസ്യങ്ങൾ കണ്ട് ആകൃഷ്ടരായി ആഡംബര വസ്തുക്കൾ ഇഎംഐയിൽ വാങ്ങുന്ന രീതി ഒരു വലിയ കെണിയാണ്. അനാവശ്യമായ ക്രെഡിറ്റ് കാർഡ് ബാധ്യതകൾ നിങ്ങളുടെ മാനസിക സമാധാനം നശിപ്പിക്കും. കയ്യിലുള്ള പണം കൊണ്ട് മാത്രം ജീവിക്കാൻ ശീലിക്കുക. അത്യാവശ്യത്തിനല്ലാതെ ലോണുകൾ എടുക്കരുത്. കടം വാങ്ങി ആഘോഷിക്കുന്നത് നമ്മുടെ സാമ്പത്തികഭദ്രതയുടെ അടിവേര് അറുക്കുന്നതിന് തുല്യമാണ്.
6. സാമ്പത്തിക അറിവ് സ്വന്തമാക്കാൻ ശ്രമിക്കാത്തത്
'ബാങ്ക് കാര്യങ്ങളൊക്കെ ഭർത്താവോ അച്ഛനോ നോക്കിക്കോളും' എന്ന നിസ്സംഗത നമ്മൾ മാറ്റണം. പണം എവിടെ നിക്ഷേപിക്കണം, ആദായനികുതി എങ്ങനെ കണക്കാക്കാം തുടങ്ങിയ കാര്യങ്ങളിൽ പ്രാഥമിക അറിവെങ്കിലും ഓരോ സ്ത്രീയും നേടിയിരിക്കണം. സാമ്പത്തിക സാക്ഷരതയില്ലാത്ത സ്ത്രീ ചൂഷണം ചെയ്യപ്പെടാൻ എളുപ്പമാണ്. നമ്മുടെ സാമ്പത്തിക രേഖകൾ കൃത്യമായി മനസ്സിലാക്കി വെക്കുന്നത് വളരെ പ്രധാനമാണ്. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ പുരുഷന്മാർക്കൊപ്പം തുല്യപങ്കാളിത്തം വഹിക്കാൻ ഓരോ സ്ത്രീയും പ്രാപ്തയാകണം.
7.എമർജൻസി ഫണ്ട് ഉണ്ടാക്കില്ല
പെട്ടെന്ന് ജോലി നഷ്ടപ്പെടുകയോ അല്ലെങ്കിൽ വീട്ടിൽ എന്തെങ്കിലും അത്യാവശ്യം വരികയോ ചെയ്താൽ ആരോടെങ്കിലും കടം വാങ്ങേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. ചുരുങ്ങിയത് ആറ് മാസത്തെ നിങ്ങളുടെ ചെലവിനുള്ള തുകയെങ്കിലും സേവിങ്‌സ് അക്കൗണ്ടിൽ എപ്പോഴും ഉണ്ടായിരിക്കണം. ഈ തുക ഒരു ആത്മവിശ്വാസമാണ്. പ്രതിസന്ധികളിൽ ആരുടെയും മുന്നിൽ കൈനീട്ടാതെ തലയുയർത്തി നിൽക്കാൻ ഈ കരുതൽ ധനം നിങ്ങളെ സഹായിക്കും.
ഈ പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ അല്പം ഗൗരവം തോന്നുന്നുണ്ടോ? എങ്കിൽ അങ്ങനെ തന്നെയാകട്ടെ. കാരണം, നിങ്ങളുടെ അധ്വാനത്തിന്റെ ഫലം സുരക്ഷിതമായിരിക്കുക എന്നത് നിങ്ങളുടെ അവകാശമാണ്. സാമ്പത്തിക സ്വാതന്ത്ര്യം എന്നാൽ ആഡംബര ജീവിതം എന്നല്ല അർത്ഥം, മറിച്ച് ഏത് സാഹചര്യത്തിലും സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് എന്നാണ്. ചെറിയ മാറ്റങ്ങൾ വലിയ സുരക്ഷിതത്വത്തിലേക്ക് വഴിമാറും. ഇന്ന് തന്നെ നിങ്ങളുടെ ചെലവുകൾ ഒന്ന് കുറിക്കൂ, അനാവശ്യമായവ ഒഴിവാക്കൂ, നിക്ഷേപങ്ങൾക്കായി ചെറിയൊരു തുക നീക്കിവെക്കൂ.
പണം പെട്ടിയിൽ പൂട്ടി വെക്കാനുള്ളതല്ല, മറിച്ച് നിങ്ങളുടെ അഭിമാനമായി വളരാനുള്ളതാണ്. നാളത്തെ നിങ്ങളുടെ ചിരി ഇന്നത്തെ നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിലാണെന്ന് ഓർക്കുക. അടുത്ത മാസം ശമ്പളം അക്കൗണ്ടിലെത്തുമ്പോൾ, മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ മുൻപ് നിങ്ങളെത്തന്നെ സ്‌നേഹിച്ചു തുടങ്ങുക; നിങ്ങളുടെ ഭാവിക്കായി കുറച്ച് മാറ്റിവെച്ചുകൊണ്ട്.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
Published: 21 Mar 2026, 02:47 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented