
കർക്കിടകം ആരോഗ്യം വീണ്ടെടുക്കാനുള്ള കാലമാണ്. പത്തില കറി കഴിക്കുക എന്നത് കർക്കിടകത്തിന്റെ ഒരു പ്രത്യേക ആഹാരവിധിയാണ്. താള്, തകര, തഴുതാമ, പയറ്, ചീര, മത്തൻ, കുമ്പളം, ചേന, ചേനി, തൂവ എന്നിവയുടെ ഇലകൾ ഉപയോഗിച്ചാണ് ഇലക്കറി ഉണ്ടാക്കാറുള്ളത്. ഗോതമ്പ്, ചെറുപയർ, മുതിര, ഇലക്കറികൾ, പാവയ്ക്ക, കുമ്പളങ്ങ, വെളുത്തുള്ളി, പയറ് വർഗ്ഗങ്ങൾ, ആട്ടിൻ മാംസം എന്നിവ ഇക്കാലത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
പഞ്ചകോല ചൂർണം(തിപ്പലി, കാട്ടു തിപ്പലി വേര്, കാട്ട് മുളകിന് വേര്, കൊടുവേലി കിഴങ്ങ്, ചുക്ക് എന്നിവ ചേർന്ന ഒരു ഔഷധചൂർണമാണ് പഞ്ചകോലം). ഈ ചൂർണം മോരിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കുന്നത് വിശപ്പ് വർധിപ്പിക്കാനും കഴിച്ച ആഹാരം യഥാവിധി ദഹിക്കാനും ശരീരത്തിന് മികച്ച രോഗപ്രതിരോധശക്തിയുണ്ടാകാനും ഗുണം ചെയ്യും.
Also Read
എന്നും ഒരുപിടി തുളസിയില ചവച്ചു തിന്നുന്നത് പ്രതിരോധശക്തി വർധിപ്പിക്കാൻ നല്ലതാണെന്ന് ആയുർവേദം നിർദേശിക്കുന്നു. ചുക്കും തുളസിയുമിട്ട് തിളപ്പിച്ച വെള്ളം ആറിയശേഷം കുടിക്കുന്നത് മഴക്കാലത്ത് ഉണ്ടാക്കുന്ന കഫത്തിന്റെ ഉപദ്രവത്തെ ഇല്ലാതാക്കും. പനിക്ക് അമൃതാരിഷ്ടം, സുദർശനാസവം, വെട്ടുമാറാൻ ഗുളിക, ഗോരോചനദി ഗുളിക, ഇന്ദുകാന്തം കഷായം എന്നിവ വൈദ്യനിർദേശ പ്രകാരം ഉപയോഗിക്കാം.
കൂടുതൽ തണുപ്പുള്ള വെള്ളം, ആഹാരം എന്നിവയുടെ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാവില്ല. അമിതമായ പകലുറക്കം കഫം വർധിക്കാൻ ഇടയാക്കും. ശ്വാസകോശ രോഗങ്ങൾ, തലവേദന, മൂക്കിൽ പഴുപ്പ് എന്നീ രോഗങ്ങൾ തണുത്ത കാലാവസ്ഥയും പകലുറക്കവും കൂടി ആകുമ്പോൾ വർധിക്കുന്നതാണ്. തണുത്ത കാറ്റ് ശക്തിയായി തലയിൽ ഏൽക്കുന്നത് നിരവധി ശിരോരോഗങ്ങൾക്ക് ഇടയാക്കും. യാത്ര ചെയ്യുമ്പോഴും മറ്റും തലയ്ക്ക് ശക്തിയായി തണുത്ത കാറ്റടിക്കാതെ ശ്രദ്ധിക്കുക.
വേദനയും കടച്ചിലും തൊലിക്കുള്ള രൂക്ഷതയും ഇല്ലാതാക്കാൻ ശരീരത്തിന് യോജിച്ച മരുന്നുകളിട്ട് സംസ്‌കരിച്ച തൈലങ്ങളുടെ ഉപയോഗം അഥവാ എണ്ണ തേപ്പ്, തടവൽ എന്നിവ ചെയ്യാം. കുളിക്കുന്നതിന് ചെറുചൂടുവെള്ളം, മെഴുക്ക് കളയാൻ ചെറുപയർപ്പൊടി, കടലപ്പൊടി, വാകപ്പൊടി എന്നിവ ഉപയോഗിക്കാം.
അസ്വസ്ഥതകൾ മറികടക്കാം
- കണ്ണ് ചൊറിച്ചിൽ, ശരീരക്ഷീണം തുടങ്ങി പനി ആരംഭിക്കുന്നതിന് മുൻപുള്ള ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ചുക്ക്, കുരുമുളക്, തുളസി എന്നിവയിട്ട വെള്ളം ചെറുചൂടോടെ കുടിക്കുക.
- മഴ നനഞ്ഞാൽ തുണികൊണ്ട് തുവർത്തി നെറുകയിൽ രാസ്‌നാദി ചൂർണം തേക്കുക. നീരുണ്ടാകാതിരിക്കാൻ ഇത് സഹായിക്കും.
- ജലദോഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി മൂക്കിൽ ചൊറിച്ചിൽ, വരൾച്ച എന്നിവ അനുഭവപ്പെട്ടാൽ അല്പം കുരുമുളകും തുളസിയും എടുത്ത് വെള്ളം തിളപ്പിച്ച് നല്ലപോലെ വറ്റിച്ച് കുറച്ച് കുറച്ചായി ഊതിയൂതി കുടിക്കുക.
- തൊണ്ടവേദനയും കരുകരുപ്പും ഉണ്ടെങ്കിൽ ചെറുനാരങ്ങാനീരിൽ അര ടീസ്പൂൺ തേനും ഉപ്പും ചേർത്ത് കഴിക്കുക.
- വെളുത്തുളളി ചവച്ചിറക്കുന്നതും ചുവന്നുള്ളി വറുത്തു കഴിക്കുന്നതും കഫം പുറത്തു പോവാൻ സഹായിക്കും.
- ജലദോഷം, കഫക്കെട്ട് എന്നിവ ഉള്ളപ്പോൾ തക്കാളി, തൈര്, മീൻ എന്നിവ ഒഴിവാക്കുക.
- കഫത്തോടു കൂടിയ ചുമയാണോ, വരണ്ട ചുമയാണോ, നെഞ്ചിലും പുറത്തും വേദനയോടു കൂടിയ ചുമയാണോ എന്നതിനനുസരിച്ച് പഞ്ചകോലം കഷായം, ദശമൂല കടുത്രയം, ജീരകാദി കഷായം എന്നിവ തെരഞ്ഞെടുക്കാം.
- കുളികഴിഞ്ഞ് തുവർത്താൻ പലപ്പോഴും വിട്ടുപോകുന്നത് കക്ഷങ്ങളിലും ഗുഹ്യഭാഗത്തും തുടകൾക്ക് ഇടയിലുമായിരിക്കും. ഇത്തരത്തിൽ ഉണ്ടാക്കുന്ന നനവ് അല്ലെങ്കിൽ ഈർപ്പം ഈ ഭാഗങ്ങളിൽ അണുബാധ ഉണ്ടാക്കും. അതുകാരണം ചൊറിച്ചിൽ, പുകച്ചിൽ എന്നിവയുണ്ടായേക്കാം.
- കറികളിലെ കറിവേപ്പില എടുത്ത് കളയാതെ കഴിക്കുന്നത് നല്ലതാണ്.
- തേങ്ങവെന്ത എണ്ണകൊണ്ട് കുട്ടികളെ തേപ്പിക്കുന്നതും ഗുണം ചെയ്യും.
- വാതരോഗം ഉള്ളവർ പകൽ ഉറങ്ങുന്നതും രാത്രി ഉറക്കമൊഴിക്കുന്നതും നല്ലതല്ല. വ്യായാമങ്ങൾ കരുതലോടെ മാത്രമേ ചെയ്യാവൂ.
- മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോൾ മാംസപേശികൾക്ക് ഉണ്ടാകുന്ന സങ്കോചം മൂലം വേദന കൂടാം. അതുകൊണ്ട് തന്നെ മാനസിക സംഘർഷത്തെ അകറ്റാൻ സഹായിക്കുന്ന യോഗാസനങ്ങൾ വിദഗ്ധ ഉപദേശ പ്രകാരം പരിശീലിക്കുന്നത് നല്ലതാണ്.
- വാതരോഗം അല്ലെങ്കിൽ വേദന എന്ന് കേൾക്കുമ്പോഴേക്കും തൈലം എടുത്ത് തേക്കുന്ന പ്രവണത ശരിയല്ല. നീരുള്ളപ്പോൾ തൈലങ്ങൾ തേക്കരുത്. അവ വീക്കത്തെയും വേദനയെയും വർധിപ്പിക്കും. വൈദ്യ നിർദേശപ്രകാരം രാസ്‌ന പഞ്ചകം, മഹാരാസ്‌നാദി കഷായം, ധന്വന്തരം കഷായം എന്നിവ കഴിക്കാവുന്നതാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: karkidakam-health-tips-ayurvedic-monsoon-wellness-2026
Published: 19 Jul 2026, 01:19 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented